UPDATES

സയന്‍സ്/ടെക്നോളജി

ഈ ലോകം പുതുലോകം

‘വൈവ’യുടെ വൈറല്‍ തരംഗം

നമുക്ക് തീര്‍ത്തും അജ്ഞാതമായ ഒരു സ്ഥലത്തുനിന്ന്‍ അപരിചിതനായ ഒരു ഗായകന്‍ പാടിയ ‘ഗങ്നം സ്റ്റൈല്‍’ എന്ന ഗാനം, ഗങ്നം എന്ന അയാളുടെ ദേശത്തെ നമ്മുടേതുകൂടി ആക്കിമാറ്റിയ പ്രതിഭാസം നാം മറന്നിരിക്കില്ല. സൈയുടെ ‘ഗങ്നം സ്റ്റൈലി’നൊപ്പം ധനുഷിന്‍റെ ‘കൊലവെറി ഡി’യും 2012ലെ ലോകത്തെ ഏറ്റവും വലിയ യുട്യൂബ് അത്ഭുതങ്ങളിലൊന്നായിരുന്നു. ലോകം മുഴുവനും എത്താന്‍ കഴിഞ്ഞ ഇത്തരം അത്ഭുതങ്ങളൊന്നും 2013-ല്‍ സംഭവിച്ചില്ലെങ്കിലും ആന്ധ്ര സ്വദേശിയായ ശബരീഷ് കന്ദ്രെഗുല സ്വന്തമായി തയ്യാറാക്കിയ ‘വൈവ’ എന്ന ഹൃസ്വചിത്രം കുറഞ്ഞത് ഇന്ത്യയിലെങ്കിലും തരംഗം സൃഷ്ടിച്ചിരുന്നു. 31 ലക്ഷം പേരാണ് ഈ തകര്‍പ്പന്‍ ചിത്രം യു ട്യൂബില്‍ കണ്ടത്. കോളേജിലെ വൈവയ്ക്ക് പങ്കെടുക്കുന്ന ഒരു വിദ്യാര്‍ഥിയുടെ ദൈന്യതയാണ് ചിത്രത്തിന്‍റെ പ്രമേയം. എന്തായാലും സിനിമയിലെങ്കിലും, ഒടുവില്‍ പരീക്ഷ നടത്തുന്ന അധ്യാപകനാണ് ഭ്രാന്ത് പിടിക്കുന്നത്! 

 

വാള്‍സ്ട്രീറ്റിലേക്കുള്ള വളഞ്ഞ വഴി

ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡി കാപ്രിയോയും പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയും ഒന്നിക്കുമ്പോള്‍ അതൊരു മായിക ചലച്ചിത്രാനുഭവം ആയിരിക്കും എന്നത് നമുക്കുറപ്പിക്കാം. നമ്മുടെ  നഗരങ്ങളിലടക്കം, ലോകത്തെല്ലായിടത്തും നിറഞ്ഞ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ് അവരുടെ ‘ദി വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ഇപ്പോള്‍. 1980 കളിലെ ന്യൂയോര്‍ക്കിലെ സ്റ്റോക് ബ്രോക്കറായിരുന്ന ജോര്‍ദാന്‍ ബെല്‍ഫോര്‍ടിന്റെ കരിയറിലെ ഉയര്‍ച്ചകളും വീഴ്ചകളും അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കി ദൃശ്യവത്ക്കരിച്ചിരിക്കുന്ന ഈ ചിത്രം വിസ്മയകരമായ കാഴ്ചാനുഭവമാണ്. ഈ മാസമൊടുവില്‍ ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കാനിരിക്കെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്.

 

ഏറെ പ്രചാരത്തിലുള്ള ഇംഗ്ലീഷ് തെറിവാക്കായ ‘ഫക്ക്’ പലതരത്തില്‍ കുറഞ്ഞത് 506 തവണയെങ്കിലും ഈ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. അതേ, 506 തവണ തന്നെ! അനവധി ‘കട്ടു’കള്‍ക്ക് ശേഷവും സിനിമയില്‍ നിറഞ്ഞു നിന്ന ഈ വാക്കുതന്നെ ധാരളമായിരുന്നു ഈ സിനിമയ്ക്കു  സെന്‍സര്‍ ബോര്‍ഡിന്റ്റെ ‘എ’ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കാന്‍.

 

ഇത്തിരി അധികം തന്നെയാണ് സിനിമയിലെ ഈ ‘വാഗ്പ്രയോഗം’ എന്ന്‍  നിങ്ങള്‍ ചിന്തിച്ചേക്കാം. സിനിമയിലേതിനേക്കാള്‍ ഇരട്ടിയുണ്ട് Fല്‍ തുടങ്ങുന്ന ഈ വാക്ക് പുസ്തകത്തില്‍ എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ!

 

 

ബ്രിട്നിയെ രക്ഷിച്ച പെണ്ണുങ്ങള്‍

ഇക്കഴിഞ്ഞ ക്രിസ്തുമസ് – പുതുവര്‍ഷക്കാലം ചില പോപ് സംഗീതദേവതകള്‍ക്കു മറ്റ് ചിലരെ അപേക്ഷിച്ച് കഷ്ടകാലമായിരുന്നു. ആഘോഷവേളയുടെ അനുഗ്രഹങ്ങള്‍ ലഭിച്ചവരില്‍ മുന്‍പന്തിയില്‍ ഉള്ളത് സുപ്രസിദ്ധ റാപ് ഗായകന്‍ എമിനവുമായി ചേര്‍ന്നു റിഹാന ഒരുക്കിയ ‘മോണ്‍സ്റ്റര്‍’ എന്ന ആല്‍ബം തന്നെയാണ്. ഇത് ലോകമെങ്ങുമുള്ള പോപ് മ്യൂസിക് ചാര്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ ഇടംപിടിച്ചപ്പോള്‍ ബെയോണ്‍സിന്‍റെ സ്വന്തം പേരിലുള്ള ആല്‍ബം യാതൊരു പ്രീ പബ്ലിസിറ്റിയുമില്ലാതെ തന്നെ ഇറക്കിയിട്ടും ഒരു മില്ല്യണ്‍ കോപ്പിയാണ് അമേരിക്കയില്‍ മാത്രം വിറ്റഴിഞ്ഞത്.

 

എന്നാല്‍ എല്ലാവരും ഇത്ര അനുഗ്രഹീതരല്ല എന്നതാണു സത്യം. പോപ് രാജ്ഞിമാരായ ബ്രിട്നി സ്പിയേര്‍സിന്‍റെ ബ്രിട്നി ജീനും ലേഡി ഗാഗയുടെ ആര്‍ട്ട്പോപും തകര്‍ന്നടിയുകയായിരുന്നു. എങ്കിലും will. I.am-മുമായി ചേര്‍ന്നൊരുക്കിയ ‘Work B**ch’ എന്ന ആല്‍ബം ലോകമാകമാനമുള്ള ലക്ഷ്യബോധമുള്ള സ്ത്രീകളുടെ സ്വന്തം ഗാനമായി തീര്‍ന്നിരിക്കുന്നു എന്നത് ബ്രിട്നിക്ക് രക്ഷയായി.

 

 

ജയിംസ് ബ്ലന്‍റിന്റെ പുത്തന്‍ ട്വിറ്റര്‍ അവതാരം

@teamtommo58 പോപ് ഗായകന്‍ ജയിംസ് ബ്ലന്റ്റിന് അയച്ച ട്വിറ്റര്‍ സന്ദേശം – ‘നിങ്ങളുടെ പാട്ട് തീരെ മോശം’

 

അതിനു ബ്ലന്‍റ് കൊടുത്ത മറുപടി – ‘നിങ്ങളുടേതും, മിസിസ്’.

 

@laurenlyall ബ്ലന്‍റിനോട് ചോദിക്കുന്നു – ‘നിങ്ങളുടെ മുകളില്‍ ആരോ കയറി നില്ക്കും പോലെയാണല്ലോ നിങ്ങള്‍ എപ്പോഴും പാടുന്നത്?’

 

ബ്ലന്‍റിന്റെ മറുപടി- ‘ എന്തു ചെയ്യാനാ, അതെപ്പോഴും എന്റെ കാല്‍ച്ചുവട്ടില്‍ വന്നുപെടുന്നുവെന്നേ’!

 

@AlastairBroon ബ്ലന്‍റിനു ചെയ്ത ട്വീറ്റ് – ജയിംസ് ബ്ലന്‍റ് വായ തുറക്കുമ്പോള്‍ തന്നെ എനിക്ക് അയാളുടെ മുഖത്തിടിയ്ക്കാന്‍ തോന്നും’.

 

മറുപടിയായി ബ്ലന്‍റ് പറഞ്ഞതിങ്ങനെ- ‘ഭാഗ്യത്തിന് നിങ്ങളെന്‍റെ പല്ല് ഡോക്ടര്‍ അല്ല!’

 

ഈയടുത്തിടെ നടന്ന മേല്‍പ്പറഞ്ഞ ട്വിറ്റര്‍ വര്‍ത്തമാനങ്ങള്‍ക്ക് മുന്പ് ‘You’re Beautiful’ തുടങ്ങിയ തന്റെ വിഷാദത്മക പ്രണയ ഗാനങ്ങളുടെ പേരിലായിരുന്നു ജയിംസ് ബ്ലന്‍റിനെ നാം അറിഞ്ഞിരുന്നത്. എന്നാല്‍, ഉരുളയ്ക്കുപ്പേരി പോലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിത്തുടങ്ങിക്കൊണ്ട് ‘ബോറന്‍’ എന്നും ‘വിഷാദ കാമുകന്‍’ എന്നും മറ്റുമുള്ള തന്റെ പ്രതിച്ഛായയെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ് ബ്ലന്‍റ്. ‘ബസ്ഫീഡ്’ മുതല്‍ ‘ടൈം’ വരെ പുകഴ്ത്തുന്ന ഒരു ഇന്‍റര്‍നെറ്റ് പ്രതിഭാസമായി മറിയിരിക്കുകയാണ് ബ്ലന്‍റ് ഇപ്പോള്‍.

 

 

 

സാങ്കേതികവിദ്യയുടെ അത്ഭുതലോകം

അമേരിക്കയിലെ ലാസ് വെഗാസില്‍ കഴിഞ്ഞയാഴ്ച നടന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ’ അഥവാ CES, എന്ന വാര്‍ഷിക പ്രദര്‍ശനത്തെ കുറിച്ച് അധികമാരും കേട്ടിരിക്കാനിടയില്ല. അതുകൊണ്ടുതന്നെ, ലോകത്തിന്റെ ‘വാതുവെപ്പ്’ തലസ്ഥാനമായ ലാസ് വെഗാസിലേക്ക് ഈ പരിപാടി കാണാനായി മാത്രം പലരും പറക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായേക്കും. ടെക്നോ-ഭ്രാന്തന്‍മാരും ഏറ്റവും പുതിയ ഉപകരണങ്ങളും നിറഞ്ഞ CES, ലോകത്തെ മുഴുവന്‍ സാങ്കേതികവിദ്യാപരിപാടികളുടെയും വിവരങ്ങളുടെയും ഉറവിടമാണ്. എല്ലാ പുതിയ സാങ്കേതിക സാമഗ്രികളും (ഫോണുകള്‍ മുതല്‍ ടിവികള്‍ വരെ) ആദ്യമായി പുറത്തിറക്കുന്നത് ഇവിടെ വെച്ചാണ്. വളഞ്ഞ സ്ക്രീന്‍ ഉള്ള ടിവികളുടെയും മൊബൈല്‍ ഫോണുകളുടെയും 3ഡി പ്രിന്‍ററുകളുടെയും വിശേഷങ്ങളാണ് ഈ വര്‍ഷത്തെ പ്രധാന പ്രഖ്യാപനങ്ങള്‍.

 

ചില പുതിയ ‘ടാബ്ലറ്റു’കളും ഫോണുകളും കൂടി ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, ഉപഭോക്താക്കള്‍ ഏറെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്5-ഉം ആപ്പിള്‍ ഐഫോണ്‍ 6-ഉം കുറെക്കൂടി കഴിഞ്ഞേ പുറത്തിറങ്ങുകയുള്ളൂ എന്നാണ് സൂചന.  

 

 

 

ഇന്ത്യയും പാക്കിസ്ഥാനും പങ്കുവെയ്ക്കുന്ന സന്തോഷങ്ങള്‍

എത്രതന്നെ പാകിസ്താനെ ചീത്തവിളിച്ചാലും ശരി, ഇടയ്ക്കിടെയിറങ്ങുന്ന ചില ‘പാകിസ്താനി സിനിമ’കള്‍ നാം നെഞ്ചോട് ചേര്‍ക്കാറുണ്ട്. ‘ഖുദാ കെ ലിയേ’, ‘തേരെ ബിന്‍ ലാദന്‍’ എന്നിവയ്ക്കു ശേഷം ഇപ്പോള്‍ ‘സിന്ദാ ഭാഗ്’ എന്ന സിനിമയാണ് ഇന്ത്യയിലെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വിദേശത്തു പോകണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ലാഹോറിലെ നാലു ചെറുപ്പക്കാരുടെ ഈ കഥ നമ്മുടെ പട്ടണങ്ങളിലേത് കൂടിയായതിനാലാകണം നമുക്കും ഈ സിനിമ പെട്ടെന്നു തന്നെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞത്. തിരുവനന്തപുരത്ത് നടന്ന IFFK അടക്കം നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ‘സിന്ദാ ഭാഗ്’. ഇന്ത്യയിലെ തിയേറ്ററുകളില്‍ ഉടനെ തന്നെ ഈ ചിത്രം റിലീസ് ചെയ്യപ്പെടുമെന്നാണ് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട് ചെയ്തത്.

 

 

 

അവാര്‍ഡ് സീസണ്‍ എത്തിക്കഴിഞ്ഞു

നമ്മുടെ തണുത്ത സായാഹ്നങ്ങളെ താരത്തിളക്കത്തില്‍ പൊതിഞ്ഞുകൊണ്ട്, അവാര്‍ഡ് പ്രഖ്യാപനങ്ങളും അവാര്‍ഡ് ദാനച്ചടങ്ങുകളും വിജയികളും എത്തുന്ന കാലമാണിത്. ഇവയില്‍ ഈ വര്‍ഷത്തെ ആദ്യത്തേത്, ഞായറാഴ്ച നടക്കാനിരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വിതരണമാണ്. തന്റെ കണ്ണുകളെ ഈറനണിയിച്ചുവെന്ന് മഡോണ പുകഴ്ത്തിയ ‘12 Years A Slave എന്ന ചിത്രം മുന്‍പന്തിയില്‍ തന്നെയുണ്ടെങ്കിലും, ബഹിരാകാശ ത്രില്ലര്‍ ആയ ഗ്രാവിറ്റി’, വശ്യമായി കഥപറയുന്ന ‘American Hustle’, Her തുടങ്ങിയ ചിത്രങ്ങളും വിജയ സാധ്യത ഉള്ളവയാണ്. ഓസ്കാര്‍ അടക്കമുള്ള വരാനിരിക്കുന്ന അവാര്‍ഡ് പരമ്പരകള്‍ക്ക് മുന്നോടിയായി ഒരു ട്രെന്‍ഡ് ഉണ്ടാക്കാന്‍ കഴിയും എന്നതാണു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ പ്രാധാന്യം. കഴിഞ്ഞ വര്‍ഷം Life of Piയെ പുറകിലാക്കിക്കൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ഗോ പിന്നീട് സ്ക്രീന്‍ ആക്ടേര്‍സ് ഗില്ഡ്, ബാഫ്ത, ഓസ്കാര്‍ എന്നീ അവാര്‍ഡുകളെല്ലാം കരസ്ഥമാക്കിയിരുന്നു.

 

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ VH1ചാനലില്‍ പരിപാടി കാണാവുന്നതാണ്.

 

അവനും അവളും

ചലച്ചിത്രങ്ങള്‍ക്ക് മായാജാലം തീര്‍ക്കാനാവും എന്നു നമ്മെ വീണ്ടും വീണ്ടും വിശ്വസിപ്പിക്കുന്ന സിനിമകളില്‍പ്പെടും സ്പൈക് ജോണ്‍സ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘ഹെര്‍’ എന്ന സിനിമ. ‘ഗ്ലാഡിയേറ്ററി’ലെ വില്ലന്‍ വേഷത്തിലൂടെ നമുക്ക് പരിചിതനായ ജാക്വിന്‍ ഫീനിക്സ് അവതരിപ്പിക്കുന്ന ഏകാന്തനായ ഒരു എഴുത്തുകാരനും കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് വഴി അയാള്‍ പ്രണയത്തിലാവുന്ന പെണ്‍കുട്ടിയും ആണീ ചിത്രത്തിലെ കഥാപാത്രങ്ങള്‍. സ്കാര്‍ലറ്റ് ജോഹാന്‍സന്‍ ആണ് അദൃശ്യയായ ഈ പെണ്‍കുട്ടിക്ക് ശബ്ദം നല്കിയത്. ഉന്നത സാങ്കേതിക വിദ്യയുടെ (ഐ ഫോണിലെ Siri എന്ന ആപ്ലികേഷന്‍ ആണീ ചിത്രത്തിലെ പ്രധാന കണ്ണി) കാലഘട്ടത്തിലെ ഒരു ക്ലാസ്സിക് പ്രണയ സന്ദര്‍ഭമാണീ ചിത്രം എന്നു വിമര്‍ശകര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തുന്ന ഹോളിവുഡ് താരത്തിളക്കമുള്ള സിനിമകള്‍ക്കിടയില്‍ ഈ സിനിമ മുങ്ങിപ്പോകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 14 നു വാലന്‍റൈന്‍ ദിനത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യുക.

 

 

 

ആം ആദ്മി ഇഫക്ട്

ഇതിന്റെ മറ്റൊരു പേര് കേജ്രിവാള്‍ ഇഫെക്റ്റ് എന്നും ആവാം. സമകാലീന രാഷ്ട്രീയത്തിലെ ഏറ്റവും പുതുമയുള്ള ട്രെന്‍ഡ് സെറ്റര്‍ അരവിന്ദ് കേജരിവാള്‍ ആണെന്നത് ഒരു നല്ല വസ്തുതയാണെന്ന് തോന്നുന്നു. ദില്ലിയിലെ ദരിയഗഞ്ചിലെ ഒരു വ്യാപാരി മൂന്നു രൂപയ്ക്കു വില്‍ക്കുന്ന, ‘മേം ആം ആദ്മി ഹൂ’ എന്നെഴുതിയ, സ്വാതന്ത്ര്യസമരകാലത്തെ ഓര്‍മിപ്പിക്കുന്ന തൊപ്പി മുതല്‍, ഏറ്റവും വിലകുറഞ്ഞതായികണ്ട്, നാം മൂലയ്ക്കിട്ടിരുന്ന ചൂലു വരെ, ഈ ദില്ലി മുഖ്യമന്ത്രി തൊടുന്നതെല്ലാം പൊന്നായി മാറുകയാണ്. ആം ആദ്മി പാര്‍ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ചൂല്‍, ‘ട്രേഡസ്’ എന്ന വെബ്സൈറ്റ് 19 രൂപ നിരക്കില്‍  ഓണ്‍ലൈന്‍ ആയി വില്‍ക്കുകയാണിപ്പോള്‍. 

 

 

ജിത്തുവിന്റെ ലോകം

ഇന്നത്തെ മലയാള സിനിമയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ജിത്തു ജോസഫിന് വലിയ പങ്കുണ്ട്. തൊട്ടാതെല്ലാം പൊന്നാക്കിയ ചെറുപ്പക്കാരന്‍. ജിത്തുവിന്റെ ഏറ്റവും പുതിയ സിനിമയായ ‘ദൃശ്യം’ കേരളത്തിലെ തീയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നു. മുമ്പ് സംവിധാനം ചെയ്ത ‘മെമറീസ്’ വിജയം കണ്ട ചിത്രങ്ങളിലൊന്നാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍