UPDATES

കേരളം

മിസ്റ്റര്‍ മുഖ്യമന്ത്രി… ഈ ജീവിതങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടി വരും

മെഹബൂബ്

“ഞാന്‍ മരിച്ചാല്‍ എന്‍റെ മക്കളെ ആര് നോക്കും?” മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം നടത്തുന്ന കാസര്‍കോട്ടെ അമ്മമാര്‍ ചോദിക്കുന്ന ചോദ്യമാണിത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഴം ഇനിയും എത്ര കാലത്തേക്കെന്നു പ്രവചിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന കാസര്‍ഗോഡ് ജനതയുടെ നിലനില്‍പ്പിനുള്ള അവസാന പോരാട്ടമാണിതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ വ്യക്തമാക്കുന്നു.

30 വര്‍ഷത്തെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിയിട്ട് 13 വര്‍ഷമായിട്ടും ദുരന്തങ്ങളൊടുങ്ങാതെ കാസര്‍ഗോഡ് നീറുകയാണ്. “ഓരോ തവണയും സര്‍ക്കാര്‍ ഞങ്ങള്‍ക്ക് തന്ന വാഗ്ദാനങ്ങളും ഉത്തരവുകളുമെല്ലാം വെറും ജലരേഖകളാക്കി മാറ്റി ഞങ്ങളുടെ നീതിയുക്തമായ ആവിശ്യങ്ങളെ തള്ളിക്കളയാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളോട് നിരന്തരം കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത വാഗ്ദാന ലംഘനങ്ങളാണ് ഈ വയ്യാത്ത കുട്ടികളുമായി ഇത്രദൂരം സഞ്ചരിച്ച് ഇവിടെ വന്ന് സമരം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ക്ക് ഇതല്ലാതെ വേറെ വഴികളില്ല.”  സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷണന്‍ 2010ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നു. ചികിത്സ ധനസഹായം അനുവദിക്കുന്നതിന് വിപുലമായ പഠനം നടത്തി അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് കാണിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2012ല്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബത്തിന് നാല്‍കാനാവിശ്യപ്പെട്ട സഹായത്തെ ഈ ഉത്തരവില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. അഞ്ചു കൊല്ലത്തേക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് പറയുന്ന ഉത്തരവ് ദുരന്തമുണ്ടാക്കി വെച്ച കേരള പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ നിന്ന് 27 കോടി രൂപ മാത്രമാണ് ഈടാക്കിയത്.

 

 

ഇത്തിന്റെ അടിസ്ഥാനത്തില്‍ 2012 ഏപ്രിലില്‍ കാസര്‍ഗോഡ് കളക്ട്രേറ്റില്‍ സമരം പുനരാരംഭിച്ചു. 128 ദിവസം നീണ്ടു നിന്ന സമരകാലത്ത് രണ്ടു തവണ കാസര്‍ഗോഡ് വന്ന മുഖ്യമന്ത്രി ദുരിതമനുഭവിക്കുന്നവരെ കാണാന്‍ പോലും തയ്യാറായില്ല. പിന്നീട് ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായെങ്കിലും ഇരകളുടെ അമ്മമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആവാതെ വേദിയില്‍ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. തുടര്ന്ന് 2013ല്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വി എസ് അച്ചുതാനന്ദന്‍, വി എം സുധീരന്‍, മുഖ്യമന്ത്രി തുടങ്ങിയവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ പ്രധാന ആവിശ്യങ്ങള്‍ അംഗീകരിച്ച് 2013 മാര്‍ച്ച് 25നു സര്‍ക്കാര്‍ ഒന്‍പത് ഉത്തരവുകളിറക്കി. എന്നാല്‍ ഇതൊന്നു എവിടെയുമെത്തിയില്ല.

ട്രിബ്യൂണല്‍ നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠനം നടത്താന്‍ റിട്ട. ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. ആകാശത്തിലൂടെ തളിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മാറിതാമസിക്കമായിരുന്നില്ലേ എന്നാണ് രാമചന്ദ്രന്‍ നായര്‍ ആദ്യമേ തന്നെ ചോദിച്ചത്. ദുരിത ബാധിതര്‍ക്ക് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സഹായങ്ങള്‍ പോലും ഒഴിവാക്കിയാണ് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട് സംര്‍പ്പിച്ചത്. കശുവണ്ടിതോട്ടത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ആളുകളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്നുവര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പ്രശ്നം അവസാനിപ്പിക്കണമെന്നും രോഗികളാണെന്ന് പ്രത്യേക മെഡിക്കല്‍ സംഘം കണ്ടെത്തിയവരെ വീണ്ടും പരിശോധിക്കണമെന്നുമായിരുന്നു ജസ്റ്റീസ് രാമചന്ദ്രന്‍ നായരുടെ റിപ്പോര്‍ടില്‍ പറയുന്നത്.

 

 

ഇപ്പൊഴും ഇവിടെ ജനിതക വൈകല്യമുള്ള ചലന ശേഷിയില്ലാത്ത കുട്ടികള്‍ പിറന്നു കൊണ്ടിരിക്കുന്നു. നേരത്തെ രോഗികളുടെ പട്ടികയില്‍ പെടാതെ പോയ പതിനായിരങ്ങളാണ് ഈയടുത്ത് നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയത്. പുതുതായി കണ്ടെത്തിയ രോഗികളുടെ പട്ടിക ഇനിയും തയ്യാറായിട്ടില്ല. ഇനി മെഡിക്കല്‍ ക്യാമ്പ് ഉണ്ടാവില്ല എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരന്ത ബാധിതരുടെ ചികിത്സ കടം എഴുതിതള്ളുക എന്ന ആവിശ്യം രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി തള്ളിക്കളഞ്ഞിരിക്കുന്നു. ബോധപൂര്‍വം രണ്ടു പതിറ്റാണ്ട് വിഷം തളിച്ച പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനെയും ശുപാര്ശ ചെയ്തവരെയും കീടനാശിനി കമ്പനിയെയും അടിയന്തിര വിചാരണക്ക് വിധേയമാക്കി നഷ്ടപരിഹാരം ഈടാക്കാനാണ് ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവിശ്യം ഉന്നയിച്ചത്. എന്നാല്‍ ട്രിബ്യൂണല്‍ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി തന്നെ കുറ്റവാളികളെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിവാക്കി സംരക്ഷിക്കുകയാണ് ചെയ്തത്.

2013 മാര്‍ച്ച് 25നു മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാതെ ഈ കഞ്ഞിവെപ്പ് സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടില്ല. ഞങ്ങള്‍ക്ക് ജില്ലയില്‍ തന്നെ മതിയായ ചികിത്സാ സഹായം ഒരുക്കണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടത്തണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണം. മെഡിക്കല്‍ ക്യാമ്പ് കണ്ടെത്തിയ രോഗികളുടെ പട്ടിക ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുകയും മെഡിക്കല്‍ ക്യാമ്പുകള്‍ ഒരു തുടര്‍ സംവിധാനമായി നിലനിര്‍ത്തുകയും വേണം. നെഞ്ചംപറമ്പില്‍ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കണം. ഇരകള്‍ മരണപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്കണം. ഗോഡൌണിലെ എന്‍ഡോസള്‍ഫാന്‍ നീര്‍വീര്യമാക്കണം. പെന്‍ഷന്‍ തുക പതിനായിരമാക്കണം.

 

 

ജനുവരി 26നു ആരംഭിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയ സേവ്യാറാളുടെ നേതൃത്വത്തില്‍ എട്ട് അമ്മമാരുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്. വിളപ്പില്‍ ശാല ജനകീയ മുന്നണിയാണ് കഞ്ഞി വെക്കാനുള്ള അരി നല്കിയത്.

ഏറ്റവും ഒടുവില്‍ സമരസമിതി നേതാക്കളെ വീണ്ടും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ചര്‍ച്ചയല്ല ഇനിയാവിശ്യം പ്രഖ്യാപിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് എന്നാണ് സമരസമിതി പറയുന്നത്. ഇരകള്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാര തുക കൊടുത്തു എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം പച്ചക്കള്ളമെന്നാണ് സമരസമിതി നേതാക്കളും പ്രതിപക്ഷവും പറയുന്നു. നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തെ ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പുകേടായിട്ട് ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

കോടികള്‍ ചിലവാക്കി ജില്ലകള്‍ തോറും ജനസമ്പര്‍ക്കം നടത്തുന്ന മുഖ്യമന്ത്രിയുടെ കണ്ണില്‍ എന്തുകൊണ്ടാണ് ഈ ഇരകള്‍ പ്പെടാത്തതെന്നാണ് പൊതുസമൂഹത്തിന്‍റെ ചോദ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍