UPDATES

ഇന്ത്യ

തുരുമ്പെടുക്കുന്ന കമ്മീഷനുകള്‍

കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും വനിതാ കമ്മീഷനുകള്‍ നിലവില്‍ വന്നിട്ട്. വലിയ പ്രതീക്ഷയോടെ നിലവില്‍ വന്ന ഈ സംവിധാനം, അപ്പപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ മഹിളാ നേതാക്കളുടെ താവളമായി പരിണമിച്ചിരിക്കുകയാണ്. ഇതേഗതി തന്നെയാണ് ന്യൂനപക്ഷ കമ്മീഷനും എസ്.സി, എസ്.ടി കമ്മീഷനുകളുടേയും. 
 
സെമി ജുഡീഷ്യല്‍ അധികാരമുളള ഈ സ്ഥാപനങ്ങള്‍ വെറും രാഷ്ട്രീയ പകപോക്കലുകളും മാധ്യമങ്ങളില്‍ നിറയാനുള്ള തരംതാണ പരിപാടികളുമായി കാലക്ഷേപം ചെയ്യുകയാണ്.
 
ഈയിടെ ഡല്‍ഹിയിലെ വനിതാ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും ആം ആദ്മി പാര്‍ട്ടിയുടെ വിവാദ പുരുഷനായ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ സമന്‍സ് അയച്ചു കളിക്കുകയാണ്. മന്ത്രിയുടെ വക്കീലന്മാരും വനിതാ കമ്മീഷന്‍ മെമ്പര്‍മാരും തമ്മിലുള്ള വാഗ്വാദം നടക്കുന്നത് ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലാണ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ക്ക സിംഗും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മയും അറിയപ്പെടുന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളാണ്. രണ്ടു പേരും ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും തോറ്റവരാണ്. ഇത്തരം തികഞ്ഞ രാഷ്ട്രീയക്കാരില്‍ നിന്ന് മറുചേരിയില്‍ ഉള്ളവര്‍ക്ക് നീതി ലഭിക്കില്ല എന്നു വ്യക്തം. 
 

ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമ്ത ശര്‍മ
 
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ഈ രണ്ടു കോണ്‍ഗ്രസ് മഹതികള്‍ നയിക്കുന്ന വനിതാ കമ്മീഷന്‍ അറിഞ്ഞ മട്ടില്ല. 
 
ഇത്തരം കമ്മീഷനുകള്‍ തങ്ങളുടെ സെമി ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് പലപ്പോഴും രാഷ്ട്രീയ എതിരാളികളെ പാരവയ്ക്കാനാണ് ശ്രമിക്കുന്നത്. അല്ലെങ്കില്‍ മാധ്യമങ്ങള്‍ കെട്ടിഘോഷിക്കുന്ന കേസുകളില്‍ എടുത്തു ചാടി  വനിതാ കമ്മീഷന്‍ ഇടപെടുന്നുു എന്ന ബ്രേക്കിംഗ് ന്യൂസ് വരുത്തി സ്വന്തം മുഖം ടി.വിയില്‍ വരുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ.
 
ഇതൊന്നും കൂടാതെ നിയമങ്ങളെ കുറിച്ച് ശ്രദ്ധിക്കാതെ, സിവില്‍ – ക്രിമിനല്‍ കോടതികളുടെ പരിഗണനയില്‍പ്പെടുന്ന വിഷയങ്ങളില്‍ ഇടപെട്ട് കുളമാക്കുന്ന പ്രവണതയും മിക്ക വനിതാ കമ്മീഷനുകള്‍ക്കുമുണ്ട്. 
 
രണ്ട് വര്‍ഷം മുമ്പ് ദേശീയ വനിതാ കമ്മീഷനെ കോടതി 25,000 രൂപ പിഴശിക്ഷ വിധിച്ചിട്ടുണ്ട്. വളരെ രസകരമാണ് ആ കേസ്. 
 
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭാര്യ ഒരു വിവാഹ മോചന കേസില്‍ അവിഹിതമായി ഇടപെട്ട് വനിതാ കമ്മീഷനില്‍ ശിപാര്‍ശ ചെയ്തു. കേട്ടപാതി വനിതാ കമ്മീഷന്‍ ഭര്‍ത്താവിനെതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള അധികാരം മജിസ്‌ട്രേറ്റുമാര്‍ക്ക് മാത്രമേയുള്ളൂ. ഭര്‍ത്താവിനെ വിമാനത്തില്‍ നിന്നും പോലീസ് വലിച്ചിറക്കി. അവസാനം ഭര്‍ത്താവ് കൊടുത്ത കേസില്‍ വനിതാ കമ്മീഷനും ആഭ്യന്തര മന്ത്രാലയത്തിനും കോടതി 25,00 രൂപ വിതം പിഴ വിധിച്ചു. 
 
2000-ത്തിന്റെ പകുതിയില്‍ ഉന്നതനായ കോണ്‍ഗ്രസ് നേതാവ് വനിതാ കമ്മീഷന്‍ അംഗത്തിന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി അവിടെ ജോലി ചെയ്തിരുന്ന സ്ത്രീ സുപ്രീം കോടതി വരെ പോയതാണ്. എന്തായാലും പണം വാരി എറിഞ്ഞപ്പോള്‍ ആ പാവം സ്ത്രീ സുപ്രീം കോടതിയില്‍ നടത്തിയിരുന്ന കേസ് പോലും പിന്‍വലിച്ചു. 
 
ഇതൊക്കെ തന്നെയാണ് രാഷ്ട്രീയക്കാരെ കൊണ്ട് കുത്തിനിറച്ച ന്യൂനപക്ഷ, എസ്.സി, എസ്.ടി കമ്മീഷനുകളുടേയും ഗതി. തരുണ്‍ തേജ്പാല്‍ കേസില്‍ ഡല്‍ഹി കമ്മീഷനും ദേശീയ വനിതാ കമ്മീഷനും കമാ എന്നൊരക്ഷരം മിണ്ടിയില്ല. ബി.ജെ.പി ഭരിക്കുന്ന ഗോവയിലെ വനിതാ കമ്മീഷന്‍ ഈ കേസില്‍ കാണിച്ച ആര്‍ജവം നമ്മള്‍ കണ്ടതാണെല്ലോ. 
 

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ്
 
2006-ല്‍ ഈ കമ്മീഷനുകളിലെ ചെയര്‍മാന്‍, മെമ്പര്‍ സ്ഥാനങ്ങള്‍, ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പരിധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. മന്ത്രിസ്ഥാനം കിട്ടാതെ പ്രശ്‌നം ഉണ്ടാക്കുന്ന എം.പിമാരേയും എം.എല്‍.എമാരോയും പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഇളവ് ചെയ്തത്. ഈ കമ്മീഷനുകളിലെ സ്ഥാനമാനങ്ങള്‍ മന്ത്രിപദവിക്ക് തുല്യമാക്കി ഭേദഗതിയും പുറപ്പെടുവിച്ചു. 
 
ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ ആയിരുന്ന മുന്‍ ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിന്റെ മകന്റെ ചെയ്തികള്‍ നമ്മള്‍ കണ്ടതാണ്. അച്ഛന്റെ കമ്മീഷന്‍ സമന്‍സ് അയയ്ക്കുന്നവരെ വിരട്ടി മകന്‍ കോടികള്‍ കൊയ്തു. 
 
ഈ കമ്മീഷനകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പാളിച്ച വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വനിതാ, ന്യൂനപക്ഷ, എസ്.സി, എസ്.ടി കമ്മീഷനുകളുടെ നിയമങ്ങളില്‍ കാതലായ ഭേദഗതി വരുത്തുക എന്നതാണ് ഏക പോംവഴി. ചുരുങ്ങിയത് അധ്യക്ഷ സ്ഥാനങ്ങളും ചില മെമ്പര്‍ സ്ഥാനങ്ങളും റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് വേണ്ടി സംവരണം ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു പോംവഴി ഉണ്ടാക്കാന്‍ പറ്റൂ. ജില്ലാ ജഡ്ജിമാര്‍ മുതല്‍ സുപ്രീം കോടതി ജഡ്ജി പദവികളില്‍ ഇരുന്നവരെ ഇത്തരം കമ്മീഷനുകളില്‍ നിയമിച്ചാല്‍ മാത്രമേ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാന്‍ സാധിക്കൂ. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ ഘടന നമുക്ക് ഇവിടെ പരീക്ഷിക്കാവുന്നതാണ്. 
 
രാഷ്ട്രീയക്കാരേക്കാള്‍ എന്തുകൊണ്ടും അധ്യക്ഷ സ്ഥാനങ്ങളില്‍ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ തന്നെയാണ് നല്ലത്. പകുതിയോ അതിലധികമോ മെമ്പര്‍ സ്ഥാനങ്ങളില്‍ മറ്റുള്ളവരെ പരിഗണിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ വിശ്വസ്യത തകരും എന്ന കാര്യം ഉറപ്പാണ്. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍