UPDATES

വേണ്ടത് കോളനിയല്ല; കൃഷിഭൂമിയാണ്. അരിപ്പ നമ്മളോട് പറയുന്നത്.

 
മെഹബൂബ്
 
ഒരു വര്‍ഷം പിന്നിടുന്ന അരിപ്പ ഭൂസമരം വേറിട്ട ചെറുത്തു നില്‍പ്പിന്റെ പാതയിലൂടെ മുന്നോട്ടു പോകുമ്പോഴും സര്‍ക്കാര്‍ ഇവരുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും നേരെ മുഖം തിരിക്കുകുകയാണ്.നിരാലംബരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഒരു ജനത ഉണ്ണാനും ഉറങ്ങാനും ഇടമില്ലാതെ നട്ടം തിരിയുന്നു. പണിയെടുത്ത് ജീവിക്കാനുള്ള മണ്ണ് കിട്ടാതെ പിന്നോട്ടില്ലെന്ന് ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നു ഈ മനുഷ്യര്‍.
 
'സന്ധ്യാവന്ദനം ചൊല്ലുന്നു ഞങ്ങള്‍
സങ്കടം തിനുമുമ്പില്‍ അര്‍പ്പിക്കുന്നു
ഉള്ളറിഞ്ഞനുഗ്രഹം തന്നീടണം
കരല്ലേലില്‍ (ശിവന്‍)വാഴുന്ന തമ്പുരാനേ'

സമരഭൂവിലെ ഈറ കൊണ്ട് കെട്ടിയുണ്ടാക്കിയ അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ഫോട്ടോ വച്ച ചെറിയ പ്രാര്‍ഥനാ മൂലയില്‍ കൈകൂപ്പി സന്ധ്യാവന്ദനം ചൊല്ലി ഇറങ്ങിയ പാര്‍വ്വതിയെന്ന കുട്ടിയോട് സമരത്തെക്കുറിച്ചു ചോദിച്ചു. ഒരു ചിരിയോടെ അച്ഛന്‍ കൊടുത്ത ചെറിയ ബിസ്‌ക്കറ്റ് കവറും പിടിച്ച് കൊണ്ട് പഴകി തുടങ്ങിയ ടാര്‍പൊളീന്‍ മേല്‍ക്കൂരയിട്ട കുടിലിലേക്ക് അവള്‍ ഓടിപ്പോയി.അവളുടെ കവിളുകളില്‍ തിണര്‍ത്തു പൊങ്ങിയ പാടുകള്‍. അത് ഏതോ ജന്തു കടിച്ചതാ എന്ന് പറഞ്ഞു കൊണ്ട് അമ്മിണി കടന്നു വന്നു.(ആദിവാസി ദളിത് മുന്നേറ്റ സമിതി ജോ.സെക്രട്ടറി)
 

 

അവളോട് സമരത്തെക്കുറിച്ച് ചോദിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? അവള്‍ക്കെന്തറിയാം.കഷ്ടം ഇവളെപ്പോലെ ഒരുപാട് കുട്ടികളുണ്ട് ഈ സമരത്തില്‍.അമ്മിണി രോഷാകുലയായി. നിങ്ങള്‍ക്കറിയാമോ? ചെങ്ങറയില്‍ ഇതുപ്പോലെ കുടിലുകള്‍ കെട്ടി സമരം ചെയ്തവരാ ഞങ്ങള്‍. ഒടുവില്‍ ഞങ്ങള്‍ക്ക് ഭൂമി കിട്ടി, എനിക്ക് പാലക്കാടാ കിട്ടിയത്. ളാഹാ ഗോപാലന്‍ എന്ന അന്നത്തെ ഞങ്ങടെ സമര നേതാവ് പറഞ്ഞിട്ട് വാങ്ങിയതാണ് ആ ഭൂമി. ഞങ്ങളവിടെ ചെന്നപ്പൊ ചന്ദ്രമണ്ഡലം തോറ്റു പോകും. ചെങ്കുത്തായ പാറകളിങ്ങനെ കിടക്കുവാ…. ഞങ്ങളെന്തു ചെയ്യാനാ. ഒരു മുളക് തൈ പോലും കിളിര്‍ക്കില്ല. വെറും തരിശു ഭൂമി. കൃഷി ചെയ്യാനോ,കൂര കെട്ടി താമസിക്കാനോ പറ്റില്ല. ഒടുവില്‍ ഞങ്ങള്‍ ഇവിടെയെത്തി. അന്നു ഭൂമി കിട്ടിയോരും അത്രപോലും ഭൂമിയില്ലാത്തവരുമാണ് ഇന്നിവിടെ സമരം ചെയ്യുന്നത്.

ഞാന്‍ പത്തനാപുരത്തായിരുന്നു താമസം. മൂന്ന് സെന്റ് കോളനി വക സ്ഥലമായിരുന്നു എനിക്കുള്ളത്.. രണ്ട് പെണ്‍മക്കളെ കെട്ടിച്ചയച്ചപ്പോള്‍ എല്ലാം തീര്‍ന്നു. ഞങ്ങള്‍ ചെങ്ങറയില്‍ സമരം ചെയ്ത് ഭൂമി വാങ്ങിച്ചു എന്നു പറഞ്ഞ് പാര്‍ട്ടിക്കാര്‍ എന്റെ വീടും സാധനങ്ങളും തകര്‍ത്തു. ആ കോളനിയിലെ സ്ഥലത്ത്  ഞങ്ങള്‍ക്ക് കിടപ്പാടം ഇല്ലാതായി. ഇപ്പോള്‍ ഞങ്ങള്‍ക്കാ മൂന്ന് സെന്റ് സ്ഥലമല്ല വേണ്ടത്. ഞങ്ങള്‍ക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള ഇടമാണ് .കോളനി ജീവിതം മടുത്തു. ഉയര്‍ന്നോരൊക്കെ എപ്പോഴും ഞങ്ങളെ ആട്ടും. അവരുടെ സ്ഥലവും വീടും വിറ്റു പോകാത്തതിന് ഞങ്ങള്‍ കോളനിക്കാരെ പഴിപറയും. ഞങ്ങളിതൊക്കെ പല പ്രാവശ്യം കേട്ടു മടുത്തു. ഞങ്ങള്‍ക്ക് കൃഷി ഭൂമിയില്ലാതെയിനി ജീവിക്കാനൊക്കില്ല. എത്ര കാലമാ കണ്ടവന്റെ ആട്ടും തുപ്പും സഹിക്കേണ്ടത്. ഞങ്ങളും മനുഷ്യരല്ലേ. ഈ നാട്ടില് ജീവിക്കേണ്ടതല്ലേ. ഈ നാട്ടില്‍ പിറന്നവരല്ലേ…1500ല്‍ പരം കുടുംബങ്ങളാണ് ഇവിടെ സമരം ചെയ്യുന്നത്. കുട്ടികളും സ്ത്രീകളും വയ്യാത്ത ആണുങ്ങളുമുണ്ട്. വീട് വയ്ക്കാന്‍ 15 സെന്റ് ഭൂമിയും കൃഷി ചെയ്യാന്‍ ഒരു ഹെക്ടര്‍  ഭൂമിയും നിര്‍ദ്ദേശിച്ച കേന്ദ്ര ഗ്രാമവികസന വകുപ്പിന്‍റെ ബില്ല് ഇങ്ങനെ നിലനില്‍ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമി തന്ന് കോളനികളില്‍ ഞങ്ങളെ ഒതുക്കാന്‍ ശ്രമിക്കുകയാണ്. നാട്ടില് ഭരിച്ച ഇടത്-വലത് മുന്നണികള്‍ പതിനായിരകണക്കിന് ദളിത് -ആദിവാസി കോളനികളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ കോളനികളില്‍ ജീവിതം ഞങ്ങള്‍ക്ക് നരകതുല്യമാണെന്ന് ഇവര്‍ക്ക് വല്ലോം അറിയാമോ. അതിനെപ്പറ്റി പഠിക്കാന്‍ ഇവര്‍ എന്നെങ്കിലും തയ്യാറായിട്ടുണ്ടോ?ഞങ്ങള് കോളനി വിട്ട് കൃഷിഭൂമിയിലേക്ക്  എന്ന ആശയം മുന്നോട്ട് വച്ചു തന്നെയാണ് സമരം ചെയ്യുന്നത്.
 

 
ഭൂരഹിതരായ ഞങ്ങള്‍ കൃഷിഭൂമിക്കുവേണ്ടി നടത്തുന്ന ഈ സമരത്തെ തകര്‍ക്കാന്‍ ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചു. അവര്‍ പ്രദേശത്ത് പല ഗൂഢാലോചനകളും നടത്തി. ഞങ്ങടെ സമരത്തെ ഉപരോധിച്ചു . ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകുവാന്‍ വയ്യാണ്ടായി, പക്ഷെ ഞങ്ങള്‍ തകര്‍ന്നില്ല. വര്‍ഷങ്ങളോളം കൃഷിയില്ലാതിരുന്ന ഏക്കര്‍ കണക്കിന് ചതുപ്പ് നിലങ്ങളില്‍ നൂറു കണക്കിന് സമരക്കാര്‍ ചേര്‍ന്ന് പതിനായിരത്തോളം മരിച്ചീനിയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും കൃഷി ചെയ്തു. കുറെ ഭൂമിയില്‍ നെല്‍കൃഷി ചെയ്തു. ഞങ്ങള്‍ ചെയ്യുന്നത് വളരെ വ്യത്യസ്തമായ സമരമാണ്. സമരത്തില്‍ ഞങ്ങള്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്നു. കഴിഞ്ഞ ഓണത്തിന് കൃഷിചെയ്‌തെടുത്ത അരികൊണ്ടാണ്  ഓണം ഉണ്ടത്. വാഴയും മറ്റുപച്ചക്കറികളും കപ്പലണ്ടിവരെയുള്ള ആഹാരസാധനങ്ങളും ഞങ്ങള്‍ ഈ അരിപ്പയില്‍  കൃഷിചെയ്യുന്നുണ്ട്. എത്ര പത്രക്കാരും ടി. വിക്കാരും വന്ന് ഞങ്ങളെ എടുത്തോണ്ട് പോയി. കേറി കിടക്കാനും കൃഷി ചെയ്യാനും ഇത്തിരി ഭൂമി കിട്ടിയാ മതിയായിരുന്നു. 
 
ഇതിനിടയില്‍ കുടിലിന്റെ തൂണും ചാരി ഇരുന്നു തങ്കമ്മ പിറുപിറുത്തു. മണ്ടവെക്കാനെങ്കിലും വായ്ക്കരിയിടാനെങ്കിലും സര്‍ക്കാരിത്തിരി ഭൂമി തരുമോ എന്തോ? 
 

റബ്ബര്‍ മരത്തിന്റെ ചുവട്ടിലിരുന്നു തന്റെ ആറുമാസമായ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുന്ന. മഞ്ജു വിളിച്ചു പറഞ്ഞു. ചത്താലും കൊന്നാലും ഇവിടെ തന്നെ… മരിക്കാന്‍ നമ്മക്ക് ഭയമില്ലന്ന് പറയ് അമ്മിണി ചേച്ചി….. നമ്മക്ക് കിട്ടിലേല് നമ്മുടെ പിള്ളേര്‍ക്കെങ്കിലും കിട്ടണം ചത്താലും ഭൂമി കിട്ടാതെ ഇവിടുന്ന് നമ്മള്‍ പോവില്ല.
 

കുളത്തൂ പുഴയില്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവന്ന ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ സംസ്ഥാന സമിതിനേതാവ് ശ്രീരാമന്‍ കൊയ്യോന്‍  ചര്‍ച്ചയിലിടപെട്ടു. ഹാരിസണും മറ്റും കോര്‍പ്പറേറ്റുകളും സ്വകാര്യ തോട്ടമുടമകളും ലക്ഷകണക്കിനു വനഭൂമിയും മിച്ച ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുക്കുകയാണ്. കേരളത്തില്‍ മൊത്തം ഭൂമിയില്ലാത്തവര്‍ രണ്ടരലക്ഷം മാത്രമേ ഉള്ളൂ എന്ന് കണക്കുകളില്‍ കുറച്ച് കാണിച്ചു കൊണ്ട് വെറും എണ്ണായിരം(8000) ഏക്കര്‍ ഭൂമി ഈ രണ്ടര ലക്ഷം പേര്‍ക്ക്  മൂന്ന് സെന്റായി വീതിച്ച് കൊടുക്കുകയാണ് സര്ക്കാര്‍. ഇനി മറ്റാര്‍ക്കും ഭൂമി നല്‌കേണ്ടതില്ലെന്നാണ് പറയുന്നത്. ഭൂരഹിതരല്ലാത്ത കേരളം  പദ്ധതി എന്ന പച്ച കാപട്യമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ പദ്ധതിയിലൂടെ ഭൂമി മുറിച്ച് വിറ്റ് പുനര്‍ പാട്ടം നല്‍കുന്നതിലൂടെ പതിനായിരം കോടിയുടെ ഭൂമി കച്ചവടവും അഴിമതിയുമാണ് നടക്കുന്നത്. ഉപേക്ഷിക്കപെട്ട പദ്ധതികള്‍ക്കായി ഏറ്റടുത്ത നിരവധി ഏക്കര്‍ കൃഷിക്കനുകൂലമായ ഭൂമി ഇവിടെയുണ്ട്. ടാറ്റയുടെയും ഹാരിസണിന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും പോബ്സണിന്റെയും കൈയില്‍ കണക്കില്ലാത്ത ഭൂമിയാണുള്ളത്. മറ്റ് സ്വകാര്യ കച്ചവടക്കാരുടെയും കയ്യില്‍ ഇതു പോലെ പാട്ട കാലാവധി കഴിഞ്ഞ എക്കര്‍ കണക്കിനു സ്ഥലമുണ്ട്. ഇവിടെ ദരിദ്ര ജനത്തിനു കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും മറ്റു സ്തുതി പാടുകയാണ് ചെയ്യുന്നത്. 
 
 
സമരം ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പന്‍ വെളളാട്ടം , സാംസ്‌കാരിക സമ്മേളനം, പൊതുസമ്മേളനം, കലാപരിപാടികള്‍ ഗോത്രകലകള്‍, നാടന്‍ പാട്ട് , മാപ്പിളകലാവിരുന്ന് എന്നിവ നടന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കൃഷി ചെയ്ത നെല്ലുകൊണ്ട് പുത്തരി ഊട്ട് എന്ന പരിപാടിയും സംഘടിപ്പിച്ചു. നെല്ലുകുത്തി കിട്ടിയ ഉമിയില്‍ നിന്നും ഉമിക്കരിയുണ്ടാക്കി വിപണനം ചെയ്തു.ഇനി എന്തൊക്കെ സംഭവിച്ചാലും ഞങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല.  

ആദിവാസി ദളിത് വിഭാഗങ്ങള്‍ മാത്രമല്ല ഭൂമിക്കു വേണ്ടി ഇവിടെ കുടില്‍ കെട്ടി സമരം ചെയ്യുന്നത്. മുസ്‌ലീങ്ങളും മറ്റു പിന്നോക്കവിഭാഗക്കാരുമുണ്ട്. ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ദളിത് സംഘടനകളും ഇതുവരെ ഈ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. അരിപ്പയിലെ നിര്‍ദ്ധനരായ മനുഷ്യരുടെ അവസ്ഥ കണ്ടറിഞ്ഞ് സമരം പൊതു സമൂഹം ഏറ്റെടുക്കണമെന്നാണ് സമര സമിതിക്ക് സമൂഹ മനസാക്ഷിയോട് പറയുവാനുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍