UPDATES

സിനിമ

ന്യൂ ജനറേഷന്‍കാര്‍ ആളെ പറ്റിക്കരുത് – ജീത്തു ജോസഫ്

തീയറ്ററിലെ ഇരുട്ടിലേക്ക് ചിതറി വീണ വെള്ളി വെളിച്ചത്തില്‍ നമ്മെ മോഹിപ്പിച്ച് കഥാപാത്രങ്ങള്‍, അവയ്ക്ക് ജീവന്‍ നല്‍കിയ നടീനടന്മാര്‍, എഴുത്തുക്കാര്‍, സംവിധായകര്‍ തുടങ്ങിയവര്‍ ഒരിക്കല്‍ കൂടി സിനിമാ കൊട്ടകയിലെത്തുന്നു. വെള്ളിയാഴ്ചകളില്‍ അഴിമുഖത്തില്‍ സിനിമ വിശേഷങ്ങളുമായി പുതിയ പംക്തി – സിനിമ കൊട്ടക
 
ഒരാള്‍ തീവ്രവായി ഒന്നാഗ്രഹിച്ചാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രകൃതി ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. അത്തരത്തില്‍ സിനിമയെ തീവ്രമായി ആഗ്രഹിച്ച് ഒരു ചെറുപ്പക്കാരന്‍, സിനിമകള്‍ കണ്ട് കണ്ട് സിനിമയ്ക്ക് പിറകെ പോയി ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ചരിത്രം രേഖപ്പെടുത്തിയ പേരായി മാറി അത്. മലയാളി പ്രേക്ഷകരെ ഒന്നങ്കടം തീയറ്ററിലെത്തിച്ച് സമീപക്കാലത്ത് ഏറ്റഴും വലിയ വിജയമായ ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സിനിമ കൊട്ടകയില്‍… 
 
? രാഷ്ട്രീയ പാരന്പര്യത്തില്‍ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക്
ഭൂരിഭാഗം ചെറുപ്പക്കാരെയും പോലെ സിനിമയോട് അടക്കാനാവാത്ത ഒരഭിനിവേശമായിരുന്നു എനിക്കും. പഠനക്കാലത്തും ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും സിനിമയ്ക്ക് തന്നെയായിരുന്നു. അപ്പന്‍ വി.വി.ജോസഫ് മൂവാറ്റപ്പുഴ എം.എല്‍.എയായിരുന്നു. എന്നിട്ടും വഴിമാറി സിനിമയില്‍ എത്തിയത് അതിനോടുള്ള താത്പര്യം കൊണ്ടുതന്നെയായിരുന്നു. സിനിമകള്‍ കാണുകയും അത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ചെയ്തിരുന്നത് ഇഷ്ടമായിരുന്നതുകൊണ്ടാണ്. ആ ഇഷ്ടം ക്രമേണ സിനിമ ചെയ്യുക എന്നതിലേക്ക് വഴിമാറി. ഒരുപാട് കഥാതന്തുക്കള്‍ മനസില്‍ വന്നുപോയ ഒരു കാലത്താണ് ഇഷ്ടം മാത്രം പോര, അതു പഠിക്കുകയും വേണമെന്ന് മനസിലായത്. അങ്ങനെയാണ് ഒരു ബന്ധുവഴി സംവിധായകന്‍ ജയരാജിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഹിന്ദി ചിത്രമായിരുന്ന ബീഭത്സയില്‍ സഹകരിച്ചു. ടെക്‌നിക്കല്‍ വശങ്ങള്‍ മനസിലാക്കിയപ്പോഴാണ് സ്വന്തമായൊരു സിനിമ എന്ന ആഗ്രഹത്തിന് പിറകെ ഓടാന്‍ തുടങ്ങിയത്. അത് എത്തിച്ചേര്‍ന്നതാകട്ടെ ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലും.
 
 
? ഡിറ്റക്ടീവ് സുരേഷ് ഗോപിയുടെ വേറിട്ട ശൈലിയായിരുന്നല്ലോ.
ദൂരദര്‍ശനില്‍ വന്ന ശേഖര്‍ കപൂറിന്റെ ഒരു അഭിമുഖമാണ് സത്യത്തില്‍ അത്തരമൊരു ധൈര്യത്തിന് മുതിരാന്‍ കാരണം. ഇന്‍ഡസ്ട്രീയുടെ തനത് രീതിക്ക് എതിരായി നടക്കുക, എന്നാല്‍ മാത്രമേ ഒരു മികച്ച സംവിധായകന്‍ ഉണ്ടാകു എന്ന വാക്ക് ഇരുത്തി ചിന്തിപ്പിച്ചു. സുരേഷ് ഗോപി തോക്കെടുത്തും, ബഹളമുണ്ടാക്കിയും കുറ്റം അന്വേഷിച്ച് കാലത്തായിരുന്നു വളരെ ശാന്തമായ അന്വേഷണമായി ഡിറ്റക്ടീവ് എത്തുന്നത്. സാമ്പത്തിക ലാഭം ഉണ്ടാക്കിയ സിനിമ തന്നെയായിരുന്നു അത്. 40 ദിവസം പ്‌ളാന്‍ ചെയ്ത ഷൂട്ട് 28 ദിവസം കൊണ്ടാണ് തീര്‍ത്തത്. യൂത്താണ് ആ സിനിമയെ വിജയിപ്പിച്ചത്. പിന്നീട് ടിവിയില്‍ വന്നതിന് ശേഷമാണ് ആളുകള്‍ ഇതൊരു ഫാമിലി പടമാണെന്ന് തിരിച്ചറിഞ്ഞ് വിളിക്കാന്‍ തുടങ്ങിയത്.
 
? ആദ്യ ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് നിര്‍മ്മാവ് ഇല്ലാത്തതിനാലായിരുന്നു എന്നു കേട്ടിട്ടുണ്ട്. 
(ചിരിക്കുന്നു) ചോദ്യത്തിലേക്കുവരാം അതിന് മുന്‍പ് ജയരാജ് സാര്‍ പറഞ്ഞ ഒരു കാര്യം പറയാം. ആദ്യ സിനിമ ആര്‍ക്കും എളുപ്പത്തില്‍ ലഭിക്കും. പക്ഷേ രണ്ടാമത്തെ സിനിമ, അതാണ് നിങ്ങളുടെ കഴിവ് തെളിയിക്കുന്ന സിനിമ. ഈ കാര്യം മനസിലുണ്ടായിരുന്നു. മെമ്മറീസ് ഉള്‍പ്പെടെ പല കഥകളും മനസിലുള്ളപ്പോഴാണ് മമ്മി ആന്‍ഡ് മീ എന്ന കഥയുമായി നടന്നത്. ആദ്യം സമീപിച്ച പല നടിമാരും നിരസിക്കുകയായിരുന്നു. പ്രോഡ്യൂസര്‍മാരും താരങ്ങളില്ലാത്ത സിനിമയെ കണ്ടില്ലെന്ന് നടിച്ചു. ഒടുവിലാണ് ഉര്‍വശിയും പ്രോഡ്യൂസറും പൂര്‍ണ പിന്തുണയുമായി എത്തുന്നത്. ആ ധൈര്യത്തിന് പക്ഷേ മൂന്ന് വര്‍ഷത്തോളം എടുത്തു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ വലിയ താരനിരയൊന്നുമില്ലാത്ത അതിന്റെ വിജയം മധുരമുള്ളതാണ്. അതുകൊണ്ട് തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മമ്മി ആന്‍ഡ് മീ. ആ സന്തോഷവും അഭിമാനവുമാണ് പിന്നീടുള്ള വിജയത്തിന് പ്രചോദനവും. 
 
 
? മൈ ബോസ് മോഷണമാണെന്ന ആരോപണമുണ്ടല്ലോ
സൃഷ്ടികള്‍ – അത് എഴുത്തായാലും സിനിമയായാലും ഒരര്‍ത്ഥത്തില്‍ എല്ലാം മോഷണമാണ്. നമ്മുടെ മനസിനെ സ്വാധീനിച്ച ആളുകള്‍, സംഭവങ്ങള്‍, പുസ്തകങ്ങള്‍, സിനിമകള്‍ ഇവയെല്ലാം ഒരു സൃഷ്ടിയെ വല്ലാതെ സ്വാധീനിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മൈ ബോസിന്റെ കാര്യത്തില്‍ സംഭവിച്ചത് ഒരു ഇംഗ്‌ളീഷ് സിനിമ കണ്ടപ്പോള്‍ അത് എങ്ങനെ മലയാളത്തിലേക്ക് കൊണ്ടുവരാം എന്ന ചിന്തയാണ്. ദീലിപുമായി മുന്‍പ് ഒരു സിനമ നടക്കാതെ പോയിരുന്നു. അങ്ങനെ കറങ്ങി തിരിഞ്ഞാണ് മൈ ബോസില്‍ എത്തുന്നത്. നാട്ടിന്‍പുറത്തുക്കാരനായ ഒരാള്‍ക്ക് പുറത്തുപോകാനുള്ള ആഗ്രഹവും നേരെ തിരിച്ചാലോചിക്കുന്ന നായികയും; അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്. തീര്‍ച്ചയായും കണ്ട ഇംഗ്‌ളീഷ് സിനിമയുടെ സ്വാധീനം അതിലുണ്ട്. വാസ്തവം തന്നെയാണ്. പക്ഷേ നമ്മുടേതായ സംഭാവനകളും അതില്‍ കാണാം. അതു കൊണ്ട് മോഷണം എന്നു വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
 
? M, D തുടങ്ങിയ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകളാണല്ലോ സിനിമയ്ക്ക് കൂടുതലും ഇട്ടിരിക്കുന്നത്. രാശി നോക്കിയാണോ.
ഞാന്‍ രാശിയിലോ മറ്റ് അന്ധവിശ്വാസങ്ങളിലോ വിശ്വസിക്കുന്നില്ല. കഠിനാധ്വാനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. പേരുകള്‍ സംഭവിച്ചു പോകുന്നതാണ്. ആദ്യ നാലുപേരുകളും ഇംഗ്‌ളീഷിലാണ്.  അത് കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ്. കുറ്റാന്വേഷകന് ഡിറ്റക്ടീവ് എന്ന പേരിനേക്കാള്‍ നല്ലതൊന്ന് കാണില്ല, അതു പോലെ അമ്മ മകള്‍ എന്നതിനേക്കാള്‍ നല്ലത് മമ്മി ആന്‍ഡ് മീ എന്നതാണ്. ബോസും കീഴ്ജീവനക്കാരനും തമ്മിലുള്ള കഥയ്ക്ക് മൈ ബോസ് തന്നെയാണ് അനുയോജ്യം. മെമ്മറീസിന്റെ കാര്യത്തില്‍ മറ്റൊന്നുമല്ല, നായകന്റെ ഓര്‍മ്മകളിലൂടെ പുരോഗമിക്കുന്ന കുറ്റാന്വേഷണമാണ് അത്. പക്ഷേ ദൃശ്യം ഒരു നാലാം ക്‌ളാസുക്കാരന്റെ ജീവിതമാണ്. അതിന് ഒരു ഇംഗ്‌ളീഷ് പേരും ചേരില്ല. രാശി നോക്കി സിനിമ ചെയ്ത എത്രയോ സിനിമകള്‍ പരാജയപ്പെട്ടിരിക്കുന്നു. അതിലെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
 
 
? സിനികളിലെ ത്രില്ലര്‍ സ്വഭാവം ബോധപൂര്‍വ്വമാണോ?
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് ആക്ഷന്‍, മിസ്റ്ററി സിനിമകളോടാണ് താത്പര്യം. അതിന്റെ സ്വാധീനമുണ്ടാകും. പക്ഷേ എന്റെ സിനിമകള്‍ക്ക് കാറ്റഗറി ഇല്ല എന്നതാണ് സത്യം. ആദ്യ മൂന്ന് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. പിന്നീടുള്ള രണ്ടിന്റെയും കഥകള്‍ അതിന്റെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു. അങ്ങനെ സംഭവിക്കുന്നതാണ്. പൊതുവില്‍ ഒരു കാറ്റഗറിയിലും പെട്ടുപോകാത്ത നല്ല സിനിമകള്‍, ഒരേ സമയം പ്രേക്ഷകന്‍ അയ്യേ എന്ന പറയാതിരിക്കുകയും പ്രോഡ്യൂസറുടെ കൈ പൊള്ളാതിരിക്കുകയും ചെയ്താല്‍ മതി. നല്ലതാണെങ്കില്‍ ഭയമോ, ടെന്‍ഷനോ ഉണ്ടാകില്ല.
 
? ദൃശ്യത്തിന്റെ വലിയ വിജയവും മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും എങ്ങനെ കാണുന്നു. 
ദൃശ്യം തുടങ്ങാന്‍ പ്രതിസന്ധികളായിരുന്നു. പ്രതിസന്ധിയിലാണ് ദൃശ്യം ജനിച്ചതെന്നു വേണമെങ്കില്‍ പറയാം. മറ്റൊരു സംവിധായകന് വേണ്ടിയാണ് ഇതെഴുതിയിരിക്കുന്നത്. കഥയില്‍ കോംപ്രമൈസ് ചെയ്യണമെന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് ഞാന്‍ വഴങ്ങിയില്ല. അങ്ങനെയാണ് സ്വന്തമായി ചെയ്യാം എന്നു കരുതി മമ്മൂക്കയെ സമീപിക്കുന്നത്. ആ സമയത്ത് ഇമ്മാനുവേല്‍ പോലും തുടങ്ങിയിട്ടില്ല. കഥ കേട്ട് ഇതൊരു വലിയ വിജയമാകുമെന്നായിരുന്നു മമ്മുക്കയുടെ ആദ്യ പ്രതികരണം. പക്ഷേ ആ പാറ്റേണില്‍ മറ്റു ചില സിനിമകള്‍ക്കും ഡേറ്റു കൊടുത്തതുകൊണ്ട് ക്യൂവില്‍ നില്‍ക്കാനാണ് അദ്ദേഹം പറഞ്ഞത്. ചിലപ്പോഴത് രണ്ടു വര്‍ഷം വരെ നീണ്ടെന്നും വരാം. അങ്ങനെയാണ് ലാലേട്ടന്റെ അടുത്തെത്തുന്നത്. പെട്ടെന്നു തന്നെ ഡേറ്റും കിട്ടി. സിനിമ തുടങ്ങി. മറ്റെല്ലാം ഫാന്‍സുകാര്‍ പറയുന്നതാണ്. ഇപ്പോള്‍ വലിയ വിജയം സന്തോഷം തരുന്നു. കേരളത്തിന് പുറത്ത് ഡല്‍ഹിയിലും അമേരിക്കയിലും വരെ ആഴ്ചകളായി സിനിമ ഹൗസ് ഫുള്‍ ആണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കാര്‍ഡിടുന്ന സിനിമയായി ദൃശ്യം മാറും. ഫാന്‍സുകാരെ തൃപ്തിപ്പെടുത്താന്‍ ഒരു സീന്‍ പോലും എഴുതിയിട്ടില്ല. കഥ ആവശ്യപ്പെടുന്നതുമാത്രമേ ഉള്ളു. കഥയോട് നീതി പുലര്‍ത്തിയതാണ് ഈ വിജയത്തിന് പിന്നില്‍.
 
 
? ന്യൂ ജനറേഷനേ കുറിച്ച്
സിനിമയില്‍ അത്തരമൊന്ന് എല്ലാക്കാലത്തും കാണും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും റാംജീറാവു സ്പീക്കീംഗുമെല്ലാം അക്കാലങ്ങളിലെ ന്യൂ ജനറേഷനാണ്. ഓരോ 15 – 20 വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ ഒരു ഷിഫ്റ്റ് സിനിമയില്‍ കാണാം. അതിനെ എന്തു പേരിട്ട് വിളിക്കണമെന്ന് അറിയില്ല. ന്യൂ ജനറേഷന്‍ എന്ന പേരില്‍ തെറിവിളികളും കഞാവു വലിക്കലുമെല്ലാം അശ്ലീലം ആണ്. പ്രോത്സാഹിപ്പിക്കാന്‍ ഞാനില്ല. പക്ഷേ അതെടുക്കുന്നവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. ഒരു കണ്ടീഷന്‍ മാത്രം. അതെടുക്കുന്നവര്‍ സര്‍ട്ടിഫിക്കേഷന്‍ അത് അനുസരിച്ച് ചോദിച്ചു വാങ്ങണമെന്നുമാത്രം. തീയറ്റില്‍ വരുന്ന കാണികളെയും കുടുംബങ്ങളെയും പറ്റിക്കരുതെന്ന് മാത്രം. 
 
ദൃശ്യത്തിന്റെ വിജയത്തിലാണ് ജീത്തുവും കുടുംബവും. ഭാര്യ ലിന്റ ജീത്തുവിന്റെ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറാണ്. മക്കള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അടുത്ത സിനിമയെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ടില്ലെന്നും ഇപ്പോഴും ജോര്‍ജു കുട്ടിയുടെ വിജയത്തിന്റെ അനുമോദനങ്ങളുടെ നടുവിലിരിക്കുന്ന ജീത്തു പറയുന്നു.    
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍