UPDATES

ഇതിനെന്തിനാണ് മാണി സാര്‍? ഒരു കാല്‍ക്കുലേറ്റര്‍ പോരേ…

രാജേഷ് മണി (സാമ്പത്തിക വിദഗ്ധന്‍)


കേരളത്തെ പോലെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞൊരു സംസ്ഥാനത്തില്‍ പൂര്‍ണ്ണമായും സാങ്കേതികത്വത്തിലൂന്നിയ ഒരു ബഡ്ജറ്റ്‌ വിശകലനത്തിനു വലിയ പ്രസക്തിയുണ്ടന്നു തോന്നുന്നില്ല. സാമ്പത്തികമായി വളര്‍ച്ച മുരടിച്ചൊരു പ്രദേശത്തിന്‍റെ ബഡ്ജറ്റ്‌ എന്നു പറയുമ്പോള്‍, അത്‌ നിലവിലുളള പൊതു ധനവിനിമയ സിദ്ധാന്തങ്ങള്‍ക്കുപരിയായി, ആ പ്രദേശത്തെ സാധ്യമായ വരവു ചെലവു കണക്കുകള്‍ക്കനുസൃതമായ, സാമൂഹിക സാമ്പത്തിക വികസന നയരൂപീകരണത്തിണ്റ്റെ ഒരു മാര്‍ഗ്ഗരേഖയായിട്ടാണ്‌ കാണേണ്ടത്‌.

കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ  കാലാകാലങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളര്‍ച്ചാ നിരക്കു കുറഞ്ഞതും, പുതിയ വരുമാന സ്രോതസ്സുകള്‍ക്കു സാധ്യതകളില്ലാത്തതുമാണ്‌. അതുകൊണ്ടുതന്നെ ഉല്‍പാദനക്ഷമതയുള്ള സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനായുള്ള തുക വകയിരുത്തുവാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. ഇത്തരത്തില്‍ ഉല്‍പാദകത്വത്തില്‍ അധിഷ്ഠിതമായ നിക്ഷേപം നടത്താതെ വരുമ്പോള്‍ അതു വീണ്ടും  കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമതയെ ബാധിക്കുകയും, പ്രതീക്ഷിച്ച വരുമാനത്തിനുള്ള സാധ്യതകളില്ലാതാവുകയും ചെയ്യുന്നു.

വരുമാനത്തിനനുസരിച്ചുള്ള ചെലവും, ചെലവിനനുസൃതമായ സാമൂഹിക സാമ്പത്തിക വികസന നയങ്ങളുമാണ്‌ മാതൃകാപരമായ ഒരു ധനകാര്യ വിനിമയ പ്രക്രിയയുടെ അടിസ്ഥാന തത്വം. പക്ഷേ അത്തരത്തിലൊരു സമീകൃത ബഡ്ജറ്റ്‌ കേരളത്തിന്‍റെ ഇന്നത്തെ സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ടു അടുത്തകാലത്തൊന്നും സാധ്യമാണന്നു തോന്നുന്നില്ല. കാരണം വളരെ ലളിതമാണ്‌. കേരളത്തിന്‍റെ വരുമാനസ്രോതസ്സുകള്‍ വളരെ ചുരുങ്ങിയതും, ഉല്‍പാദകയേതിര ചെലവുകള്‍ വളരെ കൂടുതലുമാണ്‌. ഇതിന്‍റെ പ്രതിഫലനമാണ്‌ സംസ്ഥാനത്തിന്‍റെ ധന ഉത്തരവാദിത്വ  നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി കേരളത്തിനു ഉയരുവാന്‍ സാധിക്കാത്തത്‌.
 


ഇത്തരത്തില്‍ വിഷമവൃത്തത്തിലകപ്പെട്ട കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ നിന്നുകൊണ്ടു രാഷ്ട്രീയപരമായ നേട്ടങ്ങളുണ്ടാക്കുവാന്‍ പ്രാപ്തിയുള്ള ഒരു ബഡ്ജറ്റാണു കെ.എം മാണിയുടെ 2014-15ല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ ബഡ്ജറ്റിലൂടെ യു.ഡി. എഫ്‌. സര്‍ക്കാരിനു മൊത്തത്തില്‍ എന്തെങ്കിലും  നേട്ടമുണ്ടാക്കുവാന്‍ സാധിക്കുമെന്നു കരുതുന്നില്ല. മറിച്ച്‌, കെ.എം മാണിക്കു മാത്രമായിരിക്കും ഇതിന്‍റെ പൂര്‍ണ്ണ നേട്ടവും. കര്‍ഷക പ്രിയനായ ധനകാര്യ മന്ത്രി എന്ന തന്‍റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും, തന്‍റെ മകന്‍റെ ലോകസഭാ മണ്ഡലമായ കോട്ടയത്തെ ജനങ്ങളെ സന്തുഷ്ടരാക്കാനും, ഒരു പക്ഷേ ഈ ബഡ്ജറ്റിലൂടെ അദ്ദേഹത്തിനു സാധിച്ചെന്നു വരാം. അതു തന്നെയാണു അദ്ദേഹം ഇത്തവണത്തെ ബഡ്ജറ്റിലൂടെ ഉദ്ദേശിച്ചിട്ടുള്ളതും. അതുകൊണ്ടാണ്‌ വിലക്കയറ്റവുമായി ബന്ധപ്പെട്ട ഒരു നിയന്ത്രണ പരിപാടികള്‍ക്കും അദ്ദേഹം ഈ ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കാഞ്ഞതും, കേന്ദ്ര നയപരിപാടിയുടെ ഉല്‍പന്നമാണ്‌ വിലകയറ്റം എന്നു പരസ്യമായി പ്രഖ്യാപിക്കുവാന്‍ ശ്രമിച്ചതും. ചുരുക്കത്തില്‍ ഇതൊരു സാമ്പത്തിക ബഡ്ജറ്റ്‌ എന്നതിലുപരി ഒരു രാഷ്ട്രീയ ബഡ്ജറ്റാണ്‌ – അതും പൂര്‍ണ്ണമായും കെ.എം മാണിയുടെ പാര്‍ട്ടിക്കു വേണ്ടിയുള്ളതുമാണ്‌. അതിനുപരിയായി, താന്‍ കൂടെ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ ജനദ്രോഹ നടപടികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിലക്കയറ്റം, അഴിമതി, പശ്ചിമഘട്ട കര്‍ഷക പ്രശ്നങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ തനിക്കു യാതൊരുവിധ പങ്കുമില്ല എന്നു വിളംബരം ചെയ്യുവാനുള്ള ഒരുപാധിയായിട്ടാണു ഈ ബഡ്ജറ്റിനെ അദ്ദേഹം കാണുന്നത്‌.

മുന്‍ വര്‍ഷങ്ങളിലുള്ള ബഡ്ജറ്റു രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്‌. കാലാകാലങ്ങളായി കേരളത്തിലെ ബഡ്ജറ്റ്‌ തയ്യാറാക്കല്‍ എന്നത്‌ ഒരു യാന്ത്രിക പ്രക്രിയയായി മാറിയിരിക്കുന്നു. ഇതില്‍ ധനകാര്യ മന്ത്രിക്കോ, സംസ്ഥാന ആസൂത്രണ ബോര്‍ഡിനോ വലിയ പങ്കൊന്നുമില്ല. മാത്രവുമല്ല ഏതെങ്കിലും സാമ്പത്തിക സിദ്ധാന്തങ്ങളുടെയോ, വികസന ആശയങ്ങളുടെയോ പിന്‍ബലവുമില്ല. കാലാകാലങ്ങളിലായി  തുടര്‍ന്നുകൊണ്ടു പോകുന്ന ചില പദ്ധതിയിനങ്ങളില്‍ എല്ലാ വര്‍ഷവും അല്‍പം വര്‍ദ്ധനവു വരുത്തുകയെന്നതില്‍ കവിഞ്ഞാല്‍ ഭരണ വ്യത്യാസമില്ലാതെ എല്ലാ ബഡ്ജറ്റുകളും കേരളത്തിലെ ആദ്യ ബഡ്ജറ്റുമായി ഉളളടക്കത്തില്‍ വലിയ അന്തരമില്ലാത്തവയാണെന്നു കാണാം. ആകെ വ്യത്യാസമുള്ളതു നിലവിലുള്ള ധനകാര്യ മന്ത്രിയുടെ വ്യക്തിപരമായ ചില താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള ചില വാഗ്ദാനങ്ങളില്‍ മാത്രമായിരിക്കും. പലപ്പോഴും, ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ പദ്ധതിതുകയില്ലാതെ പാഴായി പോകാനാണു കൂടുതല്‍ സാധ്യത.
 


കേരളത്തിന്‍റെ വരുമാന വളര്‍ച്ചാ നിരക്കു 11 ശതമാനമാണെന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ ഈ വളര്‍ച്ചാനിരക്കു സംഭവിക്കുന്നത്‌ കേരളത്തിലെ സാമ്പത്തിക മേഖലയുടെ ഉല്‍പാദനക്ഷമത കൂടിയതുകൊണ്ടല്ല. മറിച്ച്‌ കാലാകാലങ്ങളിലായി കേരളത്തിന്‍റെ സമ്പദ്‌ വ്യവസ്ഥയില്‍ നിലവിലുള്ള ചില വരുമാന സ്രോതസ്സുകളിന്‍മേല്‍ നടപ്പിലാക്കിവരുന്ന അധിക നികുതിയുടെ മാറ്റത്തിനനുസൃതമായി സംഭവിക്കുന്നതാണ്‌. ഒരര്‍ത്ഥത്തില്‍, ഇതു സൂചിപ്പിക്കുന്നത്‌ ഒരു സമ്പദ്‌വ്യവസ്ഥയുടെ ധനകാര്യരംഗത്തെ ആസൂത്രണ ശേഷിയില്ലായ്മയും, നിലവിലുള്ള വരുമാന സ്രോതസ്സുകളുടെ അമിത ചൂക്ഷണവുമാണ്‌. ഇത്തരത്തിലുള്ള വരുമാന വര്‍ദ്ധിപ്പിക്കല്‍ നടപ്പിലാക്കാന്‍ കാര്യശേഷിയുള്ള ധനകാര്യ നിര്‍വ്വഹണ സമിതിയുടേയോ, സാമ്പത്തിക വിദഗ്ദരുടേയോ ആവശ്യമില്ല. മറിച്ച്‌ ചില അക്കൌണ്ടിങ്‌ സോഫ്റ്റുവയറുകളും അതു നന്നായി കൈകാര്യം ചെയ്യുവാന്‍ അറിയുന്ന അക്കൌണ്ടന്‍റുകളും മതിയായിരിക്കും.

കേരളത്തിന്‍റെ വരവിനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടു വരുമാന സ്രോതസ്സുകളാണു തനതു നികുതി വരുമാനവും, നികുതിയേതര വരുമാനങ്ങളും. 2012-13 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ഥ കണക്കനുസരിച്ചു ഏകദേശം 68 ശതമാനം റവന്യൂവരവ്‌ സംസ്ഥാനത്തിന്‍റെ തനത്‌ നികുതി വരവില്‍ നിന്നാണ്‌. 10 ശതമാനം വരവ്‌ നികുതിയേതര വരുമാനത്തില്‍ നിന്നുമാണ്‌. ഇത്‌ 2014-15ലെ എസ്റ്റിമേറ്റ് അനുസരിച്ച്‌ 65 ഉം 10ഉം ശതമാനമായിരിക്കും എന്നാണ്‌ കണക്ക്‌. ചുരുക്കത്തില്‍ സംസ്ഥാന വരുമാനത്തിന്‍റെ ഏകദേശം 75 ശതമാനവും ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ഭാഗമായി ഉണ്ടാക്കേണ്ടതും, ശേഷിക്കുന്ന 25 ശതമാനം പല മേഖലകളിലായി കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭിക്കുന്നതുമാണ്‌. കേന്ദ്ര വിഹിതത്തിന്‍റെ ഭാഗമായി ലഭിക്കുന്ന വരുമാനത്തിനു സ്ഥിരതയില്ലാത്തതും, കാലക്രമേണ കുറഞ്ഞു വരുന്നതും, സംസ്ഥാനത്തിന്‍റെ നയരൂപീകരണത്തിന്‍റെ ഭാഗമായി സ്വാധീനം ചെലത്തുവാന്‍ സാധിക്കാത്ത മേഖലകളുമാണ്‌. അങ്ങനെയാവുമ്പോള്‍, സംസ്ഥാന ബഡ്ജറ്റ്‌ രൂപീകരണവേളയില്‍ ഗവണ്‍മെന്‍റിനു അധിക വരുമാനം കണ്ടെത്തുന്നതിനുള്ള ഏക മാര്‍ഗ്ഗം തനതു നികുതി വരുമാനവും, നികുതിയേതര വരുമാനവും വര്‍ദ്ധിപ്പിക്കലാണ്. തനതു നികുതി വരുമാനത്തില്‍ പ്രധാനപങ്കു വഹിക്കുന്ന നികുതിയിനങ്ങളാണ്‌ വില്‍പന നികുതി, സംസ്ഥാന എക്സൈസ്‌ നികുതി, മുദ്ര പത്രങ്ങളുടെ വില്‍പന, രജിസ്ട്രേഷന്‍ ഫീസ്‌, ഭൂ നികുതി, വാഹന നികുതികള്‍ തുടങ്ങിയവ. ഏറ്റവും കൂടുതല്‍ നികുതി ചോര്‍ച്ച സംഭവിക്കുന്നതും ഈ സ്രോതസ്സുകള്‍ വഴിയാണ്‌. ഗവണ്‍മെന്‍റിന്റെ നിയന്ത്രണത്തിലുള്ളതും, എന്നാല്‍ താരതമ്യേന നികുതി ചോര്‍ച്ച ഒഴിവാക്കാവുന്നതുമായ രണ്ടു തനതു നികുതി വരുമാന സ്രോതസ്സുകളാണ്‌ സംസ്ഥാന എക്സൈസ്‌ വകുപ്പും, മോട്ടോര്‍ വാഹന നികുതികളും. അതുകൊണ്ടു തന്നെ എല്ലാ ബഡ്ജറ്റുകളിലും, കക്ഷി ഭേദമന്യേ ഈ സ്രോതസ്സുകളെ നിരന്തര നികുതി ചൂഷണത്തിനു വിധേയമാക്കുകയാണ്. അതുതന്നെയാണു ഈ ബഡ്ജറ്റിലും സംഭവിച്ചത്‌. അതിനു കെ.എം മാണിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
 


നികുതിയേതര വരുമാനത്തില്‍ പ്രധാന വരുമാന സ്രോതസ്സാണ്‌ സംസ്ഥാന ലോട്ടറി. 2012-13ലെ യഥാര്‍ത്ഥ കണക്കനുസരിച്ച്‌ നികുതിയേതര വരുമാനത്തിന്‍റെ 64 ശതമാനവും ലോട്ടറിയില്‍ നിന്നുമാണ്‌. 2014-15ലെ എസ്റ്റിമേറ്റനുസരിച്ച്‌ ഇത്‌ 67 ശതമാനമാവുമെന്നാണ്‌ കണക്ക്‌. അതിനായി ലോട്ടറി വില കൂട്ടുകയും, അതിനനുസരിച്ചു നയരൂപീകരണം നടത്തുകയും ചെയ്തുവെന്നതാണ്‌ ഈ ബഡ്ജറ്റിന്‍റെ മറ്റൊരു പ്രത്യേകത. മറ്റൊരര്‍ത്ഥത്തില്‍, കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന രണ്ടു പ്രധാന വരുമാന സ്രോതസ്സുകളാണ്‌ മദ്യവും, ലോട്ടറിയും. റവന്യൂ വരവിന്‍റെ ഏകദേശം 12 ശതമാനവും ഇവയില്‍ നിന്നുള്ളവയാണ്‌. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള (ലോട്ടറി) വികസന നയരൂപീകരണത്തിനാണ്‌ കെ.എം മാണി പ്രതിപക്ഷത്താല്‍ വാഴ്ത്തപ്പെട്ടത്‌. മദ്യവും ലോട്ടറിയും അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനത്തിലൂടെ ഒരു പ്രദേശത്തിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയെന്നത്‌ ഒരു തരത്തിലുള്ള സാമ്പത്തിക അരാജകത്വത്തിന്‍റെ സൂചനയായിട്ടാണ്‌ സാമാന്യ സാമ്പത്തിക ബോധമുള്ള ഒരാള്‍ക്കു കാണാന്‍ കഴിയുക. അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുണ്ടാകുന്നത്‌ പ്രശംസനീയമല്ല.

തനതു നികുതി വരുമാനത്തിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ചെലവാക്കുന്നത്‌ അതതു മേഖലയുടെ ഉന്നമനത്തിനു വേണ്ടിയല്ല. 2012-13ലെ കണക്കനുസരിച്ച്‌ 76 ശതമാനത്തിലധികം തുക ചെലവാക്കുന്നത്‌ ചെറിയൊരു ജനവിഭാഗത്തിന്‍റെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി മാത്രമാണ്‌. കേരളത്തില്‍  77 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവരാണ്‌. എന്നാല്‍ അവര്‍ ഈ നികുതി വരുമാനത്തിന്‍റെ യാതൊരുവിധ ഗുണങ്ങളും അനുഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഉല്‍പാദനമേഖലയിലുള്ള മൂലധന ചെലവുകള്‍ കേരളത്തില്‍ താരതമ്യേന വളരെ കുറവാണ്‌. ഇത്‌ കേരളത്തിന്‍റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. മൂലധന ചെലവുകളുടെ ഭാഗമായുണ്ടാകുന്ന റവന്യൂ കമ്മി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിയും. അത്‌ സംസ്ഥാനത്തിന്‍റെ അഭ്യന്തര ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുകയും, തന്‍മുലം റവന്യൂ വരവുകള്‍ കൂട്ടാനും സാധിക്കും. 2012-13ലെ കണക്കനുസരിച്ചു മൊത്ത ചെലവിന്‍റെ 8 ശതമാനമാണ്‌ മൂലധനചെലവുകള്‍ക്കായി നീക്കി വെച്ചിരുന്നത്‌. 2014-15ലെ ബഡ്ജറ്റില്‍ ഇതിനു വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇത്‌ വികസനപരമായി നല്ല പ്രവണതയെയല്ല കാണിക്കുന്നത്‌. കടം വാങ്ങാതെ തനതു വരുമാനത്തില്‍ നിന്നും മൂലധന ആസ്തികള്‍ക്കായി തുക മാറ്റിവെയ്ക്കുമ്പോഴാണ്‌ കാര്യക്ഷമമായൊരു ബഡ്ജറ്റ്‌ സൃഷ്ടിക്കാന്‍ കഴിയുക.
 


തനതു നികുതി വരുമാനത്തിന്‍റെ മൊത്ത വ്യാപ്തിയില്‍ മാറ്റം വരാതിരിക്കുകയും, റവന്യൂ ചെലവുകള്‍ ക്രമാതീതമായി കൂടുകയും അതനുസരിച്ചു മൂലധന ചെലവുകള്‍ക്കായുള്ള പദ്ധതി തുക നീക്കിയിരിപ്പു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ ബഡ്ജറ്റ്‌ കമ്മിയും, പൊതുകടവും, ആളോഹരി കടവുമെല്ലാം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ – ഉദാഹരണമായി കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി താങ്ങി നിര്‍ത്തുന്ന പ്രവാസി മലയാളികളില്‍ നിന്നുള്ള പണത്തിന്‍റെ ഒഴുക്കു നിലയ്ക്കുകയാണെങ്കില്‍, നാമിന്നനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക നേട്ടങ്ങളൊക്കെയും, ചില്ലു കോട്ടാരം പോലെ തകര്‍ന്നു വീഴുമെന്നതില്‍ യാതൊരുവിധ സംശയവുമില്ല.

കേരളത്തിന്‍റെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 65 ശതമാനവും സേവനമേഖലയില്‍ നിന്നാണ്‌. 2014-15ലെ ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കിട്ടിയെന്നു കരുതുന്ന കാര്‍ഷിക മേഖലയാകട്ടെ 15 ശതമാനമാണ്‌ സമ്പദ്‌വ്യവസ്ഥയ്ക്കായി നല്‍കുന്നത്‌. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നതും വികസനത്തില്‍ പരമ പ്രാധാന്യം അര്‍ഹിക്കുന്നതുമായ മേഖലയാണ് കൃഷി. പരിസ്ഥിതി സംരക്ഷണം, ഭഷ്യസുരക്ഷ, നാണ്യവിളകളിലൂടെ ലഭ്യമാകുന്ന വിദേശനാണ്യ സമ്പാദനം തുടങ്ങിയവയെല്ലാം സാധ്യമാകുന്നത്‌ കാര്‍ഷിക മേഖലയിലൂടെയാണ്‌. 2014-15 ബഡ്ജറ്റ്‌ കാര്‍ഷിക മേഖലയ്ക്കു സഹായകരമായ രീതിയിലാണു തായ്യാറാക്കിയിട്ടുള്ളത്‌ എന്നത്‌ പ്രശംസനീയമായ കാര്യമാണ്‌. പക്ഷേ ഇതുമായി ബന്ധപ്പെടുത്തി മറ്റു ചില വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ നാം സൌകര്യപൂര്‍വ്വം വിസ്മരിച്ചുകൂട.

കേരളത്തിലെ 96 ശതമാനത്തിലധികം വരുന്ന കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെയുള്ള തുണ്ടു ഭൂമികളില്‍ കൃഷി ചെയ്യുന്നവരാണ്‌. ഇത്തരത്തില്‍ തുണ്ടു ഭൂമികളില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നതു കൃഷിയില്‍ നിന്നുമുള്ള വരുമാനത്തെ തന്നെയാണോ? അതെ എന്നാണ് ഉത്തരമെങ്കില്‍ , ഇത്തരത്തിലുള്ള തുണ്ടു ഭൂമികളില്‍ നിന്നുള്ള കാര്‍ഷിക വരുമാനം അവരുടെ ദൈനംദിന ജീവിതത്തിനു പര്യാപ്തമാണോ? അല്ലെങ്കില്‍ കൃഷിയെന്നത്‌ അവരുടെ രണ്ടാമത്തെ വരുമാന മാര്‍ഗ്ഗമാണോ? ഇത്തരത്തില്‍ തുണ്ടുഭൂമികളില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു സ്വയം വില നിര്‍ണ്ണയിക്കുന്നതിനു സാധ്യമാണോ? തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്‌ ഇന്‍കം ഗ്യാരണ്ടി എന്ന അതി നൂതനമെന്നു അവകാശപ്പെടുന്ന പദ്ധതിക്കു ഈ ബഡ്ജറ്റിലൂടെ തുക നീക്കി വെച്ചിരിക്കുന്നത്‌. കേരളത്തിലെ ഇന്നത്തെ കര്‍ഷകന്‍റെ പ്രശ്നം ഉല്‍പന്നത്തിനു ലഭ്യമാകുന്ന വില മാത്രമല്ല, മറിച്ച്‌ തൊഴിലാളികളുടെ ലഭ്യത മുതല്‍ ആഭ്യന്തര ആഗോള മത്സാരധിഷ്ഠിത വിപണിയുടെ പ്രശ്നങ്ങളൊക്കെയും അവനെ/അവളെ പലരീതിയില്‍ ബാധിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള അന്തരീക്ഷത്തില്‍ തുണ്ടുഭൂമിയില്‍ ഉയര്‍ന്ന ഉല്‍പാദനച്ചെലവില്‍ കൃഷിയിറക്കുന്ന കര്‍ഷകനു എങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയും? അതിനായി ഗവണ്‍മെന്‍റിന്റെ  പക്കല്‍ എന്തെങ്കിലും, നയങ്ങളോ, നിയന്ത്രണോപാധികളോ ഉണ്ടോ?
 


ഇതൊന്നുമില്ലാതെ ലക്ഷ്യബോധമില്ലാത്ത പദ്ധതികള്‍ ആവിഷ്കരിക്കുകയും, അതിനായി വലിയ തുക ബഡ്ജറ്റില്‍ നീക്കി വെച്ച്‌ പാഴാക്കി കളയുകയും ചെയ്യുന്നത്‌ സാമാന്യ ബോധത്തിനും, സാമൂഹിക നീതിക്കും നിരക്കുന്നതല്ല. കൃഷിയെന്നു പറഞ്ഞാല്‍ നാണ്യവിളകള്‍ മാത്രമല്ല. ഈ ബഡ്ജറ്റില്‍ പ്രധാനമായും റബറിനെയാണു കെ.എം മാണി കൃഷിയായി കണക്കാക്കിയിരിക്കുന്നതെന്നു വേണം മനസ്സിലാക്കുവാന്‍. പരിസ്ഥിതി സംരക്ഷണത്തിനും, ഭൂമിയുലെ ജലസംരക്ഷണത്തിനും, ഭക്ഷ്യസുരക്ഷയ്ക്കുമെല്ലാം സഹായകകരമാകുന്ന ധാന്യവിളകള്‍ക്കും, പച്ചക്കറികള്‍ക്കും ഈ ബഡ്ജറ്റില്‍ വലിയ പ്രസക്തിയുണ്ടന്നു തോന്നുന്നില്ല. അത് ഒരു പക്ഷേ, ഉയരുന്ന ഭൂമിവിലയുടെ അടിസ്ഥാനത്തില്‍, മനപൂര്‍വ്വം ചൂണ്ടിക്കാണിക്കാതെയിരുന്നതാവാം!

കേരളത്തില്‍ ബഡ്ജറ്റു തയ്യാറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന വസ്തുതകളുണ്ട്‌. നിലവിലുള്ള ഒരോ പദ്ധതിയിനങ്ങള്‍ക്കും അധിക തുക വകയിരുത്തുമ്പോള്‍, ആ മേഖലയുടെ മുന്‍ കാല പ്രവര്‍ത്തന മികവും, നേട്ടങ്ങളും മനസ്സിലാക്കിയിട്ടു വേണം. കൂടാതെ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനു മുമ്പ്‌ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആസൂത്രണ സംവിധാനങ്ങളിലൂടെ അത്തരത്തിലുള്ള പദ്ധതികളുടെ പ്രായോഗികതയെ കുറിച്ചും, നേട്ടങ്ങളെ കുറിച്ചും സമഗ്രമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടാവണം.

സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ഘടന തീര്‍ത്തും വ്യത്യസ്തമാണ്‌. ഉദാഹരണമായി, കേരളത്തിലെ വിവിധ ജില്ലകളിലെ ആഭ്യന്തര ഉല്‍പാദന ഘടനയും, വ്യാപ്തിയും വ്യത്യസ്തമാണ്‌. എന്നാല്‍ സംസ്ഥാന ബഡ്ജറ്റു തയ്യാറാക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രാദേശികാടിസ്ഥാനത്തിലുള്ള യാതൊരുവിധ പരിഗണനകളും നല്‍കാറില്ല. ഈ രീതി ശരിയല്ല. എന്‍റെ അഭിപ്രായത്തില്‍ കേരളത്തിലെ ജില്ലകള്‍ തരംതിരിച്ചുള്ള സാമൂഹിക-സാമ്പത്തിക വികസന ഘടനയ്ക്കനുസൃതമായ ഒരു ബഡ്ജറ്റു  രുപീകരണ നയമാണു ഇന്നു വേണ്ടത്‌. ഇത്‌ അനാവിശ്യ പദ്ധതികള്‍ ഒഴിവാക്കുന്നതിനും, കേരളത്തിന്‍റെ സമഗ്ര സാമ്പത്തിക വികസനത്തിനും സഹായകരമാകും. എങ്കില്‍ മാത്രമേ  കെ.എം മാണി, ബഡ്ജറ്റ്‌ പ്രസംഗത്തിന്‍റെ അവസാനം ഉദ്ധരിച്ചതുപോലെ " കണ്ണുകൊണ്ടും, മനസ്സുകൊണ്ടും, വാക്കുകോണ്ടും, കര്‍മ്മം കൊണ്ടും കേരളത്തിലെ മുഴുവന്‍ ജനവിഭാഗത്തേയും സന്തുഷ്ടരാക്കുവാന്‍ സാധിക്കുകയുള്ളൂ”. അല്ലെങ്കില്‍ എല്ലാം വെറുമൊരു രാഷ്ട്രീയ പ്രഹസനമായി തീരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍