UPDATES

വാദമുഖം: ടി.പി ചന്ദ്രശേഖരനെ കൊന്നതാര്?

ഏതൊരു വിഷയത്തിലും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. വസ്തുത ഇതിനിടയില്‍ എവിടേയും ആകാം. വിവിധ വിഷയങ്ങളിലെ ഇത്തരം അഭിപ്രായങ്ങള്‍ 'വാദമുഖ'ത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഈ കോളത്തില്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍ അഴിമുഖത്തിനെ എഡിറ്റോറിയല്‍ നയവുമായി ബന്ധപ്പെട്ടതല്ല.
 
 
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പുറത്തു വന്നു. തങ്ങള്‍ക്ക് പങ്കില്ലെന്ന വാദം കോടതിയും അംഗീകരിച്ചെന്ന് സി.പി.എമ്മും പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി എന്നു എതിര്‍പക്ഷവും അവകാശപ്പെടുന്നുണ്ട്. മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.കെ രമ അനിശ്ചിതകാല സമരം തുടങ്ങാന്‍ പോവുകയുമാണ്. ഈ സാഹചര്യത്തില്‍ ടി.പി വധക്കേസിലെ കോടതി വി.ധി അടിസ്ഥാനമാക്കിയുള്ള വാദ, പ്രതിവാദങ്ങള്‍ അവതരിപ്പിക്കുന്നു. 
 
വാദം
ഒരു സുപ്രഭാതത്തില്‍ വെളിപാട് തോന്നി വാടക ഗുണ്ടകളായ കൊടിസുനി, കിര്‍മാണി മനോജ് തുടങ്ങിയവര്‍ പോയി ടി.പി.ചന്ദ്രശേഖരനെ വെട്ടികൊല്ലുകയായിരുന്നു എന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. സി.പി.എമ്മിന്റെ കൃത്യമായ ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നു. പലവട്ടം പാളിപ്പോയതിന് ശേഷമാണ് ഈ ക്രൂരകൃത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞതും. കൊലയാളികളില്‍ ഒരാള്‍ക്ക് ചെറിയ മുറിവേറ്റപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത് സി.പി.എം.നേതാവ് ആണെന്നത് തന്നെ പാര്‍ട്ടിയുടെ പങ്കിലേയ്ക്കുള്ള ആദ്യ കൈചൂണ്ടിയാണ്.
 
സത്യം വിളിച്ച് പറയുമെന്ന ഘട്ടത്തില്‍ പോലീസ് സ്‌റ്റേഷനില്‍ സമരം നടത്തി എം.വി.ജയരാജന്‍ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയെ ഇറക്കികൊണ്ട് പോയതും കേരളം കണ്ടതാണ്. ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍ ഇവര്‍ മുസ്ലീംലീഗുകാരൊന്നും അല്ലല്ലോ. പാര്‍ട്ടിയുടെ തീരുമാനവും നിര്‍ദേശവും അക്ഷരംപ്രതി നടപ്പിലാക്കുന്ന കേഡര്‍ നേതാവാണ് കുഞ്ഞനന്തന്‍. ഇയാളെ ഒളിപ്പിക്കാന്‍ സി.പി.എം.ശ്രമിച്ചതും ഒടുവില്‍ പര്‍ദ്ദവേഷത്തില്‍ പിടികൂടിയതും മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞിരിക്കെ എന്തിനാണ് ഈ ഒളിച്ചുകളി?
 
അന്വേഷണ സംഘം മികച്ച രീതിയില്‍ കേസന്വേഷണം നടത്തിയെന്നത് തലകുലുക്കി സമ്മതിക്കുമ്പോള്‍ തന്നെ സംഭവത്തിന് പിന്നിലെ വന്‍ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത് കൂടി ഓര്‍ക്കണം.
 
പി.മോഹനനെ വെറുതേ വിട്ടത് കൊണ്ട് മാത്രം സി.പി.എമ്മിന് ഈ കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. മോഹനനെ ഒഴിവാക്കാന്‍ ഉന്നത ഗൂഢാലോചന ഉണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ടി.പി.ചന്ദ്രശേഖരന്‍ മൂലം ഒഞ്ചിയം ഭാഗത്തെ തോല്‍വിയില്‍ വിറളി പിടിച്ച സി.പി.എം. അദ്ദേഹത്തെ വകവരുത്തുകയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തിയാല്‍ മാത്രമേ സി.പി.എമ്മിന്റെ പങ്ക് പുറത്തു വരൂ. 
 
 
പ്രതിവാദം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചന ഉണ്ടെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കേസിലെ വിധി. സംശയം ഇനിയും ഉന്നയിക്കുന്നവരുണ്ടാകാം. അവരോട് ചില സംശങ്ങള്‍ തിരിച്ചു ചോദിക്കുന്നു. 
 
ഒന്ന്
തുടക്കത്തില്‍ 76 പേരെ പ്രതിയാക്കിയ കേസില്‍ പല ഘട്ടങ്ങളിലായി പ്രമുഖ നേതാക്കളെയെല്ലാം കോടതി ഒഴിവാക്കി. അവസാനം വന്ന മുപ്പത്തിയാറ് പ്രതികളില്‍ പാര്ട്ടിയുമായി ബന്ധമുളള നേതാക്കളില്‍ ഏറ്റവും പ്രധാന നേതാവ് സി.പി. എം കോഴിക്കോട്  ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ആയിരുന്നു. സംസ്ഥാന നേതൃത്വവുമായി കേസിനെ ബന്ധപ്പെടുത്താനുളള പ്രധാന കണ്ണിയും കെ. കെ. ലതിക എം. എല്‍.എയുടെ ഭര്‍ത്താവു കൂടിയായ മോഹനന്‍ ആയിരുന്നു. മോഹനന് എതിരായ കുറ്റം തെളിയിക്കാന് പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതേ തുടര്ന്ന് അദ്ദേത്തെ കോടതി വെറുതേ വിട്ടു. കേസന്വേഷണം നടന്നത് യു.ഡി. എഫ് ഭരണത്തില്‍. വകുപ്പ് മന്ത്രി കോണ്‍ഗ്രസ് നേതാവ്. കേസന്വേഷണത്തിന് നിയോഗിച്ചത് സംസ്ഥാന പൊലീസിലെ ഏറ്റവും പ്രമുഖരായ ഉദ്യോഗസ്ഥരെ. കോടതിയില് ഹാജരാക്കിയതും പ്രഗല്ഭ അഭിഭാഷകരെ തന്നെ. എന്നിട്ടും തെളിയിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അതിനര്‍ഥം ശരിയായ തെളിവുകളോ, കോടതിയെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ കളള തെളിവുകളോ പോലും കണ്ടെത്താന് കഴിഞ്ഞില്ല എന്നതാണ്.  സി.പി. എം സംസ്ഥാന നേതാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയും തറപ്പിച്ച്, ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട് പലവട്ടം. 
 
രണ്ട്
കേസില്‍ ഗൂഡാലോചനാ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ പാര്‍ട്ടി നേതാവല്ലേയെന്ന ചോദ്യം ഉയരാം. കുഞ്ഞനന്തന്‍ ഒരു പ്രാദേശിക നേതാവാണ്. മറ്റു രണ്ടു പേരുകാരും ഇതിലും താഴെയുളള കമ്മറ്റികളിലെ അംഗങ്ങള്‍ മാത്രമാണ്. പാര്‍ട്ടി അംഗങ്ങളും പ്രാദേശിക നേതാക്കളും പ്രതികളായ കൊലപാതക കേസുകളും മറ്റു പല തരത്തിലുളള കേസുകളും മുമ്പും വന്നിട്ടുണ്ട്. കൊലപാതകം നടത്തിയത് പ്രാദേശിക ഗുണ്ടകളാണ്. സ്വാഭാവികമായും ഇവരില്‍ പലര്‍ക്കും വിവിധ പാര്‍ട്ടികളുമായും പാര്‍ട്ടി പ്രാദേശിക നേതാക്കളുമായും ബന്ധം കാണും. ഒരു ഗുണ്ടയുമായും ബന്ധമില്ലാത്ത അത്ര ധാര്‍മികക ശുദ്ധിയുളളവരാണ് പാര്‍ട്ടിയുടെ താഴേ തട്ടില്‍ പ്രവര്ത്തിക്കുന്ന നേതാക്കളെന്ന് സി.പി. എം എവിടെയും അവകാശവാദം ഉന്നയിച്ചും കണ്ടിട്ടില്ല.
 
മൂന്ന്
സാക്ഷികളെ സി.പി. എം ഭീഷണിപെടുത്തി കൂറുമാറ്റിയതാണ് തിരിച്ചടിയായതെന്ന് പറയുന്നവരുമുണ്ട്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പൊലീസിന് ഇത്രയും സുപ്രധാനമായ ഒരു കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു പറയുന്നതില്‍ എന്താണ് യുക്തി. മൊഴിമാറ്റിയ ഒരു സാക്ഷിയും തങ്ങളെ ആരെങ്കിലും ഭീഷണി പെടുത്തിയതായി പിന്നീടും തുറന്നു പറഞ്ഞിട്ടില്ല. കൊലപാതകം നടന്ന അന്നു മുതല്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധം മാദ്ധ്യമ ജാഗ്രതയും ഈ കേസില്‍ ഉണ്ടായിരുന്നു. 
 
നാല്
പി. മോഹനനെ വെറുതെ വിട്ട വിധിക്ക് എതിരെ മേല്‍ക്കോടയില്‍ അപ്പീല്‍ പോകുമെന്നും പറയുന്നു. പോയ്‌കോട്ടെ. കുഞ്ഞനന്തനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്ക് എതിരെ പ്രതിഭാഗവും പോകും. ഇന്ത്യന്‍ കോടതികളുടെ ചരിത്രം പരിശോധിച്ചാല്‍ കീഴ് കോടതി വെറുതെ വിട്ടവരെ മേല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത് അപൂര്‍വമാണ്. എന്നാല്‍ കീഴ്‌കോടതി ശിക്ഷിച്ചവരെ മേല്‍കോടതി വെറുതെ വിടുന്നതും ശിക്ഷ ഇളവ് ചെയ്യുന്നതും സാധാരണമാണ്. പ്രമാദമായ ഏതു കേസു പരിശോധിച്ചാലും ഇതു വ്യക്തമാകും.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍