UPDATES

കായികം

ചുവന്ന ചെകുത്താന്‍മാരുടെ ദൈവം വിരമിച്ചു

 

ഡാന്‍ ബെയിന്‍സ്, അലക്സ് ഡഫ്

 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മൈതാനത്തിനകത്തും പുറത്തും ഒരൊറ്റ   ദൈവമേയുള്ളൂ. അത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പരിശീലകന്റെ രൂപത്തില്‍ അലക്സ് ഫെര്‍ഗൂസന്‍ എന്ന സ്കോട്ലണ്ടുകാരനാണ്. പന്തുകളിയുടെ ചരിത്രത്തിലെത്തെന്നെ ഏറ്റവും വലിയ പരിശീലകന്‍മാരിലൊരാളായ ഫെര്‍ഗൂസന്‍, 26 കൊല്ലത്തെ പരിശീലകവൃത്തിക്കുശേഷം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പടിയിറങ്ങുകയാണ്.

 

ക്ളബ്ബിന് 38 കിരീടങ്ങളുടെ സ്വപ്നനേട്ടം സമ്മാനിച്ച (20-മത് ഇംഗ്ലീഷ് ലീഗ് കിരീടം കഴിഞ്ഞ മാസമായിരുന്നു) ഈ 71-കാരന്‍ ഈ സീസണിന്റെ ഒടുവില്‍ പരിശീലകസ്ഥാനം ഒഴിയുമെന്ന് യുനൈറ്റഡ് അറിയിച്ചു. ഫെര്‍ഗൂസന്‍റെ സ്ഥാനത്തേക്ക്  എവര്‍ടന്‍ പരിശീലകന്‍ ഡേവിഡ് മോയെസ്  എത്തുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഷ്ടകാലങ്ങളുടെ മൈതാനങ്ങളില്‍ പന്തുതട്ടി തളര്‍ന്നിരുന്ന കാലത്താണ്  ഫെര്‍ഗൂസന്‍ ചുവന്ന ചെകുത്താന്‍മാരെ കളി പഠിപ്പിക്കാന്‍ എത്തിയത്.  അതില്‍പ്പിന്നെ, വരക്കപ്പുറം കര്‍ക്കശക്കാരനായ ഫെര്‍ഗൂസന്‍ മാസ്റ്റര്‍ നില്‍ക്കുന്നുണ്ടെന്ന കാര്യം യുനൈറ്റഡിന്റെ കളിക്കാരും, അതിലേറെ എതിര്‍ടീമുകളും ഒരിയ്ക്കലും മറന്നിട്ടില്ല.

 

റയാന്‍ റിഗ്സിനെപ്പോലുള്ള യുവകളിക്കാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ള വിദേശ പ്രതിഭകളും കലര്‍ന്ന മികവിന്റെ തീക്കാറ്റുമായാണ് ഫെര്‍ഗൂസന്‍ പച്ചപ്പുല്‍മൈതാനങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തേരോട്ടം നടത്തിയത്. 13 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, 5 എഫ്.എ കിരീടങ്ങള്‍, 4 ലീഗ് കിരീടങ്ങള്‍; 2 യൂറോപ്യന്‍ കിരീടങ്ങള്‍ കൂടിയായപ്പോള്‍ ഫെര്‍ഗൂസന്‍ പരിശീലകരിലെ മന്ത്രവാദിയും, ഇന്ദ്രജാലക്കാരനുമായി.

 

 

“ഏറെ ആലോചിച്ചാണ് വിരമിക്കാനുള്ള തീരുമാനമെടുത്തത്. ഇതാണ് ശരിയായ സമയം. ഒരു സംഘത്തെ ഏറ്റവും ശക്തമായ അവസ്ഥയില്‍ വിട്ടുപോരണമെന്നാണ് ഞാന്‍ കരുതുന്നത്. ഞാനതുചെയ്തു എന്നുതന്നെ ഞാന്‍ കരുതുന്നു,” വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഫെര്‍ഗൂസന്‍ പറഞ്ഞു. 2001-2002 കളിക്കാലത്ത് വിരമിക്കാന്‍ ഫെര്‍ഗൂസന്‍ ആലോചിച്ചിരുന്നു.

 

കിരീടങ്ങളുടെ തിളക്കം മാത്രമല്ല യുനൈറ്റഡിന് ഫെര്‍ഗൂസാനിലൂടെ കിട്ടിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏറ്റവും സമ്പന്നരായ ക്ളബ്ബുകളിലൊന്നാക്കി  മാറ്റിയതും ഈ നേട്ടങ്ങളാണ്.  ഉടമകള്‍ അമേരിക്കക്കാരായ ഗ്ലേയ്സര്‍ കുടുംബം ഓഹരിയൊന്നിന്  14 ഡോളര്‍ നിരക്കിലാണ് 135 വര്‍ഷം പഴക്കമുള്ള ക്ളബ്ബിന്‍റെ 10 ശതമാനം ഓഹരികള്‍ വിറ്റത്. 233 ദശലക്ഷം ഡോളറാണ് ഓഹരിവില്‍പ്പനയിലൂടെ ക്ളബ്ബ് ഉടമകള്‍ സമാഹരിച്ചത്. ഫെര്‍ഗൂസന്‍ വിരമിച്ചേക്കാം എന്നതായിരുന്നു ഓഹരി വില്‍ക്കുന്നതിന് ഉടമകള്‍ക്കുള്ള ഒരു കാരണം.

 

ഫെര്‍ഗൂസന്‍റെ കീഴില്‍ താരങ്ങളില്ലായിരുന്നു, കളിക്കാര്‍ മാത്രമായിരുന്നു ഉള്ളത്. ഓരോ നീക്കത്തിലും, ഓരോ പാസിലും, ഫെര്‍ഗൂസന്‍റെ ജനിതക മുദ്രയുണ്ടായിരുന്നു. യുനൈറ്റഡിന്റെ പരിശീലകര്‍ ഇതിനുമുമ്പും ദീര്‍ഘകാലം ആ സ്ഥാനത്തിരിന്നിട്ടുണ്ട്. 24 വര്‍ഷം പരിശീലകനായിരുന്നാണ് മാറ്റ് ബസ്ബി 1969-ല്‍ വിരമിച്ചത്. വില്‍ഫ് മാക് ഗിന്നസ്സിനെ പുറത്താക്കിയപ്പോള്‍ 1970-71-ല്‍ ബസ്ബി കുറച്ചുനാളത്തേക്ക് വീണ്ടും പരിശീലകനായി. 1977 വരെ പ്രധാനപ്പെട്ട ഒരു കിരീടവും നേടാതിരുന്ന ക്ലബ്ബ് 1974-75-ല്‍ ഇംഗ്ലണ്ടിലെ എലീറ്റ് ഡിവിഷനില്‍നിന്നും പുറത്തായിരുന്നു.

 

 

ഫെര്‍ഗൂസന്‍ പടിയിറങ്ങുമ്പോള്‍ ടീമിലെ 15 കളിക്കാരുടെ പ്രായം 23-നു താഴെയാണ്. ഭാവിയിലേക്ക് പണിതെടുത്ത ചുറുചുറുക്കുള്ള ഒരു സംഘം. അടുത്ത പരിശീലകന്‍ ആരായിരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ ഫെര്‍ഗൂസന്‍ സുപ്രധാനപങ്ക് വഹിക്കുമെന്ന് 10 വര്‍ഷക്കാലത്തെ നീണ്ട സേവനത്തിനുശേഷം യുനൈറ്റഡിന്റെ ചീഫ് എക്സിക്യൂടീവ് സ്ഥാനം ഒഴിയുന്ന ഡേവിഡ് ഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ബെക്കാമും, റൂണിയും അടക്കമുള്ള ശിഷ്യന്മാര്‍ ഫെര്‍ഗൂസന്‍റെ മികവിന്റെ സാക്ഷ്യങ്ങളായി പന്തുതട്ടുകയാണ്. എന്നാല്‍ അര്‍ജുനന്‍മാര്‍ ഏറെ വന്നിട്ടും ദ്രോണര്‍ത്തന്നെയാണ് താരം. പുതിയ പരിശീലകനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി കിരീടങ്ങള്‍ക്ക് വേണ്ടിയുള്ള, വിജയങ്ങള്‍ക്കുവേണ്ടിയുള്ള ആരാധകരുടെ കൊലവെറിയോളമെത്തുന്ന തൃഷ്ണയോ, ക്ലബ് ഫുട്ബോളിന്‍റെ വിപണി മാത്സര്യമോ, ഒന്നുമല്ല. അത് ഫെര്‍ഗൂസന്‍ വരച്ചിട്ട മികവിന്റെ മാനദണ്ഡങ്ങളാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ കൈകള്‍ മാറത്തു പിണച്ചുകെട്ടി  ചിരിക്കാന്‍ മടിച്ച്, പന്തുകളിയുടെ  ജനിതകരേഖകള്‍ കണ്ണില്‍ വരച്ചിട്ട, ഫെര്‍ഗൂസന്‍റെ പ്രതിമ അയാളെ നോക്കിനില്ക്കും; അസാധ്യമായ വെല്ലുവിളിയുമായി.

 

(ബ്ളൂംബര്‍ഗ് ന്യൂസ്)

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍