UPDATES

ഓഫ് ബീറ്റ്

ഫേസ്ബുക്ക് ഭൂതകാലം നിങ്ങളെ വേട്ടയാടുന്നോ? പോംവഴി ഇതാ

ജെന്നിഫര്‍ ഗോള്‍ബക് (സ്ലേറ്റ്)

എനിക്ക് ഫേസ്ബുക്കിന്റെ മേല്‍ എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പോസ്റ്റുകള്‍ക്ക് ഒരു എക്സ്പയറി ഡേറ്റ് വയ്ക്കുമായിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ പലതും ഫ്രിഡ്ജില്‍ മുട്ട സൂക്ഷിക്കുന്നതിലും കൂടുതല്‍ കാലം വെച്ചേക്കാനുള്ളതല്ല. ചില ലിങ്കുകളും വീഡിയോകളും ഒന്നുകൂടി കണ്ടുനോക്കാവുന്നതാണ്, നേരുതന്നെ. എന്നാല്‍ 2008ലെ ഒരു തിങ്കളാഴ്ച ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു എന്ന് ആര്‍ക്കെങ്കിലും അറിയാന്‍ താല്പ്പര്യമുണ്ടോ?

എന്നാല്‍ നമ്മില്‍ പലരുടെയും ടൈംലൈന്‍ നിറയെ ഇത്തരം പഴഞ്ചന്‍ അനാവശ്യവര്‍ത്തമാനങ്ങളാണ്. അത് അവിടെ കിടക്കുന്നതുകൊണ്ട് എനിക്കോ എന്റെ സുഹൃത്തുക്കള്‍ക്കോ യാതൊരു പ്രയോജനവും ഇല്ല. വല്ലപ്പോഴും ഒരിക്കല്‍ “അന്ന് ജെന്നിഫര്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ അടിപൊളിയായിരുന്നു, അതൊന്നുകൂടി കാണണമല്ലോ” എന്ന് ആര്‍ക്കെങ്കിലും ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ പലപ്പോഴും ഇത്തരം പോസ്റ്റുകള്‍ എല്ലാം തന്നെ ഡിജിറ്റല്‍ ചവറാണ്. നിങ്ങള്‍ പോസ്റ്റ്‌ ചെയ്ത സാഹചര്യത്തിനുവെളിയില്‍ ഇതിനു യാതൊരു മൂല്യവുമില്ല. ഇഷ്ടപ്പെട്ട ടീമിന്റെ വിജയം, സുഹൃത്തുക്കള്‍ക്കുള്ള ആശംസകള്‍, കാലാവസ്ഥയെപ്പറ്റിയുള്ള സാദാകമന്റുകള്‍. ഇതൊക്കെ എന്തിനാണ് ഭാവിതലമുറയ്ക്ക് കാണാനായി സൂക്ഷിച്ചുവയ്ക്കുന്നത്? ഇത് ഞാന്‍ തന്നെ പോസ്റ്റ്‌ ചെയ്തതായതുകൊണ്ട് അതിന്റെ മായ്ച്ചുകളയാനുള്ള തീരുമാനവും ഞാന്‍ തന്നെ എടുത്തു.
 

ന്യൂഇയര്‍ ആളുകളെക്കൊണ്ട് പല തീരുമാനങ്ങളും എടുപ്പിക്കും. അത്തരം ഒരു പുതിയ തുടക്കമായിരുന്നു ഇതും. ഒരു മാസം മുന്‍പ് മുതല്‍ പിന്നോട്ട് ഞാന്‍ പോസ്റ്റ്‌ ചെയ്തതെല്ലാം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അതത്ര എളുപ്പമല്ല.

ഫേസ്ബുക്കില്‍ എന്റെ ഭൂതകാലം കാണാന്‍ എളുപ്പമാണ്. ആക്റ്റിവിറ്റി ലോഗില്‍ പോയാല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ ചെയ്ത എല്ലാം കാണാം. ഓരോ സൌഹൃദവും ഓരോ ലിക്കും ഓരോ കമന്റും കാണാം.

എല്ലാം ഡിലീറ്റ് ചെയ്യുന്നതിനുമുന്‍പ് നിങ്ങള്‍ക്ക് ഒരു കോപ്പി വേണമെന്ന് തോന്നിയേക്കാം. ഇതും എളുപ്പമാണ്. ഫേസ്ബുക്ക് അക്കൌന്റ് സെറ്റിംഗ്സ് എടുക്കുക. അതിന്റെ ഏറ്റവും ഒടുവില്‍ നിങ്ങളുടെ ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു ലിങ്ക് ഉണ്ട്. നിങ്ങള്‍ അന്നുവരെ ചെയ്തതെല്ലാം ഫേസ്ബുക്ക് തന്നെ പൂട്ടിക്കെട്ടി ഒരു സിപ്പ് ഫയലാക്കി അതിന്റെ ലിങ്ക് അയച്ചുതരും. അങ്ങനെ നിങ്ങള്‍ക്ക് ഒരു സ്വകാര്യകോപ്പി വേണമെങ്കില്‍ സൂക്ഷിക്കാം, എന്തെങ്കിലും ആവശ്യമുണ്ടായാലോ?

ഒരു ദിവസം എനിക്ക് ഫേസ്ബുക്കില്‍ ചുരുങ്ങിയത് പത്ത് ആക്ടിവിറ്റി എങ്കിലും ഉണ്ടാകും. വല്ലപ്പോഴുമുള്ള സ്റ്റാറ്റസ് മെസ്സേജുകള്‍, കുറച്ചു ലൈക്കുകള്‍, അവിടെയുമിവിടെയും ഓരോ കമന്റ്. ഞാന്‍ ഒരു ഫേസ്ബുക്ക് ഡിസ്കഷന്‍ ബോര്‍ഡില്‍ സജീവമായിരുന്നപ്പോള്‍ ആക്റ്റിവിറ്റി ഇതിലും കൂടുതലായിരുന്നു. 2005ലാണ് ഞാന്‍ ഫേസ്ബുക്കില്‍ ചേരുന്നത്. എനിക്ക് ഡിലീറ്റ് ചെയ്യാന്‍ ഒരു മുപ്പതിനായിരം പോസ്റ്റുകള്‍ എങ്കിലും കാണും. ഞാന്‍ എന്റെ ഫുള്‍ ഫേസ്ബുക്ക് ലോഗിന്റെ പ്രിന്‍റ് എടുത്താല്‍ അത് 2400 പേജ് കാണും.

മുപ്പതിനായിരം കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരുപാട് സമയമെടുക്കും. ആക്റ്റിവിറ്റി ലോഗില്‍ ഓരോ ഐറ്റത്തിനുനേരെയും ഒരു പെന്‍സില്‍ ഐക്കണ്‍ കാണാം. അവിടെ ക്ലിക്ക് ചെയ്‌താല്‍ കുറച്ച് ഓപ്ഷനുകള്‍ വരും. അതില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ചില കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ലൈക്കുകളെ അണ്‍ലൈക് ചെയ്യാം. ഒരു തീരുമാനം എടുത്തതായതുകൊണ്ട് ഇത് ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. എല്ലാം അണ്‍ലൈക് ചെയ്തു. ഫ്രണ്ട്ഷിപ്പുകള്‍ എളുപ്പമല്ല. ആളുകളെ വെറുതെ അണ്‍ഫ്രണ്ട് ചെയ്യാന്‍ പറ്റില്ലല്ലോ. അപ്പോള്‍ ആകെയുള്ള ഓപ്ഷന്‍ ഇത് ടൈംലൈനില്‍ നിന്ന് ഹൈഡ് ചെയ്യുക എന്നതുമാത്രമാണ്.

ഒരു മാസത്തെ പോസ്റ്റുകള്‍ നീക്കാന്‍ ഏകദേശം ഇരുപതുമുതല്‍ മുപ്പതുവരെ മിനിട്ടുകള്‍ വേണം. ഏതാണ്ട് പന്ത്രണ്ടുമണിക്കൂര്‍ കുത്തിയിരുന്നു ഓരോന്നോരോന്ന് നോക്കി ഡിലീറ്റ് ചെയ്തതിനുശേഷം ഞാന്‍ ഓടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞുതുടങ്ങി.

ഇതില്‍ നിന്ന് ഞാന്‍ പഠിച്ച ശരിയായ പാഠം ഒരാളുടെ ഓണലൈന്‍ വ്യക്തിത്വം പരിപാലിക്കുക എത്ര ബുദ്ധിമുട്ടാണ് എന്നാണ്.

ഉള്ളത് രണ്ടു ഓപ്ഷനുകളാണ്. ഒന്ന് ഫെസ്ബുക്കിന്റെ ടൈംലൈന്‍ ക്ലീനറും രണ്ട് അബ്സ്ടര്‍ഗെയും. രണ്ടും ഫയര്‍ഫോക്സിലോ ക്രോമിലോ പ്രവര്‍ത്തിപ്പിക്കാവുന്ന സ്ക്രിപ്റ്റ്കളാണ്. ഇവ രണ്ടും കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണ് എന്നതാണ് പ്രധാനം. ഫേസ്ബുക്ക് അതിന്റെ കോഡ് വളരെ പെട്ടെന്നുതന്നെ മാറ്റിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഇത്തരം ടൂളുകളും ഒപ്പത്തിനൊപ്പമായേ പറ്റൂ. ഇവയെല്ലാം ഓപ്പണ്‍‌സോഴ്സുമാണ്. കോഡ് ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പം ഇത് പരിശോധിക്കാനും വേണ്ട മാറ്റങ്ങള്‍ വരുത്താനും കഴിയും.

ഫേസ്ബുക്ക് ടൈംലൈന്‍ ക്ലീനര്‍ ഒരുപാട് സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു പ്രത്യേക തീയതിക്ക് മുന്‍പോ പിന്‍പോ ഉള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അത് അനുവദിക്കുന്നു. എന്നാല്‍ ഞാന്‍ അതുപയോഗിച്ചുനോക്കിയിട്ട് അത്ര ശരിയായില്ല. ഫയര്‍ഫോക്സിലോ ക്രോമിലോ അത് പ്രവര്‍ത്തിപ്പിക്കാന്‍ ഞാന്‍ ഒരാഴ്ച ശ്രമിച്ചു. എട്ടോ പത്തോ മണിക്കൂര്‍ പ്രവര്‍ത്തിച്ച് കുറച്ചുകാര്യങ്ങള്‍ ഡിലീറ്റ് ചെയ്തതിനുശേഷം ബ്രൌസര്‍ ക്രാഷ് ആകും. വളരെ പഴയ പോസ്റ്റുകള്‍ മാത്രമാണ് ഞാന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചത്. എന്നിട്ടും അതില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

അബ്സ്റെര്‍ഗെ അത്ര അധികം വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. അത് എല്ലാം ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഏത് തരം ആക്റ്റിവിറ്റിയാണ് ഡിലീറ്റ് ചെയ്യേണ്ടത് എന്ന് മാത്രം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് നിങ്ങള്‍ ലൈക്കുകള്‍ തെരഞ്ഞെടുത്ത ശേഷം അബ്സ്റെര്‍ഗെ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് നിങ്ങളുടെ ലൈക്കുകള്‍ എല്ലാം എടുത്തുമാറ്റും.

ചില സെക്ഷനുകളില്‍ ഞാന്‍ അബ്സ്റെര്‍ഗെ പരീക്ഷിച്ചുനോക്കി. അതിനുശേഷം എന്റെ മുഴുവന്‍ ടൈംലൈനിലും അത് പ്രയോഗിച്ചു. വളരെ വേഗം എല്ലാം കഴിഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ട് എന്റെ ടൈംലൈന്‍ വെടിപ്പായി.
 

സോഷ്യല്‍ നെറ്റ്വര്‍ക്ക് വര്‍ത്തമാനകാലത്തിന്‍റെ മാധ്യമാണ്. ഒരാഴ്ച മുന്‍പുള്ള ലൈക്കോ കമന്റോ വലിയ അര്‍ത്ഥമൊന്നും ഉണ്ടാക്കില്ല. ഒരുവര്ഷം മുന്പ് നിങ്ങള്‍ എഴുതിയ ഒരു കമന്റ് വിചിത്രമായും തോന്നാം. ചില ആളുകള്‍ക്ക് ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നതില്‍ താല്പ്പര്യമുണ്ടാകും. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. പഴയതൊന്നും സൂക്ഷിക്കേണ്ട കാര്യമില്ല. സമയവും സന്ദര്‍ഭവും മാറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അപ്രസക്തം തന്നെ.

എല്ലാം ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്‌ കൊണ്ട് എന്റെ കാര്യം എളുപ്പത്തില്‍ കഴിഞ്ഞു. എന്നാല്‍ തെരഞ്ഞെടുത്ത് ആവശ്യമില്ലാത്തവ മാത്രം ഡിലീറ്റ് ചെയ്യാന്‍ ഇരുന്നാല്‍ അതിനു മണിക്കൂറുകള്‍ വേണ്ടിവന്നേക്കും.

ഇത് ഫേസ്ബുക്കിന്റെ മാത്രം കാര്യം. ട്വിട്ടര്‍, ലിങ്ക്ഡ്ഇന്‍, പിന്‍ട്രസ്റ്റ്, ഗൂഗിള്‍ പ്ലസ് എന്നിങ്ങനെ എല്ലായിടത്തും ഇത് ചെയ്യുന്നത് ഓര്‍ത്തുനോക്കുക. നമ്മുടെ ഓണലൈന്‍ ജീവിതങ്ങള്‍ക്ക് പ്രധാന്യമേറി വരുമ്പോള്‍ അത് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള നമ്മുടെ കഴിവിനും പ്രാധാന്യമേറുന്നു. ഡിലീറ്റ് ചെയ്യാനുള്ള ടൂളുകള്‍ അത്ര മികച്ചതൊന്നുമല്ല ഇപ്പോള്‍. എന്നാല്‍ അതിനൊരു വിപണിസാധ്യതയുണ്ട്.

എന്റെ പരിശ്രമത്തിന് ഫലമുണ്ടായി. ഇപ്പോള്‍ എന്റെ ടൈംലൈനില്‍ നോക്കുമ്പോഴെല്ലാം എനിക്ക് ചിരിക്കാന്‍ കഴിയുന്നുണ്ട്. അത് ഈ നിമിഷത്തെപ്പറ്റി മാത്രമാണ്.

വളരെ വൃത്തിയായതായി തോന്നുന്നു. വളരെ വളരെ വൃത്തി.

Jennifer Golbeck is director of the Human-Computer Interaction Lab and an associate professor at the University of Maryland.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍