UPDATES

ഓഫ് ബീറ്റ്

സോഷ്യല്‍ മീഡിയയിലെ മര്യാദകേടുകള്‍; ഡോക്ടര്‍മാരുടെയും നേഴ്സ്മാരുടെയും വക

മെലിസ ജേന്‍ കിന്‍സേ (സ്ലേറ്റ്)

ഡോക്ടറെ കാണാന്‍ പോകല്‍ അത്ര രസകരമല്ല. ഉള്ളിത്തൊലി പോലെ നേരിയ ഒരു ഗൌണും ഇട്ട് തണുത്തുറഞ്ഞ ഒരു മുറിയില്‍ ഒരു പ്രോസ്റ്റേറ്റ്- ടെസ്ട്ടിക്കിള്‍-പെല്‍വിക്ക് പരിശോധനയ്ക്ക് കാത്തിരിക്കേണ്ടി വരുന്നതോര്‍ക്കുക. ഒരുപക്ഷെ കൊളോനോസ്കോപ്പി നടത്തുകയോ കത്തീറ്റര്‍ ഇടുകയോ ഒക്കെ വേണ്ടിവന്നേക്കാം. ഓരോ വളവിലും തിരിവിലും ചില നാണക്കേടുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

പലപ്പോഴും മാനസികമായി തയ്യാറെടുക്കാന്‍ അവസരം തരാതെയാണ് അസുഖങ്ങള്‍ കയറിവരിക. എന്നാല്‍ അതിലും നാണം കെടുത്തുന്ന എന്തായിരിക്കും സംഭവിക്കാനുണ്ടാകുക? നിങ്ങള്‍ നിങ്ങളുടെ ഗുഹ്യരോമം കൃത്യമായി വെട്ടിയോതുക്കിയിട്ടില്ലെന്ന് നേഴ്സ്മാര്‍ കാണേണ്ടിവരുന്നതോ? നിങ്ങളുടെ നെഞ്ചില്‍ ഉണ്ടായ ഒരു മുറിവ് വൃത്തിയാക്കാനായി നിങ്ങള്‍ ധരിച്ചിരുന്ന കുടവയര്‍ ഒളിപ്പിക്കാനുള്ള ബെല്‍റ്റ്‌ അവര്‍ക്ക് മുറിക്കേണ്ടിവരുന്നതോ?

ഇത്തരം സന്ദര്‍ഭങ്ങളൊക്കെ ആശുപത്രി വിട്ടാലുടന്‍ നാം മറന്നുകളയാറാനു പതിവ്. ആശുപത്രിയുടെ സ്വകാര്യതയില്‍ നടന്നത് അവിടെത്തന്നെ സുരക്ഷിതമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇപ്പോള്‍ പുതിയൊരു തരം നാണക്കേട് കൂടി ഭയക്കേണ്ടിയിരിക്കുന്നു. എതെങ്കിലുമൊരു ഡോക്ടറുടെ 140 അക്ഷരത്തിലുള്ള കേസ് സ്റ്റഡിയോ ഫേസ്ബുക്ക് പോസ്റ്റിലെ തമാശയോ ആയിത്തീരേണ്ട അവസ്ഥ. ചിക്കാഗോയില്‍ അമിതമദ്യപാനത്തിന്റെ പേരില്‍ ചികിത്സയ്ക്കെത്തിയ ഒരു 23കാരി മോഡലിന് അങ്ങനെയൊരു ദുരവസ്ഥയാണുണ്ടായത്. എമര്‍ജന്‍സിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ അവരുടെ മോശം അവസ്ഥയിലുള്ള ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവിടങ്ങളില്‍ പോസ്റ്റ്‌ ചെയ്തത്രേ.

മിഷിഗണിലെ സ്പെക്ട്രം ഹെല്‍ത്ത് എന്ന ആശുപത്രിയില്‍ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ സുന്ദരിയായ ഒരു രോഗിയുടെ ഫോട്ടോയെടുത്ത് ദ്വയാര്‍ത്ഥത്തോടെ “ഐ ലൈക്ക് വാട്ട് ഐ ലൈക്ക്” എന്ന് കമന്റ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. അയാളും ഇതില്‍ പങ്കാളികളായ മറ്റുചില സഹപ്രവര്‍ത്തകരും ഇപ്പോള്‍ വേറെ സ്ഥലങ്ങളില്‍ ജോലി അന്വേഷിക്കുകയാണ്.
 

രോഗിയുടെ സ്വകാര്യതയ്ക്കുമേല്‍ ഓണ്‍ലൈന്‍ കടന്നുകയറ്റം നടത്തിയെന്നാരോപിച്ച് ധാരാളം പരാതികള്‍ ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പതിമൂന്നുശതമാനം ഡോക്ടര്‍മാര്‍ തങ്ങളുടെ കേസുകളെപ്പറ്റി മറ്റുള്ളവരുമായി സോഷ്യല്‍മീഡിയ വഴി ചര്‍ച്ചചെയ്യുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മിസിസിപ്പിയിലുള്ള ഒരു ഡോക്ടര്‍ സ്ഥിരമായി തന്റെ പല രോഗികളെപ്പറ്റിയുമുള്ള പരാതികള്‍ ഫേസ്ബുക്ക് പോസ്റ്റ്‌ ആക്കാറുണ്ട്. ഒരു പോസ്റ്റ്‌ ഇങ്ങനെ: “എന്റെ ഒരു രോഗി സ്ഥിരമായി അവരുടെ അപ്പോയിന്റ്മെന്റിന് വൈകിയാണ് എത്തുന്നത്. ഇപ്പോള്‍ പ്രസവവേദന തുടങ്ങാനുള്ള മരുന്ന് കൊടുക്കാന്‍ അവര്‍ മൂന്നുമണിക്കൂര്‍ വൈകിക്കഴിഞ്ഞു. ഞാന്‍ അവരുടെ ഡെലിവറിക്ക് വൈകിയെത്തിയാലോ?” ഈ രോഗിക്ക് ഇതിനുമുന്പ് ഒരു കുഞ്ഞ് മരിച്ചതാണ് എന്നുകൂടി ഡോക്ടര്‍ തന്റെ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.

ദീനാനുകമ്പ ഇല്ലാതാകുന്നതോടെ പലപ്പോഴും രോഗിയുടെ സ്വകാര്യത ഒരു വിഷയമേ അല്ലാതാകുന്നു. ജെനീവയിലെ മേഴ്സി വാള്‍വര്‍ത്ത് ആശുപത്രിയില്‍ ഒരു സെക്സ് ടോയ് ശരീരത്തില്‍ കുടുങ്ങി ചികിത്സയ്ക്ക് വന്ന ഒരു രോഗിയുടെ എക്സ്റെ പോസ്റ്റ്‌ ചെയ്തതിന് രണ്ടുനേഴ്സ്മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിസമയത്തെ വിരസത മാറ്റാന്‍ സെല്‍ഫോണില്‍ ഫോട്ടോകള്‍ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടതാണ് പ്രശ്നമായത്.

ഓണ്‍ലൈന്‍ സ്വകാര്യതാലംഘനങ്ങള്‍ തുടങ്ങിയകാലത്ത് ഇതിനെതിരെ നിയമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഒരു വിദ്യാര്‍ഥി ശവശരീരത്തിന്‍റെയൊപ്പം നിന്നെടുത്ത ഫോട്ടോ പോസ്റ്റ്‌ ചെയ്തത് വിവാദമായതോടെ 2010 മുതല്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും ആളില്ലാത്ത വെളിപ്പെടുത്തലുകള്‍ നടക്കാറുണ്ട്. പലപ്പോഴും ശ്രദ്ധക്കുറവും ഇതിന്റെ കാരണമാണ്. പല മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും തങ്ങളുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ വിസിബിളാണ് എന്നൊന്നും ശ്രദ്ധിക്കാറില്ല.
 

ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴും 79 ശതമാനത്തോളം അമേരിക്കകാരും തങ്ങളുടെ ആരോഗ്യരക്ഷാ ജീവനക്കാരെ വിശ്വസിക്കുന്നു എന്നാണ് കണക്കുകള്‍. എന്നാല്‍ പുതിയ തരം ക്രൌഡ്സോഴ്സിംഗ് ആപ്പുകള്‍ രംഗത്ത് വന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായേക്കും. സെര്‍മോ പോലെയുള്ള പോപ്പുലര്‍ ഇടങ്ങള്‍ രോഗികളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ പരസ്യമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നവയാണ്. മെഡിക്കല്‍ ഇമേജ് ഡാറ്റാബേസ് ഉണ്ടാക്കാനും ഇത്തരം ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്‌. ഫിഗര്‍ 1  എന്ന പ്രോഗ്രാം ഒരു ചിത്രം അപ്ലോഡ് ചെയ്താലുടന്‍ മുഖം അവ്യക്തമാക്കുകയും ആളെതിരിച്ചറിയാന്‍ സഹായിക്കുന്ന മറുക്, ടാറ്റൂ മുതലായവ നീക്കം ചെയ്യുന്നതിലും ശ്രദ്ധിക്കുന്നതാണ്.

സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെപ്പറ്റി ഡോക്ടര്‍മാര്‍ക്കും പലതും പറയാനുണ്ട്. ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ ഉപയോഗത്തിലൂടെ ആത്മഹത്യാപ്രവണതകളും രോഗി വെളിപ്പെടുത്താത്ത ക്രിമിനല്‍ ഹിസ്റ്ററിയും ഒക്കെ മനസിലാക്കുകയും സഹകരിക്കാത്ത രോഗികളുടെ കുടുംബങ്ങളെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്.

ബോസ്റ്റണ്‍ ബോംബ്‌ ആക്രമണം നടന്നപ്പോഴും സോഷ്യല്‍ മീഡിയ വലിയ ഉപകാരമാവുകയുണ്ടായി. ഡോക്ടര്‍മാരുടെ ട്വീറ്റുകള്‍ ഔദ്യോഗിക അറിയിപ്പിനെക്കാള്‍ ആറു മിനുറ്റ് മുന്പ് നടന്നതുകൊണ്ട് ലോക്കല്‍ എമര്‍ജന്‍സി രോഗികള്‍ക്ക് വേഗം അപകടപ്പെട്ട ആളുകളെ സഹായിക്കാനായി തയ്യാറെടുക്കാന്‍ കഴിഞ്ഞു.

അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സോഷ്യല്‍മീഡിയാ ഉപയോഗത്തെപ്പറ്റിയുള്ള അധികൃതരുടെ വിലക്കുകള്‍ മയപ്പെടുത്താനുള്ള ശ്രമത്തിലാണ്. “പോസ് ബിഫോര്‍ യു പോസ്റ്റ്‌”, “നിങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന വാര്‍ത്ത വലിയ ഓഡിയന്‍സ് ആണ് ശ്രദ്ധിക്കുക” തുടങ്ങിയ രൂപരേഖകളും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ ആളുകളെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ ഉപകരിച്ചേക്കും.

1999ല്‍ കാലിഫോര്‍ണിയ ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ “ആരോഗ്യ രംഗത്ത് ഇന്റര്‍നെറ്റിന്റെ ഭാവി” എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. അതിലെ പല പ്രവചനങ്ങളും തെറ്റിപ്പോയിരുന്നു. പ്രധാനമായും ഗൂഗിളിന്റെ വരവ് അവര്‍ പ്രതീക്ഷിച്ചിരുന്നതല്ല. സെര്‍ച്ച് എഞ്ചിന്‍ ടെക്നോളജികളുടെ കൃത്യതയില്ലായ്മ നിമിത്തം ആരോഗ്യരംഗത്തുള്ളവര്‍ ഇന്റര്‍നെറ്റ് കാര്യമായി ഉപയോഗിച്ചേക്കില്ല എന്നൊക്കെ പോകുന്നു അവരുടെ പ്രവചനങ്ങള്‍. എങ്കിലും കുറെയേറെ കാര്യങ്ങള്‍ ശരിയായി വന്നിട്ടുമുണ്ട്. ഓണലൈന്‍ പ്രൈവസിയെപ്പറ്റിയൊക്കെ അവര്‍ പ്രവചിക്കുന്നത് ശരിക്കും അത്ഭുതകരമാണ്. ഇപ്പോള്‍ പല രോഗികളും പ്രകടിപ്പിക്കുന്ന സ്വകാര്യതാ ലംഘന ആശങ്കകള്‍ അവര്‍ മുന്‍കൂട്ടി പ്രവചിക്കുന്നുണ്ട്. ഒരു പക്ഷെ അധികൃതര്‍ക്ക് ഡോക്ടര്‍മാര്‍ക്കും നേഴ്സ്മാര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടിവരും. എങ്കിലും ഇപ്പോള്‍ തല്‍ക്കാലം അവരുടെ ചുമതല ജീവന്‍ രക്ഷിക്കല്‍ മാത്രമായിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

Melissa Jayne Kinsey is a medical writer and the owner of Nicholson & Stillwell 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍