UPDATES

നവാസ് ഷരീഫ് വീണ്ടും അധികാരത്തില്‍

 

ടീം അഴിമുഖം

 
 
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് അധികാരത്തില്‍. ഇന്തോ-പാക് സമാധാന ശ്രമത്തില്‍ നവാസിന്റെ വരവ് എങ്ങനെ ബാധിക്കുമെന്നത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.  പലതു കൊണ്ടും നിര്‍ണായകമായിരുന്നു പാക് തെരഞ്ഞെടുപ്പ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതേ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അധികാരം കൈമാറുന്നത് ആ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു.
 
പഞ്ചാബ് പ്രവിശ്യയിലെ നിര്‍ണായ സ്വാധീനമാണ് 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷെരീഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയും കാര്യമായി ഇന്ത്യാ വിരുദ്ധ വികാരം ആയുധമാക്കിയില്ല. ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പ്രചരണത്തിനിടെ പലപ്പോഴും നവാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍ പാകിസ്ഥാനിലെ ഒരു പൊതുതെരഞ്ഞെടുപ്പ് കൊണ്ട് മാറുന്നതാണോ ഇന്ത്യയുടെ പാകിസ്ഥാന്‍ നയം എന്ന ചോദ്യം പ്രസക്തമാണ്. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. 2008-ലെ മുംബൈ അക്രമണത്തിന് ശേഷം വഷളായ ബന്ധത്തെ നേരേയാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ചെങ്കിലും കാര്യമായി മുന്നോട്ട് നീങ്ങിയില്ല. വലിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള രാഷ്ട്രീയ ധൈര്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കാട്ടിയിട്ടില്ല. പാക്കിസ്ഥനില്‍ ജനാധിപത്യ രീതിയില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ എത്രത്തോളം പരിഹരിക്കാന്‍ നവാസ് ഷെരീഫ് സര്‍ക്കാരിന് സാധിക്കും എന്നത് സസൂക്ഷ്മം നിരീക്ഷിച്ചു മാത്രമായിരിക്കും ഇന്ത്യയുടെ അടുത്ത ചുവടുവയ്പ്. 
 
 
ഇന്ത്യയോടുള്ള പാകിസ്ഥാന്‍ നയം ഉരുത്തിരിയുന്നത് പാക് പട്ടാളത്തിന്റെ ഉന്നത നേതൃത്വത്തിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചാണ്. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകാതെ ജനകീയ സര്‍ക്കാരുകള്‍ക്ക് ഇന്ത്യാ നയത്തില്‍ തനതായ സംഭാവനകള്‍ നല്‍കാനാവില്ല. മുന്‍ പട്ടാള മേധാവി സിയാ- ഉള്‍ ഹക്കിന്റെ അനുഗ്രഹാശിസുകളോടെ രാഷ്ട്രീയത്തിലിറങ്ങിയ നാവാസ് ഷെരീഫിന് പട്ടാളവുമായി നല്ല ബന്ധമാണ്. ഇതിന് ഒരു അപവാദം ജനറല്‍ പര്‍വേസ് മുഷറഫും 1999-ലെ അട്ടിമറിയുമാണ്. എന്നാല്‍ ഈ പട്ടാള നേതൃത്വത്തില്‍ സ്വാധീനം ചെലുത്തി ഇന്ത്യയുമായുള്ള മികച്ച ബന്ധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാകുമോയെന്നത് കണ്ടറിയണം. അമൃത്‌സറില്‍ വേരുകളുള്ള ഷെരീഫ് 1998-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുമായി നടത്തിയ ഉടമ്പടികളുടെ ഗൃഹാതുരത്വം സൂക്ഷിക്കുന്ന വ്യക്തിയാണ്. 14 വര്‍ഷം ഒരു നീണ്ടകാലയളവായിരിക്കും. പക്ഷേ, ഇന്തോ-പാക് ബന്ധം ഇപ്പോഴും  ഒരടിമുന്നോട്ട് രണ്ടടി പിന്നോട്ട്് എന്ന നിലയിലാണ്. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത സ്ഥലങ്ങളാണ് ഇരുരാജ്യങ്ങളിലേയും പഞ്ചാബ്. പഞ്ചാബില്‍ നിന്നുള്ള ഒരു നേതാവിന് അതുകൊണ്ട് തന്നെ ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധത്തെ ആധികാരികമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്.
 
ഇന്ത്യക്കെതിരായ ഭീകരവാദി സംഘടനകളോടുള്ള ഷെരീഫിന്റെ നിലപാട് എന്തായിരിക്കും എന്ന് സുക്ഷ്മതയോടെ പരിശോധിക്കേണ്ടതുണ്ട്. ലഷ്‌കര്‍- ഇ തൊയ്ബ, ജമാ അത്ത് ഉധാവ തുടങ്ങിയ സംഘടകളോട് മൃദുസമീപനമാണ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീംലീഗ് (നവാസ്) തുടര്‍ന്ന് വരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാകിസ്ഥാന്‍ അംഗീകാരം നല്‍കിയപ്പോള്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു.(ലോകരാജ്യങ്ങളില്‍ പാകിസ്ഥാനും സൗദി അറേബ്യയും മാത്രമാണ് താലിബാനെ അംഗീകരിച്ചത്)
 
ദൈനംദിനം മാറുന്ന ഒന്നാണ് ഇന്ത്യ പാകിസ്ഥാന്‍ ബന്ധം. കൃത്യമായ യാതൊരു രൂപരേഖയും ഈ ഉഭയകക്ഷി ബന്ധത്തിനില്ല. അയല്‍ക്കാരെ തെരഞ്ഞെടുക്കാനാകില്ലെന്ന പ്രായോഗികത ഇരുരാജ്യങ്ങളും വേണ്ടത്ര മനസിലാക്കിയിട്ടില്ല. ഇത് മനസിലാക്കാന്‍ കഴിയുമോ എന്നതായിരിക്കും നവാസ് ഷെരീഫ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിദേശ നയ വെല്ലുവിളി.
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍