UPDATES

ഓഫ് ബീറ്റ്

ഈ എസ്സേ എഴുത്ത് ഒന്നവസാനിപ്പിച്ചിരുന്നെങ്കില്‍

റബേക്ക ഷൂമാന്‍
(സ്ളേറ്റ്)

കോളേജില്‍ പഠിക്കുന്ന സകലര്‍ക്കും അസൈന്മെന്റ്കള്‍ എഴുതുന്നത് വെറുപ്പാണ്. എഴുതാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് പലരും എസ്സെകള്‍ വാങ്ങുന്നു, കടമെടുക്കുന്നു, മോഷ്ടിക്കുകപോലും ചെയ്യുന്നു. എസ്സേ എവിടെ നിന്നെങ്കിലും ഒക്കെ കോപ്പിയടിക്കല്‍ സര്‍വസാധാരണയാണ്. കോപ്പിയടിക്കുന്നവരെയെല്ലാം തോല്‍പ്പിക്കാന്‍ നിന്നാല്‍ ജയിക്കാന്‍ വളരെക്കുറച്ച് പേരേ ഉണ്ടാകൂ. സ്വന്തമായി എസ്സേ എഴുതേണ്ട ഡിഗ്രിവിദ്യാര്‍ഥികള്‍ എല്ലാവരും തന്നെ അത് കൊടുക്കേണ്ട അവസാനതീയതിയുടെ അന്ന് വെളുപ്പിന് അരമണിക്കൂര്‍കൊണ്ടാണ് കോഴ്സ് വര്‍ക്കിനോട് ചേര്‍ന്ന്നില്‍ക്കുന്ന ഒരു വാദഗതി സഹിതം ഒരു എസ്സേ എഴുതിയൊപ്പിക്കുന്നത്. മിനിമം പേജ് എത്തിക്കാനായി അവര്‍ പല തരം ഫോണ്ടുകള്‍ പരീക്ഷിക്കുന്നു.

എന്നാല്‍ എഴുതുന്ന വിദ്യാര്‍ഥികളെക്കാള്‍ കൂടുതലായി ഈ കോളേജ് എസ്സെകളെ വെറുക്കുന്ന മറ്റാരെങ്കിലുമുണ്ടെങ്കില്‍ അത് ഇവയ്ക്ക് വായിച്ചുമാര്‍ക്കിടുന്ന അധ്യാപകരാണ്. ഓരോ പേപ്പറും വായിച്ച് ഗ്രേഡ് തീരുമാനിക്കാന്‍ ഇവര്‍ക്ക് റോബോട്ടിന്റെ സഹായമൊന്നും ലഭിക്കുന്നില്ലല്ലോ. അരമണിക്കൂര്‍ ചെലവിട്ട് എവിടെനിന്നെങ്കിലുമൊക്കെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ച് സൃഷ്ടിക്കുന്ന പേപ്പറുകള്‍ വിലയിരുത്തി മാര്‍ക്കിടാന്‍ ഒരു അദ്ധ്യാപകന്‍ ചുരുങ്ങിയത് പതിനഞ്ചുമണിക്കൂര്‍ ചെലവിടണം. അതിനിടെ മര്യാദയ്ക്ക് കോമ ഇടാന്‍ പോലും മേനക്കെടാത്തവരെ ശിക്ഷിക്കാന്‍ എന്തെങ്കിലും നിയമം തന്നെ വേണ്ടതാണ്. ഇതിനെല്ലാം ഒടുവില്‍ എത്ര മാര്‍ക്ക് കിട്ടിയെന്നുമാത്രം ഒന്ന് ഓടിച്ചുനോക്കുമെന്നല്ലാതെ ഈ പേപ്പര്‍ പിന്നീട് ഒരു വിദ്യാര്‍ഥിയും വായിച്ചുനോക്കാറില്ല.

 

പ്രൊഫസറുടെ കമന്റുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയ ഒരു ശരാശരി വിദ്യാര്‍ഥി ആ കമന്റുകളെ ഒരു ആക്ഷേപമായി മാത്രം കാണുകയും ക്രൂരനായ ഈ അധ്യാപകന് തന്നോട് വെറുപ്പാണ് എന്നതിന്റെ തെളിവായി ഈ പേപ്പര്‍ സൂക്ഷിക്കുകയും ചെയ്യും. ഇനി ഒരു ചെറിയ ശതമാനം വിദ്യാര്‍ഥികള്‍ ഉണ്ടാവും, അവര്‍ കമന്റുകള്‍ വിലയിരുത്തുകയും അവയെപ്പറ്റി ആലോചിക്കുകയും ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും. പക്ഷെ ഈ വിദ്യാര്‍ഥികളുടെ പേപ്പറുകളും അതെ പോലെ തന്നെ മികച്ചനിലവാരം പുലര്‍ത്തുന്നവയായിരിക്കും. ഇവര്‍ സ്വന്തം ഗ്രേഡിനെപ്പറ്റി വേവലാതിപ്പെടുന്ന പഠിപ്പിസ്റ്റ്കളായിരിക്കും. ഒരു ഗ്രേഡ് മോഹിയായ വിദ്യാര്‍ഥിയുടെ തുടര്‍ശല്യം ഒഴിവാക്കാന്‍വേണ്ടിമാത്രം ഒരു ബി ഗ്രേഡ് പേപ്പറിന് എ ഗ്രേഡ് കൊടുത്ത എത്ര അധ്യാപകരുണ്ട്!

പേപ്പറുകള്‍ ഗ്രേഡ് ചെയ്ത് ഭ്രാന്തിയായ ഒരു അമ്മയെകണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ എനിക്ക് അമ്മയോട് സഹതാപമൊക്കെ തോന്നിയിരുന്നു. എന്നാല്‍ മുതിര്‍ന്നപ്പോള്‍ അത് നഷ്ടപ്പെട്ടു. ഞാന്‍ പറയും: “പേപ്പര്‍ നോക്കുന്നത് അത്ര ഇഷ്ടമല്ലെങ്കില്‍ പിന്നെ ഇത് ചെയ്യാതിരുന്നുകൂടെ?” എന്റെ അമ്മ ദേഷ്യത്തില്‍ മറുപടി പറയും, “ഇതൊരു ഇംഗ്ലീഷ് ക്ലാസാണ്, എനിക്ക് അസൈന്മെന്റ് കൊടുക്കാതിരിക്കാനാകില്ല.”

എന്റെ അമ്മയോടും മറ്റ് അധ്യാപകരോടും വിദ്യാര്‍ഥികളോടും സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് ഇതാണ്: അസൈന്‍മെന്‍റ് കൊടുക്കേണ്ടകാര്യമില്ല, ഇത് നിറുത്തേണ്ട സമയമായി. ഒരു ജോലി കിട്ടാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ജോലി മാത്രം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികളില്‍ എല്ലാവരും തന്നെ ഇത്തരം എസ്സേ എഴുത്ത് അവരുടെ സമയവും ശ്രമവും മെനക്കെടുത്തുന്ന ഒരു പരിപാടിയായാണ് കരുതുന്നത്. അതിനേക്കാള്‍ വലിയ സമയനഷ്ടം എന്താണെന്നോ? ഈ പേപ്പറുകള്‍ വായിച്ചുമാര്‍ക്കിടുക എന്നത്!

 

മൂന്നുവാചകം ഒരുമിച്ച് കൂട്ടിയെഴുതാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കുട്ടികളും കോളേജില്‍ പഠിക്കാനെത്തുന്നത്. അവര്‍ പഠനം പൂര്‍ത്തിയാക്കി പോകുമ്പോഴും അവസ്ഥയ്ക്ക് മാറ്റമൊന്നും കാണില്ല. ഒരു അധ്യാപകന്റെ ശ്രമകരമായ ഇടപെടല്‍ കാരണം ചിലപ്പോള്‍ അതില്‍ ചിലരെങ്കിലും ഒരു മാന്യമായ എസ്സേ എഴുതാന്‍ അവസാനം പഠിക്കുമായിരിക്കും. പക്ഷെ ഇതൊക്കെ ആരുനോക്കുന്നു! എന്റെ സഹഹ്യൂമനിസ്റ്റുകള്‍ പറയുന്നത് മാനവികവിഷയങ്ങളില്‍ ഒരു എസ്സേ എഴുതാന്‍ കഴിയുക എന്നാല്‍  മൂര്‍ച്ചയേറിയ ചിന്തയുണ്ടാവുകയും ജീവിതവിജയം ഉണ്ടാവുകയും ചെയ്യുക എന്നൊക്കെയാണ്. എന്നാല്‍ ഇത്തരം മേഖലകളില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ പറയുന്നത് അവരുടെ സഹപ്രവര്‍ത്തകരില്‍ ഏറിയ പങ്കും നിരക്ഷരരാണ് എന്ന് പോലും വേണമെങ്കില്‍ പറയാം എന്നാണ്.

ആളുകളെ നന്നായി എഴുതാന്‍ പഠിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍ ഞാന്‍ പലതും ശ്രമിച്ചുനോക്കിക്കഴിഞ്ഞ്. വിഷയത്തോട് ചേര്‍ന്നുനില്‍ക്കാത്ത ആമുഖങ്ങള്‍ എഴുതുന്നത് ഒഴിവാക്കാനായി ഞാന്‍ ഒരു ശില്‍പ്പശാല നടത്തി. അതിനൊടുവില്‍ ആളുകള്‍ എഴുതിയ ആദ്യരണ്ടുവാചകങ്ങള്‍ പരസ്പരബന്ധമില്ലാത്തതും പ്രയോജനമില്ലാത്തതുമായിരുന്നു.

ഞാന്‍ പേപ്പറുകള്‍ നോക്കിയതിനുശേഷം തിരുത്തിഎഴുതാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നല്ല വിദ്യാര്‍ഥികള്‍ ഒന്ന്കൂടി മെച്ചപ്പെടുമെന്നല്ലാതെ ഞാന്‍ സഹായിക്കാന്‍ ലക്ഷ്യമിടുന്ന മോശം വിദ്യാര്‍ഥികള്‍ തിരുത്തിഎഴുതിയ പേപ്പറുകള്‍ കൊണ്ടുവരാറേയില്ല. എന്നുമാത്രമല്ല, ഈ എക്സ്ട്രാ എഴുത്തുകൊണ്ട് എനിക്ക് നഷ്ടപ്പെടുന്നത് പ്രയോജനകരമായി എനിക്ക് ഉപയോഗിക്കാമായിരുന്ന എന്റെ സമയമാണ്.

എല്ലാത്തരം എസ്സേഎഴുത്തും അവസാനിപ്പിക്കണം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ചില കോഴ്സുകളുടെ അവസാനം നിര്‍ബന്ധമായി എഴുതിവയ്ക്കേണ്ടപേപ്പറുകളെപ്പറ്റിയാണ്‌ ഞാന്‍ പറയുന്നത്. ചില വിദ്യാര്‍ഥികള്‍ക്ക് സത്യത്തില്‍ എഴുതാന്‍ ഇഷ്ടമാണ്. അങ്ങനെയുള്ളവര്‍ ഇംഗ്ലീഷ് മേജര്‍ എടുക്കട്ടെ, ജോര്‍ജ് ഇലിയട്ടിനെപ്പറ്റിയും വിര്‍ജീനിയ വുള്‍ഫിനെപ്പറ്റിയും നീളന്‍ പ്രബന്ധങ്ങള്‍ എഴുതട്ടെ, എഴുത്തുകാരായി വളരട്ടെ. പക്ഷെ ബാക്കിയുള്ളവരെ ഈ എഴുത്തില്‍ നിന്ന് മോചിപ്പിക്കണം.

 

നിര്‍ബന്ധിത മാനവികവിഷയങ്ങളില്‍ എസ്സെകള്‍ എഴുതിക്കുന്നതിനു പകരം എഴുത്തുപരീക്ഷകളും ചോദ്യപ്പരീക്ഷകളും സംഘടിപ്പിക്കുക. ഒരു ചോദ്യത്തിനുള്ള ഉത്തരം കോപ്പിയടിച്ചുപകര്‍ത്താന്‍ കഴിയില്ലല്ലോ. പ്രൊഫസര്‍ ഒരു ചോദ്യം ചോദിക്കുമ്പോള്‍ പുസ്തകത്തിലെ ഒരു പേജ് മാത്രം വായിച്ചുകൊണ്ട് രക്ഷപെടാന്‍ കഴിയില്ല. ഒരു ചോദ്യപ്പരീക്ഷയില്‍ ഇരുന്ന് ഗ്രേഡ് ചെയ്യേണ്ട ആവശ്യവുമില്ല. പറയുന്നതില്‍ കഴമ്പില്ലെങ്കില്‍ മാര്‍ക്കും അതിനൊപ്പിച്ച്ചു തന്നെയായിരിക്കും വീഴുക.

ഡിഗ്രി വിദ്യാര്‍ഥികള്‍ ചിന്തിച്ച് എസ്സെകള്‍ എഴുതാന്‍ പ്രാപ്തരാകണം എന്നാണ് വയ്പ്പ്. എന്നാല്‍ ഈ എഴുത്ത് ഒഴിവാക്കാനായി അവര്‍ ഏതറ്റം വരെയും പോകുമെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. എനിക്ക് ശുഭാപ്തിവിശ്വാസം ഇല്ല എന്നൊക്കെ വേണമെങ്കില്‍ പറഞ്ഞോളൂ. എങ്കിലും കൂടുതല്‍ പരീക്ഷകളും കുറച്ച് അസൈന്മെന്റ്കളും നല്‍കിയാല്‍ പഠിക്കാനുള്ള ലോകോത്തരകഥകളുടെ സാരാംശമെങ്കിലും അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് ഉറപ്പാണ്. മാര്‍ത്ത നുസ്ബോം “സിമ്പതറ്റിക്ക് ഇമാജിനേഷന്‍” എന്ന് പേരിട്ടുവിളിക്കുന്ന മാനവികബോധം അവര്‍ക്ക് ഒരുപക്ഷെ ലഭിച്ചെന്നുവരാം. നമ്മെപ്പോലെയല്ലാത്ത മനുഷ്യരുടെ കഥകള്‍ മനസിലാക്കാനുള്ള കഴിവാണ് അത്. ഏത് കോളേജ് എസ്സേ എഴുതുന്നതിനേക്കാളും അവര്‍ക്ക് അത് ഗുണകരമായേക്കും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍