UPDATES

വിദേശം

അതിജീവനത്തിന്റെ ഇറ്റാലിയന്‍ മണിനാദം

ലോറെന്‍സൊ ടൊറ്റാരോ (ബ്ലൂംബര്‍ഗ് ന്യൂസ്)

ആയിരം വർഷത്തിനിടയിൽ പോന്റിഫികൽ മറിനെല്ലി ഫൌണ്ട്രിയിൽ വെങ്കല മണി ഉണ്ടാകുന്ന നടപടിക്രമങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന കുടുംബ വ്യാപാരം നാട്ടിലെ സമ്പദ്‌വ്യവസ്ഥക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ വിദേശത്തേക്ക് കണ്ണും നട്ടിരിക്കുന്നത് കൊണ്ട് മണിനാദം മുഴങ്ങുന്ന ഇടങ്ങൾ മാത്രം മാറിയിട്ടുണ്ട്.

റോമിന് 220 കിലോമീറ്റെർ തെക്കുകിഴക്കുള്ള അഗ്നൊൻ എന്ന ചെറിയ നഗരത്തിലെ കമ്പനി അവരുടെ വരുമാനത്തിന്റെ 20 ശതമാനത്തിലേക്ക്  കയറ്റുമതി വർദ്ധിപ്പിച്ചിരിക്കുന്നു, ഒരു പതിറ്റാണ്ട് മുന്പുണ്ടായിരുന്ന അനുപാതത്തിനു നാല് മടങ്ങ്‌ അധികമാണിത്. “സാമ്പത്തിക മാന്ദ്യത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥയുടെ വിദേശ കച്ചവടത്തിലുള്ള ആശ്രയത്വം കൂടാനേ തരമുള്ളൂ”, സഹോദരന്റെ കൂടെ ലോഹവാര്‍പ്പുശാല നടത്തുന്ന പസ്ക്വേൽ മാറിനെല്ലി പറഞ്ഞു.

ഇറ്റലിയിൽ, പണം ചിലവഴിക്കാനുള്ള എല്ലാ തീരുമാനങ്ങളും നല്ല കാലം വരുന്നത് വരെ നിർത്തി വെച്ചിരിക്കയാണ്‌, ഇതിൽ ഞങ്ങളുടേത് പോലുള്ള മണി വാങ്ങുന്ന തീരുമാനവും പെടും, വിദേശത്തു നിന്നുള്ള ഓര്‍ഡറുകളുള്ളത്  കാരണം  ഞങ്ങൾ വർഷം മുഴുവൻ പണിയെടുക്കുന്നു.  ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സഭയുടെ കെട്ടിടത്തിലും, വത്തിക്കാനിലും, പിസയിലെ  ചെരിഞ്ഞ ഗോപുരത്തിലും മുഴങ്ങുന്ന മണിയുടെ നിര്‍മ്മാതാവായ 43 കാരൻ മാറിനെല്ലി കൂട്ടിച്ചേർത്തു.
 

രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും നീണ്ട സാമ്പത്തിക മാന്ദ്യമാണ് ഇറ്റലി നേരിടുന്നത്. ചെറുകിട വ്യവസായങ്ങളുടെ CGIA സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുറഞ്ഞത് 37,000 ഇറ്റാലിയൻ കുടുംബ കമ്പനികളാണ് അടച്ചുപൂട്ടിയത്. 

ഓർഗനൈസേഷൻ ഫോർ എകണോമിക് കോപറേഷൻ ആൻഡ്‌ ഡെവലപ്മെന്‍റ് (OECD) ന്റെ റിപ്പോർട്ട് പ്രകാരം യൂറോ പ്രദേശത്തിലെ ഈ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ 2014ൽ 0.6 ശതമാനം വികസിക്കുന്നതിനു മുന്പ് 1.9 ശതമാനം ചുരുങ്ങും. “വിദേശത്ത് ഡിമാന്റ് വർദ്ധിക്കുന്നത് കയറ്റുമതിയിൽ കാതലായ ചലനം സൃഷ്ടിക്കുമെങ്കിലും സ്വകാര്യ ഉപഭോഗത്തിൽ വലിയ മാറ്റമൊന്നുമുണ്ടാവില്ല”  OECD പറഞ്ഞു. 

കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ 0.1 ശതമാനം കുറഞ്ഞ ആഭ്യന്തര വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ ഒന്പതാം ത്രൈമാസമാണ് താഴുന്നത് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്- ഐസ്റ്റാറ്റ് (Istat)  പറഞ്ഞു.

” ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്നാഗ്രഹിക്കുന്ന ഏതൊരു ഇറ്റാലിയൻ നിർമ്മാതാവും 80 ശതമാനമെങ്കിലും പുറം രാജ്യത്ത് വിൽപ്പന നടത്തണം” Milan Bocconi യൂണിവേർസിറ്റിയിലെ ബിസിനസ്സ് സ്റ്റ്രാറ്റെജി അധ്യാപകനായ കാർലോ അൽബെർറ്റൊ കർനെവൈല്‍ മഫ്ഫെ പറഞ്ഞു.

മാരിനെല്ലി ബെല്ലുകൾക്ക് പ്രായോഗിക മൂല്യത്തിനു പുറമെ പ്രതീകാത്മക മൂല്യം കൂടിയുണ്ട് എന്നത് മാന്ദ്യത്തിനെതിരായി നീന്തി വിജയത്തിലേക്ക് കടന്ന “മെയ്ഡ് ഇന്‍ ഇറ്റലി” നിലവാരമുള്ള ഉല്പന്നങ്ങളുടെ ചെറിയ കൂട്ടത്തിൽ ഇവയെയും ഉൾപ്പെടുത്തുന്നു.   

നാല് വർഷം മുന്പ് ഗ്രീസിൽ തുടങ്ങിയ വായ്‌പാ പ്രതിസന്ധിയാൽ നശിപ്പിക്കപ്പെട്ട സമ്പദ്സമൃദ്ധിയെ കയറ്റുമതി കൊണ്ട് തിരിച്ചു പിടിക്കാനാണ് തെക്കൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നത്. 

ഇറ്റാലിയൻ സ്റ്റാറ്റിസ്റ്റിക്കൽ കാര്യാലയം ഈ വർഷവും കയറ്റുമതിയിൽ 8 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. 2011 ൽ അടിയന്തര ബെയിൽ ഔട്ട്‌ വേണ്ടിവന്ന പോർച്ചുഗൽ ഇപ്പോൾ കൊടുത്ത് വീട്ടിയതിനു ശേഷം വന്ന മിച്ചം സാധനത്തിന്റെയും സേവനത്തിന്റെയും ആറ് ദശാബ്‌ദത്തേക്കുള്ള കണക്ക് പുറത്തു വിട്ടിരിക്കയാണ്. സ്പെയിൻ 20 വർഷത്തിനുള്ളിലുള്ള കറന്റ്‌ അക്കൗണ്ട്‌ മിച്ചം ഈ വർഷം പ്രതീക്ഷിക്കുന്നുണ്ട്. 

“സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് പുതിയ ശ്രേണിയിലുള്ള ഉല്പന്നങ്ങളുമായ് മുന്നോട്ട് വരാനും വളർന്നു കൊണ്ടിരിക്കുന്ന വിപണിയുമായുള്ള  ബന്ധം കെട്ടിയുറപ്പിക്കാനും സാധിച്ച എല്ലാ കമ്പനികളും മാന്ദ്യത്തെ അതിജീവിച്ചു” Istat ലെ ഒരു ഡിപാർട്ട്മെന്റ് തലവനായ   ഇമ്മാനുവൽ ബാല്ടാചി അയച്ച ഇ-മെയിലിൽ പറയുന്നു.
 

ഇറ്റലി സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നപ്പോൾ പസ്ക്വേൽ മാറിനെല്ലി മൊലിസെ മലമുകളിലെ 5,200 താമസക്കാർ മാത്രമുള്ള തന്റെ നഗരത്തിൽ നിന്നും ന്യൂ ഡെൽഹിയിലേക്കും ഇക്വറ്റൊറിയൽ ഗനിയയിലേക്കും തന്റെ ഉല്പന്നത്തിന്റെ പ്രചരണത്തിനു വേണ്ടി സഞ്ചരിച്ചു. ഫൌണ്ട്രിയുടെ പ്രധാനപ്പെട്ട ഉല്പന്നം 100 കിലോ വരുന്ന(221 പൌണ്ട് ) 3,000 യൂറോ വിലയുള്ള(4,000 ഡോളർ) വെങ്കല മണിയാണ്. 

ഉപഭോക്താക്കളുടെ ലിസ്റ്റിൽ രാഷ്ട്ര തലവന്മാർ മുതൽ ജപ്പാനിലെ സപ്പോരോ സ്പോർട്‌സ് സെന്റർ വരെ ഉൾപ്പെടും,  ഇറ്റലിക്ക് പുറമെനിന്നുള്ള ഡിമാന്റ് കൂടി വരികയാണെങ്കിലും പരമ്പരാഗതമായി കാത്തലിക് ചർച്ചുകൾക്ക് വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ് വ്യാപാരത്തെ മുന്നോട്ട് നയിക്കുന്നത്. 

ലോകത്തിലെ 1.2 ബില്ല്യൻ കത്തോലിക്കരിൽ പകുതിയും ലാറ്റിനമേരിക്കയിലാണ് ജീവിക്കുന്നത്. വത്തിക്കാന്റെ കണക്ക് പ്രകാരം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇവരുടെ എണ്ണം യൂറോപ്പിലെ 4.9 ശതമാനവുമായ് താരതമ്യം ചെയ്ത് നോക്കിയാൽ 50 ശതമാനത്തിനു മുകളിലാണ് വർദ്ധിച്ചിരിക്കുന്നത്. 

“ഞങ്ങൾ വിശ്വാസത്തിന്റെ ഉഷ്‌ണമാപിനി പോലെയാണെന്നാണ് അവർ പറയുന്നത്, വിശ്വാസം ഉയരുകയാണോ താഴുകയാണോ എന്ന് അളക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്നാണതിനർഥം. ഇറ്റലിയിലിപ്പോൾ വിഭ്രാന്തിയും അസ്ഥിരതയുമുണ്ട്, തുറന്നു പറഞ്ഞാൽ- ജനങ്ങൾ പണം ചിലവഴിക്കുന്ന കാര്യത്തിൽ വൈമനസ്യം കാണിക്കുന്നു”. പസ്ക്വേലിന്റെ സഹോദരനായ 53 കാരാൻ അർമാണ്ടോ മാറിനെല്ലി പറഞ്ഞു. 

ബെല്ലുകൾ അഗ്നോനിലെ ഗ്രാമപ്രദേശത്ത് നിന്നും വരുന്ന മെഴുകിനാലും കളിമണ്ണിനാലുമുള്ള അച്ചിലാണ് രൂപപ്പെടുത്തിയെടുക്കുന്നത്. പുരോഹിതന്റെ അനുഗ്രഹത്താൽ തുടങ്ങുന്ന നിർമാണം ബെല്ലിന്റെ വലുപ്പമനുസരിച്ച് മൂന്നു മുതൽ പത്ത് മാസം വരെ നീളും. വിറകിന്റെ ചൂളയിൽ 1,200 ഡിഗ്രി സെൽഷ്യസിൽ വെങ്കലം ഉരുക്കി അച്ചിലേക്ക്‌ ഒഴിക്കുമ്പോൾ  പണിക്കാർ ഉച്ചത്തിൽ പ്രാർത്ഥിക്കും. ബെൽ തണുത്ത് തുടങ്ങിയാൽ അവർ അനുമോദനങ്ങൾ കൈമാറും.

ഈ സ്ഥലം എന്തെല്ലാം കണ്ടിരിക്കുന്നു:  ചർച്ചിനെ ഈസ്റ്റും വെസ്റ്റുമായി പിളർത്തിയ ചേരിതിരിവ്‌, യൂറോപ്പിനെ തകർത്ത മുപ്പത് വർഷത്തെ യുദ്ധം, സായുധവിപ്ലവങ്ങൾ, കൊളളക്കാരനിൽ നിന്നും പ്ലേഗിൽ നിന്നുമുള്ള ആക്രമണം. AD 1000 മുതൽക്ക് തന്നെ അഗ്നോനിൽ ബെൽ നിർമ്മാണം തുടങ്ങിയെങ്കിലും 1339 ലാണ് മറിനെല്ലികൾ ആദ്യത്തെ ബെൽ പണിതത്, അവർ പറഞ്ഞു.
 

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്റ്റ് ഭരണകൂടം പീരങ്കിയുണ്ടാക്കാൻ ഇറ്റലിയിലെ പകുതി ചർച്ചുകളിലെയും ബെല്ലുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടു. ഇത് മുന്നിൽ കണ്ട മാറിനെല്ലിയുടെ മുത്തച്ഛൻ പുരോഹിതന്മാർക്ക് സൂചന നൽകുകയും അവർ ബെല്ലുകൾ കുഴിച്ചുമൂടുകയും ചെയ്തു. 

യുദ്ധത്തിനു ശേഷം പുനര്‍നിര്‍മാണത്തിനും സാമ്പത്തിക കുതിപ്പിനും ഇറ്റലി പാത്രമായപ്പോൾ എല്ലാ ചർച്ചുകളും പൊളിച്ചു പണിയുകയും  പുതിയവ പൊട്ടി മുളയ്ക്കുകയും ചെയ്തു. “ആ സമയത്ത് ഫൌണ്ട്രി ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാൾക്കാർക്ക് ജോലി കൊടുത്തു”  ഫൌണ്ട്രിയിലെ ഏറ്റവും പ്രായം ചെന്ന ജോലിക്കാരനായ അന്റോണിയോ ഡെല്ലി(75) ആ പഴയ ദിനങ്ങൾ ഇപ്പോഴും ഓര്‍ക്കുന്നു. 

ഫിലാഡെൽഫിയ ആസ്ഥാനമായുള്ള ഒരു ഫാമിലി ബിസിനസ്‌ മാസികയുടെ കണക്ക് പ്രകാരം, അമ്മാവനിൽ നിന്നും 2003 ൽ അനന്തരാവകാശമായി ലഭിച്ച മാറിനെല്ലികളുടെ ഈ ബിസിനസ്സാണ്  ലോകത്തിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ ഫാമിലി ബിസിനസ്സ്, 718 മുതൽ ഒരേ കുടുംബം നടത്തി വരുന്ന ജാപ്പനീസ് ഹോട്ടൽ ഹോഷി ര്യൊകനാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്‌.

വരുമാനത്തെക്കുറിച്ച്  സംസാരിക്കാൻ മാറിനെല്ലി സഹോദരങ്ങൾ ഇഷ്ടപ്പെടുന്നില്ല, ഇറ്റലിയുടെ കമ്പനി രജിസ്റ്ററിയിൽ ഒന്നും കാണാനുമില്ല. പക്ഷെ വിദേശ കച്ചവടം ലാഭത്തെയാണ് കുറിക്കുന്നത്. ” മണിനാദം എപ്പോഴും ആനന്ദത്തിന്റെയും വീണ്ടെടുപ്പിന്റെയും ഐക്യദാര്‍ഢ്യത്തിന്റേയുമായിരിക്കട്ടെയെന്നു ഞാൻ ആഗ്രഹിക്കുന്നു” അർമണ്ടോ പറഞ്ഞു നിർത്തി.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍