UPDATES

യുവരാജ് സിംഗ് ഒരു നിഗൂഢതയാണ്

യുവരാജ് സിംഗ് ഒരു നിഗൂഢതയാണ്. അദ്ദേഹത്തിന്‍റെ പ്രതിഭയെ ആരാധിക്കുന്ന, അസ്വസ്ഥരായ എന്നെപ്പോലുള്ള ആരാധകര്‍ക്ക് മാത്രമല്ല. യുവരാജിന് തന്നെ അങ്ങനെയാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. ഇന്‍ഡ്യന്‍ ടീമിലെത്തിയിട്ടു 14 വര്‍ഷത്തിന് ശേഷവും തന്‍റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ യുവരാജിന് കഴിഞ്ഞിട്ടില്ല. മറ്റൊരു തിരിച്ചു വരവിനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

യുവരാജ് പൊട്ടിത്തെറിച്ച 2000 കാലഘട്ടത്തില്‍, അയാള്‍ തന്നെയായിരുന്നു കളിക്കളങ്ങളെ കോരിത്തരിപ്പിച്ച ഏക ഇന്‍ഡ്യന്‍ ക്രിക്കറ്റര്‍. ഇക്കാര്യത്തില്‍ അതിന് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കളത്തിലെത്തിയ വീരേന്ദ്ര സേവാഗിനോട് മാത്രമേ അയാളെ താരതമ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 19 വയസിനു താഴെയുള്ളവരുടെ സംഘത്തിലെ മികച്ച കളിക്കാരനായിരുന്ന യുവരാജ്, അന്നുമുതല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ സ്വതസിദ്ധമായ സിദ്ധി കൈമുതലായുള്ള കളിക്കാരന്‍ എന്ന് എല്ലാവരാലും വാഴ്ത്തപ്പെടുകയുണ്ടായി. 

ആരെയും ആകര്‍ഷിക്കുന്ന ആത്മവിശ്വാസവും കളി ശൈലിയും; മികച്ച സമയ ബോധവും അതിനോട് കിടപിടിക്കുന്ന കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല സമര്‍ത്ഥനായ ഒരു ഫീല്‍ഡറുമായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളിലെ അദ്ദേഹത്തിന്റെ കളി കണ്ടിട്ടുള്ളവര്‍ വളരെ ദീര്‍ഘവും സമ്പന്നവുമായ ഒരു കരിയര്‍ യുവിയില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് ടെസ്റ്റില്‍ 8000 വും ഏകദിനത്തില്‍ 10000 വും റണ്‍ അയാള്‍ നേടുമെന്നായിരുന്നു എന്‍റെ തന്നെ കണക്കുകൂട്ടല്‍.
 


എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഏകദിനത്തില്‍ 8329 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. അതത്ര മോശവുമല്ല. പക്ഷേ ടെസ്റ്റില്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത് 1900 റണ്‍സ് മാത്രമാണ്. ഇത് യുവരാജിനെ പോലെ പ്രതിഭാസമ്പന്നനായ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന വിധം ദരിദ്രമാണ്. തികച്ചും അസാധാരണമായ വിധം കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു യുവരാജിന്റെ കരിയര്‍. ഫോമിലാവുമ്പോള്‍ തികച്ചും വിനാശകാരിയായിരുന്നു അയാള്‍. പലപ്പോഴും ഫോം കണ്ടെത്താന്‍ കഴിയാതെ ടീമിലെ തന്‍റെ സ്ഥാനം അയാള്‍ക്ക് അടിയറവെക്കേണ്ടി വന്നിട്ടുണ്ട്. ടെസ്റ്റില്‍ അത് പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു.

പരിമിത ഓവര്‍ ക്രിക്കറ്റിലെ കിടിലന്‍ മാച്ച് വിന്നര്‍ ആയിരുന്നു അയാള്‍. 2007 ലെ ടി20 ലോകകപ്പിലെ യുവിയുടെ ബാറ്റിങ് വിസ്മയകരമായിരുന്നു. പ്രത്യേകിച്ചും സ്റ്റുവര്‍ട് ബോര്‍ഡിന്‍റെ ഒരോവറില്‍ ആടിച്ചുകൂട്ടിയ ആറ് സിക്സറുകള്‍ ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. 2011ല്‍ ലോകകപ്പ് വിജയിച്ച ഇന്‍ഡ്യന്‍ ടീമിന്‍റെ കേന്ദ്ര ബിന്ദു ബാറ്റു കൊണ്ടും ബോളുകൊണ്ടും അരങ്ങ് തകര്‍ത്ത യുവരാജ് തന്നെ ആയിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസ്വസ്ഥപ്പെടുത്തുന്ന തരത്തിലുള്ള ഫോം തകര്‍ച്ചയിലാണ് അയാള്‍. ശാരീരികമായും മാനസികമായുമുള്ള സ്ഥൈര്യം നിലനിര്‍ത്തി കൊണ്ട് പോകാന്‍ കഴിയാത്ത യുവിയെ പോലുള്ള ഒരാളുടെ കരിയറിനെ തന്നെ ഇല്ലാതാക്കാന്‍ പോന്ന മാരകമായ രോഗം ലോകകപ്പിന് ശേഷം അയാളെ പിടികൂടി എന്ന യാഥാര്‍ഥ്യം നമ്മുടെ മുന്‍പിലുണ്ട്. അതില്‍ നിന്നുള്ള അയാളുടെ മടങ്ങി വരവ് ധീരമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അയാളുടെ പ്രകടനം ഒട്ടും ആവേശകരമായിരുന്നില്ല.
 


കഴിഞ്ഞ മൂന്നു നാല് മാസങ്ങള്‍ യുവരാജിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമായിരുന്നു. നിരവധി അവസരങ്ങള്‍ അയാള്‍ നഷ്ടപ്പെടുത്തി. പ്രത്യേകിച്ചും ആസ്ട്രേലിയയുമായുള്ള ഏകദിന പരമ്പര. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു മാച്ചില്‍ മാത്രമാണ് അയാള്‍ക്ക് കളിയ്ക്കാന്‍ സാധിച്ചത്. എങ്കിലും, ആ ചെറിയ അവസരത്തില്‍ പോലും തന്നെ സംരക്ഷിക്കാന്‍ അയാള്‍ക്ക് കഴിയേണ്ടിയിരുന്നു.

ഈ മാസം ഒടുവില്‍ നടക്കാന്‍ പോകുന്ന ന്യൂസിലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയ സുരേഷ് റെയ്നയുടെ അത്ര കടുപ്പമൊന്നും യുവരാജ് ചെയ്തിട്ടില്ല എന്നതുറപ്പാണ്. അങ്ങനെ വാദിക്കുന്നതിന് ചില ന്യായങ്ങളുമുണ്ട്. ധോണിയുടെ കൃപകടാക്ഷമുള്ളതുകൊണ്ടു മാത്രമാണു റെയ്നയ്ക്കിത് സാധിച്ചതെന്നാണ് അണിയറ സംസാരം.ഒരു ഗൂഡാലോചന സിദ്ധാന്തക്കാരനല്ലാത്തതുകൊണ്ടു തന്നെ ഇത് കെട്ടുകഥയായിരിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.

റെയ്ന ടീമില്‍ ഇടം നേടിയത് തലനാരിഴയുടെ വ്യത്യാസത്തിലാണ്. മാത്രമല്ല റെയ്നയുടെ ഭാവി ഒരു നേര്‍ത്ത ചരടില്‍ തൂങ്ങികിടക്കുകയാണ് ഇപ്പോള്‍. രണ്ടു പേര്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണു യുവരാജിന്പുറത്തു പോവേണ്ടി വന്നത്. ഞാനായിരുന്നു സെലെക്ടര് എങ്കില്‍ യുവരാജിനെയായിരിക്കും തിരഞ്ഞെടുക്കുക (ഫിറ്റ്നെസ് തെളിയിക്കാന്‍ കഴിയുമെങ്കില്‍ മാത്രം).

അങ്ങനെ പറയുകയാണെങ്കില്‍ ന്യൂസിലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തപ്പെടാത്ത പ്രഗ്യാന്‍ ഓജയും ഗൌതം ഗംഭീറുമാണ് ഏറ്റവും നിര്‍ഭാഗ്യവാന്മാര്‍. ഈ ഒഴിവാക്കല്‍ യുവരാജിന്റെ കരിയറിന്റെ അവസാനമാകുമോ അതോ മറ്റൊരു ശക്തമായ തിരിച്ചു വരവിനുള്ള കാരണമായി മാറുമോ എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന നിശബ്ദമായ ചോദ്യം.
 


 

യുവിയെ എഴുതിത്തളന്‍ ഞാന്‍ തയ്യാറല്ല. ഈ മുപ്പത്തി രണ്ടാം വയസിലും പ്രായം അധികരിച്ച് എന്ന് പറയാന്‍ കഴിയില്ല. 2015 ലെ ലോകകപ്പിനെയാവണം അയാള്‍ ലക്ഷ്യമിടേണ്ടത്. ഇന്‍ഡ്യ ഇപ്പൊഴും ഒരു ഓള്‍ റൌണ്ടറിനെ തേടിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പിന് 15 മാസം ഇനിയും ബാക്കി കിടക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ ടീമിനെ ഒരുക്കിയെടുക്കാനുള്ള സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു.


വിദേശത്തു ഇന്‍ഡ്യ പതറുന്നത് കാണുമ്പോള്‍- മാത്രമല്ല നിരവധി പര്യടനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍- മറ്റൊരു തിരിച്ചു വരവിനു യുവരാജിന് സാധ്യതയുണ്ടെന്നാണ് എന്‍റെ പ്രതീക്ഷ. നല്ല ഫോമിലുള്ള യുവരാജ് ഏതൊരു സെലെക്ഷന്‍ കമ്മിറ്റിയുടെയും ആദ്യത്തെ ചോയിസ് ആയിരിയ്ക്കും. പക്ഷെ അതിന് അയാള്‍ കൂടുതല്‍ റണ്ണുകള്‍ സ്കോര്‍ ചെയ്യുക തന്നെ വേണം. മാത്രമല്ല പുതിയ യുവതാരങ്ങളുമായി മത്സരിച്ച് ടീമില്‍ ഇടം പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതിനുള്ള ആത്മവിശ്വാസവും ദാഹവും യുവരാജില്‍ ശേഷിക്കുന്നുണ്ടോ? ഒറ്റ ഒരാള്‍ക്ക് മാത്രമേ അതിനുള്ള ഉത്തരം നല്കാന്‍ സാധിക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍