UPDATES

ഇന്ത്യ

നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?

ടീം അഴിമുഖം 

രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കുറിച്ച് സ്വാതന്ത്ര്യ സമര സേനാനി,​ ഇന്ത്യയുടെ വാനന്പാടി എന്ന അറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ശ്രദ്ധേയമായൊരു പരാമർശമുണ്ട്. ഗാന്ധിയുടെ ലാളിത്യം നിറഞ്ഞ ജീവിതം തന്നെ ചെലവേറിയ ഒന്നാണെന്നായിരുന്നു അത്. ഒരു പരിധിവരെയെങ്കിലും അത് ശരിയാണ്. ഗാന്ധിജിക്ക് ധനവാന്മാരായ നിരവധി അഭ്യുദയകാംക്ഷികളുണ്ടായിരുന്നു. ബിർളയും ബജാജുമെല്ലാം അവരിൽ പ്രമുഖരായ ചിലർ മാത്രം. ബിർളയുടെ സ്വന്തം വസതിയായിരുന്ന ഡൽഹിയിലെ ബിർളാ ഹൗസിലാണ് ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ 144 ദിവസം ചെലവഴിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും ധനവാന്മാരായ വ്യക്തികൾ സ്വന്തം പോക്കറ്റിലുണ്ടായിരുന്നപ്പോഴും ഒരിക്കലും ഗാന്ധിജി ആ ബന്ധങ്ങൾ തന്റെ നേട്ടങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ മക്കൾക്കോ വേണ്ടിപോലും ഉപയോഗിച്ചിരുന്നില്ല. ഇവിടെ ഗാന്ധിയുടെ മഹത്വം വിളിച്ചോതാനും പലർക്കും അറിയാവുന്ന കഥകൾ വീണ്ടും വിവരിക്കാനുമല്ല അഴിമുഖം ശ്രമിക്കുന്നത്. എന്നാൽ ചില ഉദാഹരണങ്ങളിലൂടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തെയും യുവ നേതാക്കന്മാരെയും അവർ പിന്തുടരുന്ന രീതിയിലും അവരുടെ ജീവിതശൈലിലൂടെയും വിലയിരുത്താനാണ് ശ്രമിക്കുന്നത്.

പണ്ടെത്തെ നേതാക്കൾക്ക് മുതലാളിമാരിൽ നിന്നും എത്ര അകലം പാലിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നെങ്കിൽ ഇന്നത്തെ നേതാക്കൾക്ക് കോർപ്പറേറ്റുകളോട് എത്ര അടുപ്പം പുലർത്തണമെന്ന കാര്യം മാത്രമാണ് അറിയാവുന്നത്.

എന്നാൽ ഇതിന് ഉടൻ മാറ്റം വരുമെന്ന സൂചനകൾ തെളിഞ്ഞുകാണുന്നുണ്ട്.  ആം ആദ്മി പാർട്ടി തന്നെ അതിനൊരു വഴിക്കാട്ടിയാണെന്ന് പറയാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വരവ് ചെലവ് കണക്കുകൾ വള്ളിപ്പുള്ളി തെറ്റാതെ പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കണമെന്ന് ആം ആദ്മി അവരുടെ പ്രവൃത്തിയിലൂടെയാണ് കാണിച്ചുതന്നത്. ഒരു രൂപയുടെ വരവും അവർ വെബ്സൈറ്റിൽ പ്രസിദ്ധിപ്പെടുത്തി. ഇതേ പോലെ നേതാക്കളുടെ ജീവിതശൈലിയും ജീവിതരീതിയും വരുമാന സ്രോതസ്സും സുതാര്യമാകണമെന്നും അത് നടപ്പിൽ വരുത്താനും ആ പാർട്ടി പ്രയത്നിനിക്കുന്നുണ്ട്. ഇത് കോർപ്പറേറ്റുകളിൽ നിന്നും കാശും വാങ്ങി അവരുടെ ചെലവിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കൾക്കുള്ള താക്കീതാണ്. പണം വന്ന വഴി വ്യക്തമാക്കണമെന്ന് നേതാക്കളോട് ജനം ആവശ്യപ്പെടുന്ന അവസ്ഥയും അധികം താമസിയാതെ സംജാതമായേക്കും. 

ഇന്നത്തെ നേതാക്കൾക്ക് ജീവിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നുവെന്ന കാര്യത്തിലും സംശയങ്ങൾ നിരവധിയാണ്. ഔദ്യോഗിക പദവിയുള്ളവരുടെ കാര്യത്തിൽ സംശയങ്ങൾ മാറ്റിവയ്‌ക്കാമെങ്കിലും പദവികളില്ലാത്ത നേതാക്കളുടെ കാര്യം എങ്ങനെ വിലയിരുത്തണം. അതിന് പുറമേ,​ പല നേതാക്കളുടെയും കൂടെ സാറ്റ്‌ലൈറ്റുകളായി നടക്കുന്ന നിരവധി ആളുകളുണ്ട്. അവരുടെയൊക്കെ ഉപജീവനമാർഗ്ഗവും ഈ സാറ്റ്‌ലൈറ്റ് പണി തന്നെ. അപ്പോൾ ഒരു വലിയ നേതാവിനൊപ്പം സിൽബന്ദികളായി എപ്പോഴും കുറഞ്ഞത് പത്ത് പേരുണ്ടെങ്കിൽ,​ അവരുടെ ഭക്ഷണം,​ ചായ,​ മറ്റ് ചെലവുകൾ,​ തുണി അലക്കി തേയ്ഡക്കാനുള്ള പണം തുടങ്ങിയ ചെലവുകൾ നൽകേണ്ടത് ഈ മഹാനേതാവാണ്. അല്ലെങ്കിൽ ഈ നേതാവിനെ വച്ച് സിൽബന്ദികൾ കാശ് ഉണ്ടാക്കികൊള്ളണം.
 

യൂറോപ്യൻ രാജ്യങ്ങളിൽ മുൻ മന്ത്രിമാരും മറ്റുമെല്ലാം അവരുടെ രാഷ്ട്രീയ ജീവിതത്തിന് ശേഷം,​ അതായത് മന്ത്രിപദം ഉപേക്ഷിച്ച ശേഷം കോളേജുകളിലോ സർവകലാശാലകളിലോ പഠിപ്പിക്കുകയും മറ്റും ചെയ്യുന്നവരാണ്. എന്നാൽ,​ ഇവിടെ അങ്ങനെയാണോ. ഏതെങ്കിലുമൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായി പോയിട്ടുണ്ടെങ്കിൽ പിന്നെ ജീവിതം അതുവഴി തന്നെ. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് യൂവജന പ്രസ്ഥാനത്തിലേക്ക് അവിടെ നിന്ന് ചില‌ർ തൊഴിലാളി നേതാവായും,​ മറ്റു ചിലർ പോഷക സംഘടനയുടെ നേതാക്കളായും ചിലർ സംഘടനയുടെ തന്നെ നേതാവായും അറ്റകൈ പ്രയോഗമെന്ന നിലയിൽ കൈകൊണ്ട് മൺവെട്ടി തൊട്ടിട്ടില്ലാത്ത ചില യുവ കോമളന്മാർ കർഷക സംഘടനകളുടെ നേതാവായി പോലും അവരോധിതരാകും. എന്നാൽ ഈ കാലഘട്ടത്തിനിടയിൽ ഇവരുടെ വീടുകളിൽ മണിമാളികയായും ഇവരുടെ സ്വത്ത് വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. അത് എവിടെ നിന്നാണെന്ന് മാത്രം ആരും എവിടെയും പറയുന്നില്ല.

പല യുവ നേതാക്കളും ഇന്ന് ജീവിക്കുന്നത് തന്നെ ‘ഡീലിംങ്ങു’കൾ നടത്തിയാണ്. സംഘടനയുടെ അദ്ധ്യക്ഷനും ഔദ്യോഗിക സ്ഥാനമാനങ്ങളുമുള്ളപ്പോഴാണ് യാത്രാബത്തയും മറ്റും ലഭിക്കുക. എന്നാൽ മുൻ ഭാരവാഹികൾ എന്ന പദവിയിലേക്ക് എത്തുന്നതോടെ ഈ നേതാക്കൾ ഡൽഹിയിലേക്ക് വച്ചു പിടിക്കുകയാണ് ഇന്നത്തെ ശൈലി. ഇവിടെ വന്ന ശേഷം രാഷ്ട്രീയനേതാക്കളും മുതലാളിമാരും തമ്മിലുള്ള ലിങ്കിംഗായി ഇവർ പ്രവർത്തിക്കുന്നു. അവരുടെ വരുമാന സ്രോതസ്സ് തന്നെ അതായി മാറുന്നു. അതല്ലേ ഇവിടെ സംഭവിക്കുന്നത്.

ഇന്ത്യയിലെ ഒരു നഗരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അഴിമുഖത്തിനോട് പറഞ്ഞത് അദ്ദേഹത്തിനൊപ്പം നിൽക്കുന്ന 40 ആളുകളുടെ മാത്രം ചെലവ് നോക്കാൻ അദ്ദേഹത്തിന് പ്രതിമാസം വേണ്ടിവരുന്നത് കുറഞ്ഞത് 10 ലക്ഷം രൂപയാണെന്നായിരുന്നു. അധികാര കേന്ദ്രങ്ങളിൽ സ്ഥാനമില്ലാത്ത രാഷ്ട്രീയ പാർട്ടിയാണ് ഇതെന്ന് കൂടി ഓർക്കണം. അപ്പോൾ പിന്നെ അധികാര കേന്ദ്രങ്ങളിൽ സ്ഥാനമുള്ള രാഷ്ട്രീയ പാർട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
 

ജീവിതത്തിൽ സുരാര്യതയും ലാളിത്യവും പുലർത്തിയിരുന്ന നേതാക്കന്മാർ പണ്ട് എല്ലാ പാർട്ടികളിലുമുണ്ടായിരുന്നു. അതേ പാത പിന്തുടരുന്ന ചിലരൊക്കെ ഇന്നു എല്ലാ പാർട്ടിയിലുണ്ടെന്നതും മറക്കുന്നില്ല. വി.എസും എ.കെ. ആന്റണിയും സുധീരനും ജയ്‌റാം രമേശുമൊക്കെ ജീവിതത്തിൽ സുതാര്യത കാത്തുസൂക്ഷിക്കുന്ന നേതാക്കളാണെന്നതിൽ സംശയമില്ല.

കേരളം കണ്ട ഏറ്റവും ശക്തനായ കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദർ നായർ എന്ന സി.കെ.ജിയുടെ സത്യസന്ധ്യത ഈ അവസരത്തിൽ അനുസ്‌മരിക്കുന്നു. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പ്രഖ്യാപിച്ച, സ്പീക്കറാകാൻ സി.എച്ച്. മുഹമ്മദ് കോയയെ കൊണ്ട് മസ്ലിം ലീഗ് അംഗത്വം രാജിവയ്‌‌പ്പിച്ച സി.കെ.ജി കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമായിരുന്നു. രോഗബാധിതനായി മെഡിക്കൽ കോളേജിൽ കിടന്ന സി.കെ.ജിയെ കാണാൻ വന്ന കുളത്തുങ്കൽ പോത്തൻ 2000 രൂപ അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുത്തു. പോത്തൻ പോയ ശേഷം ആ പണം കെ.പി.സി.സി ഓഫീസിലേക്ക് ദൂതൻ മുഖേന കൊടുത്തയച്ച സി.കെ.ജി അത് കണക്ക് പുസ്ത‌കത്തിൽ വരവ് വയ്‌പ്പിക്കുകയും ചെയ്തു. ഇതു പോലെ ചെയ്യാൻ ഇന്നത്തെ നേതാക്കൾക്ക് ചങ്കുറ്റമുണ്ടോ. ഇന്ന് ആ കണക്ക് പുസ്‌തകത്തിൽ കോർപ്പറേറ്റുകൾ നൽകിയ സംഭാവനകൾ മാത്രമായിരിക്കുമല്ലോ നിറഞ്ഞിരിക്കുക.

കേരളത്തിൽ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള ഏലംകുളം എന്ന സ്ഥലത്തെ 50000ത്തോളം പറ നെല്ല് പാട്ടമളന്നിരുന്ന ഏലംകുളം മനയിലെ അംഗമായിരുന്നു കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നന്പൂതിരിപ്പാട്. 1946ൽ മന ഭാഗം വച്ചപ്പോൾ കിട്ടിയ തന്റെ സ്വത്തെല്ലാം സ്വന്തം പാർട്ടിക്ക് വേണ്ടി ത്വജിച്ച വ്യക്തിയാണ് ഇ.എം.എസ്. നാടുനീളെ പട്ടിണിജാഥകൾ നടത്തിയ ഐതിഹാസികനായ എ.കെ.ജിയുടെ കഥയും മറ്റെന്നല്ല. എ.കെ.ജിയുടെ ജനിച്ച ഗൃഹം പോലും അടുത്തിടെ പാർട്ടിക്ക് സംരക്ഷിക്കാൻ കഴിയാതെ വന്നിരുന്നു. ഇത്തരത്തിൽ എത്ര എത്ര നേതാക്കന്മാരുടെ സ്വത്ത് ത്യാഗം ചെയ്ത കെട്ടിപടുത്ത പ്രസ്ഥാനത്തിലെ ഇന്നത്തെ നേതാകന്മാർ അത് ആലോചിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. അങ്ങനെയൊരു ജീവിതം ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷ രാഷ്ട്രീയ നേതാക്കൾക്കും കഴിയില്ലെന്ന് ഏത് കൊച്ചുകുട്ടിയും ഉറപ്പിച്ചു പറയാനാകും.
 

ലക്ഷദ്വീപിനെ  പാർലമെന്റിൽ പ്രതിനിധീകരിച്ച പി.എം. സയിദിന്റെ കോട്ട് കടം വാങ്ങിയാണ് ഇന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി തണുപ്പിൽ കുതിർന്ന റഷ്യയിൽ പോയത്. വിദേശത്ത് പോയി ചികിത്സ നടത്താൻ ഐ.എ.സി.സിയിൽ നിന്ന് അനുവദിച്ച തുകയിൽ ബാക്കി വന്ന പണം കണക്കുകൾ ബോധിപ്പിച്ചുകൊണ്ട് എ.ഐ.സി.സിക്ക് തന്നെ മടക്കി നൽകിയ വി.എം. സുധീരനെ പോലെ സുതാര്യത കാണിക്കാൻ ആരെങ്കിലും ഇന്നുണ്ടോ.

മുഖ്യമന്ത്രി പദം രാജിവച്ച ശേഷം ഔദ്യോഗിക കാർ ഉപേക്ഷിച്ച് മടങ്ങാൻ ശ്രമിക്കുവേ സി.എച്ച്.മുഹമ്മദ് കോയയുടെ കൈയ്യിൽ ടാക്സി വിളിക്കാൻ പോലും ചില്ലി കാശുണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ ബേബി ജോൺ പോക്കറ്റിലേക്ക് അഞ്ഞൂറ് രൂപ ഇട്ടുകൊടുത്തു. ആ പണം ഉപയോഗിച്ചാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ഇന്ന് അതേ പാർട്ടിയിലെ ഒരു പ്രമുഖ മന്ത്രി വിദേശ നിർമ്മിതമായ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നു.

വിവാഹം പോലും മറന്ന് പാർട്ടിക്ക് വേണ്ടി തനിക്കുള്ളതെല്ലാം സംഭാവന നൽകി,​ തന്റെ ചോരയും നീരും ഒഴുക്കിയ വ്യക്തിയാണ് ആർ. സുഗതൻ. ഉടത്തിരുന്ന കൈലിയുമുടുത്ത് റഷ്യയിൽ പോകാൻ പോലും സുഗതൻ സാറിന് കഴിയുമായിരുന്നു. സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ആഫീസായ എം.എൻ. സ്‌മാരകത്തിലെ ഒന്നാം നിലയിലെ ഇടത്തെ മുറിയിലാണ് സുഗതൻ തന്റെ അവസാന കാലം ജീവിച്ചുതീർത്തത് (ആ മുറിയിലാണ് നിലവിലെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ താമസിക്കുന്നത്)​ . പാർട്ടിക്കാർ തന്നെയാണ് ആ തൊഴിലാളി നേതാവിനെ അവസാന നിമിഷം വരെ നോക്കിയതും. ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരിൽ എത്ര പേരാണ് നിസ്വാർത്ഥമായ ജീവിതം നയിക്കുന്നത്.

പീച്ചി സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രി പദം ഒഴിഞ്ഞ പി.ടി.ചാക്കോ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിപോയിരുന്നു. എന്നാൽ അകാലത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞപ്പോൾ,​ പെൺമക്കളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവുമൊക്കെ ഏറ്റെടുത്തത് പാർട്ടിയും ജനങ്ങളുമാണ്. എന്നാൽ ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ഇവരുടെയൊക്കെ പിന്മുറക്കാർ അഞ്ച് തലമുറയ്‌ക്കുള്ളത് സ്വരൂക്കൂട്ടിവയ്‌ക്കാനാണ് ശ്രമിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. 

ഇന്നത്തെ യു.പി.എ മന്ത്രിസഭയിലുമുണ്ട് ആന്റണിക്കൊപ്പം ലാളിത്യം പുലർത്തുന്ന ചിലർ. ഇതുവരെ കാറിന് മുകളിൽ റെഡ് ബീക്കണോ സുരക്ഷയോ ഉപയോഗിക്കാത്ത ജയ്‌റാം രമേശ് മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന വ്യക്തിത്വമാണ്. സ്വന്തം വീട്ടിലുമാണ് അദ്ദേഹം താമസിക്കുന്നത്.
 

കേരളത്തിൽ അഴിമതി ആരോപണങ്ങൾ തന്നെ അര നൂറ്റാണ്ടിന് മുൻപ് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു. അന്നത്തെ നേതാക്കൾക്കെതിരെ അഴിമതി ആരോപണമുയർത്തിയാൽ ജനം അവരെ കാർക്കിച്ചു തുപ്പുമായിരുന്നു. കാരണം അവരൊക്കെ ആരാണെന്ന് ജനത്തിന് അറിയമായിരുന്നു. ഇന്ന് അങ്ങനെ ജനം വിശ്വസിക്കുമോ. ഇല്ലെന്ന് ഉറപ്പിക്കാം.

കെ.പി.സി.സി പ്രസിഡന്റായിരുന്ന കുന്പളത്ത് ശങ്കുപിള്ളയ്‌ക്കെതിരെ പത്രത്തിൽ അഴിമതി ആരോപണമുയർന്നുവന്നപ്പോൾ,​ അദ്ദേഹം പ്രതികരിച്ചില്ല. പ്രതികരണം ആവശ്യപ്പെട്ടപ്പോൾ,​ താൻ ഇതിന് പ്രതികരിച്ചാൽ,​ നാളെയൊരു ദിവസം കുന്പളത്ത് ശങ്കുപിള്ളയ്ക്ക് ഗർഭമാണെന്ന് മറ്റൊരു പത്രം എഴുതും,​ അതിനും പ്രതികരിക്കേണ്ടിവരുമെന്നായിരുന്നു അദേഹത്തിന്റെ മറുപടി. 

ഇന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളും അഴിമതിയും കുംഭകോണങ്ങളുമൊക്കെ ഉയർന്നുവരുന്നതിന്റെ പിന്നിലെ ഒരു കാരണമായെങ്കിലും നേതാക്കളുടെ ഈ ജീവിതശൈലിയെ കാണാനാകും. രാഷ്ട്രീയ നേതാക്കളുടെ സിൽബന്ദികളായി പ്രവർത്തിച്ച് ദല്ലാൾ പണി നടത്തുന്ന സാറ്റ്‌ലൈറ്റുകൾക്ക് വൈകാതെ മരണം സംഭവിക്കുമെന്ന് അഴിമുഖവും പ്രതീക്ഷിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍