UPDATES

കേരളം

ഒരു ട്രാഫിക് പോലീസുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍

മനോജ് തേജസ്

 

ഒരു ഇരുചക്ര വാഹനം സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത് കുറെ വര്‍ഷം മുന്നേയാണ്‌. വണ്ടി ഓടിച്ച് തുടങ്ങിയപ്പോഴേ പോലീസ് ട്രെയിനിങ്ങിനുള്ള കത്ത് വന്നു. ട്രെയിനിംഗ് ക്യാമ്പില്‍, യമഹ ബൈക്ക് ഓടിച്ചു നടക്കുന്നത് സ്വപ്നം കാണാനല്ലേ പറ്റു. ട്രെയിനിങ്ങിന്റെ ആദ്യ ഘട്ട ഇടവേളയ്യ്ക്ക് കണ്ണൂര് നിന്ന് നാട്ടിലേക്ക് തീവണ്ടി കയറുമ്പോള്‍ വണ്ടിയോടിച്ചു നടക്കുന്നതിന്റെ ത്രില്ലായിരുന്നു മനസ്സില്‍. നാട്ടിലെത്തിയപ്പോള്‍ എനിക്കായി ഒരു ഹെല്‍മെറ്റ്‌ കരുതിയിരുന്നു പിതാവ്. കൊള്ളാം. അളവ് കൃത്യമാണ്. ഹെല്‍മെറ്റ്‌ ഉപയോഗിക്കനമെന്നുള്ള നിയമം ഇന്നത്തെയത്ര കര്‍ശനമല്ലാതിരുന്നിട്ടു കൂടി ഞാന്‍ ഹെല്‍മെറ്റ്‌ വച്ച് യാത്ര ചെയ്തു. ദൂരങ്ങളും കാലവും ഒരു പാട് പിന്നിട്ടു.

 

ഒരു ദിവസം രാവിലെ ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോയ എന്നെ, എന്നെക്കാള്‍ ജോലിത്തിരക്കുളള ഒരുവന്റെ കാറ്, ഒരു അമ്പാസിഡര്‍ കാറിന്റെ ഇടതു വശത്ത് കൂടെ ഓവര്‍ ടേക്ക് ചെയ്തു ഇടിച്ചു തെറിപ്പിച്ചപ്പോഴും, ആകാശ കാഴ്ചകള്‍ കണ്ടു ഭൂമിയിലേക്ക്‌ തലയടിച്ചു ക്രാഷ് ലാന്‍ഡിംഗ് നടത്തിയപ്പോഴും എന്റെ തല ഹെല്‍മെറ്റിനുള്ളില്‍ സുരക്ഷിതമായിരുന്നു. ഹെല്‍മെറ്റിന്റെ മുന്‍ഭാഗത്ത്‌ നിന്ന് ടാര്‍ റോഡ്‌ കൊണ്ട് പോയ പ്ലാസ്റിക് ഭാഗം കണ്ടു ഞാന്‍ ഞെട്ടിയിടുണ്ട്. എന്റെ തലയായിരുന്നു ടാര്‍ റോഡില്‍ ഉരഞ്ഞതെങ്കില്‍ എന്താകുമായിരുന്നു!

 

 

ഒരു വിവാഹ പാര്‍ട്ടി നടക്കുന്നിടത്ത് വാഹനം ഒതുക്കി ഹെല്‍മെറ്റ്‌ അതില്‍ കൊളുത്തി നീങ്ങുമ്പോള്‍ ഒരു ഉള്‍വിളി. ഹെല്‍മെറ്റ്‌ ആരെങ്കിലും അടിച്ചു മാറ്റിയാലോ? ഹെല്‍മെറ്റ്‌ പതുക്കെ വാഹനത്തില്‍ നിന്നൂരി ഹാളിന്റെ ഒരു മൂലയിലുള്ള വാതിലിനു മറവില്‍ ഒളിപ്പിച്ചു വച്ചു. കൊള്ളാം… എല്ലാം ഭദ്രമായി. സുഭിക്ഷമായ ഭക്ഷണമൊക്കെ കഴിഞ്ഞു സുഹൃത്തുക്കളോട് യാത്ര പറഞ്ഞു വാഹനത്തിനടുത്തേക്ക് ചെന്നപ്പോഴാണ് ഓര്‍ത്തത്. ഹോ, ഹെല്‍മെറ്റ്‌ ഹാളിലാണല്ലോ. ഹെല്‍മെറ്റ് വച്ചിരുന്നിടത്ത് ചെന്നു നോക്കിയപ്പോള്‍ മനസ്സിലായി. ആരോ അത്യാവശ്യക്കാരന്‍ അടിച്ചു മാറ്റിയിരിക്കുന്നു. ഇന്നും നാട്ടിലൂടെ പായുന്ന വാഹനങ്ങളില്‍ ഞാനെന്റെ തലയുടെ കാവല്‍ക്കാരനായ ഹെല്‍മെറ്റ്‌ തിരയാറുണ്ട്.

 

ഇന്നു ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ സത്യത്തില്‍ ഉളവാക്കുന്ന അസ്വസ്ഥത എത്രയാണെന്ന് പറയുക വയ്യ. ചിലര്‍ ഹെല്‍മെറ്റ്‌ തങ്ങളുടെ കയ്യിലൂടെയും മിററിലൂടെയും കോര്‍ത്തിട്ടു വാഹനവുമായി പറക്കുന്നു. വഴിയരികിലെ വിലക്കുറവു നോക്കി സ്വന്തമാക്കിയ വ്യാജനുമായി ചിലര്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ചിലര്‍, ഡാഷ് ഹണ്ട് നായയുടെ ചെവിയെ അനുസ്മരിപ്പിച്ചു കൊണ്ട് ചിന്‍ സ്ട്രാപ് ഇടാതെ ചിലര്‍, തൊപ്പി പോലെ ഹെല്‍മെറ്റ്‌ ധരിച്ചു കൊണ്ട് ചിലര്‍… ഇവരെയൊക്കെ പറഞ്ഞു നന്നാക്കാം എന്നുള്ള അമിതമായ വിശ്വാസമില്ലെങ്കിലും അതിനു ശ്രമിക്കാറുണ്ട്.

 

ഒരു ദിവസം ഹെല്‍മെറ്റ്‌ ധരിക്കാതെ പുറകിലിരിക്കുന്ന ഭാര്യയുടെ കയ്യില്‍ ഹെല്‍മെറ്റ്‌ പിടിപ്പിച്ച് യാത്ര ചെയ്യുന്ന ഒരുവനോട് ഹെല്‍മെറ്റ്‌ ധരിക്കാന്‍ കൈ കൊണ്ട് ആവശ്യപ്പെട്ട ഞാനെന്റെ കൈ പെട്ടെന്ന് തന്നെ താഴ്ത്തി. പുതുതായി ഫിറ്റ്‌ ചെയ്ത വിഗ് ഉടയാതെ ഇരിക്കാന്‍ പിന്നിലിരിക്കുന്ന ഭാര്യക്ക് ഹെല്‍മെറ്റ്‌ കൈമാറിയ അവനോടു ഞാനെന്താ പറയേണ്ടത്… എന്നാലും മനസ്സില്‍ പറഞ്ഞു. തലയുണ്ടെങ്കിലേ വിഗ് വെക്കാന്‍ പറ്റൂ…!

 

(മനോജ്‌ തേജസ്‌. എറണാകുളം ജില്ലയിലെ വ്യവസായങ്ങളുടെ കേന്ദ്രമായ എലൂരിനടുത്തു പാതാളം എന്ന മെട്രോപോളിറ്റന്‍ ഗ്രാമത്തില്‍ താമസം. എറണാകുളം ട്രാഫിക്‌ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ്. എറണാകുളം മഹാരാജാസ് കോളേജിലെ ഏഴ് വര്‍ഷത്തെ പഠന കാലത്ത് മാഗസിന്‍ എഡിറ്ററും ആര്‍ട്സ് ക്ലബ്‌ സെക്രട്ടറിയും ആയിരുന്നു. പഠനകാലത്ത്‌ ഗായകനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പോലീസിലെത്തിയപ്പോള്‍ കളമൊന്നു മാറ്റിച്ചവിട്ടി അഭിനയത്തിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ കൊച്ചി സിറ്റി പോലീസിന്‍റെ നാടകസംഘത്തില്‍. കൊച്ചി സിറ്റി പോലീസിന്‍റെ “പ്രത്യേക ശ്രദ്ധക്ക് “എന്ന നാടകത്തില് അഭിനയിക്കുന്നു. ഫോട്ടോഗ്രാഫിയിലും എഴുത്തിലും കമ്പം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍