UPDATES

സിനിമ

സദാചാര പാഠങ്ങള്‍, ജിത്തു ജോസഫ് വക

സുദീപ് കെ എസ് 
 
ഒടുവില്‍, ഏറെ നാളത്തെ കാത്തിരിപ്പിനും ഇന്റര്‍നെറ്റ് ബുക്കിങ്ങിലടക്കമുള്ള ‘ഫുള്‍’ ബോര്‍ഡുകള്‍ക്കും ശേഷം ‘ദൃശ്യം’ കണ്ടു. ആണിലും ജാതിയിലും തിരിയുന്ന, തികച്ചും സ്ത്രീവിരുദ്ധമായ ‘കുടുംബമൂല്യ’ങ്ങളും അതോടനുബന്ധിച്ച മോറലിസവും (സദാചാരവാദം എന്നോ മൊറാലിറ്റി എന്നോ ഒക്കെ ഇതിനെ വിളിക്കുന്നതു കുറ്റകരമായിരിക്കും) ആണ് ലാല്‍ ജോസിന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പല ‘കുടുംബ’ സിനിമകളെയും പോലെ ഈ സിനിമയിലും ഞാന്‍ കണ്ടത്. 
 
(സിനിമ കാണാത്തവര്‍ ബാക്കി വായിക്കണമെന്നില്ല).  
 
സസ്‌പെന്‍സിന്റെ ഒരു രസം ഈ പടം തരുന്നുണ്ട് എന്നതുമാത്രമായിരുന്നു ഒരാശ്വാസം, ഉണ്ടാക്കിവരുന്ന അലിബിയില്‍ ലൂപ് ഹോളുകള്‍ കുറേ ഉണ്ടെങ്കിലും. ഏറ്റവും അവസാനത്തെ സീനുകള്‍ വല്ലാതെ ‘ലൌഡ്’ ആകാതെ നോക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതുകൊണ്ടൊക്കെ ഈ സിനിമ ചെറിയ തോതില്‍ ആസ്വദിക്കാന്‍ പറ്റിയെങ്കിലും ‘മലയാളികള്‍’ (ആണുങ്ങളും പെണ്ണുങ്ങളും) ഇത്തോതില്‍ ഇതിനെ ഗംഭീരസിനിമ എന്നു വാഴ്ത്തുന്നതിന് ഒരു പ്രധാനകാരണം അതിലെ ഈ മോറലിസവുമായി (‘മാനം’ കാത്തുസൂക്ഷിക്കുന്ന മകള്‍, മകളുടെ ‘മാന’ത്തിനുവേണ്ടി കരഞ്ഞപേക്ഷിക്കുന്ന അമ്മ, മകളെയും ഭാര്യയെയും തന്റെ ബുദ്ധി ഉപയോഗിച്ച് രക്ഷിച്ചെടുക്കുന്ന അതിമാനുഷനായി മാറുന്ന ‘സാധാരണക്കാരന്‍’ അച്ചായന്‍, കാശുള്ള വീട്ടിലെ വഴിപിഴച്ചുപോവുന്ന പയ്യന്‍, മകന് പ്രൈവസി കൊടുക്കുന്ന അമ്മയുടെ വളര്‍ത്തുദോഷം, മകനെക്കുറിച്ചു വേവലാതിയുള്ള അച്ഛന്‍, എളുപ്പത്തില്‍ ഒരു വില്ലനായി കാണാന്‍ കഴിയുന്ന ഒരു കറുത്ത പോലീസുകാരന്‍… അങ്ങനെയങ്ങനെ) അവര്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്നതുതന്നെയാവണം. 
 
 
രണ്ടു മുതിര്‍ന്ന പെണ്‍മക്കളുടെ അമ്മ കൂടിയായ സേതു ഹെന്റി എന്ന സേതുലക്ഷ്മി ഈ സിനിമയെപ്പറ്റി എഴുതിയതുകൂടി വായിക്കുക: ‘ഒരു കുറ്റവും ചെയ്യാത്ത ഒരു പെങ്കുട്ട്യുടെ അമ്മ ഒരു കുബേരപുത്രന്റെ പൊളപ്പിന് മുന്‍പില്‍ കൈകൂപ്പി ഞങ്ങളെ മാനം കെടത്തരുത് എന്ന് അഭ്യര്‍ത്ഥിയ്ക്കുന്ന ഒരു ദൃശ്യം, വേദനിപ്പിക്കുന്നതും സ്ത്രീകള് ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട(തുമായ) ഒരു ദൃശ്യം. പെണ്ണിന്റെ മാനം പുരുഷനിലും പുരുഷാധിപത്യ സമൂഹത്തിലും ആണ് എന്ന് ഊട്ട്യുറപ്പിക്യണ ഒരു ദൃശ്യം. നിന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം വിശ്വസിച്ച് എന്റെ മകളെ പതിതയാക്കുന്ന നിന്നിലും നീ ഉള്‍പ്പെട്ട സമൂഹവും എനിയ്ക്കു പുല്ലാണ് എന്ന് പറയുന്ന അമ്മയ്ക്കും മക്കള്‍ക്കും ചുറ്റിലും കഥ കെട്ടിപ്പടുക്കാത്ത ഒരു ദൃശ്യം. നമ്മള്‍ സ്ത്രീകള്ക്ക് എതിരായ അക്രമങ്ങള്ക്ക് എതിരെ തൊണ്ട പൊട്ടി പ്രതികരിയ്ക്കുമ്പോ ഇത്തരം സിനിമകള്‍ എടുക്കുന്ന ആള്ക്കാര് ചെയ്യുന്നത് ദ്രോഹം തന്നെയാണ്. അഭ്യര്‍ത്ഥനയും, കാല്‍ക്കല്‍ വീഴലും, കണ്ണീരും അല്ല കലാപം ആണ് ഇവിടെ വേണ്ടത്. ഒന്ന് പോടാ പാ.’
 
കുറച്ചൊരു വിശദീകരണം
ആദ്യമേ പറയട്ടെ, എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്റ്റ് ആവണം എന്നോ ദൃശ്യം അങ്ങനെ ആവണമായിരുന്നു എന്നോ ഒരു വിചാരം എനിക്കില്ല. എന്തുകൊണ്ടായിരിക്കാം ഈ സിനിമ ഇത്ര വലിയൊരു ഹിറ്റായത് എന്ന ചിന്തയാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. 
 
‘കഥയിലെ യുക്തിയൊന്നുമല്ല ഞാന്‍ നോക്കിയത്, മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരച്ഛനെയാണ് ഞാന്‍ ആ സിനിമയില്‍ കണ്ടത് ‘ എന്നമാതിരി ഒരു കമന്റ് ഏതോ ഒരച്ഛന്‍ ഫെയ്‌സ്ബുക്കില്‍ ആരുടെയോ ഒരു പോസ്റ്റിനു താഴെ എഴുതിയിരുന്നു (കൃത്യമായി വാചകം ഓര്‍മ്മയില്ല, ഏതു പോസ്റ്റിലായിരുന്നു എന്നതിന്റെ ലിങ്കുമില്ല. കണ്ട, ഓര്‍മ്മയുള്ള ആരെങ്കിലും പങ്കുവച്ചാല്‍ നന്ദി). ഈ കമന്റ് എന്റെ വാദഗതിക്ക് ഒരു തെളിവൊന്നും ആയി എടുക്കാന്‍ പറ്റില്ല, പക്ഷേ എനിക്ക് ഇങ്ങനെയൊക്കെ തോന്നാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു ആ കമന്റും. 
 
ഈ അഭിപ്രായം പങ്കുവച്ചപ്പോള്‍ മരിയ റോസ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു : ‘ഒരു സസ്‌പെന്‍സ് ആഖ്യാനം എന്ന നിലയില്‍ മാത്രമാണ് ‘ദൃശ്യ’ത്തിനു പ്രത്യേകതയുള്ളത് എന്ന് ഞാന്‍ കരുതുന്നു. ഇത് ഇത്രയും വലിയ വിജയം നേടുന്നത് അതിന്റെ സസ്‌പെന്‍സ് മാത്രമല്ല, മറിച്ച് അതോനോടൊപ്പം ഉള്ള ഫാമിലി മോറല്‍പാഠം കൊണ്ടാണെന്ന് പറയാം. സസ്‌പെന്‍സ് കഥകള്‍ പലതും ആളുകള്‍ കാണാതെ വിട്ടിട്ടുണ്ട്.’
 
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിലെ വാര്‍ത്തകളില്‍ മോഹന്‍ലാല്‍ ദൃശ്യത്തെപ്പറ്റി പറഞ്ഞത് ‘ഇതുകണ്ടു കയ്യടിക്കുന്ന പ്രേക്ഷകര്‍ ആ കുറ്റകൃത്യത്തിനല്ല കയ്യടിക്കുന്നത്, ആ ഫാമിലിക്കുവേണ്ടിയാണ് അവര്‍ കയ്യടിക്കുന്നത്’ എന്നാണ്. അവിടെ മോഹന്‍ലാലും പറയുന്നത് ഏതാണ്ട് ഈപ്പറഞ്ഞ കാര്യം തന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. 
 
 
ഫെയ്‌സ്ബുക്കില്‍ എനിക്കു കിട്ടിയ മറ്റുചില കമന്റുകള്‍ കൂടി മുന്‍നിര്‍ത്തി ഈ ചിന്തകളെ കുറച്ചുകൂടി വിശദീകരിക്കാന്‍ ശ്രമിക്കാം.
 
എന്റെ നിലപാടിനോട് പൊതുവില്‍ യോജിക്കെത്തന്നെ തനിക്കുള്ള വിയോജിപ്പുകള്‍ / സംശയങ്ങള്‍ പങ്കുവച്ചുകൊണ്ട് ദീപ്തി ശ്രീറാം പറയുന്നു,  I think their idea of trying to talk sense to the blackmailer (even begging) is actually a scenario that many women do when confronted by compromising photographs or videos.’   ‘നമ്മള്‍ സംസാരിക്കുന്ന മീനയുടെ കഥാപാത്രത്തിന്റെ location വച്ചു നോക്കുമ്പോള്‍ aren’t we talking from a position of privilege to expect her to behave in a certain way?’
 
മറ്റൊരു സുഹൃത്തായ കിഷോര്‍ കുമാര്‍ പറഞ്ഞത് Movie is realistic. 90% of mothers in Kerala are going to behave like this. “മാനം” is a real thing and its a big crime to use recorded nudity to bully people.’ എന്നാണ്.
 
ഈ വാദങ്ങളോട് പൊതുവില്‍ പറയാനുള്ളത്, സിനിമ ‘റിയലിസ്റ്റിക്’ അല്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഭൂരിഭാഗം മലയാളി പ്രേക്ഷകര്‍ക്കും സിനിമയില്‍ പറഞ്ഞ കാര്യങ്ങളോട് റിലേറ്റ് ചെയ്യാന്‍ പറ്റും എന്ന് പറയുമ്പോള്‍ സിനിമ ഒരുതരത്തില്‍ ‘റിയലിസ്റ്റിക്’ ആണ് എന്നുകൂടിയാണ് അര്‍ത്ഥം. പൊതുസമൂഹത്തിനു പെട്ടെന്നു റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ‘റിയാലിറ്റി’കളും സ്റ്റീരിയോ ടൈപ്പുകളും വേണ്ടുവോളം ഉണ്ടായിരിക്കുക എന്നത് ജനപ്രിയ സിനിമയുടെ ‘ഫോര്‍മുല’കളില്‍ ഒന്നാണുതാനും. ആ ഒരു ജനപ്രിയതയെപ്പറ്റിയാണ് ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചത്. 
 
മീനയുടെ കഥാപാത്രം മറ്റൊരുതരത്തില്‍ പെരുമാറണം എന്നു ഞാന്‍ ‘പ്രതീക്ഷി’ക്കുന്നില്ല. എന്നാല്‍ അങ്ങനെ ഒരു കുടുംബത്തെയും അങ്ങനെ ‘സാധാരണ പ്രേക്ഷക’ന്റെ ‘പ്രതീക്ഷ തെറ്റിക്കാത്ത’ ഒരു ഭാര്യയെയും ആണ് സംവിധായകന്‍ സിനിമയ്ക്ക് പശ്ചാത്തലമാക്കുന്നത് (അല്ലാതെ നിഖിലയുടെയും അഖിലയുടെയും അമ്മയായ സേതുലക്ഷ്മിയെ അല്ല) എന്നത് യാദൃച്ഛികമല്ല. അതുമാത്രമായി എടുത്താല്‍ വലിയൊരു സ്ത്രീവിരുദ്ധതയുമല്ല. പലതരം സ്ത്രീകളുണ്ട്, അതില്‍ ഒരാളെ കാണിച്ചു എന്നു കരുതാമായിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം ‘നിറഞ്ഞുനില്ക്കുന്ന’ സദാചാര പാഠങ്ങളുടെ അനുബന്ധമായിട്ടാണ് ഞാന്‍ ആ സീനിനെ കാണുന്നത്. 
 
റിയലിസ്റ്റിക് ആയിരിക്കുന്നതിനെപ്പറ്റി പറയുന്നതോടൊപ്പം റിയലിസ്റ്റിക് അല്ലാതിരിക്കുന്നത് എവിടെയൊക്കെയാണ് എന്നും നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ദീപ്തി തന്നെ മറ്റൊരു കമന്റില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ശവം കുഴിച്ചുമൂടാന്‍ അവര്‍ കാണിക്കുന്ന ധൈര്യം അത്രതന്നെ റിയലിസ്റ്റിക് അല്ല എന്നോര്‍ക്കുക. 
 
‘അവന് എന്തിനാണ് പ്രൈവസി? കള്ളത്തരങ്ങള്‍ ഉള്ളവര്‍ക്കാണ് പ്രൈവസി വേണ്ടത്’ എന്നു സിദ്ദിക്ക് പറയുമ്പോള്‍ മക്കള്‍ക്ക് പ്രൈവസി വേണ്ട എന്നു വിശ്വസിക്കുന്ന മാതാപിതാക്കളും ഭാര്യയ്ക്ക് പ്രൈവസി വേണ്ട എന്നു വിശ്വസിക്കുന്ന ഭര്‍ത്താക്കന്മാരും ഭര്‍ത്താവിന് പ്രൈവസി വേണ്ട എന്നു വിശ്വസിക്കുന്ന ഭാര്യമാരുമെല്ലാം ‘അത് ശരിതന്നെ’ എന്ന് മനസ്സില്‍ പറയുന്നുണ്ടാവണം. ‘മക്കള്‍ക്ക് പ്രൈവസി കൊടുക്കുന്ന അച്ഛനമ്മമാരാണ് മക്കളെ വഷളാക്കുന്നത് ‘എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ടാവാം. എന്നാല്‍ ഇതില്‍ എത്രത്തോളം ‘റിയാലിറ്റി’ ഉണ്ട്? 
 
മക്കളെ നോക്കാന്‍ സമയമില്ലാത്ത ‘ഉദ്യോഗസ്ഥ’കളായ അമ്മമാര്‍ ഉള്ളിടത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ് എന്നും ഇതിനെ നീട്ടിവായിക്കാം.
 
‘ചുമ്മാതാണോ എന്റെ ഭാര്യ കൊച്ചുങ്ങളെയും നോക്കി വീട്ടിലിരിക്കണമെന്നു ഞാന്‍ കരുതുന്നത്’ എന്ന് കല്യാണം കഴിച്ചവരും അല്ലാത്തവരുമായ ഒരു വലിയ വിഭാഗം ആണുങ്ങളും തങ്ങളെ ന്യായീകരിക്കുന്നുണ്ടാവാം. ഉദ്യോഗസ്ഥയായ മരുമകളെ ‘പിടിക്കാത്ത’ അമ്മായിഅമ്മയും അമ്മായിഅച്ഛനുമെല്ലാം ഇത് അവരുടെ ജീവിതപരിസരവുമായി ചേര്‍ത്തുകണ്ട് നിര്‍വൃതി അടഞ്ഞേക്കാം.  
 
ഇത്തരം കാര്യങ്ങളില്‍ ജനത്തിന് ‘റിലെറ്റ്’ ചെയ്യാന്‍ പറ്റുന്നത് കാണുന്ന കാര്യങ്ങള്‍ ‘റിയാലിറ്റി’യുമായി ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ട് എന്നതിനേക്കാള്‍ അവര്‍ വിശ്വസിക്കാനിഷ്ടപ്പെടുന്ന സ്റ്റീരിയോ ടൈപ്പുകളുമായി ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ്.
 
മനുഷ്യപ്പറ്റില്ലാത്ത കറുത്ത പോലീസുകാരനും ഇത്തരം ഒരു സ്റ്റീരിയോ ടൈപ്പുതന്നെയാണ്, നമ്മുടെയൊക്കെ ചോരയില്‍ വളരെ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒന്ന്. 
 
പോലീസിനെ (ഒപ്പം ഭാര്യയേയും മക്കളെയും ഒക്കെ) തോല്‍പ്പിക്കുന്ന രീതിയില്‍ ‘ബുദ്ധി’ ഉപയോഗിക്കുന്ന ‘സാധാരണക്കാരന്‍’ നായകനാണ് റിയലിസ്റ്റിക് അല്ലാത്ത, അതേസമയം ജനത്തിന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, മറ്റൊരംശം. ഇതൊക്കെ നമ്മളും വിചാരിച്ചാല്‍ ചെയ്യാവുന്നതേ ഉള്ളൂ എന്ന തോന്നല്‍ ഉണ്ടാക്കുന്നവിധം ലളിതമായ കാര്യങ്ങളാണ് മോഹന്‍ലാല്‍ ചെയ്യുന്നതും.
 
 
വിശകലനരീതിയുടെ പ്രശ്‌നം 
അജിത് കുമാര്‍ എ എസ് ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയാണ്, ‘അപരവത്ക്കരണ’ത്തെക്കുറിച്ച് രൂപേഷ് ഉന്നയിച്ച വിമര്‍ശനങ്ങളുടെ ഒരു ഫ്രേം വര്‍ക്ക് തന്നെയാണ് സുദീപും പിന്തുടരുന്നത് എന്ന് എനിക്ക് തോന്നുന്നുണ്ട്. കുടുംബമൂല്യങ്ങള്‍, സദാചാരം, മാനം എന്നീ കാര്യങ്ങള്‍ കൂട്ടി ചേര്‍ത്തു എന്ന് മാത്രം. ഈ വിശകലന രീതിക്ക് അപ്പുറം പോകണം എന്നാണു ഞാന്‍ പറയുന്നത്.’.
 
(രൂപേഷ് കുമാറിന്റെ ലേഖനം ഇവിടെ വായിക്കാം.) 
 
ഇതിനപ്പുറത്തേയ്ക്ക് പോകണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. രൂപേഷിനും ആഗ്രഹം ഉണ്ടാവാം. എന്നാല്‍ സിനിമ ഇത്തരം കാര്യങ്ങളിലൊക്കെ എണ്‍പതുകളില്‍ത്തന്നെ തറഞ്ഞുകിടക്കണം എന്നു വാശിപിടിക്കുകയാണെങ്കില്‍ അതിനെ വിശകലനം ചെയ്യുന്ന ആള്‍ക്ക് പരിമിതികളുണ്ട് എന്നെനിക്കു തോന്നുന്നു. സത്യന്‍ അന്തിക്കാടുപോലും തന്റെ അപരവല്ക്കരണങ്ങളെ ഇന്നത്തെ ചിന്താവിഷയത്തിലെയോ രസതന്ത്രത്തിലെയോ രീതിയില്‍ നിന്ന് കുറേശ്ശെ മാറ്റിപ്പിടിക്കുന്നുണ്ട്, ഇന്ത്യന്‍ പ്രണയകഥയിലെത്തുമ്പോള്‍. എന്നാല്‍ ജീത്തു ജോസഫ് താരതമ്യേന ലൈറ്റ് ആയ ‘മൈ ബോസി’ല്‍ നിന്ന് കുടുംബം നഷ്ടപ്പെട്ടതോടെ ‘എല്ലാം നഷ്ടപ്പെട്ട’ നായകന്റെ (കുടുംബം നശിപ്പിച്ച ഫ്‌ലാഷ് ബാക്കിലെ മുസ്ലീം തീവ്രവാദിയും കുടുംബമില്ലാത്ത ഇപ്പോഴത്തെ കറുത്ത വില്ലനും ചേരുന്ന) കഥ പറയുന്ന ‘മെമ്മറീസി’ലും പിന്നീട് ‘ദൃശ്യ’ത്തിലും ഒക്കെ കൂടുതല്‍ കൂടുതല്‍ ഇതേ ജാതീയ/വംശീയ/സ്ത്രീവിരുദ്ധ ‘മോറല്‍ സയന്‍സ്’ ക്ലീഷേകള്‍ എടുത്തിട്ടു പണിയുമ്പോള്‍ അതിനെപ്പറ്റി മിണ്ടാതിരിക്കാന്‍ തോന്നുന്നില്ല. പുതിയ എന്തെങ്കിലുമൊക്കെ ഫ്രെയിം വര്‍ക്കില്‍ ദൃശ്യത്തെപ്പറ്റി ആരെങ്കിലും എഴുതുന്നെങ്കില്‍ സന്തോഷമേ ഉള്ളൂ.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍