UPDATES

ഓഫ് ബീറ്റ്

AK 47 നിര്‍മ്മിച്ച മനുഷ്യന്‍റെ ജീവിതം

ലിയോനിദ് ബെര്‍ഷിട്സ്കി
(ദി ഡെയ്ലി യൊമിയൂറി)

 

ഈയിടെ അന്തരിച്ച മിഖായേല്‍ കലാഷ്നിക്കൊവ് ഒരിക്കല്‍ സ്വന്തം ഉപയോഗത്തിനായി പുല്ലുവെട്ടുന്ന ഒരു യന്ത്രം ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ യന്ത്രനിര്‍മ്മിത മോവറുകള്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ കൂടെയാണ് അയാള്‍ ലോകത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ആ റൈഫിളും നിര്‍മ്മിച്ചത്.

 

അയാളുടെ കുടുംബത്തെ നശിപ്പിച്ച സ്റ്റേറ്റ് – പൊളിറ്റിക്കല്‍ സിസ്റ്റങ്ങളുടെ ജീവിക്കുന്ന ചിഹ്നമായി മാറേണ്ടി വന്ന ഒരുമനുഷ്യനായിരുന്നു അയാളെന്ന് പല മരണാനന്തരക്കുറിപ്പുകളും പറയാന്‍ വിട്ടുപോയി. ഇപ്പോള്‍ പ്രസിഡന്‍ഡ് വ്ലാദിമിര്‍ പുടിന്‍ പഴയ സോവിയറ്റ് കാലഘട്ടത്തിന്റെ പല സ്വഭാവങ്ങളും തിരികെക്കൊണ്ടുവന്നിട്ടുണ്ട്. അന്നത്തെപ്പോലെ തന്നെ ഇപ്പോള്‍ സര്‍ക്കാരാണ് സമ്പദ്വ്യവസ്ഥയും സെന്‍സര്‍ഷിപ്പും ഒക്കെ നിയന്ത്രിക്കുന്നത്. കലാഷ്നിക്കൊവ് റൈഫിളുകളുടെ അഞ്ചാം തലമുറയായ AK-12 ഉപയോഗിക്കാന്‍ പരിശീലിക്കുകയാണ് ഇപ്പോള്‍ റഷ്യന്‍ ആര്‍മി.

 

കസാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍തായ് എന്ന സൈബീരിയന്‍ പ്രദേശത്തെ ഒരു ഭേദപ്പെട്ട കര്‍ഷകകുടുംബത്തിലാണ് കലാഷ്നിക്കോവിന്റെ ജനനം. സ്റ്റാലിന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ കുടുംബസ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടി. ഒരു കന്നുകാലിവണ്ടിയിലാണ് അവരെ കയറ്റിവിട്ടത്. നാടുകടത്തപ്പെട്ട് ഒരുവര്ഷം തികയും മുന്‍പ് കലാഷ്നിക്കൊവിന്റെ അച്ഛന്‍ മരിച്ചു. പറ്റാവുന്നത്ര വേഗം മകന്‍ അവിടെനിന്ന് പുറത്തുകടന്നു. പതിനെട്ടാം വയസില്‍ ഒരു ടാങ്ക്ഡ്രൈവറായി കലാഷ്നിക്കൊവ് റെഡ് ആര്‍മിയില്‍ ചേര്‍ന്നു.

 

 

തുടക്കം മുതല്‍ തന്നെ ചെറിയ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അയാള്‍ താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ 194ല്‍ കൈയ്ക്കും തോളിനും മുറിവേറ്റതോടെയാണ് അയാള്‍ തോക്ക് ഡിസൈനിംഗിലേയ്ക്ക് തിരിയുന്നത്. സോവിയറ്റ് യൂണിയന്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നതിലെ അസംതൃപ്തികളാണ് ഈ ആശയത്തിനു പ്രചോദനമായത്.

 

“ഇരുട്ടില്‍ കണ്ണുമിഴിച്ചുകിടന്നു ഞാന്‍ ആലോചിച്ചു: ‘ഇതെങ്ങനെ സംഭവിച്ചു?’ അയാള്‍ ആത്മകഥയിലെഴുതി. “വലിയ പരാജയങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഏറ്റവും പുതിയ ആയുധങ്ങളുമായാണ് ഞങ്ങള്‍ യുദ്ധത്തിനിറങ്ങുകയെന്നുമാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരക്കുമ്പോള്‍ ഞാന്‍ ചോദിക്കുന്ന ഓരോ ആളിനും മറ്റൊരു പടയാളിയോടൊത്ത് ഒരു റൈഫിള്‍ പങ്കിടേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എവിടെയാണ് ഞങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന ആയുധങ്ങള്‍?”

 

സിക്ക് ലീവില്‍ കഴിയുമ്പോള്‍ ഒരു റെയില്‍വേ വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് സ്റാഫ്സെര്‍ജന്റ് കലാഷ്നിക്കൊവ് തന്റെ ആദ്യതോക്ക് നിര്‍മ്മിക്കുന്നത്. ഒരു ജനറലിനെ കാണിച്ചപ്പോള്‍ അയാളുടെ തോക്ക് ഇപ്പോഴുള്ളവയെക്കാള്‍ മികച്ചതൊന്നുമല്ല എന്നും, കൂടുതല്‍ പരിശീലനം നടത്താനുമുള്ള ഉപദേശമാണ് അയാള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇനിയും പഠിക്കാനൊന്നും കാലാഷ്നിക്കൊവിനു താല്പ്പര്യമില്ലായിരുന്നു. ഒരു പെര്‍ഫക്റ്റ് സബ്മഷീന്‍ ഗണ്‍ സ്വപ്നം കണ്ട് ഒടുവില്‍ 1947ല്‍ യുദ്ധം കഴിഞ്ഞതേ അത് നിര്‍മ്മിച്ചു. (അങ്ങനെയാണ് റൈഫിളിന് AK 47 എന്ന് പേരു വീഴുന്നത്)

 

1971ല്‍ തന്റെ ഡോക്ടറല്‍ തീസിസ് ഡിഫന്‍ഡ് ചെയ്യാന്‍ പോയ കലഷ്നിക്കൊവ് താന്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ എടുത്തു മേശപ്പുറത്ത് നിരത്തിയിട്ട് പറഞ്ഞു, “ഇതാണ് എന്റെ പ്രസന്റേഷന്‍”.

 

കലാഷ്നിക്കൊവ് ഡിസൈന്‍ ചെയ്ത തോക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലൂസായ ഘടനയും ഇളകിക്കിടക്കുന്ന പാര്‍ട്ടുകളുമാണ്. അദ്ദേഹം തന്നെ പറയുന്നത് “ഇതിന്റെ ഭാഗങ്ങളെല്ലാം വായുവില്‍ നില്‍ക്കുന്നതുപോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്” എന്നാണ്. തോക്കിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനിടെ തോക്ക് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇടയ്ക് അതിലേയ്ക്ക് മണ്ണ് വാരിയിടും കക്ഷി. എന്നാലും AK 47 ജാമാകില്ല. വേഗത്തില്‍ നിര്‍മ്മിക്കാനും അസംബിള്‍ ചെയ്യാനും കഴിയുമെന്നതും ഒരു പ്രത്യേകതയാണ്. തോക്ക് ഡിസൈന്‍ രംഗത്തെ IKEA എന്നാണ് കലാഷ്നിക്കൊവിന്റെ തോക്കുകള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുല്ലത്.

 

 

സൈനിക പരിശീലനം ലഭിക്കാത്ത ആളുകള്‍ക്ക് പോലും വെറും ഒരു മിനുട്ട് കൊണ്ടൊക്കെ ഈ തോക്ക് അസംബിള്‍ ചെയ്യാന്‍ കഴിയും. പരിശീലനം ലഭിച്ച അമേരിക്കക്കാര്‍ എണ്‍പതു സെക്കന്റും റഷ്യക്കാര്‍ വെറും മുപ്പതു സെക്കന്റുമാണ് തോക്ക് അസംബിള്‍ ചെയ്യാന്‍ എടുക്കുന്നത്.

 

മറ്റ് ഫൈറ്റര്‍മാരും ഈ തോക്ക് വളരെ പ്രിയപ്പെട്ടതായി കരുതിയിരുന്നു. കുറച്ചു ഡോളറുകള്‍ മാത്രമേ വിലയുള്ളൂ ഇതിന്, ജാമാകുകയുമില്ല. ആളുകള്‍ക്ക് ലോങ്ങ്‌ റേഞ്ചില്‍ ഷൂട്ട്‌ചെയ്യുമ്പോള്‍ ഇതിനുള്ള പ്രശ്നങ്ങള്‍ ഒന്നും കാര്യമാക്കിയില്ല. വില കുറവ്, കനം കുറവ്, ഉപയോഗിക്കാന്‍ എളുപ്പം. 

 

ഏതാണ്ട് നൂറുമില്യന്‍ തോക്കുകള്‍ എങ്കിലും നിര്‍മ്മിക്കാപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അവ എത്ര ആളുകളെ കൊന്നിട്ടുണ്ടെന്നു ആരും കണക്കെടുത്തിട്ടില്ല. രാജ്യരക്ഷയ്ക്കുവേണ്ടിയാണ് ഈ തോക്ക് നിര്‍മ്മിച്ചതെന്നു കലാഷ്നിക്കൊവ് പറയുന്നു. ഇത് മറ്റുപലകാര്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് അയാള്‍ക്കറിയാം. എന്നാല്‍ അത് കൊണ്ട് അയാളുടെ ഉറക്കമൊന്നും നഷ്ടപ്പെട്ടില്ല. യുദ്ധങ്ങള്‍ തുടങ്ങുന്ന രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം കുറയട്ടെ! ഡിസൈനറെ എന്തിന് കുറ്റം പറയണം എന്നായിരുന്നു കലാഷ്നിക്കൊവിന്റെ പക്ഷം.

 

സോവിയറ്റ് എന്ന സൂപ്പര്‍പവറിന്റെ റീച്ച് മാത്രമല്ല തോക്കിന്റെ ഗുണവും അതിന്റെ വിലയും അതിന്റെ പ്രചാരത്തെ ബാധിച്ചിട്ടുണ്ട്. AK 47  നിര്‍മ്മിക്കപ്പെട്ടത് ലക്സംബര്‍ഗിലായിരുന്നെങ്കില്‍ ഇത്രയധികം പ്രചാരം അതിനുടാകുമായിരുന്നില്ല, സി ജെ ഷിവേഴ്സ് “ദി ഗണ്‍” എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. “എന്നാല്‍ ലക്സംബര്‍ഗില്‍ ഈ തോക്ക് നിര്‍മ്മിക്കപ്പെടുകയും അസാധ്യമായിരുന്നു. അവിടെ സോവിയറ്റ് ബ്യൂറോക്രസിയൊ കലാഷ്നിക്കൊവിന്റെ നിര്‍മ്മാണത്തിലെത്തിച്ച ചരിത്രസാഹചര്യങ്ങളോ ഉണ്ടാകില്ല.”

 

 

മിഖായേല്‍ കലാഷ്നിക്കൊവ് എന്ന വ്യക്തിയെ ആളുകള്‍ അറിയാന്‍ തുടങ്ങിയത് 1980കള്‍ മുതലാണ്‌. എന്നാല്‍ AK 47 സ്ഥിരം സോവിയറ്റ് സിസ്റ്റത്തിന്റെ ചിഹ്നമായിരുന്നു. മുന്‍ ജോര്‍ജിയന്‍ പ്രസിഡന്ടും റഷ്യന്‍ വിരോധിയുമായ മിഖായേല്‍ സാകാഷ്വിലി ഒരിക്കല്‍ തന്റെ രാജ്യത്തെ പട്ടാളത്തിന്റെ പക്കലുള്ള AK 47 തോക്കുകള്‍ക്ക് പകരം യു എസ് നിര്‍മ്മിത M4 നല്‍കാന്‍ തീരുമാനിച്ചു. “പഴയ ആയുധത്തിന് വിട, പുതിയത് നീണാള്‍ വാഴട്ടെ” എന്ന് അയാള്‍ പറഞ്ഞുവത്രേ. എന്നാല്‍ പിന്നീട് റഷ്യന്‍ പട്ടാളക്കാര്‍ ജോര്‍ജിയയിലൂടെ വിജയികളായി നടന്നപ്പോഴും ആളുകള്‍ ഇട്ടിട്ടുപോയ M4റൈഫിളുകള്‍ അവര്‍ എടുത്തില്ല. അവര്‍ക്ക് അവരുടെ ഏറ്റവും പുതിയ AK 74 ആയിരുന്നു ഇഷ്ടം.

 

തന്റെ കുപ്പായത്തില്‍ ഒരുപാട് മെഡലുകള്‍ കലാഷ്നിക്കൊവ് ചേര്‍ത്തുവെച്ചിട്ടുണ്ട്. സുഖമായി ജീവിക്കാന്‍ വേണ്ട പണവും അയാള്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. തോക്കിന്റെ റോയല്‍റ്റികള്‍ കിട്ടിയിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷെ ഒരു മള്‍ട്ടിമില്യണയര്‍ ആകുമായിരുന്നു. അയാള്‍ ചെയ്തതുപോലെ ചെയ്ത വളരെ കുറച്ചു റഷ്യക്കാരേയുള്ളൂ. ഒരു ഗ്ലോബല്‍ ബ്രാന്‍ഡാണ് അയാള്‍ തുടങ്ങിയത്. റഷ്യന്‍ മനസിന്‌ എന്ത് ചെയ്യാന്‍ കഴിയും എന്ന് ലോകത്തെ കാണിച്ചുകൊടുത്തയാളാണ് കലാഷ്നിക്കൊവ്.

 

ലോകത്തിലെ ഏറ്റവും ഭീകരമായ തോക്ക് കണ്ടുപിടിച്ചയാള്‍ എന്നറിയപ്പെടാനായിരുന്നില്ല അയാളുടെ ആഗ്രഹം. ജര്‍മ്മന്‍കാരാണ് തന്നെ ഒരു ആയുധനിര്‍മ്മാതാവാക്കിയത് എന്നാണ് അയാള്‍ പറയുന്നത്. “രണ്ടാം ലോകമഹായുദ്ധം സംഭവിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കൃഷിപ്പണി എളുപ്പമാക്കാനുള്ള വല്ല യന്ത്രവും കണ്ടുപിടിച്ചേനെ.”

 

(Bershidsky, an editor and novelist, is Moscow and Kiev correspondent for Bloomberg’s World View.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍