UPDATES

കേരളം

കേരളത്തില്‍ എല്ലാവരും ആം ആദ്മി; ഇനി വ്യാജവേട്ടയുടെ സമയം

സജീവന്‍ കല്ലേരി
 
ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയ ഡല്‍ഹി വിപ്ളവം രാജ്യവ്യാപകമായി യുവജനതരംഗമാവുമ്പോള്‍ കേരളത്തിലിപ്പോള്‍ പാര്‍ട്ടിയുടെ മുഖ്യ അജണ്ട വ്യാജവേട്ട.
 
കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയ ചരിത്രവിജയത്തെ  തുടര്‍ന്ന് നാടൊട്ടുക്കും ആം ആദ്മി എന്നപേരില്‍ വ്യാജന്‍മാര്‍ രംഗത്ത് വന്നതാണ് കേരള പാര്‍ട്ടി  ഘടകത്തെ കുഴയ്ക്കുന്നത്. വ്യാജന്‍മാരെ തിരിച്ചറിയണമെന്നും തങ്ങളാണ് ഓറിജിനലെന്നും പറഞ്ഞ് യഥാര്‍ത്ഥ ആം ആദ്മി പാര്‍ട്ടിക്കാര്‍ രംഗത്തുണ്ടെങ്കിലും ആരാണ് വ്യാജന്‍ ആരാണ്  ഓറിജിനല്‍ എന്നറിയാതെ വട്ടംകറങ്ങുന്നത് പാവം ജനമാണ്. ഇനി സാക്ഷാല്‍ അരവിന്ദ്  കെജ്‌രിവാള്‍ തന്നെ കേരളത്തിലെത്തി സ്വന്തം പാര്‍ട്ടിക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പടം പുറത്തുവിട്ടാലേ വിശ്വസിക്കാനാവൂ എന്നാണ് ജനപക്ഷം.
 
 
ഒരുവര്‍ഷം മുമ്പുമാത്രം രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചതോടെയാണ് രാജ്യവ്യാപകമായി തരംഗമായത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെയാണ് പ്രധാനമായും ആം ആദ്മി തരംഗം വീശിയടിക്കുന്നത്. ഈ കുത്തൊഴുക്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണഘടനയോ അജണ്ടയോ ദൗത്യങ്ങളോ ഒന്നും  മ്യൂസിലാക്കാതെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ആളുകള്‍ തങ്ങള്‍ ആം ആദ്മിക്കാരണെന്ന് പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ നിലവില്‍  തുടങ്ങിവെച്ച പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിവെച്ച് വ്യാജന്‍മാരെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയുടെ കേരള ഘടകം.
 
ജനുവരി 20നു ആം ആദ്മിയുടെ പേരില്‍ കോഴിക്കോട്ട് ഒരു സംഘം പൊതുസമ്മേളനം വിളിച്ചതിനെതെിരെ കഴിഞ്ഞ ദിവസം ഇവര്‍ മാധ്യമങ്ങള്‍ക്കെല്ലാം സംസ്ഥാന കമ്മറ്റിയുടെ പേരില്‍ പത്രകുറിപ്പ് കൊടുക്കുകയുണ്ടായി. ‘ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിനുശേഷം കേരളത്തിലെ പലഭാഗങ്ങളിലും സ്വയം പ്രഖ്യാപിത ആം ആദ്മി പാര്‍ട്ടി യൂണിറ്റുകള്‍ രൂപീകരിക്കുന്നതായി വിവരമുണ്ട്. കോഴിക്കോട് ജില്ലയില്‍ 20നു ചിലര്‍ ആം ആദ്മിയുടെ പേരില്‍ പൊതുസമ്മേളനം നടത്തുന്നതായി അറിഞ്ഞു. അത്തരമൊരു പരിപാടിയുമായി ആം ആദ്മി കേരള ഘടകത്തിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു.’ ആം ആദ്മി കേരള സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്തകുറിപ്പാണിത്. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ ശ്രീരാജ് ശ്രീധരന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, സംസ്ഥാന കമ്മറ്റി അംഗം കാര്‍ത്തികേയന്‍ എന്നിവരുടെ പേരിലാണ് വാര്‍ത്താകുറിപ്പ്. അതില്‍ അവരുടേയെല്ലാം നമ്പറുമുണ്ട്. എന്നാല്‍ സംസ്ഥാന കമ്മറ്റിയുടെ ലെറ്റര്‍പാഡില്‍ ഇ-മെയില്‍ വിലാസവും സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയാ അഡ്രസുമല്ലാതെ പാര്‍ട്ടിയുടെ ആസ്ഥാനത്തെക്കുറിച്ചോ മേല്‍വിലാസത്തെക്കുറിച്ചോ ഒന്നും പറയാത്തതതാണ് ജനത്തിന് ഇവരുടെ കാര്യത്തിലും സംശയം ജനിപ്പിച്ചിരിക്കുന്നത്.
 
 
പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിക്ക് ഓഫീസോ മേല്‍വിലാസമോ ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് സംസ്ഥാന കമ്മറ്റി അംഗം കാര്‍ത്തികേയന്‍ നല്‍കിയ മറുപടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താഴേക്കിടയിലുള്ള ജനങ്ങള്‍ക്കിടയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. അതിന് ഒരു ഓഫീസിന്റേയോ മേല്‍വിലാസത്തിന്റേയോ ആവശ്യമില്ലാത്തതിനാലാണ് അങ്ങനെ ചെയ്യാത്തത്. ഡല്‍ഹി വിജയത്തോടെ സംസ്ഥാനത്ത് വലിയ സ്വീകാര്യതയാണ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. യുവാക്കളുടെ ഒരു കുത്തൊഴുക്കുതന്നെ സംഭവിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ മാത്രം ഒന്നരലക്ഷം ലൈക്ക് ആയിക്കഴിഞ്ഞു. പലയിടത്തും ആം ആദ്മിയെന്ന പേരില്‍ ജനം സംഘടിക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതില്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരും കള്ളനാണയങ്ങളുമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അത്തരക്കാരാണ് കോഴിക്കോടക്കം പല ജില്ലകളിലും സ്വയം പ്രഖ്യാപിത കണ്‍വെന്‍ഷനുകള്‍ നടത്തുന്നത്. ചിലര്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതടക്കം പ്രഖ്യാപിച്ചതായിട്ടറിയുന്നു. ഇവര്‍ക്കൊന്നും ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
 
പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ എന്നു പറഞ്ഞ് രംഗത്തുള്ളവരുടെ വിശദീകരണം ഇങ്ങനെയൊക്കെയാണെങ്കിലും വ്യക്തമായ ആസ്ഥാനമോ മേല്‍വിലാസമോ ആര്‍ക്കും ഇല്ലാത്ത അവസ്ഥയില്‍ ആരാണ് ഓറിജിനല്‍ ആരാണ്‌ വ്യാജന്‍ എന്ന് തങ്ങളെങ്ങനെ വിശ്വസിക്കുമെന്നാണ് ജനം ചോദിക്കുന്നത്. അഹിംസയില്‍ അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനമായതിനാല്‍ വ്യാജന്‍മാരെ കായികമായി തുരത്തുക ആം ആദ്മിയെ സംബന്ധിച്ച് സാധ്യമല്ല. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രനേതാക്കള്‍ തന്നെ കേരളത്തിലെത്തി ജില്ലകള്‍ തോറും സമ്മേളനമോ കണ്‍വെന്‍ഷനുകളോ വിളിച്ചുചേര്‍ത്താലെ വിശ്വസിക്കാനാവൂ എന്നാണ് ജനം പറയുന്നത്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍