UPDATES

ഇന്ത്യ

ദയാ ഹര്‍ജിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നാഴികക്കല്ല്

ടീം അഴിമുഖം

ദയാ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ഗവണ്‍മെന്‍റിന്റെ ഭാഗത്ത് നിന്നു കാലതാമസം ഉണ്ടാവുന്ന പക്ഷം ഒരു തടവ് പുള്ളിക്ക് വിധിക്കപ്പെട്ട വധശിക്ഷ ജീവ പര്യന്തമാക്കാമെന്ന സുപ്രീം കോടതിയുടെ ചൊവ്വാഴ്ചത്തെ വിധി തൂക്കുകയര്‍ കാത്തു നില്‍ക്കുന്ന നിരവധി പേര്‍ ആശ്വാസത്തോടെയാണ് കേട്ടത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്കടക്കം ഏകാന്ത തടവിന് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധവും ജയിലുകളില്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്.

വനംകൊള്ളക്കാരന്‍ വീരപ്പന്‍റെ നാലു കൂട്ടാളികള്‍ ഉള്‍പ്പടെ വധശിക്ഷ കാത്തു കഴിയുന്ന 15 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കികൊണ്ട് പരമോന്നത കോടതി മനസികാസ്വസ്ഥ്യം ഉള്ളവരെയും സ്കീസോഫ്രേനിയ രോഗികളെയും തൂക്കിക്കൊല്ലരുതെന്ന് വിധിക്കുകയും ചെയ്തിരിക്കുന്നു. ഖാലിസ്ഥാന്‍ തീവ്രവാദി ദേവിന്ദര്‍പാല്‍ സിങ് ബുല്ലാരിന്റെ കേസില്‍ ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒരിയ്ക്കലും വധശിക്ഷ ഇളവുചെയ്യുന്നതിനുള്ള കാരണമാവില്ല എന്ന സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച വിധി ഇതോടെ റദ്ദു ചെയ്യപ്പെടുകയാണ്.

പ്രതികളുടെ മാനസിക രോഗാവസ്ഥ കണക്കിലെടുത്തു ഇത്തരം കേസുകളിലെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത രാജീവ ഗാന്ധി വധകേസിലെ മൂന്നു പേരുടെ ശിക്ഷയുടെ കാര്യത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ ഈ ഉത്തരവ് വലിയ സ്വാധീനം ഉണ്ടാക്കും.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി സദാശിവത്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ദയാ ഹര്‍ജി തള്ളുന്നതിനും വധ ശിക്ഷ നടപ്പിലാക്കുന്നതിനുമുള്ള ഒരു മാര്‍ഗ നിര്‍ദേശം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ദയാഹര്‍ജി തള്ളുന്ന വിവരം തടവുപുള്ളികളെ മുന്‍കൂട്ടി അറിയിക്കുകയും വധശിക്ഷയ്ക്ക് മുന്പായി അവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരം നല്കുകയും വേണം.

ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം പരിഗണിച്ച് തങ്ങളുടെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് 15 വധശിക്ഷ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.

ദയാ ഹര്‍ജി തള്ളി 14 ദിവസങ്ങള്‍ക്കകം വധശിക്ഷ നടപ്പിലാക്കണമെന്നും ബെഞ്ചിന്‍റെ വിധിയില്‍ പറയുന്നുണ്ട്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവു പുള്ളികള്‍ക്ക് വേണ്ട നിയമ സഹായം ജയില്‍ അധികൃതര്‍ നല്‍കണമെന്നും വിധിയില്‍ ആവിശ്യപ്പെടുന്നുണ്ട്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരമോ അല്ലെങ്കില്‍ തീവ്രവാദ വിരുദ്ധ നിയമ പ്രകാരമോ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികള്‍ക്കും ഈ നിര്ദേശങ്ങള്‍ ബാധകമാണെന്ന് വിധി പുറപ്പെടുവിച്ചു കൊണ്ട് മൂന്നംഗ ബെഞ്ച് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പ്രതികള്‍ നല്കിയ 13 ഹര്‍ജികളിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാര്‍ലമെന്‍റ് ആക്രമണ കേസിലാ ശിക്ഷിക്കപ്പെട്ട മൊഹമ്മദ് അഫ്സലിന്‍റെ വധശിക്ഷ നടപ്പിലാക്കുന്ന വേളയില്‍ ദയാ ഹര്‍ജി തള്ളിയ വിവരമോ തൂക്കി കൊല്ലുന്നതോ കുടുംബാംഗങ്ങളെ വേണ്ട വിധം അറിയിച്ചില്ല എന്ന ആരോപണത്തിന്‍റെയും വിവാദത്തിന്‍റെയും പശ്ചാത്തലത്തിലാണ് ദയാ ഹര്‍ജി തള്ളിയ വിവരം സംബന്ധിച്ച ആശയ വിനിമയം പ്രാധാന്യം അര്‍ഹിക്കുന്നത്.

തീവ്രവാദ വിരുദ്ധ നിയമ പ്രകാരമോ അല്ലെങ്കില്‍ അത് മാതിരിയുള്ള മറ്റ് നിയമ പ്രകാരമോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിലെ ദീര്‍ഘ കാലത്തെ കാലതാമസം ശിക്ഷ ജീവപര്യന്തമായി കുറക്കുന്നതിനുള്ള കാരണമാവില്ല എന്നു കഴിഞ്ഞ വര്ഷം ഏപ്രില്‍ മാസം ഒരു രണ്ടാംഗ ബെഞ്ച് വിധിച്ചിരുന്നു. ബുല്ലാരിന്റെ ഹര്‍ജിയില്‍ 2013 ഏപ്രില്‍ 2നു ഈ വിധി വരുമ്പോള്‍ 20 വധശിക്ഷ പ്രതികളാണ് രാജ്യത്തെ ജയിലുകളില്‍ ഉണ്ടായിരുന്നത്.

പിന്നീട് എം എന്‍ ദാസ് എന്ന തടവ് പുള്ളിക്ക് ദയാ ഹര്‍ജിയിലെ തീരുമാനം എടുക്കുന്നതിലെ കാലതാമസം പരിഗണിച്ച് വധ ശിക്ഷ ജീവ പര്യന്തമാക്കി മാറ്റിക്കൊടുത്തുകൊണ്ടു സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ച് വിധി പുറപ്പെടുവിക്കുകയുണ്ടായി.

ഇത്തരം വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഒഴിവാക്കാന്‍ ഒരു ആധികാരികമായ ഉത്തരവ് പുറപ്പെടുവിക്കുന്ന വലിയ ബെഞ്ചോ അല്ലെങ്കില്‍ ഭരണഘടനാ ബെഞ്ചോ വേണ്ടതിന്‍റെ ആവിശ്യകത സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനം ഏറ്റെടുത്തുകൊണ്ട് ജസ്റ്റീസ് സദാശിവം പറയുകയുണ്ടായി.

വനംകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികള്‍ക്ക് പുറമെ സുരേഷ്, രാംജി, ഗുര്‍മീത് സിങ്, പ്രവീണ്‍ കുമാര്‍,  സോണിയ, അവരുടെ ഭര്‍ത്താവ് സഞ്ജീവ്, സുന്ദര്‍ സിങ്ങ്, ജാഫര്‍ അലി എന്നിങ്ങനെ 15 പേര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സുരേഷ്, രാംജി, ഗുര്‍മീറ്റ് സിങ്, ജാഫര്‍ അലി എന്നിവര്‍ ഉത്തര്‍ പ്രദേശിലെ ജയിലിലും,  മുന്‍ ഹരിയാന എം എല്‍ എ രാലൂ രാം പൂനിയയുടെ മകള്‍ സോണിയയും ഭര്‍ത്താവ് സഞ്ജീവ് എന്നിവര്‍ ഹരിയാന ജയിലിലും പ്രവീണ്‍ കര്‍ണ്ണാടക ജയിലിലും സുന്ദര്‍ സിംഗ് ഉത്തരാഞ്ചലിലുമാണ് കഴിയുന്നത്.

സോണിയയുടെ മാതാപിതാക്കളെയും സഹോദരന്‍റെ മൂന്നു മക്കളെയും ഉള്‍പ്പെടെ എട്ട് പേരെ കൊലപ്പെടുത്തിയതിനാണ് സോണിയയും ഭര്‍ത്താവ് സഞ്ജീവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1986ല്‍ കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയതിനാണ് ഗുര്‍മീത് സിംഗിന് വധശിക്ഷ കിട്ടിയിരിക്കുന്നത്.

“വധശിക്ഷ സംബന്ധിച്ച് ഇന്‍ഡ്യയുടെ സുപ്രീം കോടതി എടുത്ത മനുഷ്യത്വപരമായ ഈ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം തങ്ങളുടേതായ ചില പോസിറ്റീവായ നടപടികള്‍ എടുക്കാനുള്ള സമയമായിരിക്കുന്നു. നിലവിലുള്ള വധശിക്ഷകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് അവ ജീവ പര്യന്തമാക്കി കുറയ്ക്കാനുമുള്ള പ്രഖ്യാപനമാണ് ഗവണ്‍മെന്‍റ് നടത്തേണ്ടത്. തുടര്‍ന്നു വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയും വേണം. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കൊണ്ട് നീതിയോടുള്ള  പ്രതിബദ്ധത ഇന്‍ഡ്യ കാണിക്കേണ്ടതാണ്. പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നത്  അവസാനിപ്പിക്കണമെന്നും അത് മനുഷ്യത്വ വിരുദ്ധമായ ശിക്ഷയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.” ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍റെ സൌത്ത്ഏഷ്യന്‍ ഡയറക്ട ആയ മീനാക്ഷി ഗാംഗുലി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍