UPDATES

കേരളം

രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായാ യാത്ര

 

ടീം അഴിമുഖം 
 
 
കാസര്‍കോഡ് ഹൊസങ്കിടിയില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 18-ന് ആരംഭിച്ച കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര അങ്ങനെ തിരുവനന്തപുരത്തെത്തുന്നു. പാറശാല-മഞ്ചേരി യാത്രകള്‍ കൊണ്ട് സമ്പന്നമാണ് കോണ്‍ഗ്രസ് ക്യാമ്പെങ്കിലും രമേശിന്റെ യാത്ര അക്കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല. ചില സ്ഥലങ്ങളില്‍ ആരുമറിയാതെ കടന്നു പോയതു വഴിയും ചിലയിടങ്ങളില്‍ ഗ്രൂപ്പുകാര്‍ കൂട്ടത്തല്ലു നടത്തിയുമൊക്കെ വാര്‍ത്ത സൃഷ്ടിച്ച  കേരള യാത്രതയുടെ ലക്ഷ്യം കേരളത്തിനോ കോണ്‍ഗ്രസിനോ വേണ്ടിയല്ലെന്ന് അറിയാത്തവര്‍ ചുരുക്കം. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ മനമുരുകി പ്രാര്‍ഥിച്ചു തുടങ്ങിയ ആ യാത്രയ്ക്ക് മെയ് 18-ന് ശേഷം അനന്തപുരിയില്‍ ഫലമുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കരുണാകരനേയും ആന്റണിയേയും കുത്തിമലര്‍ത്തിയ ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന രമേശിന്റെ മനോമുകുരത്തില്‍ അമിട്ടുകള്‍ പൊട്ടിച്ചു തുടങ്ങിയിട്ടുണ്ടാകണം. 
 
 
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി മടങ്ങിയിട്ട് ഏറെ നാളായില്ല. ഇരുവര്‍ക്കും പൊതുവായി ഒന്നുണ്ട്. പ്രതിച്ഛായയുടെ തടവുകാരാണ് ഇരു നേതാക്കളും. മോഡി ഡല്‍ഹിയില്‍ വന്ന് ഹിന്ദിയില്‍ പ്രസംഗിക്കുന്നതും ശ്രീനാരായണ ഗുരുവിന്റെ കര്‍മ സ്ഥാനമായ ശിവഗിരി മഠത്തിലെത്തി മനുഷ്യ സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നതും അമേരിക്കന്‍ ഇന്ത്യക്കാരെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുന്നതുമെല്ലാം പ്രധാനമന്ത്രിയാകാനുള്ള പുതിയ പ്രതിച്ഛായാ നിര്‍മാണത്തിന്റെ ഭാഗമാണ്. മോഡിയുടേതു പോലെ കറുത്ത ഭൂതകാലമില്ലെങ്കിലും തനിക്കു മേലുള്ള സവര്‍ണ-ഹിന്ദു-നായര്‍ കുപ്പായം അഴിച്ചുവച്ച് ജനപ്രിയ – മതേതര നായകനാകാനുള്ള ശ്രമത്തിലാണ് രമേശ് ചെന്നിത്തല. തൊട്ടുമുമ്പു നടത്തിയ ഗ്രാന്ധി ഗ്രാമ പരിപാടിയും ഇപ്പോഴത്തെ കേരള യാത്രയുമെല്ലാം ഇതിന്റെ ഭാഗമാണ്. 
 
 
ഏതാനും നാള്‍ മുമ്പ് ഐ ഗ്രൂപ്പുകാരായ കേന്ദ്രമന്ത്രിമാരോട് രമേശ് ചെന്നിത്തല തന്റെ പദ്ധതികളെ കുറിച്ച് വിവരിച്ചിരുന്നു. കോണ്‍ഗ്രസ് ഒരു ന്യൂനപക്ഷ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നുമായിരുന്നു അതിന്റെ ചുരുക്കം. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഭൂരിപക്ഷ സമുദായത്തിന് മന്ത്രിസഭയില്‍ ഇപ്പോള്‍ കാര്യമായ പ്രാതിനിധ്യമില്ല. ഗണേഷ് കുമാര്‍ കൂടി പുറത്തു പോയതോടെ ന്യൂനപക്ഷക്കാര്‍ക്ക് മന്ത്രിസഭയില്‍ മുന്‍തൂക്കം കിട്ടിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായ പ്രതിനിധിയെന്ന നിലയില്‍ താന്‍ മന്ത്രിസഭയിലെത്തണമെന്നും ഉപമുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പു മന്ത്രിയോ ആക്കണമെന്നുമാണ് രമേശിന്റെ ആവശ്യം. പടിപടിയായി മുഖ്യമന്ത്രിയും. അതിനുള്ള പ്രതിച്ഛായാ നിര്‍മാണത്തിന്റെ ഭാഗമാണ് ഈ കേരള യാത്രയും. 
 
 
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി ഭരണത്തിലേറിയതു മുതല്‍ തുടങ്ങിയതാണ് രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായാ നിര്‍മാണ യജ്ഞം. തനിക്കു നേരെ വച്ചു നീട്ടിയ മന്ത്രിക്കസേര തട്ടിക്കളഞ്ഞ് സംഘടനാ നേതൃപദവിയാണ് അഭികാമ്യമെന്ന് പറഞ്ഞ് വെറും എം.എല്‍.എയായി ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ചതു മുതല്‍ തുടങ്ങുന്നു ഇത്. പാര്‍ട്ടിയും ഭരണവും രണ്ടു വഴിക്കു നീങ്ങുന്നുവെന്ന തോന്നല്‍ ഉണ്ടാകുമ്പോഴൊക്കെ അതങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ത്ത് ഉത്തമനായ കെ.പി.സി.സി അധ്യക്ഷനായി ഇരിക്കാനാണ് രമേശ് ശ്രമിച്ചത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ  താക്കോല്‍ സ്ഥാനനത്തെത്താന്‍ ഇതുമാത്രം പോരാ എന്ന തിരിച്ചറിവാണ് അല്‍പ്പം വെയിലു കൊള്ളാനുള്ള തീരുമാനത്തിലേക്ക് രമേശ് ചെന്നിത്തലയെ നയിച്ചത്. ഇക്കാര്യത്തില്‍ ചെന്നിത്തലയുടെ വഴികാട്ടി മറ്റാരുമല്ല. കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തന്നെ. 
 
 
കേരളത്തിലെ ദളിത്-ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് അവരുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയും ഉടന്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുന്ന ചെന്നിത്തലയുടെ ഗാന്ധിഗ്രാം പരിപാടി യഥാര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് റോഡ് ഷോയായ ജനസമ്പര്‍ക്ക പരിപാടിക്കുള്ള ബദല്‍ ആയിരുന്നു. നാലാം കിട രാഷ്ട്രീയ കസര്‍ത്തെന്ന് മാധ്യമങ്ങളാല്‍ പരിഹസിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ തനിക്ക് അനകൂലമായി ചലിപ്പിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചു. ഇതില്‍ നിന്നാണ് കേരള യാത്ര എന്ന ഗ്രാന്‍ഡ് ഡിസൈനിലൂടെ തന്റെ പ്രതിച്ഛായാ നിര്‍മാണ പ്രക്രിയ ഊര്‍ജിതപ്പെടുത്താനുള്ള ശേഷി രമേശിന് ലഭിക്കുന്നത്. 
 
 
ഇതിനിടയില്‍ ഗണേഷ് കുമാര്‍ – പി.സി ജോര്‍ജ് പ്രശ്‌നങ്ങള്‍ മൂലം സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയതും യു.ഡി.എഫ് രാഷ്ട്രീയം കലങ്ങി മറിഞ്ഞതും കേരള യാത്രയ്ക്ക് അനുയോജ്യമായ മണ്ണൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പല നിലപാടുകളിലും സുതാര്യതയില്ലെന്ന സംശയം ബലപ്പെട്ടതും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദുര്‍ബലനാണ് എന്ന തോന്നല്‍ ശക്തിപ്പെട്ടതും മുതലെടുക്കുക എന്നതു തന്നെയായിരുന്നു ചെന്നിത്തലയുടെ കേരള യാത്രയുടെ ലക്ഷ്യം. യാത്രയ്ക്കിടെ സി.എം.പി നേതാവ് എം.വി രാഘവനെ കണ്ട് ചര്‍ച്ച നടത്തിയ രമേശ് ചെന്നിത്തല, പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചതും തൊട്ടടുത്ത നിമിഷം തന്നെ സര്‍ക്കാരിന് അങ്ങനെയൊരു തീരുമാനമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി തിരുത്തിപ്പറഞ്ഞതും കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം വീണ്ടും തിരുത്തിയതും പാര്‍ട്ടി-ഭരണ നേതൃത്വങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാന്‍ കഴിയു. 
 
 
രമേശ് ചെന്നിത്തല ആഗ്രഹിക്കുന്ന മതേതര-ജനകീയ പരിവേഷത്തിന് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷ സംഘടനകള്‍ക്ക് അദ്ദേഹത്തിനോടുള്ള സമീപനം. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് രൂപം കൊടുത്ത നായര്‍-ഈഴവ ഐക്യത്തിന്റെ സാമുദായിക ധ്രുവീകരണത്തിന്റെ പശ്ചാത്തലം ചെന്നിത്തലയ്ക്ക് അനുയോജ്യമായേ ഭവിച്ചിട്ടുള്ളൂ. തനിക്ക് വേണ്ട സമയത്ത് സഹായത്തിനെത്താത്ത രമേശ് ചെന്നിത്തലയെ സുകുമാരന്‍ നായര്‍ നികൃഷ്ടമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അത് പൂമാലകളായിട്ടായിരിക്കണം കെ.പി.സി.സി അധ്യക്ഷന് തോന്നിയിട്ടുണ്ടാവുക. താന്‍ തൂത്തുകളഞ്ഞിട്ടും പോകാത്ത  നായര്‍ സ്വത്വംം പതുക്കെ അഴിഞ്ഞു വീഴുന്നത് അദ്ദേഹം നിശബ്ദനായി നോക്കി നില്‍ക്കുകയായിരുന്നു. അതു കൊണ്ടു തന്നെയായിരിക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് കാര്യമായ മറുപടി പറയാതെ രമേശ് തന്ത്രപരമായ മൗനം പാലിച്ചത്. അതേ സമയം, മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തന്നില്‍ നിന്ന് ഒരു നിശ്ചിത അകലം പാലിച്ചിരുന്ന മുസ്ലിം ലീഗിനേയും മുസ്ലീം ജനവിഭാഗത്തേയും കൈയിലെടുക്കാന്‍ ഈ സമീപനത്തിലൂടെ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചു. 
 
 
കേരളയാത്ര അതിന്റെ ഭൂരിഭാഗവും നടന്നു തീര്‍ത്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനകത്തെയും യു.ഡി.എഫിനകത്തെയും അധികാര സമവാക്യങ്ങളില്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തനിക്ക് കഴിയുമെന്നു തന്നെയാണ് രമേശ് ചെന്നിത്തലയുടെ ആത്മവിശ്വാസം. രമേശിന്റെ മന്ത്രിസഭാ പ്രവേശം ഒരു തര്‍ക്ക വിഷയമേ അല്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ കോഴിക്കോട് പ്രസ്താവനയുടെ മറുപടി രമേശ് ചെന്നിത്തല കോട്ടയത്തു നടത്തിയ കേരള യാത്രാ പ്രസംഗത്തിലുണ്ട്. എ.കെ ആന്റണി കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. വെറുമൊരു മന്ത്രിസഭാ പ്രവേശനം മാത്രമല്ല താനുദ്ദേശിക്കുന്നതെന്നത് എന്ന് പറയാതെ പറയുകയായിരുന്നു പുതിയ ജനകീയ-മതേതര രമേശ് ചെന്നിത്തല. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും മുട്ടിനു മുട്ടിനു ചീത്ത വിളിക്കുന്നുണ്ടെങ്കിലും അവര്‍ ഉമ്മന്‍ ചാണ്ടിയെ ന്യൂനപക്ഷക്കാരനായ മൂഖ്യമന്ത്രിയാക്കുന്നതിന്റെ ഗുണഫലം കിട്ടുക രമേശ് ചെന്നിത്തലയ്ക്കു തന്നെയാകും.
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍