UPDATES

സി.പി.എം അണികളെ സന്‍മാര്‍ഗം പഠിപ്പിക്കുന്നതിന് മുമ്പ്

ടീം അഴിമുഖം 
 
ഇമ്പിച്ചബാവ എപ്പോഴും പറഞ്ഞിരുന്ന ഒരു കഥയുണ്ട്. എ.കെ.ജി എത്ര നിസാരമായാണ് ധനത്തെ കണ്ടിരുന്നത് എന്നതിനെ കുറിച്ച്. 
 
ഇമ്പിച്ചബാവ ലോക്‌സഭാംഗമായിരുന്ന സമയം. എ.കെ.ജിയാണ് അന്ന് പ്രതിപക്ഷ നേതാവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും. ഏതാണ്ട് ഒരു വര്‍ഷക്കാലത്തെ അലവന്‍സുകളും കുറച്ച് അരിയേഴ്‌സും അടക്കം ഒരു നല്ല തുക എല്ലാ എം.പിമാര്‍ക്കും അക്കാലത്ത് ഒരുമിച്ച് കിട്ടി. പാര്‍ട്ടിക്ക് ലെവി നല്‍കിയിട്ടും ആയിരത്തില്‍ കുറയാത്ത തുക എ.കെ.ജി അടക്കമുള്ള ഓരോ പാര്‍ട്ടി എം.പിമാരുടേയും കൈയില്‍ ബാക്കിയായി.
 
ഇമ്പിച്ചബാവ ആ സന്തോഷത്തില്‍ ആഗ്രയ്‌ക്കൊരു ടൂര്‍ പോയി. തിരിച്ചു വരുന്ന വഴി ആരോ അദ്ദേഹത്തിന്റെ പോക്കറ്റടിച്ചു. ഡല്‍ഹിയിലെത്തിയ ഇമ്പിച്ചബാവ തന്റെ പൈസ പോയ വിവരം എ.കെ.ജിയോട് പറഞ്ഞു. എ.കെ.ജി ആദ്യം ചെയ്തത് ഇമ്പിച്ചബാവയുടെ ശ്രദ്ധക്കുറവിനെ കുറെയധികം കളിയാക്കുകയായിരുന്നു. കുറെ ശാസിച്ചു. എന്നിട്ട് നൂറു രൂപയും അദ്ദേഹത്തിന് കൊടുത്തു. 
 
ഇനിയാണ് കഥയിലെ കാര്യം. ഇമ്പിച്ചബാവയ്ക്ക് പോക്കറ്റടിച്ചു പോയത് വെറും 25 രൂപ. പൊന്നാനിക്കാരന്‍ എം.പിയുടെ പ്രാരാബ്ദങ്ങള്‍ എ.കെ.ജിക്ക് നന്നായി അറിയാം. എ.കെ.ജിയുടെ ജീവിതം ഇമ്പിച്ചബാവയ്ക്കും. ഉള്ള കാര്യം പറഞ്ഞാലും എ.കെ.ജി ബാക്കി തുക തിരിച്ചു വാങ്ങില്ല. കാരണം എ.കെ.ജിക്ക് പണം ഒരിക്കലും മൂല്യമുള്ള ഒരു വസ്തുവായിരുന്നില്ല. മറിച്ച് താന്‍ മൂല്യം കല്‍പ്പിക്കുന്നത് എന്തിനാണെന്ന് തന്റെ ജീവിതം കൊണ്ട് എ.കെ.ജി തെളിയിച്ചു. ഇമ്പിച്ചാബാവ പറയുമായിരുന്നത്രെ, ധനത്തെ അകറ്റി നിര്‍ത്തുന്നവര്‍ക്കു മാത്രമേ യഥാര്‍ഥ കമ്യൂണിസ്റ്റ് ആകാന്‍ കഴിയൂ എന്ന്. 
 
ആ കാലം കഴിഞ്ഞു. പഴയത് നല്ലത്, പുതിയത് മോശം എന്ന സ്ഥിരം പരിദേവനങ്ങള്‍ക്കും പ്രസക്തിയില്ല. കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പാര്‍ട്ടിയെ കൂടുതല്‍ വളര്‍ത്താനുമാകില്ല. പക്ഷേ, എ.കെ.ജിയില്‍ നിന്ന് പുതിയ സി.പി.എമ്മിന് പഠിക്കാവുന്ന ഒന്നുണ്ട് – വര്‍ഗതാത്പര്യം. 
 
 
സി.പി.എമ്മിനെ നിരീക്ഷിക്കുന്നവര്‍ക്കറിയാം, ഇപ്പോള്‍ സമാപിച്ച പ്ലീനം പുതുതായൊന്നും നല്‍കുന്നില്ലെന്ന്. 1996-ലേയും 2010-ലേയും തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നതില്‍ കൂടുതലൊന്നും ഈ പ്ലീനത്തില്‍ പറയുന്നുമില്ല. ഇന്ന് മാധ്യമങ്ങള്‍ സി.പി.എമ്മിന്റെ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടുന്ന പലതും, അതിനപ്പുറവും, പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമിടയിലുള്ള ദൂഷ്യങ്ങളായി ഈ രേഖകള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി മുതല്‍ സ്ത്രീ സഖാക്കളോടുള്ള പെരുമാറ്റം അടക്കമുളള ദൂഷ്യങ്ങള്‍ അതിലുണ്ട്. 
 
കേവലം ഒരു 'മോറല്‍ കമന്ററി' എന്ന നിലയ്ക്കല്ലാതെ ഇത്തരം രേഖകള്‍ ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമൊന്നും ഉണ്ടാക്കിയിട്ടില്ല. അംഗങ്ങളെ ബോധ്യപ്പെടുത്താനുള്ള ചെറിയ ശ്രമങ്ങള്‍ മാത്രമായിരുന്നു അത്. 
 
കേരളത്തില്‍ ഇടതുപക്ഷം വളര്‍ന്നത് അസന്മാര്‍ഗികതയ്‌ക്കെതിരെ സന്മാര്‍ഗ പാഠം ഓതിയിട്ടൊന്നുമായിരുന്നില്ല. പൊതുസമൂഹം ഓരങ്ങളിലേക്ക് തള്ളിയ കള്ളന്മാരും പിടിച്ചുപറിക്കാരും ലൈംഗിക തൊഴിലാളികളും കള്ളവാറ്റുകാരും അരാജകവാദികളുമൊക്കെ അന്നും ഇന്നും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരായുണ്ട്. അത് പ്രധാനമായും വര്‍ഗതാത്പര്യം മുന്‍നിര്‍ത്തി മാത്രമാണ്. ഇവര്‍ പിന്തുണയ്ക്കുന്നു എന്നതു കൊണ്ട് 'സന്മാര്‍ഗ ജീവിതം' നയിക്കുന്നവര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാതിരുന്നിട്ടുമില്ല. ആ വര്‍ഗ താത്പര്യമാണ് പാര്‍ട്ടിയുടെ അടിത്തറയും. 
 
1957-ലെ സര്‍ക്കാരിന്റെ നയപരിപാടികള്‍ മാത്രമെടുക്കുക. ഓരോ സെക്ടറിനും ആവശ്യമായ നടപടികള്‍ – തീര്‍ത്തും ഇടതുപക്ഷ ആശയത്തില്‍ ഊന്നിയത് – ആ സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നു എന്നു കാണാം. അതായത്, നാട്ടിലെ പ്രശ്‌നങ്ങള്‍ എന്ത് എന്ന് മനസിലാക്കാനും അതിനുള്ള പരിഹാരമെന്നോണം കൂട്ടായ തീരുമാനങ്ങളെടുക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞു എന്നര്‍ഥം. വര്‍ഗതാത്പര്യമായിരുന്നു ആ സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവും. ഈയൊരു അടിത്തറയെ പിന്തുടരാന്‍ പിന്നീടുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുമുണ്ട്. 
 
 
എന്നാല്‍ 1996 – 2001 കാലത്തെ ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ ഭരണത്തോടെ സി.പി.എമ്മിന് വലിയൊരു മോറല്‍ ഡിബേറ്റില്‍ കൂടി ഇടപെടേണ്ടി വന്നു. ഭരിക്കാന്‍ അറിയാവുന്ന സി.പി.എമ്മിന് പലപ്പോഴും വര്‍ത്തമാനം പറയാന്‍ മാത്രം അറിയാവുന്ന ശാസ്ത്ര സാഹിത്യ പരിഷത്തുമായുള്ള ബന്ധം വിനയായി. പഠനങ്ങള്‍ പരിഷത്തിന് 'ഔട്ട്‌സോഴ്‌സ്' ചെയ്തതോടെ പാര്‍ട്ടി വിദ്യാഭ്യാസം ഒരു വഴിപാടായി മാറി. 2010-ലെ തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞതു പോലെ 2001-നു ശേഷം ചേര്‍ന്ന ഭൂരിഭാഗം വരുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും 'സാമാന്യ വിദ്യാഭ്യാസം' പോലും നല്‍കാന്‍ പാര്‍ട്ടിക്കായില്ല. ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള ശേഷിയും ശേമുഷിയും നേതൃത്വത്തിനും ഇല്ലാതായി. സെക്‌ടേറിയന്‍ ശൈലി മുഖമുദ്രയായി. 
 
ഈയിടെയുണ്ടായ ചില വിവാദങ്ങളില്‍ ഈ കുറവ് വ്യക്തമാണെന്നു കാണാം. 
 
1. യുസഫ് അലി തെറ്റു ചെയ്യില്ലെന്ന് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും ഉറച്ചു വിശ്വസിച്ചു. എറണാകുളും ജില്ലാ കമ്മിറ്റിക്കും എം.എം ലോറന്‍സിനും വേണമെങ്കില്‍ തിരുത്താം. 
 
2. ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് പ്രശ്‌നമുണ്ടാക്കിയേക്കാം. പക്ഷേ സഹ്യപര്‍വതത്തെ എന്തു ചെയ്യണം? കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഭരണപാര്‍ട്ടിയുടെ കൈയില്‍ ഒരു സജഷന്‍ പോലും ഇല്ലെന്നാണോ? 
 
3. ചാക്ക് രാധാകൃഷ്ണനെ ഒരു കേന്ദ്ര കമ്മിറ്റിയംഗം നിന്നു ന്യായീകരിക്കുക. മുതലാളിയില്ലെങ്കില്‍ ദേശാഭിമാനി നിലനില്‍ക്കില്ല എന്നാണോ?
 
 
കേരളം നേരിടുന്ന സാമൂഹിക – സാംസ്‌കാരിക- സാമ്പത്തിക വെല്ലുവിളികള്‍ക്കൊന്നും ഫലപ്രദമായ ഒരു ഇടതുപക്ഷ ബദല്‍ മുന്നോട്ടു വയ്ക്കാന്‍ സി.പി.എമ്മിനാകുന്നില്ല. പലപ്പോഴും പ്രസ്താവനകളും പത്രസമ്മേളനങ്ങളും വെറു വിമര്‍ശനങ്ങള്‍ മാത്രമായി പോകുന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ബദല്‍ എന്താണ് എന്നു കുടി പറയാനുള്ള രാഷ്ട്രീയ ആര്‍ജവവും വിദ്യാഭ്യാസവും പുതിയ സി.പി.എം പലപ്പോഴും കാണിക്കുന്നില്ല. ഇതുപക്ഷേ കേരള പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി മുതല്‍ തുടങ്ങേണ്ടതാണ് ഈയൊരു രാഷ്ട്രീയ വിദ്യാഭ്യാസം. 
 
ഈ വര്‍ഷത്തെ സോഷ്യലിസ്റ്റ് രജിസ്റ്റര്‍ ചര്‍ച്ച ചെയ്യുന്നത് സോഷ്യലിസ്റ്റ് സ്ട്രാറ്റജിയെ പറ്റിയാണ്. ലോകമെങ്ങും വര്‍ഗ സംഘര്‍ഷങ്ങള്‍ സജീവമായി നടക്കുന്നു. തകരുന്ന മുതലാളിത്തത്തില്‍ ഈ സംഘര്‍ഷം രുക്ഷമാവുകയാണ്. ചെലവു ചുരുക്കൂ, ത്യാഗം സഹിക്കൂ എന്ന് മുതലാളിത്തം തൊഴിലാളിയോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഏറെ പോരാട്ടങ്ങള്‍ക്കു ശേഷം നേടിയെടുത്ത തൊഴില്‍ സുരക്ഷയും മിനിമം കൂലിയും പോലെയുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും നഷ്ടപ്പെടുത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു. വ്യക്തമായ ഒരു സോഷ്യലിസ്റ്റ് സ്ട്രാറ്റജി ഇല്ലാതെ ഈ സംഘര്‍ഷത്തെ മൂര്‍ച്ചപ്പെടുത്തുക സാധ്യവുമല്ല. 
 
അതുകൊണ്ടു തന്നെ സി.പി.എം മെനക്കെടേണ്ടത് അംഗങ്ങളെ സന്മാര്‍ഗികത പഠിപ്പിക്കാനല്ല. മറിച്ച് രാജ്യതെ്‌യയും സംസ്ഥങ്ങളിലേയും പ്രശ്‌നങ്ങളെ അവധാനതയോടെ പഠിച്ച് സന്ധിയില്ലാത്ത സമരങ്ങള്‍ നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ചാക്ക് രാധാകൃഷ്ണനെ കൂടാതെ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് മലബാര്‍ സിമന്റസിലെ മരിച്ചു പോയ തൊഴിലാളികളെ കാട്ടിക്കൊടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്. ഖജനാവ് കൊള്ളയടിക്കുന്ന ഭീമന്‍ മുതലാളിമാര്‍ പ്രശ്‌നക്കാര്‍ തന്നെയാണെന്ന പൊതു ബോധ്യത്തിലേ നല്ല ഒരു സി.പി.എം ഉണ്ടാകൂ. 
 
അതായത്, സി.പി.എമ്മിന്റെ ഇപ്പോഴത്തെ പ്രശ്‌നം അംഗങ്ങളിലെ അസന്മാര്‍ഗികതയല്ല. മറിച്ച് ഇവിടുത്തെ മുതലാളിത്തത്തെ എന്തു ചെയ്യണം എന്നറിയാത്ത ആശയ അവ്യക്തതയാണ്. ഈ വ്യക്തത പാര്‍ട്ടിക്ക് കൈവന്നാല്‍ മറ്റൊന്നും പിന്നീട് പ്രശ്‌നമാകില്ല.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍