UPDATES

ഇന്ത്യ

ധനികര്‍ക്ക് വേണ്ടി ധനികര്‍ ഭരിക്കുമ്പോള്‍

ടീം അഴിമുഖം

ലോകത്ത് ഇന്ന് വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന വരുമാന വിടവിനെ കേന്ദ്രീകരിച്ച് നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത് ലോക സമ്പത്തിന്റെ പകുതി കയ്യാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ആളുകളാണെന്നാണ്. 

ഓക്സ്ഫാം പുറത്തിറക്കിയ പഠനത്തിലെ കണക്ക് സൂചിപ്പിക്കുന്നത് ഒരു ശതമാനം വരുന്ന ജനവിഭാഗത്തിന്‍റെ ആസ്തി ഏകദേശം 110 ട്രില്ല്യന്‍ ഡോളര്‍ അതായത് 660000000 കോടി രൂപയാണെന്നാണ്! ഇത് ലോക ജനസംഖ്യയുടെ താഴെ പകുതിയുടെ വരുമാനത്തിന്റെ 65 മടങ്ങ് വരും.

വളരെ അസാധാരണമായ വിധത്തില്‍ സമ്പത് വളരെ കുറച്ച് ആളുകളുടെ കയ്യില്‍ കേന്ദ്രീകരിക്കുന്ന ഈ പ്രവണതയെ കുറിച്ച് നേരത്തെ തന്നെ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരും മറ്റു സാമൂഹ്യ നിരീക്ഷകരും താക്കീത് ചെയ്തിട്ടുണ്ട്. അത്തരം കേന്ദ്രീകരണത്തിന് വിനാശകാരിയായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

 

വളരെ കുറച്ചാളുകളുടെ കയ്യില്‍ സമ്പത് കുമിഞ്ഞുകൂടുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തിന് വലിയ ഭീഷണിയായിരിക്കും. മുന്‍പോട്ടേക്കു കുതിക്കുന്നതിന് പകരം സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരങ്ങളിലൂടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ കൂടുതല്‍ വിഭജിക്കപ്പെട്ടുകൊണ്ടേയിരിക്കും. 

കഴിവുള്ളവര്‍ക്ക് അര്‍ഹമായത് കിട്ടണം എന്നു കരുതുന്ന, വളര്‍ച്ചയെ മുന്‍പോട്ടു നയിക്കാന്‍ അല്പം സാമ്പത്തിക അസമത്വങ്ങള്‍ ആകാം എന്നു വിശ്വസിക്കുന്ന ഉദാര സാമ്പത്തിക വിദഗ്ധര്‍ പോലും ഈ രീതിയിലുള്ള സാമ്പത്തിക അസമത്വത്തെ ആശങ്കയോടെയാണ് കാണുന്നത്. “സാമ്പത്തിക കേന്ദ്രീകരണത്തിന്‍റെ രണ്ടറ്റങ്ങള്‍ തങ്ങളുടെ കഴിവിന്റെയും അധ്വാനത്തിന്റെയും ഗുണങ്ങള്‍ പറ്റുന്നതില്‍ നിന്നു കോടിക്കണക്കിനുവരുന്ന ജനതയെ ഒഴിവാക്കുന്നുണ്ട്” എന്നാണ് പഠനം പറയുന്നത്.

ഇത്തരമൊരു സംവിധാനം ഭീമമായ തോതില്‍ നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും തകിടം മറിക്കും. ഇന്ത്യയിലെ അനുഭവം തന്നെ നോക്കുക. ഇവിടത്തെ ഏറ്റവും ധനികരായ ആളുകളെ ഉള്‍ക്കൊള്ളുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച നിയമങ്ങള്‍ വേണ്ട രീതിയില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, മുകേഷ് അംബാനിയുടെ മകനോട് സാദൃശ്യമുള്ള, ഒരാളുടെ കാര്‍ മറ്റൊരു കാറിനെ ഇടിച്ചിട്ടാല്‍ അവിടെ വേണ്ടത്ര പരിശോധന നടക്കാറില്ല. ഇതിനെതിരെ ശബ്ദിക്കുകയോ ശരിയായ രീതിയിലുള്ള മാധ്യമ പരിശോധന നടക്കുകയോ ചെയ്യാറില്ല.

 

ഇത്തരം അപചയങ്ങള്‍ കൂടുതല്‍ സാമൂഹ്യ പ്രശ്നങ്ങളിലേക്കും സാമൂഹ്യ ശൈഥില്യത്തിലേക്കും നയിക്കും.

 

ലോക ജനസംഖ്യയുടെ താഴെ പകുതിയുടെ ആസ്തിക്കു തുല്യമാണ് ലോകത്തിലെ ഏറ്റവും ധനികരായ 85 ആളുകള്‍ കയ്യാളുന്ന സമ്പത്. അതായത് വെറും 85 പേര്‍ 300 കോടി ജനങ്ങള്‍ക്ക് തുല്യം എന്ന് സാരം.

1980-2012 കാലത്തെ കണക്കനുസരിച്ച് വിവരങ്ങള്‍ ലഭ്യമായ 26 രാജ്യങ്ങളില്‍ 24ലുമുള്ള അതീവ ധനികരായ ഒരു ശതമാനം പേര്‍ തങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള കാലത്ത് ധനികരായ ഒരു ശതമാനം പേര്‍ 95 ശതമാനം വളര്‍ച്ചയും സ്വന്തമാക്കിയപ്പോള്‍ അടിത്തട്ടിലുള്ള 90 ശതമാനം പേരും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇത് തുറന്ന വിപണിയുടെ പ്രത്യക്ഷ പരാജയത്തെത്തന്നെയാണ് കാണിക്കുന്നത്. അതോടൊപ്പം സമ്പത്തിന്റെ വിതരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഗവണ്‍മെന്‍റ് തലത്തില്‍ സ്വീകരിക്കപ്പെടണം എന്ന വാദത്തിന് ശക്തി പകരുന്നുമുണ്ട്.

നിയമങ്ങളും നിയന്ത്രണങ്ങളും പണക്കാര്‍ക്ക് മാത്രം വേണ്ടിയുള്ളതാണെന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ പോന്ന ഒന്നാണ് ഓക്സ്ഫാം പഠനത്തിന്റെ കണ്ടെത്തലുകള്‍. ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളില്‍ നടത്തിയ സര്‍വെ സൂചിപ്പിക്കുന്നത് ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നത് നിയമം ധനികര്‍ക്ക് വേണ്ടി വളച്ചൊടിക്കപ്പെടുന്നുണ്ട് എന്നു തന്നെയാണ്. 

“സാമ്പത്തിക നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍,  സൌകര്യത്തിനനുസരിച്ച് എളുപ്പത്തില്‍ വളയ്ക്കാവുന്ന നികുതി സംവിധാനം, നികുതി ഒഴിവാക്കിക്കൊടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍, സ്ത്രീകളെ പ്രത്യക്ഷത്തില്‍ തന്നെ മോശമായി ബാധിക്കുന്ന സാമ്പത്തിക നിയന്ത്രണ നടപടികളും നയങ്ങളും, എണ്ണയില്‍ നിന്നും മറ്റ് ധാതു സാമ്പത്തുകളില്‍ നിന്നുമുള്ള വരുമാനത്തിന്‍റെ ഉടമസ്ഥത എന്നിങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തു പറയാന്‍.”പഠനം പറയുന്നു.

 

“ഈ അപകടകരമായ പ്രവണത വേണമെങ്കില്‍ തിരിച്ചും സംഭവിക്കാം. ചരിത്രത്തില്‍ നോക്കിയാലും വര്‍ത്തമാന കാല അനുഭവത്തിലും അതിനുള്ള ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും എന്നുള്ളതാണ് ശുഭകരമായ വാര്‍ത്ത. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നു സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടു വന്ന് അമേരിക്കയും യൂറോപ്പും വളര്‍ച്ചയിലേക്ക് കുതിക്കുകയുണ്ടായി. കഴിഞ്ഞ ദശക കാലം പുരോഗമപരമായ നികുതി സംവിധാനം, പൊതു സേവനങ്ങള്‍, സാമൂഹ്യ സുരക്ഷ, മാന്യമായ തൊഴില്‍ എന്നിവയിലൂടെ അസമത്വത്തെ ലഘൂകരിക്കാന്‍ ലാറ്റിന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു ചെറു ന്യൂനപക്ഷത്തിന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്ന രാഷ്ട്രീയത്തിന് പകരം ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന  രാഷ്ട്രീയം കേന്ദ്ര സ്ഥാനത്ത് വന്നതാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാനം. ഇത് ഒരേ സമയം പണക്കാരനെയും പാവപ്പെട്ടവനെയും സഹായിക്കുന്ന വളര്‍ച്ചയാണ്.” റിപ്പോര്‍ട് തുടരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍