UPDATES

കേരളം

കേരള ബജറ്റ് – ഒറ്റ നോട്ടത്തില്‍

ടീം അഴിമുഖം

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയില്‍ വളരെ ആകാംക്ഷയോടെയാണ് ധനമന്ത്രി കെ എം മാണിയുടെ 12-മത്തെ ബജറ്റിനെ എല്ലാവരും നോക്കിക്കണ്ടത്. ജനപ്രീയമായിരിക്കും എന്നായിരുന്നു പൊതുവേയുണ്ടായിരുന്ന പ്രതീക്ഷ. തന്‍റെ തട്ടകമായ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും ക്ഷേമ മേഖലയില്‍ പെന്‍ഷന്‍ വര്‍ദ്ധനവടക്കം പ്രഖ്യാപിക്കുകയും ചെയ്ത ബജറ്റ് പുതിയ നികുതി നിര്‍ദേശങ്ങളിലൂടെ സാധാരണ ജനങ്ങളുടെ ജീവിത ഭാരം വര്‍ധിപ്പിക്കുന്നതായി മാറി. വില വര്‍ദ്ധനവിനെ പിടിച്ചു നിര്‍ത്താനുള്ള വലിയ ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ധനപരമായ പ്രതിസന്ധിയെ മറികടക്കാനുള്ള യാഥാര്‍ഥ്യ ബോധത്തോടെയുള്ള ശ്രമങ്ങളും കാണാനില്ല. 2014-15 സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തില്‍.

വില വര്‍ദ്ധിക്കും
ഇന്‍വെര്‍ട്ടറുകള്‍, യുപിഎസ്, ടെക്സ്റ്റൈല്‍സ്, എം സാന്‍ഡ്, ആഡംബര റെസ്റ്റോറന്‍റുകളിലെ ഭക്ഷണം, 1500 സിസിക്ക് മുകളിലുള്ള കാറുകള്‍, ആഡംബര ബൈക്കുകള്‍, ആഡംബര ബസുകളിലെ യാത്ര, വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണ, ഓടോ-ടാക്സി നിരക്ക്, വിദേശ മദ്യം, അലുമിനിയം ഫാബ്രികേഷന്‍, കാരവന്‍

വില കുറയും
ഏല്‍പിജി സിലിണ്ടര്‍, ഷിപ്പിംഗ് ഇന്ധനം, മൈദ, ഹല്‍വ, ലഡു, മിക്സ്റ്റര്‍, ആട്ട, സോപ് (വെളിച്ചെണ്ണകൊണ്ട് ഉണ്ടാക്കുന്നത്), സോയാബീന്‍ എണ്ണ, എല്‍ഇഡി ലാമ്പ്
 

പ്രധാന നിര്‍ദേശങ്ങള്‍
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം 1556.35 കോടി രൂപയുടെ അധിക വിഭവം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ്.

മോട്ടോര്‍ വാഹന ഗതാഗത മേഖലയില്‍ നിന്നു മാത്രം 260 കോടി രൂപ സമാഹരിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. ഇത് പണക്കാരെ മാത്രമല്ല ബാധിക്കുക. സാധാരണക്കാര്‍ക്ക് ഒടോറിക്ഷ യാത്ര ചെയ്യുന്നത് ചിലവേറിയ കാര്യമാകും.

ഇറക്കുമതി വാഹനങ്ങള്‍ക്ക് വില്‍പ്പന നികുതിയില്‍ കുത്തനെ വര്‍ദ്ധന. പല വലിപ്പത്തിലുള്ള വാഹനങ്ങള്‍, പുതു തലമുറ കാരവനുകള്‍, അന്തര്‍സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവയ്ക്കു ഒറ്റ തവണ നികുതി. 

400 കോടി അധിക വരുമാനം ലക്ഷ്യമിട്ടുകൊണ്ട് ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 10 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു.

മെറ്റല്‍ ക്രഷര്‍ യൂണിറ്റുകള്‍ക്ക് കോമ്പൌണ്ടിംഗ് നികുതി, കൃത്രിമ മണലിന് നികുതി എന്നിവയിലൂടെ 140 കോടി രൂപ വരുമാനമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഈ നിര്‍ദേശം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

ബഹു രാഷ്ട്ര ബ്രാന്‍ഡെഡ് ഫുഡ് വില്‍ക്കുന്ന ഭക്ഷണ ശാലകള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നതിലൂടെ 10 കോടി രൂപയാണ് അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത് ബ്രാന്‍ഡെഡ് ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനിടയാക്കും.

ദിവസ വാടക നല്‍കുന്ന അപ്പാര്‍ട്മെന്‍റുകള്‍ക്ക് 12.5% നികുതി ഏര്‍പ്പെടുത്തി. കെട്ടിട നികുതിയും ആഡംബര മന്ദിരങ്ങളുടെ ലെവിയും ഇരട്ടിപ്പിക്കുന്നതിലൂടെ 70 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

100 ചതുരശ്ര മീറ്റര്‍ തറ വിസ്തൃതിയുള്ള വീടുകള്‍ക്കും 50 ചതുരശ്ര മീറ്റര്‍ തറ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്ക്കും നികുതി ഇളവ് നല്കാന്‍ തീരുമാനിച്ചു.

ആഴ്ച ലോട്ടറികളുടെ വില 10 രൂപ വര്‍ദ്ധിപ്പിക്കുന്നതിലൂടെ 5500 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2 ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ നിന്ന് പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതി. 50 കോടി രൂപയാണ് പദ്ധതിക്കു നീക്കി വച്ചിരിക്കുന്നത്. ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എം എസ് സ്വാമി നാഥന്‍ ഫൌണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് അഗ്രികള്‍ച്ചര്‍ മിഷന്‍ രൂപീകരിക്കുക, ചെറുകിട കര്‍ഷകര്‍ക്ക് കടാശ്വാസ പദ്ധതി, കാര്ഷിക ഉത്പ്പന്നങ്ങള് മാര്‍ക്കെറ്റിംഗ് ചെയ്യുന്നതിന് വേണ്ടി സഹകരണ സംഘങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന കര്‍ഷക സൌഹൃദ പദ്ധതികള്‍.

ശുദ്ധജല വിതരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും കൂടി 774 കോടി രൂപ. 

പ്രൊഫെഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന ബിപിഎല്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്ടോപ്പ്. 

അനാഥരായ കുട്ടികള്‍ക്ക് പ്ലസ്ടു വരെ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വൃദ്ധ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം.

വൈദ്യുതി വകുപ്പിന് 270 കോടി രൂപ ധന സഹായം. 

സൌര പദ്ധതികള്‍ക്ക് 10 കോടി രൂപ. 

22 സബ്സ്റ്റേഷനുകള്‍ക്ക് 240 കോടി രൂപ. 

എറണാകുളത്തിന് ഫര്‍ണിച്ചര്‍ ഹബ് പ്രൊജെക്റ്റ്. 

തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ. 

സഹകരണ മേഖലയ്ക്ക് 83 കോടി രൂപ. 

എറണാകുളം ജില്ലയില്‍ രണ്ട് ത്രിവേണി മെഡിക്കല്‍ സ്റ്റോറുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍