UPDATES

വിദേശം

ചാവേറുകളുടെ ലോകത്തിലൂടെ

ജെസ്സിക്ക സ്‌റ്റേണ്‍

 

മുടിനാരിഴകളെ വരെ വിറങ്ങലിപ്പിക്കുന്ന ഭയമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ? ചില നേരങ്ങളിലെങ്കിലും അത്തരം പേടികളുമായി ഞാന്‍ നേര്‍ക്ക് നേര്‍ നിന്നിട്ടുണ്ട്. ‘ജിഹാദിന്’ ചാവേര്‍ പോരാളികളെ തെരഞ്ഞെടുക്കുന്ന ഒരു നേതാവിനെ കണ്ടപ്പോളും, എന്തുകൊണ്ട് ഭീകരവാദികള്‍ അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് അന്വേഷിച്ച്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവരുമായി അഭിമുഖം നടത്തിയപ്പോഴും ഞാനതറിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ഊഹിക്കാവുന്നതിലും അധികം വേദനയും മന:പ്രയാസവും അതുണ്ടാക്കിയിട്ടുണ്ട്.

 

ഒരു ആണ്‍ കൂട്ടിയെ ഭീകരവാദിയാക്കുന്നത്തിലെ തലതിരിഞ്ഞ യുക്തി പലപ്പോളും എനിക്കു മനസിലാകാറുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി എന്നത് പാകിസ്ഥാനിലായാലും  ഇന്തോനേഷ്യയിലായാലും ടെക്‌സാസിലായാലും ഭീകരവാദികള്‍ നിങ്ങളെ അതിഥികളായി ചായ തന്നു തന്നെ സ്വീകരിക്കും എന്നതാണ്. അവരെല്ലാം അങ്ങേയറ്റം വ്യത്യസ്തരും അവരുടെ ആശയങ്ങള്‍ വിഭിന്നവുമാണ്. അത് ഉന്മാദത്തോളമെത്തുന്ന ദേശീയവാദമാകാം, തങ്ങള്‍ ആരാധിക്കുന്ന ദൈവത്തെ തൃപ്തിപ്പെടുത്താനാകം, കുലമഹിമയില്ലാത്തവരെന്നു അവര്‍ കരുതുന്നവരെ തുടച്ചുനീക്കി ഭൂമിയെ ശുദ്ധീകരിക്കാനാകാം. അവരില്‍ ചിലര്‍ ജീവിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ സമ്പന്നതയുടെ നടുവില്‍ കഴിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയാത്ത ദുര്‍ഘടം പിടിച്ച യുദ്ധമേഖലകളിലാണ്; എന്നാല്‍ പുറം ലോകത്തുള്ളവര്‍ക്ക് യുദ്ധം അവരുടെ മനസില്‍ തന്നെയാണ്, അവരുടെ സ്വത്വ പ്രതിസന്ധികളില്‍. 

 

ചിലര്‍ക്ക് പണം കിട്ടുന്നുണ്ട്, ചിലരെ പറഞ്ഞു പേടിപ്പിച്ചിരിക്കുകയാണ്, ചിലരെ ‘ദൌത്യ’തിനായി തെരെഞ്ഞെടുത്തതാണ്, ചിലര്‍ നാട്ടിലോ അന്യനാട്ടിലോ സ്വയം തെരഞ്ഞെടുത്ത വിശുദ്ധ യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിച്ചവരാണ്. സോഖര്‍, ടമര്‍ലന്‍ സര്‍നെവ് എന്നിവരുടെ കാര്യത്തില്‍ രണ്ടാമത് പറഞ്ഞതാണ് ശരിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്കക്കെതിരെയുള്ള ‘ജിഹാദിലെ’ സ്വയം പ്രഖ്യാപിത പോരാളികളായിരുന്നു അവര്‍. ഇത്തരം ചെറുത്തുനില്‍പ്പുകാരെയും, ചെറു സംഘങ്ങളെയും, മനസ്സിലാക്കാനും തടയാനും കഴിയണമെങ്കില്‍ വ്യക്തികളെന്ന നിലയില്‍ ഭീകരവാദികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നുകൂടി നാം അറിയണം. വായിച്ചു പഠിച്ചതൊന്നും നമ്മെ അവിടേക്കെത്തിക്കുകയില്ല. ഒരു പ്രത്യേക നേതൃത്വത്തിന്റെ കീഴിലല്ലാതെയുള്ള ചെറുത്തുനില്പ്പുകളും, ഒറ്റയാന്‍ ഭീകരവാദവും, ആ വ്യക്തികളുടെ സ്വഭാവത്തെയും അവരുടെ  അനുഭവങ്ങളേയും ആശ്രയിച്ചിരിക്കുന്നു. ഒറ്റയാന്‍ കൊലയാളികള്‍ക്കും, ചെറു സംഘങ്ങള്‍ക്കും സമാനതകളുണ്ടാകാം, എന്നാല് അവരുമായി സംസാരിക്കുന്നത് വരെ നമുക്കത് അറിയില്ലെന്ന് മാത്രം. അത് ശാസ്ത്രത്തിനപ്പുറം ഒരു കലയാണ്. ഇപ്പോള്‍ സോഖറിന്റെ കാര്യത്തില്‍ അന്വേഷകര്‍ കണ്ടെത്തുന്നതുപോലെ അമ്പരപ്പിക്കുന്നതും, മറ്റൊരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതുമാകും.

 

 

കഴിഞ്ഞ വേനല്ക്കാലത്ത്, ഒരു നവനാസിയെ ഞാന്‍ അഭിമുഖം നടത്തി. തങ്ങളുടെ സംഘത്തിന് പണമുണ്ടാക്കാനായി ഒരു ബാങ്ക് കവര്‍ച്ച നടത്തുന്നതിനിടെ രണ്ട് പൊലീസുകാരെ കൊന്നയാള്‍ ആയിരുന്നു അത്. മോഷണ ശ്രമം പരാജയപ്പെട്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ബോസ്‌നിയയില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഒരു കൂലിപ്പട്ടാളക്കാരനായിരുന്നു അയാള്‍. ക്രൊയേഷ്യന്‍ ഭാഗത്തിന് വേണ്ടിയായിരുന്നു അയാള്‍ യുദ്ധം ചെയ്തത്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് നാസികളുമായി കൂട്ടുചേര്‍ന്നിരുന്ന ഉസ്ടാഷി എന്ന ക്രൊയേഷ്യന്‍ വിപ്ളവ മുന്നേറ്റ സംഘടനയുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിലാണ് താന്‍ ആകൃഷ്ടനായത് എന്നാണ് അയാള്‍ പറഞ്ഞത്. ഒരു അതീവ സുരക്ഷാ തടവറയില്‍ ജീവപര്യന്തം തടവനുഭവിക്കുകയാണെങ്കിലും ആരെ കാണണം എന്ന കാര്യത്തില്‍ അയാള്‍ക്ക് സ്വന്തം നിബന്ധനകളുണ്ട്. എന്നോടു സംസാരിക്കാന്‍ സമ്മതിക്കും മുമ്പ്, ഞാന്‍ അവസാനമായി എഴുതിയ രണ്ട് പുസ്തകങ്ങള്‍ വായിക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു; അതിലൊന്ന് ഭീകരവാദത്തെക്കുറിച്ചായിരുന്നു. അടുത്തത് എന്‍റെ 15 വയസ്സില്‍ ഞാന്‍ ഇരയായ ബലാത്സംഗത്തെക്കുറിച്ചും. ആ പുസ്തകം അയാള്‍ക്ക് നല്കുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. ഒരു ഭീകരവാദിയുടെ മനസ്സില്‍ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ തമ്മിലുണ്ടായ കരാറില്‍ അതുണ്ടായിരുന്നു, ഞാനതിന് സമ്മതിച്ചു.

 

ആദ്യ ദിവസം രണ്ടും, അടുത്ത ദിവസം നാലും മണിക്കൂര്‍ അഭിമുഖം നടത്താന്‍ ജയില്‍ അധികൃതര്‍ എനിക്ക് അനുവാദം തന്നു. അഭിമുഖം റിക്കോര്‍ഡ് ചെയ്യാന്‍ എന്നെ അനുവദിച്ചില്ല. എന്റെ പേന പോലും ജയിലിനകത്തേക്ക് കൊണ്ടുവരാന്‍ അവര്‍ അനുവദിച്ചില്ല. റിക്കോര്‍ഡ് ചെയാനുള്ള  വല്ല ഉപകരണവും ഞാന്‍ അതില്‍ ഒളിപ്പിച്ചുവെച്ചാലോ എന്നായിരിക്കണം അവരുടെ പേടി!  ജയിലേക്ക് ഭക്ഷണവും എന്തിന് വെള്ളം പോലും കൊണ്ടുപോകാന്‍ അനുവാദം തന്നില്ല. അതുകൊണ്ട് ജയിലിലെ ഭക്ഷണശാലയില്‍ നിന്നും അയാളെനിക്ക് ചായ കൊണ്ടുവന്നു തന്നു, രണ്ടാം ദിവസം സാന്‍വിച്ചും. നാല് മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഇയാളെപ്പോലൊരാളോട് വേണ്ടത്ര ഊര്‍ജമില്ലാതെ സംസാരിക്കുക ഒട്ടും എളുപ്പമല്ല. അയാള്‍ തരുന്നതെന്തും കഴിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അയാള്‍ തന്ന ഒരു സാന്‍വിച്ചില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തില്‍ ഒരു കടിയടയാളം ഉണ്ടായിരുന്നു. കടിച്ചിട്ടില്ലെന്ന് പുറമേക്ക് തോന്നിയ ഒരെണ്ണം ഞാനെടുത്തു. അയാള്‍ അതില്‍ തുപ്പിയിട്ടില്ലെന്ന് സങ്കല്പ്പിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. തനിക്കുള്ള ആ വികാരം എന്നിലേക്ക് സംക്രമിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നു എന്നെനിക്ക് തോന്നി; ഒരുതരം മരവിപ്പ്.

 

എന്റെ ബലാത്സംഗ കഥ ആ മുറിയുടെ അന്തരീക്ഷത്തില്‍ കൊണ്ടുവരാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിച്ചു. ഞാന്‍ ബലാത്സംഗത്തിന് ഇരയായ വര്‍ഷമാണ് താന്‍ ജനിച്ചതെന്ന് അയാള്‍ പറഞ്ഞു. അത് തുടക്കത്തില്‍ത്തന്നെ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു ശ്രമമായാണ് എനിക്ക് തോന്നിയത്. ഞങ്ങളൊരുമിച്ചുള്ള 6 മണിക്കൂര്‍ നേരത്തേക്ക് അയാള്‍ക്ക് മേല്‌ക്കോയ്മ അനുവദിച്ചു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അടിയന്തര ഘട്ടം വന്നാല്‍ സൈറണ്‍ മുഴക്കാനുള്ള സംവിധാനം കാവല്ക്കാര്‍ എന്നെ കാണിച്ചിരുന്നു. നവനാസി എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിച്ചാല്‍ ആ സൈറന്‍റെ ആവശ്യം വേണ്ടിവരില്ല എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, എന്നെ കൊല്ലണമെന്നതിനെക്കാള്‍, എന്നോട് സംസാരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നതെന്നും എനിക്ക് തോന്നി. ഒരുതരം പാപമോചനമാണ് അയാള്‍ക്ക് വേണ്ടതെന്ന് ഞാന്‍ വിശ്വസിച്ചു.

 

ഞാനും ആ ഭീകരവാദിയും തമ്മില്‍ പരസ്പരം പറയാത്ത ഒരു ഉടമ്പടിയുണ്ടായിരുന്നു; ഞാന്‍ അരക്ഷിതാവസ്ഥയുടെ ദൗര്‍ബല്യം സ്വയമണിയും; അയാള്‍ എന്നെ ഉപദ്രവിക്കുകയുമില്ല. അയാളുടെ പരുഷ ഭാവങ്ങളും, സ്വയം എടുത്താണിഞ്ഞിട്ടുള്ള ക്രോധവും എല്ലാമുണ്ടെങ്കിലും, ഭയം പുറത്ത് കാട്ടാത്തിരിക്കാനും, അയാളെന്നെ ആക്രമിക്കില്ലെന്ന് വിശ്വസിക്കാനും ഞാന്‍ പരിശ്രമിക്കേണ്ടിയിരുന്നു. പകരം, അയാളെന്നോട് സത്യം പറയാന്‍ തുടങ്ങും, പക്ഷേ അര്‍ദ്ധ സത്യങ്ങള്‍… ഇതായിരുന്നു ആ ഉടമ്പടി. ആളുകളെ കൊല്ലുന്നത് തനിക്കിഷ്ടമാണെന്ന് ആ നവാനാസി എന്നോട് പറഞ്ഞു. ‘എല്ലാ ഭീകരവാദികളും എന്നെപ്പോലെയാണ്. കൊല്ലുന്നതിനെ ന്യായീകരിക്കാനുള്ള ഒരു കാരണം അവര്‍ക്കുണ്ടാകും, പക്ഷേ കൊല്ലാനുള്ള ത്വരയാണ് മുന്നില്‍ നില്ക്കുന്നത്’, അയാള്‍ പറഞ്ഞു. ഭീകരവാദത്തിന്റെ ഈ വ്യാഖ്യാനത്തോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല, ഞാനതും പറഞ്ഞു തര്‍ക്കിച്ചില്ലെങ്കിലും. കുട്ടിക്കാലത്ത് ജന്തുക്കളെ പീഡിപ്പിച്ചിരുന്നെന്ന് അയാള്‍ പറഞ്ഞു. പക്ഷേ, അയാള്‍ക്കതില്‍ ലജ്ജയുള്ള പോലെ തോന്നി. ഞാനയാളെ ഒരു ചിത്തഭ്രമക്കാരനെന്ന്  വിലയിരുത്തുമെന്ന് അയാള്‍ കരുതിക്കാണും. എത്ര പേരെ കൊന്നിട്ടുണ്ടെന്ന് അയാള്‍ എന്നോടു പറഞ്ഞില്ല, ഒരുപാട് പേരുണ്ടെന്ന് മാത്രം പറഞ്ഞു. ബോസ്‌നിയയിലെ തടങ്കല്‍ പാളയത്തില്‍ ആളുകളെ പീഡിപ്പിച്ചിരുന്നതായി അയാള്‍ സമ്മതിച്ചു. പക്ഷേ, കൊല്ലുമ്പോഴുള്ള രസം, പീഡനത്തില്‌ നിന്നും കിട്ടിയില്ലത്രേ!

 

അഭിമുഖം ഇത്തരത്തില്‍ മുന്നോട്ടുപോകുമ്പോള്‍, എന്റെ മനസില്‍ നിന്നും ഒരു വിധിപറച്ചില്‍ ഞാന്‍ ബോധപൂര്‍വം ഒഴിവാക്കും. കൊലയാളിക്ക് സംസാരിക്കാന്‍ പാകത്തില്‍ ഒരന്തരീക്ഷം ആ മുറിയില്‍ രൂപപ്പെടും. ഞാനാകെ ജിജ്ഞാസയില്‍ മുങ്ങിയിരിക്കും, അത് അഭിനയമല്ല, ശരിക്കും അങ്ങനെ തന്നെയാണ്. ഞാന്‍ എന്റെ യുക്തികളും, വികാരങ്ങളും തത്കാലത്തേക്ക് മാറ്റിവെക്കുന്നു. കൊലയാളിയുടെ യുക്തിയുടെയും, വികാരങ്ങളുടെയും ഒപ്പം ഞാനും സഞ്ചാരിക്കും. ആ കഥയില്‍ അത്രത്തോളം മുഴുകും ഞാന്‍.

അഭിമുഖം നടത്തി പോയതിന് ശേഷവും ചിലരെന്നെ തിരികെ ക്ഷണിക്കാറുണ്ട്. ചിലപ്പോള്‍ എനിക്കു കത്തുകളുമെഴുതും. പക്ഷേ, ഇതൊന്നും അത്ര നിസ്സാരമായിരുന്നില്ല. അഭിമുഖം പകര്‍ത്തിയെഴുതാനുള്ള ധൈര്യം സംഭരിക്കാന്‍ ഞാന്‍ മാസങ്ങളെടുക്കും. കൊലയില്‍ ഹരം പിടിച്ച നവാനാസിയുമായുള്ള അഭിമുഖത്തിനു ശേഷം ഞാന്‍ പലതവണ കുളിച്ചു. എന്റെ സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്താന്‍ ആഴ്ചകളെടുത്തു. മറ്റൊരു ലോകത്തിലാണ് ഞാനാ നവനാസിയെ കണ്ടതെന്നപോലെ. പക്ഷേ, ഞാന്‍ സംസാരിച്ച മിക്ക ഭീകരവാദികളും, കൊല്ലാന്‍ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. തുറന്നു പറഞ്ഞാല്‍, ചിലപ്പോഴൊക്കെ എനിക്കവരോട് സഹതാപം തോന്നിയിട്ടുണ്ട്.

 

 

ലാഹോറിലേക്കുള്ള എന്റെ് ആദ്യ യാത്രയില്‍, 1999-ല്‍, ഭീകരവാദി സംഘമായ ലഷ്‌കര്-ഇ-തൊയ്ബ ഞാനുമായി സംസാരിക്കാമെന്ന് സമ്മതിച്ചു. ഒരു മുജാഹിദ്ദീനുമായി ആദ്യമായിട്ടുള്ള കൂടിക്കാഴ്ച.  രണ്ടുപേര്‍ ഞാന്‍ താമസിച്ച ഹോട്ടലില്‍ വന്നു. പ്രായം കൂടിയയാള്‍ ഒരു സല്‍വാറും കമ്മീസും ധരിച്ചിരുന്നു. ഒരു ഭീമാകാരന്‍. കണ്ണാടിച്ചില്ലുകള്‍ പിടിപ്പിച്ച, അറ്റം കൂര്‍ത്ത, പാകിസ്ഥാന്‍ ചെരുപ്പുകള്‍ അയാളുടെ കാലുകളില്‍ ചേര്‍ച്ചയില്ലായ്മയുടെ കൌതുകം നല്കി. ഭാരിച്ച കാല്‍ വായ്പ്പുകളോടെ, പ്രകടനാത്മകമായ അനായാസതയോടെയാണ് അയാള്‌ നടന്നിരുന്നത്. മൃദുലമായ, ഗോതമ്പുനിറമുള്ള അയാളുടെ കൈകള്‍ ഒരൊറ്റ പിടിക്ക് എന്നെ ഞെരിക്കാന്‍ മാത്രം വലിപ്പം തോന്നിച്ചു. പുതുതായി സംഘത്തില്‌ ചേര്‍ന്ന ചെറുപ്പക്കാരനാണ് എന്നെ ആകര്‍ഷിച്ചത്. അയാള്‍ സുന്ദരനായിരുന്നു. മെലിഞ്ഞ, എന്നാല്‍ ഉറച്ച ശരീരമുള്ള, തിളങ്ങുന്ന ചര്‍മ്മവും, തെളിഞ്ഞ, ബുദ്ധിയുള്ള കണ്ണുകളുമുള്ള ഒരാള്‍. ഒരു മത മൌലിക വാദിയുടെ മുഖമുദ്രയെന്നോണമുള്ള താടി ആയാള്‍ക്കുണ്ടായിരുന്നു. അത് വൃത്തിയായി വെട്ടിയൊതുക്കിയിരുന്നു- ചില ശീലങ്ങള്‍ കളയാന്‍ അയാള്‍ക്ക് മടിയുള്ള പോലെ! അലങ്കാരപ്പണി ചെയ്ത ഒരു തൂവെള്ള സല്‍വാര്‍, വെടിപ്പായി ഇസ്തിരിയിട്ടിരുന്നു. നല്ല ഇംഗ്ലീഷിലാണ് സംസാരം. പെട്ടന്ന് എനിക്കു തോന്നിയത് സംഘത്തില്‍ ഇത്തരത്തിലുള്ള ചെറുപ്പക്കാരുണ്ടെന്ന് എന്നെക്കാണിക്കാന്‍ പ്രത്യേകം കൊണ്ടുവന്ന പോലെയാണ്. അവരുടെ നേതാവിന്, അമീറിന്, എന്നെക്കാണുന്നത് സുരക്ഷിതമാണോ എന്നും, ഞാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആളാണോ എന്നും അറിയാനായിരുന്നു ഇവര്‍ രണ്ടുപേരും വന്നത്. പരിശോധനയില്‌ നിന്നും നിങ്ങള്‍ സിഐഎയുടെ ആളാണെന്നാണ് അവര്‍ ‘നിഗമനത്തിലെത്തി’യതെന്ന് പിന്നീട് എന്റെ സഹായി എന്നോടു പറഞ്ഞു. ‘എന്തായാലും, സിഐഎ അവരില്‍ തത്പരരാണെന്നത് അവര്‍ ‘ഇഷ്ടപ്പെട്ടിരുന്നു’ എന്നും അയാള്‍ പറഞ്ഞു.

 

‘ഞാന്‍ നിങ്ങളുടെ നേതാവിനെ വധിക്കാനല്ല വന്നതെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തി,’ ഞാന്‍ ചോദിച്ചു. ‘അത് വ്യക്തമാണ്,’ അയാള്‍ പറഞ്ഞു. ‘ഒരാളുടെ കണ്ണുകളില്‍ നോക്കിയാല്‍ അയാളുടെ സ്വഭാവം അറിയാം. നിങ്ങളുടെ കണ്ണുകളില്‍ നിഷ്‌കളങ്കതയുണ്ട്.’ ഞാനീ സംഭാഷണം എപ്പോഴും ഓര്‍ക്കാറുണ്ട്. കാഴ്ചയില്‌ നിന്നും ഒരാളുടെ സ്വഭാവം അളക്കാമെന്ന് ഞാനിപ്പോള്‍ കരുതുന്നില്ല, നിഷ്‌ക്കളങ്കമായ മുഖങ്ങളുള്ള, എന്നാല്‍ ഭീകരതകള്‍ക്ക് കെല്പ്പുള്ള ഒരുപാടുപേരെ കണ്ട ശേഷം പ്രത്യേകിച്ചും. ഇത്രയും കൊലയാളികളുമായി സംസാരിച്ചതിനുശേഷം എന്റെ കണ്ണുകളില്‍ ഇപ്പോളും ആ നിഷ്‌ക്കളങ്കതയുണ്ടോ എന്നും ഞാന്‍ അമ്പരക്കാറുണ്ട്. അവരുടെ പരിശോധനകള്‍ വിജയകരമായി കടന്നപ്പോള്‍, അവരെന്നെ ലഷ്‌ക്കറിന്റെ മുറിദ്‌കെയിലെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കാറില്‍ വെച്ച് ഞാനാ ചെറുപ്പക്കാരനോടു സംസാരിച്ചു. തന്നെ അഹമ്മദ് എന്നു വിളിച്ചു കൊള്ളാന്‍ അയാള്‍ പറഞ്ഞു, ഒരു വിളിപ്പേര്. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദമുണ്ടെന്നും, ലഷ്‌കറിന് വേണ്ടി കമ്പ്യൂട്ടര്‍ ജോലികള്‍ ചെയ്യുകയാണെന്നും അയാള്‍ പറഞ്ഞു. എങ്ങിനെയാണ് ലഷ്‌കറില്‍ ചേര്‍ന്നതെന്ന് ഞാന്‍ ചോദിച്ചു. ‘ബൌദ്ധികമായാണ് ഞാന്‍ ഇസ്ലാമിലേക്ക് എത്തുന്നത്. ഞാന്‍ ഒരുപാട് വായിക്കും. ഇസ്‌ളാമിക ജീവിതരീതിയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ മനസ്സിലാക്കി. ‘ഒരൊറ്റ സംഭവം മതി നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍. അതാണെനിക്കു സംഭവിച്ചത്.’ അതെന്താണെന്ന് അയാള്‍ പറഞ്ഞില്ല.’നിങ്ങള്‍ കാശ്മീരില്‍ പോരാടാന്‍ പോകുമോ?’ ഞാന്‍ ചോദിച്ചു. കാശ്മീരായിരുന്നു ആ സമയത്ത് പാകിസ്ഥാനിലെ ഇസ്‌ളാമിക സംഘങ്ങളുടെ കേന്ദ്ര പ്രമേയം. ‘അമീറാണ് അത് നിശ്ചയിക്കേണ്ടത്. പോരാട്ടത്തില്‍ ഓരോരുത്തരുടെയും പങ്കെന്താണെന്ന് അദ്ദേഹം പറയും. എന്നെ പോരാട്ടത്തിന് തെരെഞ്ഞെടുത്തിട്ടില്ല,’ അഹമ്മദ് തുറന്നു പറഞ്ഞു. തന്റെ നിരാശ ഞാന്‍ കാണാന്‍ അയാള്‍ ആഗ്രഹിച്ചില്ല. നേതാവിന്റെ ആജ്ഞകളെ വാക്കിലും നോക്കിലും അനുസരിക്കുന്ന ഒരു നല്ല കുട്ടിയായിരുന്നു അയാള്‍. ഒരു ഡോക്ടറേറ്റ് എടുക്കണമെന്നും അങ്ങനെ സാങ്കേതികമായി ലഷ്‌ക്കറിനെ കൂടുതല്‍ സഹായിക്കണമെന്ന്‍ തനിക്കാഗ്രഹമുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

 

തന്‍റെ മകന്‍ തീവ്രവാദിയായതില്‍ ഹൃദയം തകര്‍ന്നിരിക്കാവുന്ന അയാളുടെ അമ്മയെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ഭീകരവാദികളുമായി ഞാന്‍ എന്റെ സ്വന്തം വീക്ഷണങ്ങള്‍ പങ്കുവെക്കാറില്ലെങ്കിലും, സംഘം വിടുന്നതിനെപ്പറ്റി ഞാന്‍ അഹമ്മദിനോട് ആരാഞ്ഞു. ഞാന്‍ വിജയിച്ചില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരില്‍ പോരാടാനുള്ള അയാളുടെ ആഗ്രഹത്തിന് അമീര്‍ പച്ചക്കൊടി കാട്ടിയതായി ഞാനറിഞ്ഞു. ഏറെ വൈകാതെ അഹമ്മദ് കൊല്ലപ്പെട്ടു. അഹമ്മദിന്‍റേത് ഒരു ദുരന്ത കഥയാണ്. എന്നാല്‍ ലഷ്‌കര്‍ പോലുള്ള ഭീകരവാദി സംഘങ്ങളില്‌ ചേരുന്ന ചെറുപ്പക്കാര്‍ക്ക് അതത്ര അസാധാരണമല്ല. എന്നാല്‍ ഒറ്റയാന്‍ കൊലയാളികളുടെ, നേതൃത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ചോദനകള്‍ പലപ്പോളും നിഗൂഢമാണ്. അവരോരുത്തര്‍ക്കും അവരുടേതായ പരാതികളും, പരിഹാര പ്രതീക്ഷകളും കാണും.

 

1999-ല്‍, ഒരു പക്ഷേ അമേരിക്കക്കെതിരെ ജിഹാദിലേര്‍പ്പെട്ട ആദ്യത്തെ ഒറ്റയാന്‍ ഭീകരവാദിയെ കണ്ടു: വിര്‍ജീനിയായില്‍ താമസിക്കുന്ന പാക്കിസ്ഥാനി മിര്‍ ഐമല്‍ കന്‍സി. ഇയാള്‍ രണ്ട് സിഐഎ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലുകയും മൂന്ന് പേരെ പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. വടക്കന്‍ വിര്‍ജീനിയയിലെ പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്കിടയിലാണ് കന്‍സി അമേരിക്കയിലുള്ളപ്പോള്‍ അധികം സമയവും ചെലവിട്ടത്. പല ജോലികളും ചെയ്‌തെങ്കിലും അയാള്‍ക്ക് വിജയിക്കാനായില്ല. അന്തര്‍മുഖനായ ഒരാളായാണ് അയാളുടെ പരിചയക്കാര്‍ അയാളെ പിന്നീട് വിശേഷിപ്പിച്ചത്. കന്‍സിയുടെ കുട്ടിക്കാലവും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ചിന്താമഗ്‌നനായ ഒരു കുട്ടിയായിരുന്നു അയാള്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിക്കാലത്ത് അപസ്മാര ബാധ ഉണ്ടായെങ്കിലും 10 വയസ്സായതോടെ രോഗം വിട്ടുമാറി. 1982-ല്‍ അമ്മ മരിച്ചതോടെ അയാള്‍ കൂടുതല്‍ ഒറ്റപ്പെട്ടു. രാഷ്ട്രീയവും, മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ സിഐഎയെ ആക്രമിച്ചതെന്ന് കന്‍സി എന്നോടു പറഞ്ഞു. അമേരിക്കയുടെ ഇസ്രയേല്‍ നയത്തിലും, 1991ല്‍ ഇറാഖി സൈന്യം കുവൈത്തില്‍ നിന്നും പിന്മാറിയിട്ടും യു.എസ് ഇറാഖിന് നേരെ ആക്രമണം തുടര്‍ന്നതിലും അയാള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. അമേരിക്കന്‍ നയങ്ങള്‍ ലോക വ്യാപകമായി ‘ഇസ്‌ളാമിക വിരുദ്ധ’മാണെന്ന് കന്‍സി പറഞ്ഞു. പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ഥി താവളങ്ങളില്‍ വെടിവെപ്പ് പരിശീലിക്കാന്‍ കന്‍സി പോകുമായിരുന്നു. അവിടെ ഒരുപാട് സമയം ചെലവഴിക്കും. ഹര്‍ക്കത്തുല്‍ അന്‍സാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൈബ എന്നിവയിലെ അംഗങ്ങളെ അറിയുമായിരുന്നെങ്കിലും, ഈ ‘വലിയ സംഘങ്ങളില്‍’ ഒന്നും അയാള്‍ ചേര്‍ന്നില്ല. തന്റെ പ്രിയപ്പെട്ട പുസ്തകം മാക്ബത് ആണെന്നും, ‘എല്ലാ മുസ്ലീങ്ങള്‍ക്കും വേണ്ടി നില്ക്കുന്ന’ ഒസമാ ബിന്‍ ലാദനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും അയാള്‍ എന്നോടു പറഞ്ഞു. ക്രമേണ കന്‍സിയെ സംബന്ധിച്ച് സിഐഎയെ ആക്രമിക്കല്‍ അയാളുടെ ഒരു മതപരമായ കര്‍ത്തവ്യമായി മാറി. അതു മാത്രമല്ല, തന്നെയും പിതാവിനെയും സിഐഎ ദ്രോഹിച്ചു എന്ന വൈരാഗ്യവും അയാള്‍ക്കുണ്ടായിരുന്നു. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ മൊഴിയനുസരിച്ച് കന്‍സിക്ക് മാത്രമല്ല അയാളുടെ അച്ഛനും സിഐഎയുമായി ബന്ധമുണ്ടായിരുന്നു. ‘അബ്ദുല്ല ജാനും അയാളുടെ രണ്ടു മക്കളും, കന്‍സി അടക്കം, മുജാഹിദ്ദീനുള്ള സിഐഎ-ഐഎസ്‌ഐ ആയുധ വിതരണത്തിന്റെ അവിഭാജ്യഘടകമായിരുന്നു.’ ഒരു പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്കാറിനോട് വെളിപ്പെടുത്തിയതാണിത്. 

 

 

അഭിമുഖത്തിന് പിന്നാലേ തന്റ ഭാഗം കൂടുതല്‍ വിശദീകരിച്ചുകൊണ്ടും, എന്നെ മുസ്ളീമാകാന്‍ ക്ഷണിച്ചുകൊണ്ടും അയാളെനിക്ക് കത്തുകളെഴുതാന്‍ തുടങ്ങി. ഈ കൊലപാതക ദൌത്യങ്ങളുമായി മുന്നോട്ടുപോകരുതെന്ന് അയാളുടെ അമ്മ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്ന് ഒരിക്കല്‍ ഞാനയാളോട് ചോദിച്ചു. ‘അമ്മ ജീവിച്ചിരുന്നെങ്കില്‍ അവരെന്റെ വിവാഹം നടത്തുമായിരുന്നു. ഞാനൊരിക്കലും യു.എസില്‍ വരുമായിരുന്നില്ല, ഭാര്യക്കും അമ്മക്കുമൊപ്പം പാകിസ്ഥാനില്‍ ജീവിക്കുമായിരുന്നു’, അയാള് പറഞ്ഞു. 2002 നവംബര്‍ 14-നു വിഷം കുത്തിവെച്ച് കന്‍സിയുടെ വധശിക്ഷ നടപ്പാക്കി.

 

ഈ തീവ്രമായ ഒറ്റപ്പെടലും, ഭീകരവാദ ആശയങ്ങളോടുള്ള ആകര്‍ഷണവും  സംഘടിത ഭീകരവാദ കൂട്ടങ്ങളില്‌ ചേരാനുള്ള വിമുഖതയും, തെറ്റെന്നു കരുതുന്ന ചില കാര്യങ്ങളോടുള്ള പകയും ഒരാളെ എന്താക്കി മാറ്റും? കന്‍സി ഏതാണ്ട് ഒറ്റക്കാണ് തന്റെ പദ്ധതികള്‍ നിര്‍വഹിച്ചത്. ഭീകരവാദത്തിന്റെ ഈ രൂപം പുതിയതായിരുന്നു, ഇന്റെര്‍നെറ്റിന്റെ വളര്‍ച്ചയോടെ അത് സുഗമമായി. ഭീകരവാദികളുമായി നടത്തിയ കൂടിക്കാഴ്ചകളില്‌ നിന്നും ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം, അവരുടെ പ്രകടനപത്രികകള്‍ വായിച്ച്, വ്യക്തികളുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ്. രാഷ്ട്രീയവും, മതപരവുമായ ലക്ഷ്യങ്ങളെക്കുറിച്ചായിരിക്കും പറഞ്ഞുതുടങ്ങുക. എന്നാല്‍  ക്രമേണ അവരുടെ ആഖ്യാനം ചുരുളഴിയുന്നത് അവരെ അത്തരം അവസ്ഥകളിലേക്കെത്തിച്ച വ്യക്തിഗത ചരിത്രത്തിലൂടെയാകും. എന്തൊക്കെയായാലും, നിരപരാധികളെ ഇരകളാക്കുമ്പോള്‍ തങ്ങളുടെ തന്നെ മതപരവും, സാമൂഹ്യവുമായ വ്യവസ്ഥകളെയാണ് അവര്‍ ലംഘിക്കുന്നത്. നിരപരാധികളെ കൊല്ലുന്നതിന് രാഷ്ട്രീയ അസംതൃപ്തിക്കപ്പുറം ചില കാരണങ്ങളുണ്ടാകാം. രാഷ്ട്രീയം മാറ്റിവെച്ചാല്‍ അവര്‍ പലതും പങ്കുവെക്കും; ആരാണ് നല്ലതും ചീത്തയുമെന്ന് അവര്‍ക്കറിയാം; അവരുടെ ലോകത്തില്‍ അവ്യക്തതകളില്ല. മിക്കപ്പോഴും ഒരു പ്രമേയവുമുണ്ട്; നിന്ദ, അടുപ്പമില്ലായ്മ, സ്വത്വത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം. ഭീകരവാദികള്‍ക്ക്  ഏറെ കാര്യങ്ങള്‍ പൊതുവായുണ്ടെങ്കിലും, ഓരോ ഒറ്റയാന്‍ ഭീകരവാദിയും തന്റേതായ രീതിയില്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. 

 

(ഫോറിന്‍ പോളിസി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍