UPDATES

കേരളം

കൊയിലാണ്ടിയിലെ \’കുലംകുത്തി\’കളെ തളയ്ക്കാന്‍ സി.പി.എമ്മിനാകുമോ?

സജീവന്‍ കല്ലേരി
 
സിപിഎം വിമതര്‍ ഒഞ്ചിയത്ത് അഴിച്ചുവിട്ട ഭൂതം കൊയിലാണ്ടിയിലും സിപിഎമ്മിനെ വേട്ടയാടുന്നു. 1948 ഏപ്രില്‍ 30 ഒഞ്ചിയത്തിനും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മറക്കാന്‍ കഴിയുന്ന ദിവസമല്ല. എട്ടു സഖാക്കള്‍ ജീവന്‍ നല്‍കി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്  അടിത്തറപാകിക്കൊടുത്തത് അന്നായിരുന്നു. 60 വര്‍ഷം കഴിയുമ്പോഴേക്കും 2008ല്‍ ഒഞ്ചിയത്തെ ഐതിഹാസിക കര്‍ഷക സമരത്തിന് ജീവന്‍ കൊടുത്ത, നേതൃത്വം നല്‍കിയ മണ്ടോടി കണ്ണന്റെ കുടുംബംവരെ സിപിഎം വിട്ട് പുതിയ പാര്‍ട്ടിയുടെ ഭാഗമായി. ടി.പി. ചന്ദ്രശേഖരനെന്ന യുവ യുവനേതാവിന്റെ തോളിലേറി ഒഞ്ചിയം സിപിഎമ്മില്‍ നിന്ന് വിഭജിക്കപ്പെട്ടത് പാര്‍ട്ടിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഒഞ്ചിയത്തിനു മുമ്പ് തൃശ്ശൂര്‍ തളിക്കുളത്തും ഷൊര്‍ണൂരിലും ഒറ്റപ്പാലത്തുമെല്ലാം ഇത്തരം വിമത ശബ്ദങ്ങളും യൂണിറ്റുകളുമുണ്ടായെങ്കിലും ഒരുതരത്തിലും സിപിഎമ്മിന്റെ കേഡര്‍ സ്വഭാവത്തെ ഇളക്കാന്‍പാകത്തില്‍ അവയൊന്നും വളര്‍ന്നില്ല. എന്നാല്‍ ഒഞ്ചിയവും ചന്ദ്രശേഖരനും പാര്‍ട്ടിയെ പിടിച്ചുലച്ചു. അതിന്റെയെല്ലാം ബാക്കിയായിട്ടായിരുന്നു 2011ല്‍ മേയ് നാലിന് ഒഞ്ചിയത്തെ വിമത ശബ്ദമായിരുന്ന ചന്ദ്രശേഖരന്‍ അതി ദാരുണമായി കൊല്ലപ്പെട്ടു. ചന്ദ്രശേഖരന്റെ ദേഹത്തേറ്റ 51 വെട്ടിന്റെ ഉത്തരവാദികള്‍ ഇപ്പോഴും കോടതിമുറിയിലാണെങ്കിലും സിപിഎമ്മിനെ അത് വിടാതെ പിന്തുടരുന്നു. അത്തരമൊരു പ്രതിസന്ധിയില്‍ നിന്ന് ഏതുവിധേനെയും കരകയാറാനുള്ള ശ്രമത്തിനിടെയാണ് ഒരു അഗ്നിപര്‍വതം കണക്കെ മലബാറില്‍ കൊയിലാണ്ടി പുകഞ്ഞു കൊണ്ടിരിക്കുന്നത്.
 
ചന്ദ്രശേഖര വധമുണ്ടാക്കിയ ആഘാതത്തിനുശേഷം കടന്നുവന്ന മുണ്ടൂരിലേയും കഞ്ഞിക്കുഴിയിലേയും വിമത ശബ്ദങ്ങളെ അങ്ങേയറ്റം അനുനയപാതയിലാണ് സിപിഎം തടഞ്ഞു നിര്‍ത്തിയത്. അതേ ശൈലിയിലാണ് കൊയിലാണ്ടിയിലും കുലംകുത്താന്‍ തുടങ്ങിയവരെ തിരിച്ചുപിടിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങിയിരിക്കുന്നത്.  
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ വടകരയില്‍ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് ഏതുവിധേനെയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയുടെ കൊയിലാണ്ടി മുന്‍ ഏരിയാസെക്രട്ടറി എന്‍. ബാലകൃഷ്ണ്തനെതിരെ ധൃതിപിടിച്ച് നടപടിയെടുത്ത തീരുമാനം പാര്‍ട്ടി അണികളിലും നേതാക്കളിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ധൃതിപിടിച്ച തീരുമാനത്തിനെതിരേ സംസ്ഥാനവ്യാപകമായി നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാകാതിരിക്കാനുള്ള പെടാപ്പാടിലാണ് സംസ്ഥാന-ജില്ലാ നേതൃത്വം.
 

എന്‍.വി ബാലകൃഷ്ണന്‍
 
ഒഞ്ചിയം വിമതര്‍ വിട്ടുപോയപ്പോള്‍ കുലംകുത്തികളെന്ന് പറഞ്ഞ് അവരെ പാര്‍ട്ടിയുടെ പടിക്ക് പുറത്തുതന്നെ നിര്‍ത്തുകയായിരുന്നെങ്കില്‍ മുന്‍ ഏരിയാസെക്രട്ടറിയുടെ സസ്‌പെന്‍ഷനു പിന്നാലെ രാജിഭീഷണിമുഴക്കിയവരേയെല്ലാം നേരിട്ട് അനുനയിപ്പിക്കുകയും നടപടിക്ക് വിധേയനായ എന്‍.വി. ബാലകൃഷ്ണനെ പെട്ടന്നുതന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള നീക്കങ്ങളാണിപ്പോള്‍ കൊയിലാണ്ടി കേന്ദ്രീകരിച്ച് സംസ്ഥാന നേതാക്കള്‍ നടത്തുന്നത്. ഇതിനായി ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, കെ.കുഞ്ഞമ്മദ്, കെ.ദാസന്‍ എന്നിവര്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പ്രകോപനങ്ങളൊഴിവാക്കാനായി ഞായറാഴ്ച നടത്താന്‍ തീരുമാനിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മാറ്റി വെച്ചു. അതിനിടെ ബാലകൃഷ്ണനെതിരായ നടപടിയെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെച്ച കെ.ശാന്തയെ  പിന്തിരിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബാലകൃഷ്ണന്റെ ഭാര്യകൂടിയായ ശാന്ത ശനിയാഴ്ച ജില്ലാ സെക്രട്ടറിക്ക് സമര്‍പ്പിച്ച രാജിക്കത്ത് പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ശാന്തയ്ക്ക് പിന്നാലെ രാജിയുമായി രംഗത്തെത്തിയ പന്ത്ര്യു് കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമവും ഇപ്പോള്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്. ചരിത്രത്തിലിന്നേവരെ നേതൃത്വത്തെ വെല്ലുവിളിച്ചവരെ തിരിച്ചുകൊണ്ടുവരാനും അനുനയിപ്പിക്കാനും സിപിഎം അങ്ങോട്ട് ചെന്നിട്ടില്ല. എന്നാല്‍ രാജ്യവ്യാപകമായി ആം ആദ്മി വികാരവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്ത്യൂങ്ങളും നടക്കുമ്പോള്‍ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഉള്ളവരെക്കൂടി കളയേണ്ടെന്ന കര്‍ശന നിലപാടാണ് മേല്‍ക്കമ്മറ്റികള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാണെങ്കിലും കൊയിലാണ്ടിയിലെ അവസ്ഥ സ്‌ഫോടനാത്മകമെന്നാണ് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍.വി.ബാലകൃഷ്ണന്‍ യാതൊരു കാരണവശാലും പാര്‍ട്ടിയിലേക്ക് ഇനി മടങ്ങിപോകില്ലെന്നും അദ്ദേഹത്തിന്റ്റെയൊപ്പം പാര്‍ട്ടിവിട്ട് ഒഞ്ചിയം പോലെ ശക്തമായൊരു ബദല്‍മൂവ്‌മെന്റ്  ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് പ്രദേശത്തെ നേതാക്കളും അണികളുമെന്ന്‍ അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ബാലകൃഷ്ണന്‍ പാര്‍ട്ടി വിടുമെന്ന സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും കൊയിലാണ്ടിയിലെ 99 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്ന് പറഞ്ഞത് സിപിഎമ്മിനുള്ള ശരിയായ മുന്നറിയിപ്പാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
 
 
പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് ഒരു ഗള്‍ഫ് മാധ്യമത്തില്‍ ലേഖനമെഴുതിയതാണ് ബാലകൃഷ്ണന്റെ സസ്‌പെന്‍ഷനിടയാക്കിയ കുറ്റം. ബഹ്റിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘4 പിഎം ന്യൂസ്’ എന്ന സായാഹ്ന പത്രത്തില്‍ എന്‍. വി. ബാലകൃഷ്ണന്‍ എഴുതിയ ചില  ലേഖനങ്ങളില്‍ പാര്‍ട്ടി നയവും സംഘടനാ തത്വങ്ങളും ലംഘിക്കുന്ന നിലപാടുണ്ടായിരുന്നു. 2013 മെയ് ആറിനു പ്രസിദ്ധീകരിച്ച ന്യൂനപക്ഷ രാഷ്ട്രീയം : അകവും പുറവും’, 2013 ജൂണ്‍ 10-നു പ്രസിദ്ധീകരിച്ച ‘മടിയില്‍ കനമുള്ളവര്‍ വഴിയില്‍ പേടിച്ചോട്ടെ’, 2013 ജൂലൈ ഒന്നിനു പ്രസിദ്ധീകരിച്ച ‘കളരി പരമ്പര ദൈവങ്ങളെ’ എന്നീ ലേഖനങ്ങളിലും ഇതേ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ കടന്നുവന്നു. അത്തരമൊരു നിലപാട് മാറ്റമാണ് ബാലകൃഷ്ണ്തനെതിരായ നടപടിക്ക് ഇടയാക്കിയത്. വിദേശത്തുള്ളൊരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരില്‍ ബാലകൃഷ്ണനെപ്പോലെ ജനമനസറിഞ്ഞൊരു നേതാവിനെതിരെ നടപടി എടുക്കുമ്പോള്‍ നിലവിലുള്ള ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദിനെതിരെ ഇതിലും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പാര്‍ട്ടി അദ്ദേഹത്തെ സരംക്ഷിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരമൊരു ഇരട്ടത്താപ്പാണ് കൊയിലാണ്ടിയെ കലുഷിതമാക്കുന്നത്.  
 
ബാലകൃഷ്ണന്‍ വിഷയത്തില്‍ കൊയിലാണ്ടി നഗരസഭാ അധ്യക്ഷ ശാന്തയെടുത്ത രാജിതീരുമാനത്തില്‍ നിന്ന് അവര്‍ പിറകോട്ട് പോവില്ലെന്നാണ് ലഭിക്കുന്ന വിവരം. ശാന്തയ്ക്ക് പുറമേ 12 പേര്‍കൂടി രാജിയുമായി രംഗത്തുണ്ട്. ഇവര്‍കൂടി രാജിവെച്ചാല്‍ ഇവിടെ വര്‍ഷങ്ങളായി സിപിഎം കോട്ടകെട്ടി തുടരുന്ന നഗരസഭാ ഭരണം വീഴാനും സാധ്യതയുണ്ട്. 44 അംഗകൗണ്‍സിലില്‍ എല്‍ഡിഎഫിന് ഇപ്പോള്‍ 27 അംഗങ്ങളാണുള്ളത്. അധ്യക്ഷയടക്കം13പേര്‍ രാജിവെച്ചാല്‍ അത് 14 ആവും. നഗരസഭയില്‍ നിലവില്‍ യുഡിഎഫിന് 14ഉം ബിജെപിക്ക് മൂന്നും അഗങ്ങളുണ്ട്. സിപിഎം നിലപാട് തിരുത്താതെ മുമ്പോട്ട് പോയാല്‍ കൊയിലാണ്ടി നഗരസഭ ഒരിക്കലും സ്വപ്നം കാണേണ്ടി വരില്ലെന്നാണ് ഇടഞ്ഞ് നില്‍ക്കുന്നവരുടെ ഭീഷണി. തൊട്ടടുത്ത മൂടാടി പഞ്ചായത്തിലേയും കീഴരിയൂര്‍ പഞ്ചായത്തിലേയുമെല്ലാം സ്ഥിതിയും ഭിന്നമല്ല. കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുന്‍ലോക്കല്‍ സെക്രട്ടറിയുമായ ഹരീന്ദ്രന്‍ മാസ്റ്റര്‍ ഇതിനകം രാജി സമര്‍പിച്ചിട്ടുണ്ട്. അവിടുത്തെ ഭൂരിപക്ഷം അംഗങ്ങളും ഹരീന്ദ്രന്‍ മാസ്റ്റര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂടാടി പഞ്ചായത്തില്‍ നിലവില്‍ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയുടെ സഹോദരി കെ.കെ തങ്കമാണ് ഇവിടെ വൈസ്പ്രസിഡന്റ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തങ്കം രാജിവെക്കാനൊരുങ്ങിയതാണ്. പുതിയ അവസ്ഥയില്‍ തങ്കം രാജിവെക്കുന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അതോടെ മൂടാടി പഞ്ചായത്ത് ഭരണവും സിപിഎമ്മിനു നഷ്ടമാവുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
 
 
അതിനെല്ലാമപ്പുറത്ത് ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം ഏതുവിധേനെയും തിരിച്ചുപിടിക്കുക സിപിഎം ലക്ഷ്യമാണ്. കഴിഞ്ഞതവണ ടിപി.ചന്ദ്രശേഖരനും ഒഞ്ചിയത്തെ ആര്‍എംപിയും വടകരയില്‍ ശക്തമായ സാന്നിദ്ധ്യമായതാണ് മണ്ഡലം നഷ്ടപ്പെടാനിടയാക്കിയത്. ഒഞ്ചിയം ഉണ്ടാക്കിയ തരംഗത്തില്‍ നിന്നും പുതുക്കെ കരയകയറിവരുമ്പോള്‍ മണ്ഡലത്തിനുള്ളില്‍ തന്നെയുള്ള കൊയിലാണ്ടിയും വിമത ചേരിയിലേക്ക് തിരിയുന്നത് വടകര മണ്ഡലം എന്നേക്കുമായി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടാക്കും. ഇത് മറികടക്കാനാണ് എ.പ്രദീപ് കുമാറിനെപ്പോലെ പൊതുസമ്മതരായ നേതാക്കളെ ഇറക്കി സിപിഎം കഴിയാവുന്നത്ര അനുനയത്തിനു ശ്രമിക്കുന്നത്. ഒഞ്ചിയത്തുപയോഗിച്ച കുലംകുത്തി പ്രയോഗം വിട്ട് മുണ്ടൂരും കഞ്ഞിക്കുഴിയിലും പരീക്ഷിച്ച അനുനയം കൊയിലാണ്ടിയില്‍ എത്രത്തോളം ഏശുമെന്ന് വരും ദിവസങ്ങളില്‍ കണ്ടുതന്നെ അറിയണം.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍