UPDATES

ഇന്ത്യ

അത്രയൊക്കെ മതി, ശവക്കുഴീന്ന് ഇവറ്റയൊന്നും എഴുന്നേറ്റുവരാന്‍ പോണില്ല!

അനഘ സി.ആര്‍
 

അഞ്ചു രൂപയുണ്ടെങ്കില്‍ ഒരു ദിവസത്തെ ചെലവുകള്‍ ഭംഗിയായി നടത്തി ബാക്കി പൈസ ബാങ്കിലിടാമെന്നു പറഞ്ഞ മഹാന്മാരായ രാഷ്ട്രീയക്കാരുടെ നാടാണിത്. അങ്ങനെ നോക്കിയാല്‍ അഞ്ചു ലക്ഷം എന്നത് ഒരായുസ്സ് മുഴുവന്‍ മുട്ടില്ലാതെ തിന്നും കുടിച്ചും മദിച്ചും കഴിയാനുള്ളതിന്റെ പതിന്മടങ്ങാണ്. ഇത്രേം വലിയ ഓഫര്‍ കിട്ടിയിട്ടും ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങില്ലെന്ന് ദുര്‍വാശി പിടിക്കുന്ന ധിക്കാരികളെ എങ്ങനെയാണ് കലാപത്തിന്റെ ഇരകളായി കണക്കാക്കുക? അപ്പൊ പിന്നെ മുലായംജി പറഞ്ഞതാണ് ന്യായം. കലാപത്തില്‍ സകലതും നഷ്ടപ്പെട്ടെന്ന വ്യാജേന സര്‍ക്കാര്‍ ചെലവില്‍ രമിച്ചു കഴിയുന്ന ഈ കള്ളക്കൂട്ടങ്ങള്‍ ഗൂഡാലോചനക്കാര്‍ തന്നെ. മതേതര യു. പിയില്‍ വര്‍ഗീയത വളര്‍ത്തുന്ന രാജ്യദ്രോഹികള്‍. വീടുകളിലേക്ക് തിരിച്ചു ചെന്നാല്‍ ഇവറ്റകളെ പൂതം പിടിക്കുമോയെന്നാണ് സര്‍ക്കാര്‍ ചോദ്യം. പൂതമൊന്നും പിടിക്കില്ലായിരിക്കും, പിടിക്കേണ്ടവരെ പിടിക്കാന്‍ പോലീസിനു കൈവിറയ്ക്കുമെന്നാണ് ഇവന്മാര്‍ പറഞ്ഞു പരത്തുന്നത്. 

 

ക്യാമ്പിലെ സ്വര്‍ഗ്ഗതുല്യ ജീവിതം കൈവിട്ടു കളയാന്‍ വയ്യാഞ്ഞിട്ടയിരിക്കും ആരും തിരിച്ചു പോകാന്‍ കൂട്ടാക്കാതാത്തത്, എന്നാല്‍. ഓരോ മുറിയിലും അറ്റാഛ്ഡ് ബാത്രൂം ഉള്ള ഫൈവ് ബെഡ് റൂം വില്ല, വേണ്ടുവോളം വെള്ളവും വെളിച്ചവും, ആവശ്യത്തിലധികം ഡോക്ടര്‍മാര്‍, ഗര്‍ഭിണികളുടെ പ്രത്യേക പരിചരണത്തിന് ഹോം നഴ്സുകള്‍, കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍, സ്കൂള്‍ പിള്ളേര്‍ക്ക് സ്പെഷ്യല്‍ ട്യൂഷന്‍ ഇത്യാദികള്‍ക്ക് പുറമേ പാമ്പുകടി, പട്ടികടി തുടങ്ങിയ ബോണസുകളും. അപ്പൊ പിന്നെ ഈ ഫൈവ് സ്റ്റാര്‍ സെറ്റ് അപ്പ്‌ ഉപേക്ഷിക്കാന്‍ വല്ലവനും തയ്യാറാകുമോ?  ഇത്രേമൊക്കെ വാരിക്കോരി കൊടുത്തിട്ടും നന്ദിയില്ലെന്നതോ പോട്ടെ, അഹം സിനിമയിലെ നെടുമുടി വേണു സ്റ്റൈലില്‍ “ഇവിടൊന്നും തന്നില്ല, ഇവിടൊന്നും കിട്ടീല്ല”ന്നും നിലവിളിച്ചു നടക്കുകയല്ലേ നശൂലങ്ങള്‍. അവറ്റകളെ കണ്ടില്ലെന്നു നടിക്കാം. ഒരു പണിയുമില്ലാതെ അലമ്പുണ്ടാക്കാനായി മാത്രം കുറെ മാധ്യമക്കാര്‍ ഇറങ്ങി നടപ്പുണ്ട്. തെരഞ്ഞെടുപ്പുകാലമാണല്ലോ. അങ്ങനങ്ങു കണ്ടില്ലെന്നു നടിച്ചാലോ. അതുകൊണ്ടാണ് ഒന്നും രണ്ടുമൊന്നുമല്ല, അഞ്ചു ലക്ഷം കൊടുക്കാം, ശല്യങ്ങള്‍ എവിടെയെങ്കിലും പോയി പണ്ടാരടങ്ങട്ടെന്നും പറഞ്ഞു നൈസില്‍ കാര്യങ്ങള്‍ ഒതുക്കിത്തീര്‍ത്തേക്കാന്നു വച്ചത്. 

 

 

കാല്കാശിനു വകയില്ലാത്തവന്മാര്‍ ആയതുകൊണ്ട് ആക്രാന്തത്തോടെ ചാടി വീഴുമെന്നാണ് അപ്പനും മോനും നിരീച്ചേന്നു തോന്നുന്നു. പണി പാളീന്നു പറഞ്ഞാ മതിയല്ലോ. ഇവിടെക്കിടന്നു ചത്താലും ശരി, മടങ്ങിപ്പോവിലെന്നല്ലേ നിഷേധികള്‍ പറയുന്നത്. അപ്പൊ പിന്നെ ഈ അഹങ്കാരികളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. പിറ്റേദിവസം തന്നെ പൊളിച്ചടുക്കിയില്ലേ, സകലതും. പൊളിച്ചെന്നു മാത്രമല്ല, ഇനി അതെടുത്തിട്ട് പണിയില്ലെന്നുറപ്പിക്കാന്‍ കുഴിയിലിട്ടു മൂടുകയും ചെയ്തു, ഇനി ഇവന്മാര്‍ എവിടെക്കേറി കിടക്കുമെന്ന് കാണണമല്ലോ. അനുസരണക്കേട്‌ കാട്ടുന്നവര്‍ക്കെല്ലാം ഇതൊരു പാഠമായിരിക്കണം.

 

ഇനി ഗൂഡാലോചനക്കാരുടെ കുപ്രചരണങ്ങള്‍ ഓരോന്നായി പരിശോധിക്കാം. കൊടുംതണുപ്പില്‍, പുതപ്പില്ലാതെ തണുത്തു വിറക്കുന്നുവെന്നാണ് ആദ്യ പരാതി. വസ്തുതാവിരുദ്ധം എന്നല്ലാതെ എന്ത് പറയാന്‍? ഇതൊക്കെ എന്തോന്നു തണുപ്പെന്നാണ് സര്‍ക്കാരിന്റെ ചോദ്യം. ചോദ്യം ന്യായമാണ്. ഈ സീറോ ഫിഗര്‍ സുന്ദരിമാരുടെ ഐറ്റം നമ്പര്‍ കണ്ടു  വെള്ളമിറക്കുമ്പോഴുള്ള ഒരു കുളിരുണ്ടല്ലോ. അതാണ് കുളിര്. അതൊക്കെ വച്ച് നോക്കിയാല്‍ ഇവന്മാര്‍ ഈ പറയുന്ന സീറോ ഡിഗ്രിയൊക്കെ ഒരു കുളിരാണോ?  

 

നവജാത ശിശുക്കള്‍ പോഷകാഹാരം കിട്ടാതെ മരിക്കുന്നു, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു പോലുള്ള കുപ്രചരണങ്ങളെയൊക്കെ എങ്ങനെ നേരിടണമെന്ന് സര്‍ക്കരിനു നന്നായറിയാം. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെക്കാളും വലിയ ജനസേവകനാണ് താനെന്നു തെളിയിക്കുന്നതായിരുന്നു മറ്റൊരു മന്ത്രിയുടെ പ്രസ്താവന. ഒരു  ക്യാമ്പ്‌ ആകുമ്പോ കുറെയെണ്ണം ചത്തെന്നൊക്കെയിരിക്കും. ഇതിലൊക്കെ ഇത്രത്ര അന്തംവിടാനെന്തിരിക്കുന്നുവെന്ന്‍. ഇതൊന്നുമില്ലാതെ പിന്നെന്ത് റിലീഫ് ക്യാമ്പ്‌ ക്യാമ്പ്‌? ഇതിലൊക്കെ ഇത്ര അന്വേഷിക്കാന്‍ എന്തിരിക്കുന്നു? ഇവിടെ എവിടെയൊക്കെ പാട്ടും കൂത്തും ഉണ്ടെന്നു തിരക്കാന്‍ പോലും നേരം കിട്ടുന്നില്ല. അതിനിടക്ക് കണ്ടവരുടെ പിള്ളേരേ സെര്‍ലാക്ക് കുടിപ്പിക്കാനും ബേബി ലോഷന്‍ പുരട്ടിക്കാനും സ്നഗ്ഗിസ് വച്ചുകൊടുക്കാനുമെല്ലാം സര്‍ക്കാര്‍ ആളെ അയക്കണമെന്ന് പറയുന്നത് അഹങ്കാരമല്ലാതെ മറ്റെന്താണ്?

 

 

പെണ്ണുങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാളില്ലെന്നാണ് അടുത്ത പരാതി. സ്ത്രീ ശാക്തീകരണത്തില്‍ എസ്.പിക്കാര്‍ക്കുള്ള താല്പര്യം വിശ്വപ്രസിദ്ധമല്ലേ. അതറിയാവുന്ന ആരെങ്കിലും ഇങ്ങനൊക്കെ പറയുമോ? പണ്ട് സ്ത്രീ സംവരണം എന്നും പറഞ്ഞു ഒരു ചവറു ബില്‍ പാസ്സാക്കാന്‍ തുടങ്ങിയ നേരത്ത് അതിനെ മുപ്പത്തിരണ്ട് കഷ്ണങ്ങളാക്കി വലിച്ചു കീറി പറത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച വന്‍ടീമുകളില്‍ ഒന്നാണ്. അവരില്‍ നിന്ന് ഇതിലും വലിയ സംരക്ഷണം പ്രതീക്ഷിക്കുന്നതു തന്നെ മുസാഫ്ഫര്‍ നഗറിലെ പെണ്ണുങ്ങളുടെ വിവരമില്ലയ്മയാണ്. കൂട്ടബലാത്സംഗം ചെയ്തവരെ ചൂണ്ടിക്കാട്ടി കൊടുത്തിട്ടും പോലീസ് അനങ്ങുന്നില്ലെന്ന്. മണ്ടിപ്പെണ്ണുങ്ങള്‍. ഈ കൂട്ടമാനഭംഗം എന്നൊക്കെ പറയുന്നത് വലിയ ക്രെഡിറ്റായി കൊണ്ട് നടക്കാതെ മോങ്ങിക്കൊണ്ട് പരാതി പറയാന്‍ നടക്കുന്ന വിഡ്ഢികൂഷ്മാണ്ടങ്ങള്‍. അല്ലെങ്കില്‍ തന്നെ പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയോതുങ്ങിയിരുന്നാല്‍ ഇങ്ങനൊന്നും ഉണ്ടാകില്ലെന്നാണ് മഹാത്മാകള്‍ പറഞ്ഞിട്ടുള്ളത്. അപ്പൊ പിന്നെ സര്‍ക്കീട്ടടിച്ചു നടന്നാല്‍ ചെലപ്പോ മാനം പോയെന്നോക്കെയിരിക്കും. അനുസരണക്കേട്‌ കാട്ടിയതും പോര വലിയ തന്‍റേടി ചമഞ്ഞു കേസ് കൊടുക്കാന്‍ ഇറങ്ങിയിരിക്കുന്നു. കുറഞ്ഞത് പീഡിപ്പിച്ചവന്മാരുടെ ജാതിയെങ്കിലും തിരക്കീട്ടു വേണ്ടേ ഇതിനൊക്കെ ഇറങ്ങാന്‍. സാരമില്ല, വിവേകപൂര്‍വ്വം പെരുമാറാന്‍ ഇനിയും അവസരമുണ്ട്. അടുത്ത പീഡനം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന ബോധമുണ്ടല്ലോ. അതുകൊണ്ട് ഇനിയെങ്കിലും മാനം കെടുത്താന്‍ വരുന്നവരുടെ ജാതി ചോദിച്ചറിയാന്‍ ശ്രമിക്കുക. അതറിഞ്ഞിട്ടു മതിയല്ലോ പോലീസ് സ്റ്റേഷനില്‍ പോകാനും പാരാതി കൊടുക്കനുമെല്ലാം ഇറങ്ങണോ, എന്ന് തീരുമാനിക്കാന്‍. 

 

ഇനിയുള്ളത് പത്തെഴുപത്തഞ്ചു ഗര്‍ഭിണികളാണ്. സമയമാകുബോള്‍ അവളൊക്കെ പ്രസവിച്ചോളും.  ഇവള്‍ക്കൊക്കെ പേറ്റു നോവും വരുന്നത് നോക്കി വയറ്റാട്ടികളെ അയക്കലാണോ സര്‍ക്കാരിന്റെ ജോലി? ഇവിടെ മാധുരി ദീക്ഷിതിന്റെ പ്രോഗ്രാം ലിസ്റ്റ് വായിച്ചു തീര്‍ക്കാന്‍ പോലും നേരമില്ല. അപ്പൊഴാണ് ശല്യങ്ങള്‍ ടി.വി ക്കാര്‍ക്ക് മുന്നില്‍ പൂങ്കണ്ണീരോഴുക്കി ഭരണവിരുദ്ധ വികാരം ഇളക്കി വിടാന്‍ നോക്കുന്നത്. ക്യാമ്പിലെ പെണ്‍കുട്ടികളുടെ കാര്യമാണ് വിശേഷം. ശൈശവ വിവാഹങ്ങള്‍ മുട്ടില്ലാതെ നടക്കുന്നുണ്ടെന്നാണ് കേള്‍വി. ഈ പെണ്‍പുള്ളകളുടെ ഒരു ഭാഗ്യം നോക്കണേ. പുരനിറഞ്ഞു നില്‍ക്കുന്നുവെന്ന് ചീത്തപ്പേര് കേള്‍പ്പിക്കാതെ 10-12 വയസ്സില്‍ തന്നെ വൈവാഹിക ജീവിതത്തിലേക്കും കടക്കാനും റിലീഫ് ക്യാമ്പില്‍ മധുവിധു ആഘോഷിക്കാനുമൊക്കെ വേണ്ടേ ഒരു യോഗം.

 

പിന്നെ യു.പി സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പൊ ഇതൊരു വിഷയമേ അല്ലല്ലോ. അതുകൊണ്ടു സര്‍ക്കാര്‍ സമീപനത്തെകുറിച്ച് ചോദിച്ചപ്പോള്‍ മുലായം സിംഗ് ഇപ്പോ, മുലായം മോദിയാണെന്ന അസംബന്ധം പറഞ്ഞ നിരക്ഷരകുക്ഷിയെ, രാഷ്ട്രീയ ബോധമില്ലാത്ത വിവരദോഷിയായി മുദ്രകുത്താം. തെരഞ്ഞെടുപ്പിന്റെ തലേന്ന് എങ്കിലും ചെലപ്പോ ബോധോദയം ഉണ്ടായേക്കും. മുസാഫര്‍നഗറിലെ ജന്തുക്കള്‍ക്കും വോട്ടവകാശമുണ്ടെന്ന വെളിപാടുണ്ടായേക്കാം. അന്നേരം മറ്റൊരു വഴിയും ഇല്ലെന്നു കണ്ടാല്‍ അവലംബിക്കാന്‍ പറ്റിയ ഒരു ഉപദേശം തന്നേക്കാം. നെഞ്ചത്തടിയും നിലവിളിയുമായി ഒരു പത്രസമ്മേളനം നടത്തുക. ഇപ്പൊ പറഞ്ഞുകൊണ്ടിരിക്കുന്നതുമായി പുലബന്ധം പോലുമില്ലാത്തവയാണ് പുലമ്പാന്‍ പോകുന്നതെന്ന് ബോധമുള്ളതുകൊണ്ട് ചിലപ്പോ, ഒരു ചെറിയ  നാണക്കേട്‌ തോന്നിയേക്കാം.(നാണം ഉള്ളവര്‍ക്കെ നാണക്കേട്‌ ഉണ്ടാകുള്ളൂ എങ്കിലും ഒരു വിദൂര സാധ്യത തള്ളിക്കളയാന്‍ പാടില്ലല്ലോ) 

 

 

അത്തരം ചിന്തകളുടെ യാതൊരു ആവശ്യവുമില്ല. വേണമെങ്കില്‍ ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ മാതൃകയാക്കാം. പിള്ള സാറും മോനും പലതവണയായി നടത്തിയിട്ടുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഒന്ന് കണ്ടിട്ട് പോയാല്‍ മതി. അത്യാവശ്യം ബാലപാഠങ്ങള്‍ പഠിക്കാം. അടുത്തഘട്ടം എന്താണു വച്ചാല്‍, കലാപം എന്നെ തകര്‍ത്തുകളഞ്ഞു, ഞാന്‍ ആത്മാര്‍തമായി സഹതപിക്കുന്നു, സങ്കടം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ല പോലുള്ള ഒലിപ്പീരു വാചകങ്ങള്‍ മാക്സിമം കുത്തിക്കയറ്റി  ആയിരത്തഞ്ഞൂറു വാക്കില്‍ കുറയാതെ വിശാലമായി തട്ടുക. വലിയ ഫലമൊന്നും കണ്ടില്ലെങ്കിലും അവസാന ആയുധമായി ഉപയോഗിക്കാന്‍ ഉപകാരപ്പെടും. ഒന്നുമില്ലെങ്കിലും പണ്ട് യാദവകുലം മുടിഞ്ഞത് ഒരൊറ്റ ശാപം കൊണ്ടാണെന്നെങ്കിലും ഓര്‍മ കാണുമല്ലോ. രാഷ്ട്രീയത്തിലെ യാദവാധിപത്യം  അവസാനിപ്പിച്ചത് കുറെ പെണ്ണുങ്ങളുടെയും കുഞ്ഞുങ്ങളുടെയും ശാപമാണെന്ന്   കേള്‍ക്കാതിരിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ട് പറഞ്ഞതാ.

 

ഞാന്‍ നോക്കിയിട്ടിനി മുസഫര്‍നഗറിനെ രക്ഷിക്കാന്‍ ഒരൊറ്റ ശക്തിക്കേ കഴിയൂ. സാക്ഷാല്‍ ശോഭന്‍ സര്‍ക്കാര്‍. ഈ ക്യാമ്പുകള്‍ ഉള്ളയിടങ്ങളില്‍ വല്ല സ്വര്‍ണക്കട്ടിയൊ വൈരക്കല്ലുകളോ ഉണ്ടെന്ന് അങ്ങേരൊന്ന് അറിഞ്ഞു സ്വപ്നം കാണണം. പിന്നത്തെ കാര്യങ്ങള്‍ പറയാനുണ്ടോ. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ പരാതിയെങ്കില്‍ സ്വപ്നം പരസ്യമാകുന്ന നിമിഷം മുതല്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥരെ കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യെന്നതാവും പ്രശ്നം. സംഗതികള്‍ മൊത്തത്തില്‍ മാറിമറിയും. പിന്നെ യു. പി ഗവന്മേന്റ്റ് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെയും സകല വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ മഹാപ്രവാഹമായിരിക്കില്ലെ. ഒരു തുരുമ്പിച്ച മൊട്ടുസൂചി പോലും കിട്ടിയില്ലെങ്കിലും കുഴിച്ചു കുഴിച്ചു പാതാളം എത്തുന്നത് വരെ അവരെയൊക്കെ കണ്ടു നിര്‍വൃതിയടയാല്ലോ. അതിനിടക്ക് കേന്ദ്രത്തിലെ സാറന്മാര്‍ ഒരു ഭീകര കഥയും മുതുകില്‍ വച്ച് തന്നിട്ടുണ്ട്. അതിന്റെ ഗതി എന്താകുവോ എന്തോ! ചിലരൊക്കെ ‘ഉണര്‍ന്നു’ തുടങ്ങിയ കാലമാണ്; നിങ്ങളെ നിങ്ങള്‍ തന്നെ നോക്കിക്കോളൂ. 

 

ഇത് മുസഫര്‍നഗറില്‍ മാത്രമായി ഒതുക്കണമെന്നില്ല, ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇതിലും രസകരമാണ് കാര്യങ്ങള്‍ എന്നു മനസിലാവും. ആ യാദവന്‍മാരുടെ പാളത്താറ് ഒന്നഴിച്ചുടുത്താല്‍ ഒറിജിനല്‍ മാറിനില്ക്കും, ഇമ്മാതിരി കാര്യങ്ങളില്‍.

 
(തിരുവനന്തപുരം എന്‍.എന്‍.എസ് വിമണ്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ഇംഗ്ളീഷ് സാഹിത്യ ബിരുദ വിദ്യാര്‍ഥിയാണ് അനഘ)
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍