UPDATES

സിനിമ

മഴയും ക്‌ളാരയും പിന്നെ തങ്ങളും

മഴ പെയ്തുകൊണ്ടിരുന്നു. പശ്ചാത്തലത്തിലെ പതിഞ്ഞ സംഗീതത്തില്‍ മലയാളി ആദ്യമായി ക്‌ളാരയെ കണ്ടു. മണ്ണാരത്തൊടി ജയകൃഷ്ണനും ക്‌ളാരയ്ക്കുമിടയില്‍ ഒരാള്‍ നിന്നു… തങ്ങള്‍… അനശ്വരത കൈവരിച്ച മലയാള കഥാപാത്രങ്ങള്‍ക്കിടയില്‍ പ്രഥമ സ്ഥാനമാണിവര്‍ക്ക്. വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് കക്ഷത്ത് ഒരു ഡയറിയും കൈ മടക്കില്‍ കാശും തിരുകിവച്ച് സൗമ്യനായി വന്ന തങ്ങള്‍. മലയാളി ഇന്നും പ്രണയിക്കുന്ന കഥാപാത്രങ്ങള്‍. 27 വര്‍ഷത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കുന്ന ഈ കഥാപാത്രം, തങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ബാബു നമ്പൂതിരി തങ്ങളെ കുറിച്ചും, തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സിനിമാ കൊട്ടകയില്‍ സംസാരിക്കുന്നു.
 
തങ്ങളും പത്മരാജനും പിന്നെ ബാബു നമ്പൂതിരിയും
അമൃതംഗമയ സിനിമ കണ്ട ശേഷമായിരുന്നു പത്മരാജന്‍ എന്നെ തൂവാനത്തുമ്പികളിലേക്ക് വിളിക്കുന്നത്. അമൃതംഗമയിലേതു പോലുള്ള ഏതെങ്കിലും റോളുകളായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു കഥാപാത്രമായിരുന്നു അത്; ഒരു പിമ്പിന്റെ റോള്‍. ഒരു നടന്‍ എന്ന നിലയില്‍ ഏതു റോളും ചെയ്യാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. പിന്നെ പത്മരാജന്റെ സിനിമയും. പക്ഷേ ആ കഥാപാത്രം എന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ഇന്നും ആളുകള്‍ സംസാരിക്കുമ്പോള്‍ തങ്ങളെക്കുറിച്ച് പറയുന്നു. ചില കഥാപാത്രങ്ങള്‍ കാലത്തിനപ്പുറം സഞ്ചരിക്കും എന്നാക്കെ പറയും പോലെ. തങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പത്മരാജന് തന്നെയാണ് അതിന്റെ മുഴുവന്‍ ക്രെഡിറ്റും. ഞാന്‍ ചെയ്ത ഓരോ ചലനങ്ങളും പത്മരാജന്റെ നിര്‍ദ്ദേശങ്ങളായിരുന്നു. മുണ്ട് ഉടക്കുന്നത് മുതല്‍ കൈമടക്കില്‍ കാശ് വയ്ക്കുന്നത് വരെ.
 
 
പത്മരാജന് നേരിട്ട് അറിയാവുന്ന വ്യക്തിയായിരുന്നു ഈ തങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. യഥാര്‍ത്ഥ തങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിച്ച പത്മരാജന്‍ എന്നിലൂടെ അത് പുനാരാവിഷ്‌ക്കരിക്കുകയായിരുന്നു. തങ്ങളെ നായകനാക്കി അദ്ദേഹത്തിന് ഒരു സിനിമ ചെയ്യാന്‍ പ്‌ളാന്‍ ഉണ്ടായിരുന്നു. ഏതാണ്ട് എല്ലാം റെഡിയായിരുന്നു. പക്ഷേ അദ്ദേഹം ഏറ്റെടുത്ത പ്രോജക്ട്‌സ് തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ എന്തുകൊണ്ടോ നടക്കാതെ പോയി. ഇന്നും ഒത്തിരി യുവാക്കള്‍ ആ സിനിമയെയും അതിലെ കഥാപാത്രങ്ങളെയും നെഞ്ചേറ്റി നടക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അനൂപ് മേനോന്റെ ട്രിവാന്‍ഡ്രം ലോഡ്ജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ എത്തിയപ്പോള്‍ പുതുതലമുറ പോലും കയ്യടിച്ചത്. ആ കഥയും അതിലെ കഥാപാത്രങ്ങളും ഇന്നും റിലവന്റ് ആണെന്നത് തന്നെ കാര്യം.
 
ക്‌ളാരയും സുമലതയും
ആ കഥാപാത്രം ഓരോ മലയാളിയും ഇന്നും ഓര്‍ക്കുന്നു. ക്‌ളാര എന്ന പേരും മഴയും അത്രമേല്‍ മലയാളിയെ സ്വാധീനിച്ചിട്ടുണ്ട്. സുമലതയുമായി രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടിലും എതാണ്ടൊരു വില്ലന്‍ സ്വഭാവമുണ്ടായിരുന്നു. നിറക്കൂട്ടിലെ വില്ലന്‍ മലയാളി സ്ത്രീകളുടെ ശാപം ഏറ്റുവാങ്ങിയിരുന്നു. പക്ഷേ തൂവാനത്തുമ്പിയിലേത് എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. സുമലത നല്ല കഴിവുള്ള നടിയാണ്. അവരുടെ ഭര്‍ത്താവ് അംബരീഷുമൊത്തും സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ചില നടിമാരുടെ ചില കഥാപാത്രങ്ങള്‍ക്കു മാത്രമേ കാലാതീതമായി നിലനില്‍ക്കാന്‍ കഴിയു. സുമലതയ്ക്ക് ആ ഭാഗ്യം ലഭിച്ച നടിയാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി അവരെ കണ്ടിട്ട്; അവര്‍ കര്‍ണ്ണാടകയില്‍ ആണെല്ലോ താമസം. 
 
 
കെമിസ്ട്രി ലാബില്‍ നിന്ന് അഭിനയ കളരിയിലേക്ക്
സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയിച്ചത്. ആതും ഒരു പെണ്‍ വേഷം കെട്ടിക്കൊണ്ട്. പിന്നീട് മാഹാരാജാസില്‍ പഠിക്കുമ്പോഴായിരുന്നു വീണ്ടും നാടകത്തിനായി പെണ്‍വേഷം കെട്ടിയത്. നാടക കളരികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ കല രക്തത്തിലലിഞ്ഞിരുന്നുവെന്ന് പറയും പോലെ. 1981ല്‍ പെരുന്തച്ചന്റെ കഥയെ ആസ്പദമാക്കി ചെയ്ത അഹം അഹം എന്ന നാടകമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അതില്‍ പെരുന്തച്ചനായിട്ടായിരുന്നു അഭിനയിച്ചത്. അതിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. അതു കഴിഞ്ഞാട്ടാണ് ആദ്യ സിനിമയായ യാഗം സംഭവിക്കുന്നത്. ശിവനായിരുന്നു അതിന്റെ സംവിധായകന്‍. പിന്നീട് അങ്ങോട്ട് മുപ്പത് വര്‍ഷത്തിന് മുകളില്‍ നൂറില്‍ പരം ചിത്രങ്ങളും. പക്ഷേ ഇതൊക്കെയാണെങ്കിലും തങ്ങള്‍ തന്നെയാണ് ഇപ്പോഴും ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന കഥാപാത്രം. ഇക്കാലമത്രയും കുറുവിലങ്ങാട് ദേവമാതാ കോളേജില്‍ രസതന്ത്രം പ്രൊഫസറുമായിരുന്നു. അഭിനയവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. രണ്ടിലും സമയം കണ്ടെത്താന്‍ കഴിഞ്ഞതും ഭാഗ്യമാണ്. ഇപ്പോള്‍ പുതിയ സിനിമക്കാരുടെ കാലമാണ്. പ്രതീക്ഷയുള്ള ചെറുപ്പക്കാരുടെ സമയം. വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകളെ ഇപ്പോള്‍ ചെയ്യുന്നുള്ളു.
 
എം.ടിയും ലോഹിതദാസും കുറേ ദുഖങ്ങളും
സിനിമാ കരിയറില്‍ ഒരു ബ്രേക്ക് ലഭിച്ച കഥാപാത്രമായിരുന്നു അമൃതംഗമയിലെ ഇളയത്. എം.ടിയുടെ കഥാപാത്രം, ഹരിഹരന്‍ സാറുടെ സംവിധാനം; മികച്ച അനുഭവമായിരുന്നു അത്. വളരെ അധികം വേദന നിറഞ്ഞ ഇളയതിനെ അഭിനയിച്ച് ഫലിപ്പിക്കുന്നത് വെല്ലുവളിയായിരുന്നു. അതു വലിയ വിജയമായിരുന്നു. ലോഹിതദാസിന്റെയും സിബിമലയലിന്റെയും ആദ്യ സിനിമയായിരുന്നു തനിയാവര്‍ത്തനം. തറവാടിന്റെ ശാപം പേറാന്‍ വിധിക്കപ്പെട്ട ശ്രീധരന്‍ മാമയുടെ കഥാപാത്രം. ലോഹിതദാസിന്റെ മികച്ച കഥാപാത്രങ്ങളിലെന്നാണ്. അധികം ഡയലോഗ് ഇല്ലാത്ത കഥാപാത്രത്തിന്റെ ഭാവാഭിനയമായിരുന്നു കൂടുതലും. അതും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ദുഖമായിരുന്നു രണ്ടു കഥാപാത്രങ്ങളിലെയും ഭാവം. ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു നിറക്കൂട്ടിലെ വില്ലനായ ഫോട്ടോഗ്രാഫര്‍. കെമിസ്ട്രി ക്‌ളാസില്‍ എന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഡെന്നീസ് ആയിരുന്നു അതിന്റെ തിരക്കഥാകൃത്ത്. ഡെന്നീസാണ് ജോഷിയോട് എന്നെക്കുറിച്ച് പറയുന്നത്. അക്കാലത്ത് സംവിധായകനും നിര്‍മ്മാതാവിനും മാത്രം ഇഷ്ടപ്പെട്ടാല്‍ ഒരു നടനും റോള്‍ കിട്ടണമെന്ന് നിര്‍ബന്ധമില്ല. ജ്യോതിഷവും കാര്യമായി നോക്കിയിരുന്ന കാലമായിരുന്നു അത്. എന്തായാലും ജ്യോതിഷികള്‍ എനിക്ക് പച്ചക്കൊടി കാട്ടി. അങ്ങനെ മലയാളി സ്ത്രീകളെ പേടിപ്പിച്ച വില്ലനുമായി. ഇപ്പോഴും സിനിമയില്‍ എനിക്കൊരു ഗോഡ്ഫാദര്‍ എന്ന് അവകാശപ്പെടാവുന്ന സംവിധായകനാണ് ജോഷി സാര്‍.
 
 
നിഷ്‌ക്കളങ്കനായ മോഹന്‍ലാല്‍
ലാല്‍ ഒരു വിസ്മയം തന്നെയാണ്. ലാലിനെ ആദ്യം പരിചയപ്പെട്ടതുമുതല്‍ ഇന്നുവരെയും അത് അങ്ങനെ തന്നെ തുടരുന്നു. നിര്‍ദോഷമായ തമാശകള്‍ പറഞ്ഞ് കൂടെയുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന, സെറ്റിലെ ലൈറ്റ് ബോയ് തൊട്ട് സംവിധായകന്‍ വരെ എല്ലാവരോടും കുശലം പറയുന്ന, എന്നാല്‍ ഷോട്ടിലേക്ക് വരുമ്പോള്‍ സകലരെയും അമ്പരിപ്പിക്കുന്ന അഭിനയപാടവം പുറത്തെടുക്കുന്ന മനുഷ്യന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്.
 
ഒരു സംഭവം പറയാം. അമൃതംഗമയയിലെ ഇളയതിനോട് തെറ്റ് ഏറ്റ് പറയുന്ന ലാലിന്റെ നായക കഥാപാത്രം. ആ സീനിന്റെ ക്‌ളോസ് അപ്പ് എടുക്കുമ്പോള്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നോട് മുന്നില്‍ നില്‍ക്കാന്‍ പറഞ്ഞു. അത് അദ്ദേഹത്തിന് ആ സീന്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയുമെന്ന് തോന്നലായതുകൊണ്ടാണെന്നാണ് പറഞ്ഞത്. അത്തരത്തില്‍ കൂടെയുള്ളവരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിനയ രീതികള്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്കും കൂടുതല്‍ നന്നാകാന്‍ കഴിയുന്നുവെന്നതും ഒരു പ്രത്യേകതയാണ്.
 
അക്കാലങ്ങളില്‍ ഇന്നത്തെ പോലെ കാരവന്‍ ഒന്നുമില്ലായിരുന്നു. ഇടവേളകളില്‍ പുല്ലുപായ നിരത്ത് വിരിച്ച് തണലില്‍ കിടക്കാറാണ് പതിവ്. ഇതിനിടയില്‍ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വന്ന് സംസാരിക്കുകയുമൊക്കെ ചെയ്യും. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ലാല്‍ പറഞ്ഞു. നമ്മളില്‍ ഇനി ആദ്യം സംസാരിക്കുന്നവനെ കുരങ്ങനെന്ന് വിളിക്കാമെന്ന്. പക്ഷേ ആദ്യം സംസാരിച്ചത് ലാല്‍ തന്നെയായിരുന്നെങ്കിലും കുരങ്ങന്‍ എന്നു വിളിച്ചില്ല. അത്തരത്തില്‍ കുട്ടിത്തങ്ങളും നിഷ്‌ക്കളങ്കതയും നിറഞ്ഞയാളാണ് ലാല്‍. അതൊരു പ്രതിഭാസം തന്നെയാണ്. വലപ്പോഴും മാത്രമേ അത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കാറുള്ളു.
 
നാട്ടിന്‍പുറത്തെ വിസ്മയ ജീവിതം
ഇപ്പോള്‍ അഞ്ചു വര്‍ഷത്തിലധികമായി അദ്ധ്യാപനം വിട്ടിട്ട്. അധികം സിനിമാ തിരക്കുകളിലേക്കൊന്നുമില്ലാതെ വീട്ടില്‍ കൃഷിയും കാര്യങ്ങളുമൊക്കെയായി കഴിയുന്നു. മൂന്ന് പെണ്‍മക്കളും അവരില്‍ ആറ് പേരക്കുട്ടികളുമുണ്ട്. ദിവസവും വീടിന് മുന്നിലൂടെ പോകുന്ന രണ്ടു കെ.എസ്.ആര്‍.ടി.സി ബസ്സുകളൊഴിച്ചാല്‍ തനി ഗ്രാമം. നല്ല ശുദ്ധ വായു ശ്വസിച്ച്, കിണറ്റിലെ വെള്ളം കുടിച്ച്, സ്വസ്ഥതയോടെ പോകുന്നു. പഠിപ്പിച്ച കോളേജ് പട്ടണത്തിലായിരുന്നെങ്കിലും കൃഷിയും വീടും വിട്ട് പോകാന്‍ തോന്നിയില്ല.
 
ബാബു നമ്പൂതിരി പറഞ്ഞു നിര്‍ത്തി. തങ്ങള്‍ ഒരു കാലഘട്ടത്തിന്റെ കഥാപാത്രമായിരുന്നു. ഇന്നും ജീവിക്കുന്ന കഥാപാത്രം… ഇടയ്ക്ക് ചിലരൊക്കെ തങ്ങളെ അന്വേഷിച്ചു വരും. ഒരു പക്ഷേ തങ്ങള്‍ എന്ന പേരില്‍ ഇന്നാണെങ്കില്‍ ഇങ്ങനെയൊരു കഥാപാത്രം സംഭവിച്ചാല്‍ അതൊരു വിവാദമായേനെ. മഴയ്ക്കിടയിലേക്ക് ജയകൃഷ്ണനും ക്‌ളാരയും തങ്ങളും വീണ്ടുമൊരിക്കല്‍ കൂടി മലയാളിയുടെ മനസിലേക്കെത്തുന്നു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍