UPDATES

ഓഫ് ബീറ്റ്

കുഞ്ഞുങ്ങളുടെ കരച്ചില്‍ അത്ര വലിയ പ്രശ്നമാണോ?

ജെസിക്ക ഗ്രോസ് (സ്ലേറ്റ്)

ഒരു ഒന്നാംകിട ഭക്ഷണശാലയിലേയ്ക്ക് തങ്ങളുടെ എട്ടുമാസമുള്ള കുഞ്ഞിനേയുംകൊണ്ട് ചിക്കാഗോയിലുള്ള ദമ്പതികള്‍ക്ക് പോകേണ്ടിവന്നു. കുഞ്ഞിനെ നോക്കാന്‍ വരുമെന്ന് പറഞ്ഞിരുന്നയാള്‍ക്ക് അസൌകര്യമുണ്ടായതുകൊണ്ടാണ് ഇത് സംഭവിച്ചത്. വലിയ ഒരു തുക കൊടുത്താണ് രണ്ടു ടേബിള്‍ മുന്‍കൂട്ടി അവര്‍ ബുക്ക് ചെയ്തത്. ഈ പണം തിരികെ കിട്ടുകയുമില്ല.

ഇവര്‍ക്ക് തങ്ങളുടെ പണം നഷ്ടപ്പെടുന്നതില്‍ വിഷമമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ഒരു കരയുന്ന കുട്ടി തങ്ങളുടെ വിലയേറിയ സാഹാഹ്നം നശിപ്പിക്കുന്നതിലും. കുട്ടികളെ പ്ലെയിനിലും സംഗീതക്കച്ചേരി നടക്കുന്നയിടത്തും കൊണ്ടുപോകുന്നതിനെപ്പറ്റി രണ്ടുപക്ഷമാണ് ഉള്ളത്.

എന്നാല്‍ ആളുകള്‍ എന്തൊക്കെ പറഞ്ഞാലും കുട്ടികള്‍ ഉള്ളവര്‍ തങ്ങള്‍ പോകുന്നയിടത്തെല്ലാം കുട്ടികളെ കൊണ്ടുപോവുകയും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഇതൊരു അലോസരമാണെന്ന്‍ തോന്നുകയും ചെയ്യും. ഭക്ഷണശാലകള്‍ക്കും മറ്റു പൊതു ഇടങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ചില പ്രോട്ടോക്കോള്‍ ഉള്ളത് നല്ലതാണ്.
 

വന്‍കിട ഭക്ഷണശാലകള്‍ ചെയ്യേണ്ടത്:
നിങ്ങളുടെ ഭക്ഷണശാലയില്‍ കുട്ടികള്‍ വരാന്‍ പാടില്ല എന്നാണെങ്കില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല എന്നൊരു പോളിസി സ്വീകരിക്കേണ്ടതാണ്. നിങ്ങള്‍ ഒരു ചെറുകിട പിസാ ജോയന്റ് ആണെങ്കില്‍ ഇത് സാധ്യമല്ല. അവിടെ അലറിക്കരയുന്ന കുട്ടികള്‍ നിങ്ങളുടെ പാക്കേജിന്റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഫാന്‍സി ഭക്ഷണശാലയില്‍ കുട്ടികളെ അനുവദിച്ചാല്‍ അവര്‍ മറ്റുള്ള കസ്റ്റമര്‍മാരെ അലോസരപ്പെടുത്തിത്തുടങ്ങുമ്പോള്‍ നിങ്ങളുടെ വെയിറ്റര്‍മാര്‍ക്ക് മതാപിതാക്കളോട് കുട്ടികളെ പുറത്തുകൊണ്ടുപോയി ശാന്തരാക്കി തിരികെകൊണ്ടുവരാന്‍ അവശ്യപ്പെടാന്‍ കഴിയണം.

മാതാപിതാക്കള്‍ ചെയ്യേണ്ടത്:
നിങ്ങളുടെ കുട്ടി ഒരു മുന്തിയ ഭക്ഷണശാലയില്‍ മറ്റുള്ളവരെ ശല്യപ്പെടുത്തിക്കൊണ്ട് കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യുന്നുവെങ്കില്‍ കരച്ചില്‍ അടങ്ങുന്നതുവരെ കുട്ടിയെ മാറ്റിനിറുത്തുക നിങ്ങളുടെ ഉത്തരവാദിത്തമാണ്. മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാനായി കുട്ടിക്ക് പാവകളോ ഐപാഡോ ഒക്കെ കൊടുത്തേക്കുക. അതേ, രണ്ടുവയസിനുമുന്‍പ് കുട്ടികള്‍ ഐപാഡ് ഒന്നും ഉപയോഗിക്കാന്‍ പാടില്ല, പക്ഷെ നിങ്ങള്‍ എന്തിനാണ് കുട്ടിയേയുംകൊണ്ട് ആളൊന്നിന് ഇരുനൂറുഡോളറിലേറെ ചെലവുള്ള ഭക്ഷണശാലയില്‍ വരുന്നത്? അപ്പോള്‍ ചില നിയമങ്ങള്‍ വളച്ചൊടിക്കാം. വളരെ മാന്യമായി കുട്ടിയെ ശാന്തനാക്കൂ എന്ന് ഭക്ഷണശാലക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അവരോടു തട്ടിക്കയറാതിരിക്കുക. നിങ്ങളുടെ കുട്ടി ഒരു ശല്യമാവുകയാണ് എന്ന് തിരിച്ചറിയുകയും കുട്ടിയെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
 

മാതാപിതാക്കള്‍ അല്ലാത്തവര്‍ ചെയ്യേണ്ടത്:
ഒരു കുട്ടി നിങ്ങള്‍ക്ക് ശല്യമാകുന്നുവെങ്കില്‍ മര്യാദയോടെ കുട്ടിയുടെ മാതാപിതാക്കളോട് കുട്ടിയെ ശാന്തനാക്കാന്‍ ആവശ്യപ്പെടാം. പക്ഷെ കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ കരുതിക്കൂട്ടി നിങ്ങളെ ശല്യപ്പെടുത്താന്‍ ഇറങ്ങിയിരിക്കുകയല്ല എന്നും മനസിലാക്കുക. ഒരുപക്ഷെ ഒരു കുട്ടിയുടെ ഒച്ചപ്പാടിനോട് അവര്‍ അത്ര പൊരുത്തപ്പെട്ടുപോയതുകൊണ്ട് തങ്ങളുടെ കുട്ടിയുടെ കളികള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് അവര്‍ക്ക് മനസിലാകാത്തതാവാനും വഴിയുണ്ട്.

എല്ലായിടത്തും പ്രശ്നക്കാരുണ്ടാകും: മാതാപിതാക്കളോട് വളരെ ദേഷ്യത്തോടെ ഇടപെടുന്ന മറ്റുള്ളവര്‍, തങ്ങളുടെ കുഞ്ഞുമാലാഖമാര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന മാതാപിതാക്കള്‍, ആളുകളുടെ പണം വാങ്ങിയശേഷം അവരെ ആക്ഷേപിക്കുന്ന ഹോട്ടല്‍ ഉടമകള്‍ എന്നിങ്ങനെ എല്ലാ വശത്തും പ്രശ്നക്കാരുണ്ടാകും. എന്നാല്‍ അല്‍പ്പം ഒന്ന് സംസാരിച്ചാലോ മനസിലാക്കാന്‍ ശ്രമിച്ചാലോ തീരാത്ത പ്രശ്നമല്ല ഒരു കുഞ്ഞിന്റെ കരച്ചിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍