UPDATES

സിനിമ

മാമാസിന്റെ മാന്നാര്‍ മത്തായിമാര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീയറ്ററില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ഒരു കൂട്ടം കഥാപാത്രങ്ങള്‍, മാന്നാര്‍ മത്തായിയും ഗര്‍വാസീസ് ആശാനും കൂട്ടരും തകര്‍ത്താടിയപ്പോള്‍ പൊട്ടിച്ചിരിച്ച സദസിനിടിയല്‍ ഒരു പന്ത്രണ്ടുകാരനുമുണ്ടായിരുന്നു. എന്നാല്‍ തീയറ്റര്‍ വിട്ടിറങ്ങി കാലങ്ങള്‍ കഴിഞ്ഞിട്ടും മത്തായിയും കൂട്ടരും ആ ചെറുപ്പക്കാരനെ വിട്ടില്ല. ഒടുവില്‍ നിയോഗമോ, വിധിയോ എന്തുതന്നെയായികൊള്ളട്ടെ, മത്തായിയുടെയും കൂട്ടരുടെയും ചിരിപ്പടക്കം തിരശീലയിലേക്ക് എത്തിക്കാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ചത് ആ പന്ത്രണ്ടുകാരന് തന്നെയായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിംഗ് രണ്ടാം ഭാഗത്തെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സംവിധായകന്‍ മാമാസ് ചന്ദ്രന്‍സിനിമാകൊട്ടകയില്‍ സംസാരിക്കുന്നു.
 
? വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കുന്നത് മിനിമം ഗാറന്റിയുടെ ഉറപ്പിന്മേലാണോ. 
വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരു നല്ല സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയാണ്. അതേസമയം അത് വലിയൊരു റിസ്‌ക്കും വെല്ലുവിളിയുമാണ്. ആദ്യ സിനിമയോടുള്ള ആളുകളുടെ പ്രതീക്ഷയാണ് രണ്ടാം ഭാഗം വരുമ്പോള്‍ അവരെ തീയറ്ററിലെത്തിക്കുന്നത്. പക്ഷേ ഈ സിനിമ വാസ്തവത്തില്‍ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഇതിന്റെ ആദ്യ ഭാഗത്തിന്റെ പകര്‍പ്പാവകാശമുണ്ടായിരുന്ന പ്രോഡ്യൂസര്‍മാര്‍ രണ്ടാം ഭാഗം എന്ന ആശയവുമായി എന്നെ സമീപിക്കുകയായിരുന്നു. എന്റെ കുട്ടിക്കാലത്ത് കണ്ട് തലതല്ലി ചിരിച്ച ഒരു സിനിമ കൂടിയാണ് മാന്നാര്‍ മത്തായി. അതിന്റെ രണ്ടാം ഭാഗം എന്നെ സംബന്ധിച്ചിടത്തോളും തികച്ചും എക്‌സൈറ്റഡ് ആയിരുന്നു. ഞാന്‍ മാത്രമല്ല, പിന്നീട് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കവേ ആ ടെന്‍ഷനും ആകാംക്ഷയും എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്തായാലും അതെല്ലാം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്ന സന്തോഷമുണ്ട്. റാംജീറാവുവിലും മാന്നാര്‍മത്തായിലും ഉണ്ടായിരുന്ന ഹ്യൂമര്‍, സെന്റിമന്റസ്, ത്രില്ലര്‍ എന്നിവ ചേര്‍ന്ന സിനിമ തന്നെയാണ് മാന്നാര്‍ മത്തായി രണ്ടാം ഭാഗവും. 
 
? മാന്നാര്‍ മത്തായിയെ കാല്‍നൂറ്റാണ്ടിന് ശേഷം എങ്ങനെയാണ് ഇന്നസെന്റ് വീണ്ടും അവാഹിച്ചത്. 
റാംജീറാവു സ്പീക്കിംഗ് എന്ന സിനിമ ഇന്നസെന്റ് ഉള്‍പ്പെടെയുള്ള നടന്മാരുടെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച ഒന്നായിരുന്നു. ഇന്നസെന്റ് ഒരു മുഴുനീള കഥാപാത്രം ചെയ്ത ആദ്യ സിനിമയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നസെന്റിനെ മാറ്റിനിറുത്തി ഈ സിനിമയെക്കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. ഈ സിനിമയുടെ ആലോചനഘട്ടത്തിലായിരുന്നു ഇന്നസെന്റ് ചേട്ടന് അസുഖമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയേണ്ടിവന്നത്. അങ്ങനെ സിനിമയും അവിടെ നിന്നു. അല്ലെങ്കില്‍ നിറുത്തിവയ്‌ക്കേണ്ടിവന്നു. ഞാന്‍ മറ്റൊരു സിനിമയുടെ വര്‍ക്കിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അസുഖത്തെ അതിജീവിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമയ്ക്ക് വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ന്നു. അത് യാഥാര്‍ത്ഥ്യവുമായി. ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതല്‍ അദ്ദേഹം അസുഖമൊക്കെ മറന്ന് പഴയ മത്തായി ചേട്ടനായി മാറി. നൂറ് ശതമാനവും കഥാപാത്രത്തോട് നീതിപുലര്‍ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുകേഷ് ചേട്ടനും സായി ചേട്ടനും തുടങ്ങി എല്ലാവരും പൂര്‍ണ്ണമായി സഹകരിച്ച് ഇത് ഒരു മികച്ച സിനിമയാക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. നാല്‍പ്പത്തിമൂന്ന് ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ക്രൂവിലെ മറ്റ് അംഗങ്ങളും പരസ്പരം മികച്ചൊരു ബന്ധമാണ് ഉണ്ടാക്കിയത്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മാന്നാര്‍ മത്തായി അഥവാ ഇന്നസെന്റ് തന്നെയാണ് താരം. 
 
 
? ആദ്യ സിനിമയെ നോക്കി രണ്ടാംഭാഗവുമായി താരതമ്യം വരാതിരിക്കാന്‍ എത്രമാത്രം ശ്രമിച്ചിട്ടുണ്ട്.
കംപാരിസണ്‍ ഒരു യാഥാര്‍ത്ഥ്യമാണ്. തീര്‍ച്ചയായും പ്രേക്ഷകന്‍ ആദ്യ സിനിമയുമായി തന്നെയായിരിക്കും ഇതിനെ താരതമ്യപ്പെടുത്തുക. ആദ്യ സിനിമയില്‍ ഇങ്ങനെയൊരു സീന്‍ ഉണ്ടായിരുന്നു. ഇതില്‍ അതില്ല. ഇതൊക്കെയായിരിക്കും പ്രേക്ഷകന്റെ മനസില്‍ ആദ്യം കടന്നുപോവുക. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാനും അത് തന്നെയാണ് ചെയ്യാന്‍ ശ്രമിക്കുക. അതുകൊണ്ടു ഈ സിനിമയില്‍ വ്യത്യസ്തതകള്‍ വരുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി അത്രത്തോളം പ്രയത്‌നിച്ചിട്ടുമുണ്ട്. തിരക്കഥ എഴുതി കഴിഞ്ഞ്, ഞങ്ങളുടെ ടീം ഒരുമിച്ചിരുന്ന് വാസ്തവത്തില്‍, കീറി മുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. മൂന്ന് മാസമിരുന്നാണ് അന്തിമ തിരക്കഥ തയ്യാറാക്കിയത്. അതിനാല്‍ ആദ്യം പറഞ്ഞ കംപാരിസണ്‍ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തിയത്. ബാക്കിയെല്ലാം പ്രേക്ഷന്റെ കൈയ്യിലാണ്. അവരാണ് അന്തിമ വിധി പ്രസ്താവിക്കുക.
 
? പൊന്നപ്പന്‍ മുതല്‍ ഗര്‍വാസീസ് ആശാന്‍ വരെ വീണ്ടും എത്തുന്‌പോള്‍, എങ്ങനെയായിരുന്നു സെറ്റ്.
ആശാന്റെ കാല്‍ തല്ലിയൊടിച്ചത് ഇന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു. തല്ലിയൊടിച്ച കാലുമായി പ്രതികാരദാഹവുമായി നടക്കുന്ന ആശാനെ ജനം ഇന്നും നെഞ്ചോട് ചേര്‍ത്തുവച്ചിട്ടുണ്ട്. പൊന്നപ്പനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മീരയും എല്‍ദോയുമെല്ലാം ഇന്നും മലയാളിയുടെ പ്രിയപ്പെട്ടവരാണ്. സിനിമയിലെടുത്ത എല്‍ദോയെ (കൊച്ചിന്‍ ഹനീഫ) പക്ഷേ നമുക്ക് നഷ്ടമായെന്ന് മാത്രം. മറ്റ് എല്ലാവരും മുന്‍പത്തെ അതേ രസച്ചരടുമായി ഈ ചിത്രത്തില്‍ മലയാളിക്ക് മുന്നില്‍ എത്തുന്നത്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെയാണ് രണ്ടാം ഭാഗത്തില്‍ അവര്‍ സ്‌ക്രീനിലെത്തുന്നത്. വിജയത്തിന് പ്രത്യേകിച്ച് ഫോര്‍മുല ഇല്ല, അങ്ങനെയാണെങ്കില്‍ വിജയ ചിത്രങ്ങള്‍ മാത്രമേ പിറക്കു. അതുകൊണ്ടു പൊന്നപ്പനെയും ഗര്‍വാസീസ് ആശാനെയുമെല്ലാം പ്രേക്ഷകന് വിട്ടുകൊടുക്കുന്നു. 
 
മാന്നാര്‍ മത്തായി സ്പീക്കിംഗ് – 2 ടീം
 
? സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു
സാരംഗ് എന്ന ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിന്റെ പ്രോഡകറ്റ് ആണ് ഞാന്‍. അതു കഴിഞ്ഞ് ആനിമേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്‌പോഴാണ് ഐ.വി.ശശി സാറിന്റെയും റാഫീ മെക്കാര്‍ട്ടിന്‍ ടീമിന്റെയും അസിസ്റ്റന്റായി എത്തുന്നത്. അവിടെ തുടങ്ങി എന്റെ സിനിമാജീവിതവും. 
 
? തിരക്കഥയില്‍ തന്റെതായി രീതിയല്‍ ഇടപെടല്‍ നടത്താറുള്ള ഒരു നടനാണ് ദീലിപ് എന്നാണ് അണിയറക്കാര്‍ പറയുന്നത്, ആ നിലയ്ക്ക് ഒരു തുടക്കാരന്‍ എന്ന നിലയില്‍ എങ്ങനെയായിരുന്നു ജനപ്രീയ നടനുമായുള്ള ആദ്യ സിനിമയിലെ കെമിസ്റ്റ്ട്രി. 
2008ലാണ് പാപ്പി അപ്പച്ചയുടെ കഥ ഞാന്‍ ദിലീപേട്ടനുമായി ചര്‍ച്ച ചെയ്യുന്നത്. കഥ കേട്ട് അദ്ദേഹം സമ്മതിക്കുന്നതു മുതല്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് എന്റെ സിനിമ യാഥാര്‍ത്ഥ്യമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. ദിലീപ് സിനിമയ്ക്ക് പൂര്‍ണമായി കമ്മിറ്റഡ് ആയ നടനാണ്. പ്രീ പോഡക്ഷന്‍ മുതല്‍ റിലീസ് വരെ പ്രോമോഷനോ പ്രവ്യൂവോ ഡബ്ബിംഗോ എന്നു നോക്കാതെ പൂര്‍ണമായി കൂടെ ഉണ്ടാകും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും നമ്മള്‍ മാനിക്കണം. പറയുന്നതിന്റെ നല്ല വശങ്ങള്‍ എടുക്കുകയും മറ്റ് ചിലത് ഉള്‍ക്കൊള്ളനാവില്ലെങ്കില്‍ അദ്ദേഹത്തെ മനസിലാക്കികൊടുത്തുകൊണ്ട് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ആ സിനിമ തീര്‍ത്തത്. പറയപ്പെടുന്ന തരത്തിലുള്ള യാതൊരു ഇഗോയും അദ്ദേഹത്തിനില്ല. ഒരു നവാഗതന് സിനിമ ചെയ്യാന്‍ ഡേറ്റ് തരുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും മറച്ചുവയ്ക്കുന്നില്ല.
 
? സിനിമാ കമ്പനിക്ക് വേണ്ടിയുള്ള ഇഫര്‍ട്ട് വേണ്ടത്ര വിജയിച്ചില്ലല്ലോ
ഏതാണ്ട് ആറ് മാസത്തോളം ഓഡിഷന്‍ നടത്തി ഒന്‍പതോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമാ കമ്പനി വന്നത്. പക്ഷേ, സിനിമയുടെ ഒരു ഓഫ് സീസണ്‍ എന്നു തന്നെ പറയാവുന്ന റംസാന്‍ സമയത്തായിരുന്നു റിലീസ്. തീയറ്ററിന്റെ ലഭ്യതയും പ്രോഡ്യൂസറിന്റെ മറ്റ് കമ്മിറ്റ്‌മെന്റ് കാരണം ആ സമയത്ത് റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതനായി. പരസ്യം കുറഞ്ഞതും സിനിമയെ പ്രതികൂലമായി ബാധിച്ചു. പക്ഷേ വലിയ നഷ്ടം ആ സിനിമ വരുത്തിയില്ല, ഒരു ഹിറ്റായില്ലെന്ന് മാത്രം. എന്റെ പ്രിയപ്പെട്ട സിനിമ ഇപ്പോഴും സിനിമാ കമ്പനി തന്നെയാണ്. 
 

നിര്‍മാതാക്കള്‍ – സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം
 
? മലയാളത്തിന്റെ സംവിധായകരായ സിബി മലയില്‍, കമല്‍, സിദ്ദീഖ് തുടങ്ങിയവരെ കൊണ്ട് അഭിനയിപ്പിച്ചപ്പോള്‍ എന്താണ് തോന്നിയത്. 
ശരിക്കും അതൊരു വലിയ അനുഭവമായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരായ ഇവര്‍ അഭിനയിച്ച സീനുകള്‍ക്ക് ആക്ഷന്‍ പറഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. 
 
? ഭാവി പരിപാടികള്‍ എന്തൊക്കെയാണ്. 
നല്ല സിനിമകള്‍… സിനിമയ്ക്ക് വ്യക്തമായ പ്‌ളാന്‍ വേണം. നല്ല സിനിയാണെങ്കില്‍ ജനം വരുന്ന വഴി അറിയില്ല. അവര്‍ അത് ഏറ്റെടുത്ത് വിജയിപ്പിക്കും. അത്തരത്തിലുള്ള സിനിമ ചെയ്യുകയാണ് ഓരോ സംവിധായകന്റെ വെല്ലുവിളിയും ആഗ്രഹവും. എന്റേതും വ്യത്യസ്തമല്ല. ആ വെല്ലുവിളി മനസില്‍ വച്ചുകൊണ്ടു തന്നെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്. അടുത്ത സിനിമ ബയോഡാറ്റ ആണ്. അതിന്റെ വര്‍ക്കിലാണിപ്പോള്‍. 
 
ഇന്ന് കേരളത്തിലെ തീയറ്ററുകളില്‍ മത്തായിയും കൂട്ടരും ചിരിപ്പൊട്ടിക്കാനെത്തുന്‌പോള്‍, ആദ്യ ഷോയ്ക്ക് മാമാസും കൂട്ടരും മറ്റ് ഏതൊരു മലയാളിയെ പോലെയും തീയറ്ററിലുണ്ടാകും. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍