UPDATES

ഇന്ത്യ

അടുത്ത സര്‍ക്കാരിനെ ആം ആദ്മി തീരുമാനിക്കും

ടീം അഴിമുഖം

രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ത്രികോണ മത്സരമായിരിക്കുമോ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്? ചുരുങ്ങിയത് നഗര പ്രദേശത്തെ മണ്ഡലങ്ങളിലെങ്കിലും അങ്ങിനെയായിരിക്കും എന്നുറപ്പാണ്. ഈ മൂന്ന് നേതാക്കളും സ്വീകരിച്ചിരിക്കുന്ന പ്രചാരണ ശൈലിയും ഉള്ളടക്കവും രാജ്യത്തെ നഗര-അര്‍ദ്ധ നഗര വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ളതാണ്. കോണ്‍ഗ്രസാണെങ്കില്‍ വളരെ പ്രത്യക്ഷമായി തന്നെ ഈ മണ്ഡലങ്ങളില്‍ പ്രതിരോധത്തിലായിരിക്കുന്നു. കേരളമോ തമിഴ്നാടോ പോലുള്ള സംസ്ഥാനങ്ങളില്‍ ഒഴിച്ച് മറ്റെല്ലായിടത്തും മത്സരം മോഡിയും കെജ്രിവാളും തമ്മിലാവാനാണ് സാധ്യത.

പക്ഷേ, അതിന് മുന്‍പ്, നമുക്കെത്ര നഗര കേന്ദ്രീകൃത മണ്ഡലങ്ങളുണ്ട് എന്നു പരിശോധിക്കാം. ഈ മണ്ഡലങ്ങളുടെ എണ്ണത്തെക്കുറിച്ച് തന്നെ തര്‍ക്കങ്ങളുണ്ട്. ഇന്‍ഡ്യയില്‍ 94 നഗര മണ്ഡലങ്ങളും 122 അര്‍ദ്ധ നഗര മണ്ഡലങ്ങളുമുണ്ടെന്നാണ് പൊതുവേയുള്ള വിശ്വാസം. 327 ഗ്രാമീണ മണ്ഡലങ്ങളാണുള്ളത്.
 

അപ്പോള്‍ മത്സരം നടക്കുക 200ല്‍പ്പരം മണ്ഡലങ്ങള്‍ക്ക് വേണ്ടിയാണെന്നര്‍ഥം.  നഗര മണ്ഡലങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ തീവ്രമായതോടെയും നഗരത്തിലെ വോട്ടര്‍മാര്‍ കൂടുതല്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയും പുതിയ രാഷ്ട്രീയ വിശകലനക്കാര്‍ കരുതുന്നത് നഗര കേന്ദ്രീതമായ ഈ ഇരുന്നൂറ് മണ്ഡലങ്ങളാണ് പുതിയ 272 എന്നാണ്.

2011ലെ സെന്‍സസ് പ്രകാരം 16നും അതിന് മുകളിലും വയസുള്ള 27 കോടി ജനങ്ങളാണ് നഗരങ്ങളില്‍ ജീവിക്കുന്നതു. 54 കോടി പേര്‍ ഗ്രാമ പ്രദേശങ്ങളിലും. 2014 ആകുന്നതോടെ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണെങ്കില്‍ നഗര മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരുടെ എണ്ണം 27 കോടിയാകും. അതിനര്‍ഥം രാജ്യത്തെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ നഗരവാസികളാണെന്നാണ്.

2009 ലെ തിരഞ്ഞെടുപ്പില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചു. ബി ജെ പീക്ക് അത് യഥാക്രമം 18.9 ശതമാനവും 18.5 ശതമാനവും ആയിരുന്നു. 2014 ല്‍ ഈ രണ്ടു വലിയ പാര്‍ടികളുടെ വോട്ടിന്‍റെ പ്രധാന പങ്ക് ആം ആദ്മി പാര്‍ടി വിഴുങ്ങാന്‍ പോവുകയാണ്.
 

അന്‍പതിലധികം സീറ്റുകള്‍ പരിപൂര്‍ണ്ണമായും നഗര മണ്ഡലങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ഡെല്‍ഹിയിലെ ജനവിധി നോക്കുകയാണെങ്കില്‍, എല്ലാ വര്‍ഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നും- ദരിദ്രര്‍, മധ്യവര്‍ഗം, ധനികര്‍ എന്നിങ്ങനെ- എ എ പിക്ക് പിന്തുണ കിട്ടിയിട്ടിട്ടുണ്ടെന്ന് കാണാം. അതുകൊണ്ടു തന്നെ നഗരവാസികള്‍ക്ക് പ്രാമുഖ്യമുള്ള ഈ 50 മണ്ഡലങ്ങളിലെ എ എ പിയുടെ പ്രകടനം നിര്‍ണ്ണായകമാണ്.

ഡെല്‍ഹിയോടൊപ്പം മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എഎപിക്ക് കിട്ടുന്ന പിന്തുണ പരിഗണിച്ചാല്‍ 45 മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക ശക്തിയായിരിക്കും എന്ന്‍ ഉറപ്പാണ്. 150 നഗര-അര്‍ദ്ധ നഗര മണ്ഡലങ്ങള്‍ ഒഴിച്ചുള്ള കാര്യമാണ് പറയുന്നത്.

അങ്ങനെ എ എ പി 30 മുതല്‍ 40 വരെ സീറ്റ് നേടുകയാണെങ്കില്‍ 16-ആം ലോക്സഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായിരിക്കും അത്.
 

നഗര വോട്ടര്‍മാരുടെ സമീപനങ്ങള്‍ വളരെ വ്യക്തമായിത്തന്നെ മോഡിയ്ക്കെതിരാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ കുഴപ്പത്തിലായിരിക്കുകയാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് വിരുദ്ധ ബി ജെ പി വിരുദ്ധ വോട്ടുകള്‍ എ എ പിക്ക് അനുകൂലമായി വീഴാനാണ് സാധ്യത. ബിജെപിയുടെയും എ എ പിയുടെയും കോണ്‍ഗ്രസ് വിരുദ്ധ പ്രചരണങ്ങള്‍ യഥാര്‍ഥത്തില്‍ സഹായിക്കുക എ എ പിയെ തന്നെയായിരിക്കും. തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ഇതിലൂടെ അവര്‍ക്കു കഴിയും. തിരിച്ച് കോണ്‍ഗ്രസിന്റെ മോഡി വിരുദ്ധ പ്രചരണം ന്യൂനപക്ഷങ്ങളെയും എ എ പിയിലേക്ക് അടുപ്പിക്കും.

നഗര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് വിരുദ്ധ വോട്ടിന്‍റെ ഒരു ഭാഗം എ എ പി കൊണ്ടുപോകുമെന്ന ഭയം ബിജെപിയിലെ ഒരു വിഭാഗത്തിനുണ്ട്. 2009ല്‍ കോണ്‍ഗ്രസ് വിജയിച്ച നഗര മണ്ഡലങ്ങള്‍ ഇത്തവണ തന്‍റെ കൂടെ നില്‍ക്കുമെന്നാണ് മോഡി കരുതുന്നത്. ഈ കണക്ക് കൂട്ടല്‍ തെറ്റുമെന്നാണ് ബി ജെ പിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. ചിലരൊക്കെ പറയുന്നതുപോലെ 20-30 സീറ്റു നേടാന്‍ മാത്രമുള്ള കരുത്ത് എ എ പിക്ക് ഇല്ല എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പക്ഷേ നഗര മണ്ഡലങ്ങളില്‍ എ എ പിക്ക് കിട്ടുന്ന 20,000 മുതല്‍ 30,000 വരെയുള്ള വോട്ടുകള്‍ കോണ്‍ഗ്രസിനെയായിരിക്കും സഹായിക്കുക എന്നാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടല്‍. എ എ പി സീറ്റുകള്‍ വിജയിക്കുന്നതിനേക്കാള്‍ ബിജെപിയെ വേവലാതിപ്പെടുത്തുന്നത് അവര്‍ പിടിക്കുന്ന വോട്ടുകളാണ്.

ചുരുക്കത്തില്‍ അടുത്ത ലോക്സഭയെ തീരുമാനിക്കുന്നത് നഗര വോട്ടുകളായിരിക്കുമെന്നര്‍ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍