UPDATES

ഇന്‍-ഫോക്കസ്

യുക്തിവാദികളെ ആര്‍ക്കാണ് പേടി?

നമുക്ക് അനിവാര്യമായ ഒന്നാണ്  യുക്തിവാദം; യുക്തിവാദികളും. കൂണുപോലെ മുളച്ച് പൊന്തുന്ന രോഗശാന്തിക്കാരും സ്വയംപ്രഖ്യാപിത ബ്രഹ്മര്‍ഷികളും ജാറം മൂടല്‍ തൊഴിലാളികളും കാമദേവാകര്‍ഷണ മന്ത്രക്കാരും ഒക്കെച്ചേര്‍ന്ന് അത്യത്ഭുതങ്ങളുടെ ദുര്‍ബലമായ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് നിരാശ്രയരായ മനുഷ്യരെ വഞ്ചിക്കുന്ന ഈ നാട്ടില്‍ അത്യന്താപേക്ഷിതമായി ഉണ്ടാകേണ്ട ഒന്നു കൂടിയാണ് യുക്തിവാദം. ഇന്ത്യയില്‍ പ്രധാനമായും പന്ത്രണ്ട് ദര്‍ശനങ്ങള്‍ ആണുണ്ടായിരുന്നത്. ആറ് ആസ്തിക ദര്‍ശനങ്ങളും ആറ് നാസ്തിക ദര്‍ശനങ്ങളും. ദൈവം ഉണ്ടെന്ന് പറയുന്ന ആറ് ദര്‍ശനങ്ങളും ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്ത ആറ് ദര്‍ശനങ്ങളും. ഇതില്‍ ചാര്‍വ്വാകനെ മാത്രമേ നമ്മള്‍ അധികം ശ്രദ്ധിച്ചിട്ടുണ്ടാവു. പ്രത്യക്ഷമേവം പ്രമാണം – കാണപ്പെടുന്നത് മാത്രം വിശ്വസിക്കാം. കാണപ്പെടാത്ത ഒരു ദൈവത്തെ അംഗീകരിക്കില്ല എന്ന തുറന്നു പറച്ചിലാണ് അതിന്റെ ആധാരം. അവിടെയാണ് നിരീശ്വരവാദികളുടെ ആദ്യ പരസ്യമായ ദൈവനിഷേധത്തിന്റെ ആണിക്കല്ല് സ്ഥാപിക്കപെട്ടത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചെടുത്ത ശാസ്ത്രീയ സത്യങ്ങളെ അല്ലാത്തവയെ അവ മാനിക്കുന്നില്ല. വിശ്വാസം കൊണ്ട് കെട്ടിപെടുത്ത മതങ്ങളെ അവ അംഗീകരിക്കുന്നില്ല.
 
ഇവിടെയാണ് ആധുനിക കാലത്തെ യുക്തിവാദികള്‍ക്ക് പഴയതിലും അധികം പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നത്. കാരണം വാദിച്ച് ജയിച്ചാണ് പണ്ട് ഓരോ മത കൂട്ടായ്മകള്‍ നിലനിന്നിരുന്നതെങ്കില്‍ ഇന്ന് മതസംഘങ്ങള്‍ ചിലതെങ്കിലും അടിച്ച് ജയിച്ച് നിലനില്ക്കുന്ന കാലഘട്ടം കൂടിയാണ്. അടുത്ത് കാലത്ത് മഹാരാഷ്ട്രയിലെ പ്രശസ്ത യുക്തിവാദി ദബോല്ക്കര്‍ കൊല്ലപെട്ടത് ദേശ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. യുക്തിവാദത്തിന്റെ ലോകത്തെക്ക് ഞങ്ങളുടെ തലമുറയെ ഏറ്റവും ആകര്‍ഷിച്ച പേരുകളിലൊന്ന് ജോസഫ് ഇടമറുകും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായിരുന്നു.
 
 
ഡല്‍ഹി ജീവിതകാലത്ത് അദ്ദേഹവുമായ് അടുത്ത് ഇടപഴകേണ്ടി വരുകയുണ്ടായി. കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ആദ്യ രൂപം അച്ചടിച്ചപ്പോള്‍ അന്ന് മനുഷ്യപുത്രനായ യേശു എന്നര്‍ത്ഥം വരുന്ന ഒരു പേരായിരുന്നു അദ്യ പതിപ്പില്‍. അതെഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിനു നാട്ടില്‍ നില്ക്കാന്‍ പറ്റാത്ത അവസ്ഥവന്നു. അങ്ങനെയിരിക്കെ കാലടി രാമകൃഷ്ണ അദ്വൈതാശ്രമത്തില്‍ നിന്നും അദ്ദേഹത്തിന് ഒരു കത്ത് വരുന്നു. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ആശ്രമത്തില്‍ വന്ന് താമസിക്കാന്‍ പറഞ്ഞ്. അങ്ങനെ അദ്ദേഹം ആശ്രമത്തിലെത്തുന്നു. അവിടെയുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്താണ്, സ്വാമിജിയുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന ലോക പ്രശസ്തമായ പല യുക്തിവാദ പുസ്തകങ്ങളും വായിക്കാന്‍ പറ്റിയത് എന്ന് അദ്ദേഹം നേരിട്ട് പറഞ്ഞിട്ടുണ്ട്. ഒരു യുക്തിവാദിയെപോലും വളര്‍ത്താന്‍ സാദ്ധ്യമായ എല്ലാം ഒരു മതസ്ഥാപനത്തിന് സാധിച്ചിരുന്നെങ്കില്‍ ഇനിയുള്ള കാലം അതൊക്കെ അത്ര സാദ്ധ്യമായെന്നു വരില്ല.
 
ഇനി സമീപകാലത്ത് സംഭവിച്ച വിഷയത്തിലേക്ക്. മതങ്ങള്‍ മനുഷ്യയുക്തിക്ക് മേല്‍ അധീശത്വം സ്ഥാപിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ അറസ്റ്റ് വാറണ്ടാണ് സനല്‍ ഇടമറുകിന് ലഭിച്ചത്. മുംബൈയിലെ വേളാങ്കണ്ണി മാതാവിന്റെ പേരിലുള്ള പള്ളിയിലെ യേശുവിന്റെ രൂപത്തിന്റെ കാലില്‍ നിന്നും പ്രവഹിച്ച വെള്ളത്തുള്ളികള്‍ വിശുദ്ധമെന്ന് പറഞ്ഞുള്ള ഭക്തജനപ്രവാഹത്തോട് അനുബന്ധിച്ച്, അതിന്റെ തട്ടിപ്പ് വെളിച്ചത്ത് കൊണ്ട് വന്നതാണ് കാരണം. മതവികാരം വ്രണപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് നേരിടേണ്ടി വന്നിരിക്കുന്നു. വിദേശത്തുള്ള അദ്ദേഹം എപ്പോള്‍ എത്തിയാലും അറസ്റ്റ് ചെയ്യപ്പെടും എന്നാണ് പറയപ്പെടുന്നത്. ദേശീയ ദൃശ്യമാദ്ധ്യമങ്ങളില്‍ പലപ്പോഴും ഭക്തികച്ചവടം നടത്തുന്ന കള്ള നാണയങ്ങളെ പ്രേക്ഷക സമക്ഷം തുറന്നുകാട്ടുന്നതില്‍ സനല്‍ വിജയിച്ചിട്ടുണ്ട്. അവയില്‍ ഒന്നായിരുന്നു ഉത്തരേന്ത്യയില്‍ ഏറ്റവും പ്രശസ്തനായ ബ്രഹ്മര്‍ഷി കുമാര്‍ സ്വാമിയുടെ, മന്ത്രം കൊണ്ട് മരണം വരെ സംഭവിപ്പിക്കും എന്നു പറഞ്ഞുള്ള വെല്ലുവിളി ഏറ്റെടുത്ത് ബ്രഹ്മര്‍ഷിയുടെ കപട വാദത്തെ തകര്‍ത്തെറിഞ്ഞത്. മറ്റൊന്ന് മുംബയിലെ കടല്‍ ജലത്തിലെ മധുരം അടുത്ത ദര്‍ഗ്ഗയിലെ അനുഗ്രഹം കൊണ്ടാണെന്നു പറഞ്ഞ് അത് കുടിക്കാനായ് എല്ലാവരും മത്സരിക്കെ, മഴവെള്ളവും കെമിക്കലുകളും മലവും ചേര്‍ന്നൊഴുകി വന്നുചേരുന്നത് കൊണ്ടുണ്ടായ മധുരമാണെന്നും അടുത്ത് കടലിലേക്ക് പോകുന്ന മലിന ജലക്കുഴലാണെന്ന് തുറന്ന് കാട്ടി അന്ന് വിശ്വാസികളെ നിരുത്സാഹപെടുത്താന്‍ സനലിനെ യുക്തിക്ക് കഴിഞ്ഞിരുന്നു.
 
 
ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് പൊതു ജനത്തെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്ന ഒരാളായിരുന്നു സനല്‍ ഇടമറുക് എന്ന കാര്യം മറക്കരുത്. ജനങ്ങളെ ശാസ്ത്രാധിഷ്ഠിതമായ കാര്യങ്ങളിലൂടെ മുന്നേറാന്‍ സഹായിച്ചെ മതിയാകു. നിത്യചൈതന്യ യതിയുടെ ഒരു വാചകം ഓര്‍മ്മവരുന്നു. മനുഷ്യന്റെ കൈവിരലുകള്‍ കൂട്ടിച്ചേര്‍ത്ത് വെയ്ക്കും പോലെ അഞ്ച് ഭക്തിയും വേണം അഞ്ച് യുക്തിയും വേണം, രണ്ടും സമാ സമം ആവണം. ഭക്തി രക്ഷിക്കാത്തിടത്ത് യുക്തി രക്ഷിക്കും, യുക്തി രക്ഷിക്കാത്തിടത്ത് ഭക്തി. യുക്തിവെച്ച് നോക്കിയാല്‍ ചിലപ്പോള്‍ അച്ചനും അമ്മയും ബന്ധങ്ങളും ഗുരുക്കന്മാരും ഒക്കെ ശൂന്യമാണ്. പകരം അവിടെ ഭക്തിയുണ്ടായെ പറ്റു – എന്റെ അച്ഛന്‍, എന്റെ ഗുരു, എന്റെ അമ്മ എന്ന ഭക്തി. അവരെന്തു ചെയ്താലും അതിനെ സഹിക്കാനുള്ള നന്മ യുക്തിയില്‍ നിന്ന് ഉണ്ടാവുന്നതിലധികം ഭക്തിയില്‍ നിന്നേ ഉണ്ടാവു.
 
 
ഭക്തി കൊണ്ടിരുന്നാല്‍ രക്ഷപെടാത്ത ചിലയിടങ്ങളുണ്ട്. രോഗം, മതം പോലുള്ള, മനുഷ്യബുദ്ധിയെ നിഷ്പ്രഭമാക്കുന്ന ഇടങ്ങളില്‍ യുക്തിചിന്ത അനിവാര്യമാണ്. ശാസ്ത്രബോധം ഇല്ലാതെ ലോകം മുന്നോട്ട് പോവില്ല. ഇവ രണ്ടും ഉണ്ടായാല്‍ മാത്രമേ ഇന്ത്യ പോലുള്ള ഒരു രാജ്യവും നിലനില്ക്കു. യുക്തിവാദം കൊണ്ട് മാത്രമെ രാജ്യം നന്നാവു എന്ന സാമാന്യ യുക്തിയില്ലാതെ യുക്തിവാദികളും യുക്തിവാദികളാണ് ഞങ്ങളുടെ വളര്‍ച്ചയ്ക്ക് മുഖ്യശത്രു എന്നു ഭക്തിവാദികളും കരുതി അവരെ നശിപ്പിക്കാന്‍ വിശ്വാസികളും ഇറങ്ങി തിരിക്കുന്നത് ഒരിക്കലും ശരിയാവില്ല. എന്തായാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനതയെ ശാസ്ത്ര ബോധമുള്ളവരാക്കാന്‍ ഗവണ്മെന്റിനു കൃത്യമായ അജന്‍ഡകളുണ്ടായെ പറ്റൂ. മതമേധാവികള്‍ക്കും ചില ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിനില്ക്കാന്‍ സാധിക്കില്ല. കൂണു പോലെ മുളച്ചു പൊന്തുന്ന പരസ്യങ്ങള്‍ ആത്മീയതയുടെതല്ല, കച്ചവടത്തിന്റെതും തട്ടിപ്പിന്റെതുമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ഇല്ലാതാക്കിയെപറ്റു.
 
 
മതത്തിന്റെ തണലില്‍ ധ്യാന ചികിത്സയും ജാറം മൂടലും അത്ഭുത ശാന്തി ഏലസ്സുകളും വിറ്റ് കാശാക്കുന്നവര്‍ പില്ക്കാലത്ത് തങ്ങളുടെ കച്ചവട സുരക്ഷയ്ക്ക് രാഷ്ട്രീയത്തെ അപ്പാടെ വിലക്കെടുക്കും. അത് നിയന്ത്രിക്കാന്‍ ആരും ഉണ്ടാവില്ല. ഒടുവില്‍ അന്ധവിശ്വാസികളുടെ അമിത അധികാരം മതത്തെ തന്നെ ഇല്ലാതാക്കും. എന്തായാലും ശാസ്ത്രാധിഷ്ഠിതമല്ലാത്ത ഏതു രാജ്യത്തിന്റെയും ഗതി താലിബാനിസമായിരിക്കും. ശാസ്ത്രം നിര്‍മ്മിച്ച ബോംബുകള്‍ ഉപയോഗിച്ച് സമാധാനത്തിന്റെ മതത്തിനായി യുദ്ധം ചെയ്യുന്ന വിഡ്ഡികള്‍ ഇന്ന് ഏതു രാജ്യത്തുമുണ്ടെന്ന് മറക്കരുത്.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍