UPDATES

ഇന്ത്യ

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?

ടീം അഴിമുഖം

അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എ ഐ സി സി അമ്മേളനങ്ങള്‍. കോണ്‍ഗ്രസില്‍ സഞ്ജയ് ഗാന്ധി സര്‍വ പ്രതാപിയായി വാഴുന്ന കാലം. തീരുമാനങ്ങളെല്ലാം ഇന്ദിരാ ഗാന്ധിയുടെ ഈ മൂത്ത പുത്രനില്‍ നിന്നു വരും. ഈ സാഹചര്യത്തിലും കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളായ കോണ്‍ഗ്രസുകാര്‍ സത്യം വിളിച്ച് പറയാനും കൂടുതല്‍ ജനാധിപത്യത്തിന് വേണ്ടി നേതൃത്വത്തിനെതിരെ സംസാരിക്കാനും തയ്യാറാവുകയുണ്ടായി. ഇതൊരു തരത്തില്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാര്‍ടിക്കകത്തുണ്ടായിരുന്ന ജനാധിപത്യ ശൈലിയുടെ ഫലം തന്നെയായിരുന്നു. 

രണ്ട് സുപ്രധാന മീറ്റിംഗുകളാണ് ഈ വാരാന്ത്യം തലസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. ജനുവരി 17നു ഓള്‍ ഇന്‍ഡ്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെഷന്‍ നടക്കും. ഈ അടുത്തു നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്ക് നേരിട്ട പരാജയം മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. അതോടൊപ്പം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട പദ്ധതികളും ചര്‍ച്ചയ്ക്ക് വിധേയമാകും. ബിജെപിയുടെ ദേശീയ എക്സിക്യൂടീവും ദേശീയ കൌണ്‍സിലും 17 മുതല്‍ 19 വരെ ചേരുന്നുണ്ട്. അവരുടെ അജണ്ടയും ഏകദേശം അത് തന്നെ- തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന സൂചന മീറ്റിംഗിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി നല്‍കിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പാര്‍ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും  താന്‍ ഏറ്റെടുക്കുമെന്നാണ് ഒരു ഹിന്ദി ദിനപത്രത്തിനോട് രാഹുല്‍ പറഞ്ഞത്. “ഞാന്‍ കോണ്‍ഗ്രസിന്‍റെ ഒരു പടയാളിയാണ്. കോണ്‍ഗ്രസിന്‍റെ ഏതാജ്ഞയും ശിരാസവഹിക്കാന്‍ ഞാന്‍ തയ്യാറാണ്.” രാഹുല്‍ പറഞ്ഞു.
 

മറു വശത്ത് ബിജെപിയുടെ പാളയത്തില്‍ പാര്‍ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി മീറ്റിംഗിന്‍റെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു മുന്പില്‍ തന്നെയുണ്ട്. മീറ്റിംഗിന്‍റെ അജണ്ട എന്തായിരിക്കണം എന്നതു സംബന്ധിച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി പലവട്ടം അദ്ദേഹം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അജണ്ടയുടെ അന്തിമ രൂപം തയ്യാറാക്കുന്നതിന് വേണ്ടി പാര്‍ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡും മീറ്റിംഗ് ചേരുന്നുണ്ട്. ഒരാഴ്ച മുന്‍പ് ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഹൈദരബാദില്‍ യോഗം ചേര്‍ന്ന് ആം ആദ്മി പാര്‍ടിയുടെ വളര്‍ച്ച സംബന്ധിച്ച അപകട സൂചന ബിജെപിക്ക് നല്‍കുകയുണ്ടായി.

എന്തായാലും പരിപാടിക്കു മുന്‍പുള്ള മീറ്റിംഗുകള്‍ സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അജണ്ടകളും എവിടെയോ തീരുമാനിക്കപ്പെട്ടു എന്നുതന്നെയാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ കാലം മുതല്‍ക്ക് തന്നെ എ ഐ സി സിയുടെ സമ്മേളനങ്ങള്‍ രാജ്യത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം രാജ്യത്തിന്‍റെയും കോണ്‍ഗ്രസിന്റെയും ഭാഗധേയങ്ങള്‍ നിര്‍ണ്ണയിച്ച ഒട്ടനവധി എഐസിസി സമ്മേളനങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിയ്ക്കും.

സ്വാതന്ത്ര്യത്തിന് ശേഷവും എഐസിസി സമ്മേളനങ്ങള്‍ നേതൃത്വത്തിനും നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും എതിരെയും അനുകൂലിച്ചും ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായിട്ടുണ്ട്. പിന്നീട് ഈ സമ്മേളനങ്ങള്‍ വെറും കെട്ടുകാഴ്ചകളായി മാറി. അര ഡസന്‍ അംഗങ്ങള്‍ മാത്രമുള്ള കോര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എഐസിസി സമ്മേളനങ്ങള്‍ക്ക് ചെയ്യാനില്ലതായി. പ്രമേയങ്ങളും തീരുമാനങ്ങളും കോര്‍ ഗ്രൂപ് അംഗീകരിച്ചതിന് ശേഷം താഴെതട്ടിലേക്ക് ചാര്‍ത്തികൊടുക്കുന്ന രീതിയായി അത് മാറി. വളരെ അപൂര്‍വമായി മാത്രമേ ഭേദഗതികള്‍ പോലും ഉണ്ടാകാറുള്ളൂ.
 

ജെയ്പൂരില്‍ ഒടുവില്‍ നടന്ന ചിന്തന്‍ ശിബിരം തന്നെ നോക്കൂ. എല്ലാ എഐസിസി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കളും അവിടെ എത്തിയതു ഒറ്റ ഒരു തീരുമാനമെടുക്കാന്‍ വേണ്ടിയാണ് – രാഹുല്‍ ഗാന്ധിയെ പാര്‍ടിയുടെ വൈസ് പ്രസിഡന്‍റാക്കുക. ഈ തീരുമാനം പക്ഷേ ചിതന്‍ ശിബിരത്തിന് വളരെ മുന്പ് തന്നെ എടുത്തിരുന്നു. സോണിയ ഗാന്ധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിനിധികളോട് കരഘോഷം മുഴക്കാന്‍ ആവിശ്യപ്പെടുകയായിരുന്നു. പദവി ഏറ്റെടുത്തുകൊണ്ടു രാഹുല്‍ ഗാന്ധി നടത്തിയ വികാര തീവ്രമായ പ്രസംഗം ശ്രവിച്ച പ്രതിനിധികള്‍ കണ്ണീര്‍ തുടയ്ക്കുന്നത് കാണാമായിരുന്നു.

ഇനി ബിജെപിയിലേക്ക് വരാം. ആ പാര്‍ടി എങ്ങിനെയാണ് നിതിന്‍ ഗഡ്കരിയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്? എങ്ങിനെയാണ് സ്ഥാനഭ്രഷ്ടനാക്കിയത്? രാജ് നാഥ് സിംഗാണ് അടുത്ത അദ്ധ്യക്ഷന്‍ എന്നു പാര്‍ടി തീരുമാനിച്ചത് എങ്ങിനെയാണ്? മോഡിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി തീരുമാനമെടുത്തത് എങ്ങിനെയാണ്? ബിജെപിയുടെ കാര്യത്തിലും പാര്‍ലമെന്‍റ് ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ തലകുലുക്കി സമ്മതിക്കുന്നതിലപ്പുറം മറിച്ചൊരു തീരുമാനം ദേശീയ എക്സിക്യൂട്ടീവോ കൌണ്‍സിലോ എടുക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്‍റ് ബോര്‍ഡും നോക്കുക്കുത്തിയായി തീര്‍ന്നിരിക്കുന്നു. നേരത്തെ ശാസനങ്ങള്‍ വന്നിരുന്നത് പൃഥ്വിരാജ് റോഡിലുള്ള എല്‍ കെ അദ്വാനിയുടെ വസതിയില്‍ നിന്നോ അല്ലെങ്കില്‍ പാര്‍ടിയിലെ തന്‍റെ എതിരാളികളെ എന്നും വൈകാരികമായി ചൂഷണം ചെയ്തിരുന്ന എ ബി വാജ്പേയിയില്‍ നിന്നോ ആയിരുന്നു. ഇപ്പോള്‍ അത് മാറി അഹമ്മദാബാദിലെ മോഡി ആസ്ഥാനത്തില്‍ നിന്നോ അല്ലെങ്കില്‍ നാഗ്പൂരിലെ ആര്‍എസ് എസ് ആസ്ഥാനത്തില്‍ നിന്നോ ആയി തീര്‍ന്നിരിക്കുന്നു.
 


 

മറ്റ് ദേശീയ പാര്‍ടികളും ഇക്കാര്യത്തില്‍ വ്യത്യസ്തരൊന്നുമല്ല. ബി എസ്പിയില്‍ മായവതിയാണ് അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത്. എന്‍സിപിയില്‍ ശരദ് പവാറോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സിപിഐയുടെയും  സിപിഐ (എം)ന്ടെയും കാര്യത്തില്‍ കേന്ദ്ര നേതൃത്വമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ സംസ്ഥാന നേതൃത്വങ്ങളോ തീരുമാനങ്ങള്‍ തങ്ങള്‍ക്കനുകൂലമായി എടുക്കുകയാണ് പതിവ്. വെസ്റ്റ് ബംഗാളിലും കേരളത്തിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ഈ രണ്ടു പാര്‍ടികളിലും ഉള്ളത്. ഒരു വ്യക്തിയിലോ അല്ലെങ്കില്‍ ഒരു കുടുംബത്തിലോ കറങ്ങുന്നതാണ് പ്രാദേശിക പാര്‍ടികളുടെ രീതി. ഇത് ഉള്‍പ്പാര്‍ടി ജനാധിപത്യം നടപ്പിലാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം നടപ്പ് സമ്മേളനങ്ങള്‍ ഒരു തരത്തിലും ജനാധിപത്യപരമല്ല. ഒരു ന്യൂനപക്ഷത്തിന്‍റെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ ഭൂരിപക്ഷം പ്രതിനിധികളും നിര്‍ബന്ധിക്കപ്പെടുകയാണ് ഇവിടെ.

ജനാധിപത്യം എന്തെന്ന് പഠിക്കുകയാണ് രാഷ്ട്രീയ പാര്‍ടികള്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍