UPDATES

കേരളം

കോണ്‍ഗ്രസുകാരേ, ഇങ്ങനെ കൊതിപ്പിക്കരുത്, പ്ലീസ്

ഗോവിന്ദരാജ്
 
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ അങ്ങ് ഡല്‍ഹിയിലും ഇവിടെ കേരളത്തിലും മുട്ടിനു മുട്ടിന് നടന്നിരുന്നു. നേതാക്കള്‍ പലവട്ടം ഡല്‍ഹി യാത്ര നടത്തി തിരിച്ചെത്തി. ഗ്രൂപ്പുകള്‍ ഓരോന്നും തങ്ങളുടെ അവകാശവാദങ്ങള്‍ നിരത്തി. ഫലമൊന്നുമുണ്ടായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനം ഏതു നിമിഷവും പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ഓരോ ദിവസവും വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇതല്ല പ്രശ്‌നം. ആം ആദ്മി പാര്‍ട്ടിയാണ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ പഥ്യം. പ്രകാശ് കാരാട്ടാണെങ്കിലും രാഹുല്‍ ഗാന്ധിയാണെങ്കിലും എല്ലാവരും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നവരാണ്. ആം ആദ്മിയുടെ ഡല്‍ഹി വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല മുതല്‍ ഷാഫിപറമ്പില്‍ വരെ ചാനല്‍തോറും വിളിച്ച് പറയുന്നുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആം ആദ്മിയില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ലെന്നതാണ് വാസ്തവം.
 
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് ആ പാര്‍ട്ടിയുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ ഒന്നാമന്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ കെ.സുധാകരന്‍ എം.പി വരെയുള്ളവര്‍ക്ക് ഒറ്റഭിപ്രായം ആണു താനും. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ ആരാണെന്ന് രമേശ് ചെന്നിത്തലക്ക് പോലും ചാനലുകളുടെ ഫ്‌ളാഷ് വാര്‍ത്തയാണ് ആശ്രയം. കാരണം തീരുമാനം സോണിയാഗാന്ധിയുടെ കൈകളിലാണ്. 
 
വി.എം സുധീരന്‍, ജി കാര്‍ത്തികേയന്‍, വി.ഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പി.സി.വിഷ്ണുനാഥില്‍ വരെ സാധ്യതാപട്ടിക നീളുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് പോലും പുതിയ കെ.പി.സി.സി.അധ്യക്ഷന്‍ ആരാണ്, ആരാകും എന്നറിയില്ലെന്നാണ് കോണ്‍ഗ്രസ് ബീറ്റ് കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന തമാശ.
 
സോണിയാഗാന്ധി, രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രതിരോധ വകുപ്പ് മന്ത്രി എ. കെ ആന്റണി എന്നീ മൂന്നോ നാലോ പേരാണ് ലക്ഷകണക്കിന് വരുന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അധ്യക്ഷനെ തീരുമാനിച്ചയയ്ക്കുന്നത്. കേരളത്തിലേത് മാത്രമല്ല മറ്റേത് സംസ്ഥാനത്തെ ഗതിയും ഇങ്ങനെതന്നെ.
 
രാജസ്ഥാനില്‍ അജ്മീര്‍ മുതല്‍ അജ്മീര്‍ വരെ ജനപിന്തുണയുള്ള നേതാവാണ് സച്ചിന്‍ പൈലറ്റ്. കേന്ദ്രമന്ത്രിയായതും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചതും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് വഴി കടന്ന് വന്നിട്ടല്ല. പകരം രാജേഷ് പൈലറ്റിന്റെ മകനായത് കൊണ്ട് മാത്രമാണ്. ഇപ്പോള്‍ രാജസ്ഥാന്‍ പി.സി.സി.അധ്യക്ഷ പദവി തേടിയെത്തിയതും അച്ഛന്റെ മകന്‍ ആയതുകൊണ്ടായിരുന്നു. ചുമതലയേറ്റയുടനെ കൊച്ചു പൈലറ്റ് ആക്രമിക്കാന്‍ തെരഞ്ഞെടുത്തത് പാര്‍ട്ടിയെ ഇത്തവണ രാജസ്ഥാനില്‍ നിലംപരിശാക്കിയ ബി.ജെ.പിയേയോ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയേയോ അല്ല. മറിച്ച് ആം ആദ്മി പാര്‍ട്ടിയെയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു എന്നതായിരിക്കുമോ ഇതിനു പിന്നില്‍? അതോ ആം ആദ്മി പാര്‍ട്ടി നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മോഹങ്ങളോ? മധ്യപ്രദേശില്‍ അരുണ്‍യാദവ് പി.സി.സി.അധ്യക്ഷനായതിന്റെ പിന്നിലും അന്തരിച്ച സുഭാഷ്‌യാദവിന്റെ പുത്രന്‍ എന്ന പദവി കാരണമായി.
 
 
കേരളത്തിലെ ആം ആദ്മി നേതൃത്വം അഡ്‌ഹോക്ക് കമ്മിറ്റിയാണ്. ‘അഴിമതിക്കെതിരേ ഇന്ത്യ’ പ്രസ്ഥാനം രൂപീകരിച്ചത് മുതല്‍ ദേശീയ നേതൃത്വവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോഴുള്ളത്. അംഗത്വഫീസ് അടച്ച് സാധാരണ അംഗമായി പ്രവര്‍ത്തിച്ച് കുറഞ്ഞത് നാല് മാസം കഴിയുമ്പോള്‍ മാത്രമേ വോട്ടവകാശം ഉള്ള അംഗമാകാന്‍ കഴിയൂ. കീഴ്ഘടകത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മേല്‍ഘടകമായ സംസ്ഥാന നേതൃതത്തെ പുന:സംഘടിപ്പിക്കുന്നത്. 
 
ഹൈക്കമാന്റ് സംസ്‌ക്കാരം ഒഴിവാക്കി കുറേക്കൂടി ജനാധിപത്യം പാലിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എങ്കിലും പ്രധാന തീരുമാനങ്ങള്‍ക്ക് അങ്ങ് പോളിറ്റ് ബ്യൂറോയിലെ ‘ജനപിന്തുണ’യുള്ള നേതാക്കളെ ആശ്രയിക്കണം. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ത്തല്ലി തീര്‍ക്കാതിരിക്കാനായിരിക്കാം ഇത്തരമൊരു സംവിധാനം എന്നു വേണമെങ്കില്‍ നമുക്ക് ആശ്വസിക്കാം. അതോടൊപ്പം, ഏറെ സുതാര്യത പുലര്‍ത്തുന്നുവെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന നയപൈസക്കും കൃത്യമായ കണക്ക് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം സി.പി.എമ്മിനും ഉണ്ടാകില്ല.
 
പാരച്യൂട്ട് ലാന്റിംഗ് ആംആദ്മിയില്‍ നടക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുപ്പ് കാരനായാലോ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായാലോ അതുമല്ലെങ്കില്‍ ഏതെങ്കിലും സമുദായ സംഘടനയുടെ പിന്‍ബലത്തില്‍ നേതാവാകാനും പറ്റില്ല. ഈയിടെ കേരളത്തില്‍ നിന്നുള്ള ഒരു ‘നേതാവ്’ ഒരാഴ്ചക്കാലം ഡല്‍ഹിയില്‍ തമ്പടിച്ച് ദേശീയ നേതൃത്വത്തെ കാണാന്‍ ശ്രമിച്ചിരുന്നു. നിലവിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്ക് മുകളിലൂടെ ഭാരവാഹിത്വം ആയിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. മറ്റനേകം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതിനാല്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കണ്ടതായി പോലും നടിച്ചില്ല. സാധാരണ അംഗം, സജീവ അംഗം എന്നിങ്ങനെ ആം ആദ്മിയില്‍ രണ്ട് തരത്തില്‍ അംഗങ്ങളുണ്ട്. അംഗത്വഫീസ് അടച്ച് പാര്‍ട്ടിയില്‍ ചേരുന്നവരാണ് ആദ്യവിഭാഗത്തില്‍പ്പെടുന്ന സാധാരണഅംഗങ്ങള്‍. ഇവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ വോട്ടവകാശം ഉണ്ടാകില്ല. കുറഞ്ഞത് നാല്മാസമെങ്കിലും അച്ചടക്കത്തോടെ പ്രവര്‍ത്തിച്ച്കഴിയുമ്പോള്‍ വോട്ടവകാശമുള്ള സജീവ അംഗമാകും. 
 
ആംആദ്മിയില്‍ ഒരു തീരുമാനവും മുകളില്‍ നിന്ന് കെട്ടിയിറക്കുകയല്ലെന്നാണ് നേതൃത്വം വിശദമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഭാരവാഹികള്‍ പോലും നേരത്തേ കണ്ടിട്ടു പോലും ഉണ്ടായിരുന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെപോലുള്ളവര്‍ പോലും ഇതില്‍ അസ്വസ്ഥത മറച്ച് വച്ചിരുന്നില്ല.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കേ ഞങ്ങള്‍ മാറും, മാറും എന്ന് പറഞ്ഞ് ജനങ്ങളെ കൊതിപ്പിക്കരുത്, പ്‌ളീസ്…
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍