UPDATES

ഇന്ത്യ

ഈ വിധി പാവപ്പെട്ടവര്‍ക്ക് വേണ്ടി

ടീം അഴിമുഖം

സ്വകാര്യ ടെലികോം കമ്പനികളെ ഓഡിറ്റ് ചെയ്യാനുള്ള സി എ ജിയുടെ അവകാശവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഉടന്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിധിയെക്കുറിച്ച്  കഴിഞ്ഞ തിങ്കളാഴ്ച അഴിമുഖം എഴുതിയിരുന്നു. അതിനു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വിധി പുറത്തുവന്നു. ജനങ്ങള്‍ക്ക് കിട്ടേണ്ട പണം തിരിച്ചുപിടിക്കുന്നതില്‍ സി എ ജിക്കും ഗവന്‍മെന്‍റിനും കൂടുതല്‍ അധികാരം നല്‍കുന്ന ഈ വിധി ഒരു നാഴികക്കല്ലായി വാഴ്ത്തപ്പെടുകയാണ്.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നടത്തുന്ന പി പി പി പദ്ധതികളും ഗവണ്‍മെന്‍റുമായിട്ടുള്ള മറ്റുതരം ഇടപാടുകളും ഓഡിറ്റ് ചെയ്യാനുള്ള അവകാശമാണ് ഈ വിധിയോടെ സി എ ജിക്ക് ലഭിക്കുന്നത്. സ്വാഗതാര്‍ഹമായ ഒരു നീക്കമാണിത്. കാരണം ഇത്തരം നിരവധി കേസുകളില്‍ സ്വകാര്യമേഖല പലപ്പോഴും സുതാര്യമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടു വമ്പിച്ച റവന്യൂ നഷ്ടമാണ് സര്‍ക്കാരിന്നുണ്ടാകുന്നത്. ഇത് രാജ്യത്തെ പരമദരിദ്രരായ മനുഷ്യര്‍ നേരിടുന്ന നിരക്ഷരത, പോഷകാഹാരക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഗവണ്‍മെന്‍റിന്റെ ശ്രമങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

“ഈ വിധി ഒരു നാഴികകല്ലാണ്. വരും വര്‍ഷങ്ങളില്‍ ഇത് ഏറെ ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പാണ്.” ഓഡിറ്റ് മേഖലയെ തികച്ചും നാടകീയമായ രീതിയില്‍ തന്നെ വിധി ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സി.എ.ജിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

 

 

പിപിപി പദ്ധതികളെ ഓഡിറ്റ് ചെയ്യാനാവശ്യമായ അധികാരം തങ്ങള്‍ക്ക് അനുവദിച്ചുകിട്ടുന്ന തരത്തില്‍ നിയമത്തില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് സിഎജി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. എന്നാല്‍ ഇതിന് നിരവധി തടസങ്ങളുണ്ടായിരുന്നു. ഗവണ്‍മെന്‍റും സ്വകാര്യ കമ്പനികളും തമ്മിലുള്ള പല കരാറുകളിലും, ഉദാഹരണമായി ടെലികമ്യൂണിക്കേഷന്‍ മൊബൈല്‍ കമ്പനികളുമായിട്ടുള്ളത്, സിഎജിയെ ഗവണ്‍മെന്‍റിന്റെ ഓഡിറ്ററായി അധികാരപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു സ്വകാര്യ കമ്പനികള്‍ ഓഡിറ്റ് ചെയ്യപ്പെടേണ്ട പല കേസുകളിലും സിഎജി ആക്ടിന്റെ സെക്ഷന്‍ 20 പ്രകാരം രാഷ്ട്രപതിയോ ഗവര്‍ണറോ സിഎജിയോട് ആവശ്യപ്പെടേണ്ടതുണ്ട്.

ഈ പരിമിതികളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ നിരവധി സ്വകാര്യ പദ്ധതികളെയും, പി‌പി‌പി പദ്ധതികളെയും സിഎജി ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തം റിലയന്‍സിന്റെ കെജി ഡി-6, അടക്ക്മുള്ള എണ്ണ പര്യവേക്ഷണ പദ്ധതികളില്‍ സിഎജി നടത്തിയ ഓഡിറ്റാണ്. ദേശീയപാത അതോറിട്ടിയുടെ കീഴിലുള്ള പല റോഡ് പദ്ധതികളും ഇപ്പോള്‍ സിഎജിയുടെ പരിശോധനയിലാണ്.

പുതിയ ഉത്തരവ് സിഎജിയുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അത് വരാനിരിക്കുന്ന കാലത്തെ സിഎജിയുടെ റോളിനെ ഉറപ്പിക്കുന്ന ഒന്നാണെന്നാണ് മുതിര്‍ന്ന ഓഡിറ്റര്‍ അഭിപ്രായപ്പെട്ടത്. “ഇപ്പോള്‍ രാജ്യത്തിന്‍റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കുള്ള പണം വരുന്നത് പ്രധാനമായും സ്വകാര്യകമ്പനികള്‍ വഴിയാണ്. അതുകൊണ്ടു തന്നെ ഈ കമ്പനികളെ സിഎജിയുടെ പരിധിയില്‍ നിന്നു ഒഴിവാക്കിയാല്‍ പൊതുപണം യഥാര്‍ഥത്തില്‍ എത്രയുണ്ട് എന്ന് ഗവണ്‍മെന്‍റും പൊതുജനങ്ങളും എങ്ങനെ അറിയും?” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു.

 

ഡിസ്കോമിനെ ഓഡിറ്റ് ചെയ്യാന്‍ സിഎജിയെ അനുവദിച്ചുകൊണ്ട് ഡല്‍ഹി ഗവണ്‍മെന്‍റ് ഈ അടുത്തകാലത്ത് പുറത്തിറക്കിയ ഉത്തരവ് രാജ്യത്തിന്‍റെ മറ്റ് പ്രാദേശങ്ങള്‍ക്ക് മാതൃകയാണ്. സ്വകാര്യ കമ്പനികളും ഗവണ്‍മെന്‍റും തമ്മിലുള്ള ഇടപാടില്‍ ഗവണ്‍മെന്‍റ് പക്ഷത്തു അധികാരപ്പെട്ട ഏജന്‍സി സിഎജി ആണെന്നാണ് ഒട്ടുമിക്ക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അല്ലെങ്കില്‍ സ്ഥാപന മേധാവികളുടെ തല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും പല കാര്യങ്ങളും നടക്കുക.

എപ്പോഴൊക്കെ സിഎജി സ്വകാര്യ മേഖലയുമായി ഇടപെട്ടിട്ടുണ്ടോ അന്നെല്ലാം വലിയ വിമര്‍ശനങ്ങളാണ് അത് നേരിട്ടത്. ഉദാഹരണത്തിന് രാജ്യത്തെ 11 പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ടിനെ സമ്പൂര്‍ണ്ണ പരാജയമായിട്ടാണ് നാഷണല്‍ മാരിടൈം ഡെവലപ്മെന്‍റ് പ്രോഗ്രാം വിലയിരുത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍