UPDATES

ഇന്ത്യ

മരിച്ചവര്‍ക്കും കൂലി

 

ആന്‍ഡ്റ്യൂ മകാസ്ക്കില്‍, ഉണ്ണികൃഷ്ണന്‍, തുഷാര്‍ ധര

 

ന്യൂഡല്‍ഹി- 2006 – ഗംഗാ നദീതടത്തിത്തില്‍ ആളിക്കത്തിയ ഒരു ചിതയില്‍ ബംഗാളി സിംഗ് എന്ന ഇന്ത്യന്‍ കര്‍ഷകന്‍റെ മൃതദേഹം ഒരുപിടി ചാരമായി മാറി.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഝാര്‍ഖണ്ഡില്‍, ജലസേചനത്തിനുള്ള ഒരു കനാല്‍ കുഴിക്കുന്നതിന് കൂലി കൈപ്പറ്റിയവരില്‍ ബംഗാളി സിംഗ് എന്ന ഒരാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തു വന്നു. ഇന്ത്യയിലെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ ചെലവിടുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കിയതായിരുന്നു ഈ കനാല്‍ കുഴിക്കല്‍. പോലീസ് റിപ്പോര്‍ട്ട് പ്രകാരം സിങ്ങിന്‍റെ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള കുറഞ്ഞത് 500-ഓളം പേരുകളാണ് വ്യാജ തൊഴില്‍ രേഖകളുണ്ടാക്കാനും, കൂലി വെട്ടിക്കാനും ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചത്. ശാരീരിക ശേഷിക്കുറവുള്ള 8 വയസ്സായ ഒരു കുട്ടി, അന്ധനായ 94 വയസ്സുകാരന്‍ എന്നിവരടക്കമുള്ളവര്‍ ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ആത്മാഭിമാനത്തോടെ ജീവിച്ച ഒരു മനുഷ്യനെ അപമാനിക്കലാണിത്,”കൊല്‍ക്കത്തയില്‍ നിന്നും  വടക്കുപടിഞ്ഞാറോട്ട് ഏതാണ്ട് 6 മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്താവുന്ന ബിഷണ്‍പൂര്‍ ഗ്രാമത്തില്‍, ഒരുപക്ഷേ അയാളുടെ അച്ഛന്‍ കുഴിച്ചിരിക്കാവുന്ന, വരണ്ടുകിടക്കുന്ന ഒരു തോടിന് അരികത്തിരുന്നുകൊണ്ട് രാജേന്ദര്‍ സിംഗ് പറഞ്ഞു.”അദ്ദേഹത്തോട് അന്യായമാണ് ചെയ്തത്.”

 

ലോകത്തെ ഏറ്റവും ബൃഹത്തായ തൊഴില്‍ പദ്ധതിയില്‍ നിന്നും ഏതാണ്ട് അരലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്താന്‍ പ്രേത തൊഴിലാളികളും, വ്യാജ പദ്ധതികളും, ചെലവ് പെരുപ്പിച്ചു കാണിക്കലും അടക്കം നിരവധി അടവുകളാണ് ജില്ലാ ഭരണാധികാരികളും, ഗ്രാമ മുഖ്യന്മാരും പയറ്റിയതെന്ന് ബ്ലൂംബര്‍ഗ് ടി വി  നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. 7 വര്‍ഷക്കാലമായുള്ള പദ്ധതിയിലെ തട്ടിപ്പ് ഇന്ത്യയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികള്‍ നേരിടുന്ന വെല്ലുവിളികളാണ് കാണിക്കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷ്യ സഹായത്തിലും, കുമിഞ്ഞുകൂടിയ  പൊതു ധാന്യശേഖരത്തിന്‍റെ വിതരണത്തിലും, ദുരിതത്തിലാണ്ട കര്‍ഷകര്‍ക്കുള്ള കടാശ്വാസ പദ്ധതിയിലും എല്ലാം നടമാടുന്ന അഴിമതി.

 

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പും വെട്ടിപ്പും നിയന്ത്രിക്കാനാകാത്ത ഒരു പ്രശ്നമായിരിക്കുന്നു എന്നാണ് ഡല്‍ഹി ആസ്ഥാനമായ സാമ്പത്തിക ഗവേഷണ സ്ഥാപനം, ആര്‍‌പി‌ജി ഫൌണ്ടേഷന്‍  അധ്യക്ഷന്‍ ഡി.എച്ച്.പൈ പനന്ദികേര്‍ പറയുന്നത്. “ചെലവിടുന്ന തുകയുടെ ഭൂരിഭാഗവും പാഴാവുകയാണ്”, ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. “വന്‍ തോതിലുള്ള  അഴിമതിയാണ് നടക്കുന്നത്. പദ്ധതി പ്രകാരം ഉണ്ടാക്കിയെടുക്കുന്ന ആസ്തികളാകട്ടെ മൂല്യരഹിതവും, നീണ്ടുനില്‍ക്കാത്തതുമാണ്. സര്‍ക്കാര്‍ ഇങ്ങനെ പണം ധൂര്‍ത്തടിക്കാന്‍ പാടില്ല.”

 

 

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍റെ  സുപ്രധാന ക്ഷേമ പദ്ധതിയിലെ കൊള്ള പുറത്തുകൊണ്ടുവരാന്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നു സംസ്ഥാനങ്ങളിലായി ബ്ലൂംബര്‍ഗ് ടി വി നൂറുകണക്കിന് പുറങ്ങള്‍ വരുന്ന പോലീസ് രേഖകള്‍ ശേഖരിക്കുകയും നിരവധിപേരെ കണ്ടു സംസാരിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ ബജറ്റ് കമ്മി കുറയ്കാനും നഷ്ടം കുറയ്കാനുമൊക്കെ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്. അതേ സമയം, 2014 മെയില്‍ നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കുകയാണ്. 2006ല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കിയപ്പോള്‍ സിംഗ് പറഞ്ഞത്  “എല്ലാ പ്രതീക്ഷയും  നഷ്ടപ്പെട്ടവര്‍ക്ക് ഇത്  പ്രതീക്ഷ നല്‍കും”എന്നായിരുന്നു. ഝാര്‍ഖണ്ഡില്‍ ഒരു ജില്ലയില്‍ മാത്രം 100-ഓളം പദ്ധതികളിലായി 2000-ത്തിലേറെ അഴിമതി കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. ഒരു ഭൂവുടമ ഒറ്റക്ക് ഒരു കിണറിനുള്ള പണം ഉപയോഗിച്ചത് മുതല്‍ ഒരിക്കലും കുഴിക്കാത്ത ഒരു ജലസേചന കനാലിനുള്ള പണം നല്‍കിയത് വരെയുള്ള അഴിമതി ഇടപാടുകള്‍ അതിലുണ്ട്. ബിഷന്‍പൂരിലെ കനാലിലൂടെ വെള്ളമൊഴുകിപ്പരക്കേണ്ടിയിരുന്ന പ്രദേശത്ത് കൊടുംചൂടില്‍ വീണ്ടുകീറിയ ഭൂമിയാണ് ഇന്ന് നമ്മെ കാത്തുകിടക്കുന്നത്.

 

ഝാര്‍ഖണ്ഡില്‍, പദ്ധതിക്ക് കീഴില്‍ ചെലവാക്കേണ്ട തുകയുടെ 60 ശതമാനവും വെട്ടിപ്പ് നടത്തി മോഷ്ടിച്ചെന്ന് സംസ്ഥാനത്തെ ഗോഡ ജില്ലയില്‍നിന്നുള്ള  ലോക് സഭാംഗം നിഷികാന്ത് ദുബേ പറയുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ ഇത് 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 500 കോടിയിലേറെ രൂപ വരും. “ഇതൊരു ദുരന്തമാണ്, ഇതാണ് എല്ലായിടത്തും സംഭവിക്കുന്നത്”,ന്യൂഡല്‍ഹിയിലെ തന്‍റെ കാര്യാലയത്തിലിരുന്നുകൊണ്ട് പ്രതിപക്ഷത്തുള്ള ഭാരതീയ ജനതാ പാര്‍ടിയിലെ അംഗമായ ദുബേ പറഞ്ഞു.”ഇത് പാവങ്ങള്‍ക്കുള്ള പണമാണ്, ദയവുചെയ്ത് മോഷ്ടിക്കരുതെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് പറയാറുണ്ട്. പക്ഷേ അവരതൊന്നും  കേള്‍ക്കുന്നേയില്ല”. അഴിമതിയുടെ പേരില്‍ 2009ല്‍ ഗോഡ ജില്ലയില്‍, 65 കോടിയിലേറെ രൂപ ചെലവ് വരുന്ന ഒരു ഗ്രാമീണ തൊഴില്‍ പദ്ധതി താന്‍ നയിക്കുന്ന അഴിമതി വിരുദ്ധ സമിതി റദ്ദാക്കിയ ദിവസം പുലര്‍ച്ചെ 3 മണിക്ക് തന്‍റെ വീട്ടിലെ ഫോണ്‍ അടിച്ചുകൊണ്ടിരുന്നത് ദുബേ ഓര്‍ക്കുന്നു. തീരുമാനം മാറ്റുകയാണെങ്കില്‍ മൂന്നരക്കോടി രൂപയാണ് കൈക്കൂലിയായി അങ്ങേതലക്കലെ ശബ്ദം വാഗ്ദാനം ചെയ്തതെന്ന് ദുബേ പറഞ്ഞു.

 

ചില മേഖലകളില്‍ പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അത് പുനക്രമീകരിക്കുകയാണെന്നും, തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള ഗ്രാമ വികസന മന്ത്രി ജയറാം രമേഷ് പറയുന്നു. ഇത്തരം അഴിമതിയെ ചെറുക്കുന്നതില്‍, – യഥാര്‍ത്ഥ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നു എന്നുറപ്പാക്കുന്നതിനും – 28 സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്  കാര്യക്ഷമമായി ഇടപെടാനാവുക. കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ പങ്ക്  പദ്ധതി തുക അനുവദിക്കുന്നതിലും, മേല്‍നോട്ടത്തിലും, കണക്ക് പരിശോധനയിലും മാത്രം ഒതുങ്ങി നില്‍ക്കുന്നു. “ഞാനൊരു പോലീസ് ഇന്‍സ്പെക്ടറല്ല,” ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ വെച്ചു രമേഷ് പറഞ്ഞു. “ആത്യന്തികമായി ഈ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് ഉത്തരം പറയേണ്ടതില്ല. അവര്‍ ഉത്തരം പറയേണ്ടത് സംസ്ഥാന സര്‍ക്കാരുകളോടാണ്. ഈ പദ്ധതിയില്‍ എത്രത്തോളം അഴിമതിയുണ്ടെന്ന് ഞാന്‍ നോക്കുന്നില്ല. മണം പിടിച്ച് അന്വേഷണം നടത്തുകയല്ല എന്റെ ജോലി”.

 

 

തട്ടിപ്പ് തടയുന്നതിനായി സര്‍ക്കാര്‍  2011 മുതല്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി.  കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ സാമ്പത്തിക കണക്ക് പരിശോധനകള്‍ കൂടുതല്‍ മെച്ചമാക്കുന്നതിനും അഴിമതി സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്  ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സാമൂഹ്യ കണക്കെടുപ്പ് സമിതികള്‍ രൂപവത്കരിച്ചതും എല്ലാം ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. ലോകബാങ്ക് കണക്കനുസരിച്ച് 824 ദശലക്ഷം മനുഷ്യര്‍ പ്രതിദിനം 2 ഡോളറില്‍ താഴെ മാത്രം വരുമാനംകൊണ്ടു ജീവിക്കുന്ന ഒരു രാജ്യത്ത് പട്ടിണിക്കെതിരായ ഒരു കരുതലായും, ഗ്രാമീണ ഉപജീവന മാര്‍ഗങ്ങളും, അടിസ്ഥാന സൌകര്യങ്ങളും  മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിട്ടത്.

 

ഒരു സാമ്പത്തികവര്‍ഷം ഒരു കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് 100 ദിവസത്തെ ജോലിയെങ്കിലും (അവിദഗ്ദ്ധ തൊഴിലുകള്‍ക്ക്) പദ്ധതി വാഗ്ദാനം ചെയ്യുന്നു. റോഡ് നിര്‍മാണം മുതല്‍  ജല വിനിയോഗം വരെ പണികളിലുള്‍പ്പെടുന്നു. ദിവസക്കൂലി 135 രൂപയില്‍ നിന്നും തുടങ്ങുന്നു. ഗ്രാമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയിലെ 168 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ 30 ശതമാനത്തിന്  2008 മുതല്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ തൊഴില്‍ ലഭിക്കുന്നുണ്ട് എന്നാണ്. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിനെ പോലെ  ചില സംസ്ഥാനങ്ങള്‍ പദ്ധതിയിലെ അഴിമതി തടയാന്‍ ചില നടപടികളെടുത്തിട്ടുണ്ട്. അവിടെ ഓരോ എട്ട് മാസം കൂടുമ്പോഴും ഒരു സംഘം കണക്കുപരിശോധകര്‍ പൊതുസഭകളില്‍ പരാതികള്‍ കേള്‍ക്കുകയും ആവശ്യമെങ്കില്‍ തുടര്‍നടപടികളെടുക്കുകയും  ചെയ്യുന്നു.

 

2009ല്‍ വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ്സ് പാര്‍ടിയെ സഹായിച്ച ക്ഷേമ പദ്ധതികളിലെ വര്‍ദ്ധിപ്പിച്ച വിഹിതത്തിന്‍റെ ഭാഗമാണ് തൊഴിലുറപ്പ് പദ്ധതിയും. ഈ ചെലവിടല്‍ പണപ്പെരുപ്പം കൂട്ടുകയും, ഇന്ത്യയുടെ അഞ്ചുലക്ഷം കോടിയിലേറെ വരുന്ന ബജറ്റ് കമ്മി കൂട്ടാനും ഇടയാക്കി. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും ഉയര്‍ന്ന ഈ കമ്മി, 2012-2013ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 5.2ശതമാനം  വരും. ഗ്രാമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, പദ്ധതി തുടങ്ങിയതിന് ശേഷം  ചെലവഴിച്ച 1.8 ട്രില്യണ്‍ രൂപയുടെ 30 ശതമാനവും അഴിമതിമൂലം നഷ്ടപ്പെട്ടു. ഫെബ്രുവരി 28ലെ ബജറ്റ്  2014ലെ സാമ്പത്തിക വര്‍ഷത്തിലേക്ക് 330 ബില്ല്യണ്‍ രൂപ കൂടി അനുവദിച്ചിട്ടുണ്ട്. വ്യാജ തൊഴില്‍പത്രങ്ങള്‍ വരെ ഉപയോഗിച്ചാണ് ബിഷന്‍പൂര്‍ സ്ഥിതിചെയ്യുന്ന ഗോഡയില്‍ നടത്തിയ തട്ടിപ്പ് എന്നാണ് പോലീസ് റിപോര്‍ട്ട്. സാങ്കല്‍പ്പിക തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനായി ഒക്കെ ഇത് ഉപയോഗിച്ചിരുന്നു. ബധിരനും അന്ധനുമായ 94 വയസ്സുള്ള അകല്‍ സാഹയുടേതാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്ത ഒരു പേര്. ഒരു വടിയും കുത്തിപ്പിടിച്ചു തന്‍റെ കുടിലില്‍നിന്നും ഒരു ചെമ്മണ്‍പാതയിലൂടെ  മുടന്തി ബിഷന്‍പൂരിലെ കേന്ദ്രത്തിലെത്തിയ സാഹ് ആ ചെറുനടത്തത്തിന്‍റെ ക്ഷീണത്തില്‍  കുഴഞ്ഞുവീണു.

 

തൊഴിലുറപ്പ് പദ്ധതിയുടെ രേഖകള്‍ പ്രകാരം 2011ല്‍ ഒരു കുഴിയില്‍ നിന്നും മണ്ണെടുക്കുന്നതിന് സാഹ് ഒരു ദിവസം 8 മണിക്കൂര്‍ വീതം ഒരാഴ്ച പണിയെടുത്തിട്ടിണ്ട്. അയാളുടെ സഹ തൊഴിലാളികളിലൊരാള്‍ ശാരീരിക ശേഷിക്കുറവുള്ള 8 വയസ്സുകാരി സുവിത ദേവിയാണ്. കുട്ടിക്കാലത്ത്  വന്ന മസ്തിഷ്ക ജ്വരം മൂലം മെലിഞ്ഞു, പോഷകാഹാരക്കുറവുള്ള ആ പെണ്‍കുട്ടിക്ക് തന്‍റെ വലതു കയ്യൊന്നു പൊക്കാനോ വ്യക്തമായി സംസാരിക്കാനോ പോലും ആകുന്നില്ല.

“എങ്ങിനെയാണ് ഇവള്‍ എന്തെങ്കിലും ജോലി ചെയ്യുക?”,സുവിതയുടെ അച്ഛന്‍ പ്രകാശ് സിങ്ങ് ചോദിച്ചു.

തങ്ങള്‍ക്ക് കൂലി കിട്ടുന്നില്ലെന്ന് ഗ്രാമവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബിഷന്‍പൂരിലെ ഉപാധ്യക്ഷയുടെ  ഭര്‍ത്താവും ഒരു ചെറുകിട നേതാവുമായ മൊഹമ്മദ് ഇദ്രിസ് പദ്ധതി രേഖകള്‍ പരിശോധിച്ചപ്പോളാണ് സാഹയുടെയും സുവിതയുടെയും പേരുകള്‍ കണ്ടെത്തിയത്. അയാളത് പൊലീസിനെ അറിയിച്ചു.

“പരാതി നല്‍കാന്‍ സാധ്യതയില്ലാത്ത ഏറ്റവും ദുര്‍ബലരായ മനുഷ്യരെയാണ് തട്ടിപ്പിനിരയാക്കുന്നത്”,രേഖകള്‍ പ്രകാരം, ജലസേചനത്തിനുള്ള ഒരു കിണര്‍ ഉണ്ടാകേണ്ടിയിരുന്ന ഒരു തരിശ് നിലത്തിന് അരികില്‍ നിന്നുകൊണ്ടു ഇദ്രിസ് പറഞ്ഞു.”ഇതെല്ലാം വളരെ എളുപ്പമാണ്”.

ബിഷന്‍പൂരിലെ തട്ടിപ്പുകള്‍ക്ക് പോലീസ് കഴിഞ്ഞ ഡിസംബറില്‍ ഗ്രാമമുഖ്യ സുബൈദ ഖാതൂണിനെതിരെയും, അവരുടെ ഭര്‍ത്താവ് കര്‍ഷകനായ ഗുലാം റസൂലിനെതിരെയും കുറ്റം ചുമത്തി. കുറ്റപത്രമനുസരിച്ച്, തപാലാപ്പീസിലെ ജീവനക്കാര്‍ വ്യാജ തൊഴില്‍ പത്രങ്ങള്‍ ഉണ്ടാക്കി. ഒരു ഗ്രാമ സെക്രറിയും, ഒരു കമ്പ്യൂട്ടര്‍ ജോലിക്കാരനും ഇതിന് കൂട്ടുനിന്നു.

 

ജില്ലാ അധികൃതരില്‍ നിന്നും ബ്ലൂംബര്‍ഗ് ടി വി-ക്ക് ലഭിച്ച കുറ്റപത്രമനുസരിച്ച് സുബൈദയും ഭര്‍ത്താവും മരിച്ചു പോയവരുടെയും, വ്യാജ തൊഴിലാളികളുടെയും പേരില്‍ പണം പിന്‍വലിക്കാന്‍ തപാല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്താന്‍ രസീതിയില്‍ വ്യാജ വിരലടയാളങ്ങളും ഉപയോഗിച്ചു. തട്ടിച്ചെടുത്ത പണം പിന്നീട് ഗ്രാമമുഖ്യയും മറ്റ് ഉദ്യോഗസ്ഥരും പങ്കിട്ടെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. എത്ര പണം മോഷ്ടിച്ചെന്ന് അതില്‍ വിശദമാക്കുന്നില്ല. എന്നാല്‍ റസൂലിനെയും സുബൈദയെയും പോലീസ് ഇതുവരെ  പിടികൂടിയിട്ടില്ല. തട്ടിപ്പ് നടത്തിയെന്ന ആരോപണം ഒരഭിമുഖത്തില്‍ റസൂല്‍ നിഷേധിച്ചു.”ചില ശ്രദ്ധക്കുറവ് പറ്റിയെന്ന കുറ്റം മാത്രമേ ഞങ്ങള്‍ ചെയ്തുള്ളൂ”,അയാള്‍ പറയുന്നു. “എല്ലാവരുടെയും വിവരങ്ങള്‍ പരിശോധിക്കല്‍ അസാധ്യമാണ്.”

 

അതേ സമയം, ഗോഡ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കെ. രവികുമാര്‍ പോലീസ് കേസിനെ ഗൌരവമായി കാണുന്നില്ല. പ്രേത, വ്യാജ തൊഴിലാളികളുടെ വിഷയം നിസ്സാരമാണെന്നാണ് അയാള്‍ പറയുന്നത്. “അഴിമതി എന്നു പറയുന്നത് ഒരു വലിയ വാക്കാണ്,”ബിഷന്‍പൂരില്‍ നിന്നും ഒരു മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്താവുന്ന ഒരു പഴഞ്ചന്‍ രണ്ടുനില കെട്ടിടത്തിലെ തന്‍റെ കാര്യാലയത്തിലിരുന്നുകൊണ്ട് ഒരഭിമുഖത്തില്‍ രവികുമാര്‍ പറഞ്ഞു.”ഇത് അഴിമതിയല്ല. ഇതൊരുതരം ചോര്‍ച്ച മാത്രമാണ്.”

 

ചോര്‍ച്ചകള്‍ ശതകോടികളിലാണെന്ന് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നു!

 

തൊഴില്‍ പദ്ധതിയില്‍ നിന്നും നല്‍കിയ തൊഴിലെടുപ്പിന്‍റെ 42 മുതല്‍ 56 ശതമാനം വരെ മാത്രമേ നാഷണല്‍ സാമ്പിള്‍ സര്‍വേ തയ്യാറാക്കിയ കണക്കുകള്‍ അംഗീകരിക്കുന്നുള്ളൂ എന്ന് പ്രിന്‍സ്റ്റണിലെയും പാരീസിലെയും സ്കൂള്‍ ഓഫ് ഇകണോമിക്സ് നടത്തിയ സംയുക്ത പഠനത്തില്‍ പറയുന്നു. അത് കാണിക്കുന്നത് പകുതി തൊഴിലുകള്‍ മാത്രമേ സത്യത്തില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ്. ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ രാഘവ് ഗൈഹ എഴുതിയ ഒരു പ്രബന്ധത്തില്‍ പറയുന്നത് മാര്‍ച്ച് 20012 വരെയുള്ള 12 മാസത്തെ കാലയളവില്‍ ആസൂത്രണം ചെയ്ത പണികളുടെ അഞ്ചിലൊന്നു മാത്രമാണ് അക്കാലയളവില്‍ പൂര്‍ത്തിയായത് എന്നാണ്. “അഴിമതിയുമായുള്ള പോരാട്ടം: എന്‍‌ആര്‍‌ഇ‌ജി‌എ ഇന്ത്യയിലെ ദരിദ്ര ഗ്രാമീണരിലേക്ക് എത്തിയോ?”എന്ന പുസ്തകം എഴുതാനാണ് ഗൈഹ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി ഗവേഷണം നടത്തിയത്. 35 പണി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി 4 സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച തനിക്ക് ഒരിടത്തും ഒരു പണിയും നടക്കുന്നത് കാണാനായില്ലെന്ന് ഗൈഹ പറയുന്നു.

 

 

ഇന്ത്യയുടെ സാമ്പത്തിക രംഗം മന്ദീഭവിക്കുകയും, പണപ്പെരുപ്പം ഉയരുകയും ചെയ്ത ഘട്ടത്തിലാണ് പദ്ധതിയുടെ വിഷമതകളും വന്നത്. ഫെബ്രുവരിയില്‍ ഉപഭോക്തൃ വിലസൂചിക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് ഉയര്‍ന്നത്. ലോകത്തെതന്നെ ഏറ്റവും വേഗത്തിലുള്ള വിലപ്പെരുപ്പം. നിര്‍മ്മാണ മേഖലകളിലിലും മറ്റുമുള്ള സ്വകാര്യ നിക്ഷേപത്തിലും കുറവ് വന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 2012-2013ല്‍ 5 ശതമാനമായിരുന്നു. ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. വളര്‍ച്ചാ നിരക്ക് വീണ്ടെടുക്കാനും, ധനക്കമ്മി കുറക്കാനുമുള്ള നയപരമായ മാറ്റങ്ങള്‍ക്ക് മന്‍മോഹന്‍സിംഗ് സെപ്തംബറില്‍ തുടക്കമിട്ടു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്  മുന്നില്‍ക്കണ്ട് ക്ഷേമപദ്ധതികളില്‍ വെട്ടിക്കുറവ് വരുത്തിയിട്ടില്ല.

 

വിപണി തുറക്കല്‍ പരിഷ്കാരങ്ങള്‍ യു‌പി‌എ സഖ്യത്തിന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റില്‍  ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കി. ഒരു പ്രധാന ഘടക കക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ്, ചില്ലറ വില്‍പ്പന മേഖലയില്‍ വാള്‍മാര്‍ട്ട് പോലുള്ള വിദേശ കമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ചെറുകിട വില്‍പ്പനക്കാര്‍ പൂട്ടിപ്പോകും എന്ന് കാണിച്ചായിരുന്നു അവരുടെ പ്രതിഷേധം. ഫെബ്രുവരി 2നു നടത്തിയ ഒരു പ്രസംഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ഇത്തരം അഴിമതികള്‍ക്ക് തടയിടണമെന്നും പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഉറച്ച വക്താവായ സോണിയ ഗാന്ധി, ഈ പദ്ധതി  കൊണ്ടുവരാന്‍ മുന്‍കൈ എടുത്ത ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷ കൂടിയാണ്.

 

ഇത് യു‌പി‌എ സര്‍ക്കാരിന്‍റെ ഏറ്റവും ജനകീയവും വിജയകരവുമായ  നയമായിരിക്കും എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തൊഴിലുറപ്പ് നിയമത്തെ കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിക്കാട്ടിയത്. അതൊരു സുരക്ഷാ വല തീര്‍ക്കുമെന്നും, ഗ്രാമീണ  വേതനത്തെ ഉയര്‍ത്തുമെന്നും, നീര്‍ത്തടങ്ങള്‍ പുനരുജ്ജീവീപ്പിക്കുന്നതിലൂടെ കാര്‍ഷികമേഖലയെ മെച്ചപ്പെടുത്താമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞിരുന്നു.എന്നാല്‍ പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയില്ലെന്നും, കുറവുകള്‍ പരിഹരിക്കപ്പെടണമെന്നും സിംഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2008 മുതല്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയോളം രൂപ ഗ്രാമീണ  കുടുംബങ്ങള്‍ക്ക് വേതനമായി നല്‍കിയെന്നും, ശരാശരി  50 ദശലക്ഷം  കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും തൊഴില്‍ നല്‍കിയെന്നും സര്‍ക്കാരിന്‍റെ 2012ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കൂടുതല്‍ വികസിച്ച സംസ്ഥാനങ്ങള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയാണ്‍ കൂടുതല്‍ ശേഷി എന്നാണ്  ഹാനോവരിലെ ഡാര്‍ട്മൌത്ത് സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം അദ്ധ്യാപകന്‍ സന്ദീപ് സുഖ്താങ്കര്‍ പറയുന്നത്. ഇതിനുള്ള ഒരു ഭാഗിക കാരണം ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹ്യ പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ്. അഴിമതിയെക്കുറിച്ച് പ്രത്യേക  പഠനം നടത്തുന്ന അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് ലോകത്തെ ഏറ്റവും വലിയ തൊഴിലെടുപ്പ് സംരംഭമാണിത് എന്നാണ്. ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനം ഉയര്‍ന്ന ആളോഹരി വരുമാനമുള്ള ആന്ധ്രാപ്രദേശില്‍ 2008നു ശേഷമുള്ള ആറാം വട്ട പരിശോധന ഫെബ്രുവരിയില്‍ നാരായണ്‍ഖേദില്‍ എത്തി. ഹൈദരാബാദില്‍ നിന്നും ഏതാണ്ട് 145 കി. മീ. അകലെയാണ് ഈ സ്ഥലം. ഒരു താത്കാലിക പന്തലില്‍ 300ഓളം പേര്‍ ഇരുന്നു. പദ്ധതി നടത്തിപ്പിനെക്കുറിച്ച് പരാതിയുള്ള പരിസര ഗ്രാമങ്ങളിലെ നിവാസികളാണ് ഭൂരിഭാഗം പേരും.പിന്നെ നടത്തിപ്പില്‍ ക്രമക്കേട് കാട്ടിയെന്ന  ആരോപണം നേരിടുന്ന ജീവനക്കാരും. പരിശോധകര്‍, കുറഞ്ഞ കൂലി കൊടുത്തത്തിന്റെയും, പൂര്‍ത്തിയാക്കാത്ത പണികളുടെയും ആരോപണങ്ങള്‍ ഉന്നയിച്ചു. പൊതുസഭ അവസാനിച്ചപ്പോള്‍, 15 പരാതികള്‍ തുടര്‍നടപടികള്‍ക്കായി തെരെഞ്ഞെടുത്തു.

 

“ഞങ്ങള്‍ക്കുള്ള പണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം പറയേണ്ടിവരുന്നത് ഇതാദ്യമാണ്,” പരിശോധനയില്‍ പങ്കെടുത്ത് തനിക്ക് കൂലി കുറച്ചേ തന്നുള്ളൂ എന്ന ആരോപണം ഉന്നയിച്ച പെഡ്ഡി രാമയ്യ പറഞ്ഞു.

 

ഇതൊക്കെയായാലും, ആന്ധ്രാപ്രദേശില്‍ പദ്ധതി നടത്തിപ്പിലെ അഴിമതി ഒരു വലിയ പ്രശ്നം തന്നെയാണ്. പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി മൂലം കുറഞ്ഞത് 1.4 ബില്ല്യണ്‍ രൂപ നഷ്ടപ്പെട്ടു. ഇതില്‍ വെറും 15 ശതമാനം മാത്രമേ തിരിച്ചുപിടിക്കാനായുള്ളൂ. കണക്കുകള്‍ കാണിക്കുന്നത്, കുറ്റാരോപിതരായ 30,117 ജീവനക്കാരില്‍ അഞ്ചില്‍ രണ്ടു ഭാഗം പേര്‍ക്കുമാത്രമേ അച്ചടക്ക നടപടികളോ, സസ്പെന്‍ഷനോ നേരിടേണ്ടി വന്നിട്ടുള്ളൂ  എന്നുമാണ്. പരിശോധനയില്‍ പങ്കെടുത്ത ഗ്രാമവാസിയായ മല്ല ഗണേഷ് ഈ പ്രക്രിയയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി; പരാതിപ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളാണത്.

 

“പിന്നീട് നേരിടേണ്ടി വരുന്ന ദ്രോഹങ്ങളെ ഭയന്ന് നിരവധി ഗ്രാമീണര്‍ പൊതുസഭയ്ക്ക് എത്തിയില്ല” എന്ന് നാരായണ്‍ഖേദ് നിവാസിയായ ഗണേഷ് പറഞ്ഞു. 

 

ബിഷന്‍പൂരില്‍ വരണ്ടു കിടക്കുന്ന തോട്ടിലേക്ക് രാജേന്ദര്‍ സിംഗ് നോക്കി. ഇതിപ്പോള്‍ അന്വേഷണം നേരിടുന്ന പദ്ധതിയാണ്. ഈ ചാലില്‍ വെള്ളം നില്‍ക്കില്ലെന്നും കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതില്‍പ്പിന്നെ ഇത് ഉപയോഗിച്ചിട്ടില്ലെന്നും അയാള്‍ പറഞ്ഞു.

 

“കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം,”സിംഗ് പറയുന്നു.”പക്ഷേ നിലവിലെ സ്ഥിതി  വെച്ചുനോക്കിയാല്‍ വലിയ മാറ്റമുണ്ടാകും എന്നൊന്നും ഞാന്‍ കരുതുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ കട്ടുകൊണ്ടേയിരിക്കും. ഞങ്ങളുടെ കഷ്ടപ്പാടുകളും തുടരും”

 
(ബ്ളൂംബര്‍ഗ് ന്യൂസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍