UPDATES

ഇന്ത്യ

രോഗ പ്രതിരോധം പോളിയോയില്‍ ഒതുങ്ങിയാല്‍ മതിയോ?

ടീം അഴിമുഖം

ഒടുവിൽ ഇന്ത്യയെ ലോകാരോഗ്യ സംഘടന (WHO) കുറച്ച് ദിവസങ്ങൾക്ക് മുന്പ് പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ചില പത്രങ്ങളിത് കൊട്ടി ഘോഷിക്കുക തന്നെ ചെയ്തു. ഫലപ്രദമായൊരു പൊതുജനാരോഗ്യസംരക്ഷണ വ്യവസ്ഥ പോലും നിലവിലില്ലാത്തൊരു രാജ്യത്തിന് പുറമേ നിന്ന് നോക്കിയാൽ ഇതൊരു വലിയ നാഴികക്കല്ല് തന്നെയാണ്. പോളിയോ വിമുക്തമായി പ്രഖ്യാപിച്ചതിനു ശേഷം സിറിയ, ഈജിപ്ത്, താജികിസ്താൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ പൂർവാധികം ശക്തിയോടെ പോളിയോ തിരിച്ചു വന്നത് സൂചിപ്പിക്കുന്നത് വീണ്ടും ഉണര്‍ന്നെഴുന്നേറ്റ് വരാനുള്ള സാധ്യതയാണ്. 1999 ലാണ് സിറിയയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്, തെക്കന്‍ ഇസ്രായേലിൽ കണ്ടെത്തിയ പോളിയോ വൈറസിന് പാകിസ്ഥാനിൽ  വ്യാപകമായി കണ്ടു വരുന്ന വൈറസുമായുള്ള സാമ്യത ഇപ്പോഴും ചർച്ചാ വിഷയമാണ്. 
 

അതുകൊണ്ട് തന്നെ സൂക്ഷിച്ചു നോക്കിയാൽ പോളിയോയുടെ മേലുള്ള ഇന്ത്യയുടെ വിജയം  അനിശ്ചിതമാണെന്നും ഭാഗീകമായ വിജയം തന്നെ വളരെ വില നൽകിയാണ്‌ നേടിയതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പൊതുജനാരോഗ്യസംരക്ഷണ വ്യവസ്ഥയിൽ മാറ്റം വരുത്താതെ നിവാരണം ചെയ്യാവുന്ന രോഗങ്ങൾ പോലും ചെറുക്കുന്നതിൽ എത്ര മാത്രം പരാജയമാണ് ഇന്ത്യ എന്നതാണ്  പോളിയോക്കെതിരെയുള്ള യുദ്ധം അടിവരയിടുന്നത്. വർദ്ധിച്ച അളവിൽ നൽകുന്ന പോളിയോ തുള്ളികൾ കാരണം സമാനമായൊരു തളര്‍വാത രോഗം രാജ്യത്ത് ഭയപ്പെടുത്തുന്ന വിധത്തില്‍ വളരുന്നതിൽ വിദഗ്‌ദ്ധർ ആശങ്കപ്പെടുന്ന സമയത്ത് തന്നെയാണ് പോളിയോ ഫ്രീ സർട്ടിഫിക്കെറ്റ് വന്നത്. ഇന്ത്യയുടെ പോളിയോക്കെതിരെയുള്ള സമരത്തിൽ വലിയൊരു പ്രശ്നമുണ്ട്: പ്രതിരോധ്യമായ മറ്റു രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ഫലപ്രദമായൊരു മാർഗം ഇതുവരെ നിലവിലില്ല. പൊതുജനാരോഗ്യസംരക്ഷണത്തിനു വേണ്ടി നീക്കി വെക്കുന്ന ഫണ്ടിന്റെ പത്തിലൊന്ന് എല്ലാ വർഷവും ഇന്ത്യ ‘ പൾസ്‌ പോളിയോ കമ്പയിനിനു’ വേണ്ടി ചിലവഴിക്കുന്നുണ്ട്. ബീഹാർ, ഉത്തർപ്രദേശ്‌ പോലുള്ള ‘ഹൈ റിസ്ക്‌ ” സംസ്ഥാനങ്ങളിൽ വയറ്റാട്ടികളേപ്പോലുള്ള അനുബന്ധ ജീവനക്കാർ പതിവ് വൈദ്യപരിശോധനയും പ്രതിരോധകുത്തിവയ്‌പ്പും മാറ്റിവെച്ച്  ഒരു വർഷത്തിലെ ജോലി ദിവസങ്ങളുടെ പകുതിയും ‘ പൾസ്‌ പോളിയോ കാമ്പയിനിനു വേണ്ടി ചിലവഴിക്കുന്നുണ്ട്. ലോകത്തിലെ ഒരു വികസ്വര രാജ്യത്തിനും പ്രത്യേകിച്ചും  ഇന്ത്യക്ക്,  നിവാരണം ചെയ്യാവുന്ന എല്ലാ രോഗങ്ങൾക്കുമെതിരെ സമരം നടത്താനുള്ള നിവൃത്തിയില്ല. ഇത്തരത്തിലൊരു കാര്യം നടപ്പിലാക്കാൻ വേണ്ടി വരുന്ന ചിലവ് ഭാവനാതീതമാണ്. നിവാരണം ചെയ്യാവുന്ന രോഗങ്ങളെ പ്രത്യേകം പ്രത്യേകമായി നോക്കിക്കാണുന്നതാണ് ഇന്ത്യയുടെ പരിമിതമായ വിജയത്തിന് പ്രധാന കാരണം.  പ്രധാനപ്പെട്ട എല്ലാ രോഗങ്ങളെയും കണ്ടെത്തി മുളയിലേ നുള്ളുന്നതിനു പകരം ഓരോ രോഗത്തെയും പ്രത്യേകം നേരിടുന്ന രീതിയാണ്  ഇന്ത്യ കാലാ കാലങ്ങളായി തുടർന്നു വരുന്നത്. വസൂരി, കുഷ്ഠം പോലുള്ള  പകർച്ചവ്യാധികളെ ഇല്ലാതാക്കാൻ സാധിച്ചത് ഒരു രോഗത്തെ ഒരു സമയത്ത് നേരിടുന്ന വ്യവസ്ഥിതിയെ ദൃഢീകരിച്ചു. പതിവ് ഭരണസംബന്ധമായ പരിപാടികൾക്കിടയിൽ അന്താരാഷ്‌ട്ര ഏജൻസികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദൗത്യ രീതിയിൽ നടത്തിയ സംഘടിത പ്രവര്‍ത്തനങ്ങൾ അന്താരാഷ്‌ട്ര സഹായം നിലച്ചതോടെ ഓർമ്മയായി മാറി. 1950 ൽ മലേറിയ പൂർണ്ണമായും നീക്കം ചെയ്യുന്നതിന്റെ വക്കിൽ ഇന്ത്യ എത്തിയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യൻ കാടുകളിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സൈനികര്‍ മലേറിയ കാരണം മരണപ്പെടുന്നു.  
 

രോഗ കേന്ദ്രീത പോരാട്ടങ്ങളിലുള്ള ഒറ്റപ്പെട്ടതും ക്ഷണികവുമായ വിജയങ്ങൾ മാറ്റി നിർത്തിയാൽ രോഗപ്രതിരോധ പൊതുജനാരോഗ്യ വ്യവസ്ഥയിലുള്ള നിക്ഷേപത്തിന്റെ അഭാവം മൂലം പകർച്ചവ്യാധികളെക്കൊണ്ടുള്ള തൊന്തരവ് വർഷങ്ങൾ കൊണ്ട് കൂടുകയേ ചെയ്തിട്ടുള്ളൂ. രോഗപ്രതിരോധ പൊതുജനാരോഗ്യ സമ്പ്രദായം സാധാരണ വൈദ്യപരിശോധനയിൽ നിന്നും വ്യത്യസ്തമാണ്. ശുചീകരണം, ജലനിര്‍ഗ്ഗമനസംവിധാനം, കുടി വെള്ളം, ആരോഗ്യാവബോധ പ്രചാരണപ്രവര്‍ത്തനങ്ങള്‍, എന്നിങ്ങനെ പൌരൻമാരെ രോഗത്തിൽ നിന്നകറ്റുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിലുൾപ്പെടും. രോഗങ്ങളെ തടയുന്ന കാര്യത്തിലും കണ്ടെത്തിയാൽ തന്നെ ഉന്മൂലനം ചെയ്യുന്ന കാര്യത്തിലും സർക്കാർ ഇന്ന് തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നത്.

ആഗോളതലത്തിൽ താപനില കുതിച്ചുയരുന്നത് കാരണം വായുവിൽ കൂടി വ്യാപിക്കുന്ന രോഗങ്ങൾ അധികരിക്കുന്ന സമയമാണിത്. ഇന്ത്യയിൽ പ്രത്യേകിച്ചും ഇത്തരത്തില്‍ പകര്‍ച്ചവ്യാധി പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. ഫലപ്രദമായ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ജനബാഹുല്യമുള്ള രാജ്യത്ത് രോഗം പടർന്ന് പിടിച്ചാൽ അതുമൂലമുണ്ടായേക്കാവുന്ന മാനവ, സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും. ഉദാഹരണമായി,  ലോക ബാങ്കിന്റെ കണക്ക് പ്രകാരം പൊതുശുചിത്വ നിലവാരത്തിന്റെ കുറവ്‌ കാരണമുണ്ടാകുന്ന രോഗ ഭീഷണി GDP യുടെ ഏതാണ്ട്‌ 6% നഷ്ടം വരുത്തുന്ന രീതിയിലേക്ക് ഉയർന്നിരിക്കയാണ്. ക്രമാതീതമായ രീതിയിലുള്ള രോഗത്തിന്റെ പടർന്നു കയറ്റം പോഷകങ്ങൾ ഉപയോഗിക്കാനുള്ള ശക്തി ഇല്ലാതാക്കുകയും, വളർച്ച മുരടിപ്പിക്കുകയും,  രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് കൊണ്ടുതന്നെ മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഇതിന്റെ ഇരകൾ.  Lancet medical journal ലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന പ്രകാരം വെള്ളത്തിൽ കൂടി പകരുന്ന അതിസാരം പോലുള്ള രോഗം മൂലം മാത്രം  200,000 കുട്ടികളാണ് രാജ്യത്ത് ഒരു വർഷം മരണപ്പെടുന്നത്.  
 

ഏതാനും രോഗ നിയന്ത്രണ പരിപാടികളിൽ  ശ്രദ്ധ കേന്ദ്രീകരിച്ച്  കുത്തിവയ്‌പ്പുകളിലും ആന്റി ബയോട്ടിക്സിലും മാത്രം ആശ്രയിച്ചു കഴിയാനാണ് തീരുമാനമെങ്കിൽ ഇന്ത്യയുടെ ആരോഗ്യ ഭാവി വളരെ മോശമായ രീതിയിൽ തന്നെ തുടരും. പ്രത്യേകം പ്രത്യേകം രോഗങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ, ചിലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയിൽ രോഗം വരുന്നത് തടയുന്ന മാർഗങ്ങൾ അവലംബിക്കുന്നതായിരിക്കും ഇന്ത്യപോലുള്ള രാജ്യത്തിന്‌ നല്ലത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍