UPDATES

ഇന്ത്യ

പ്രവാസി നിക്ഷേപം താഴേക്കു തന്നെ

ടീം അഴിമുഖം 

 
 
ലോകബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ച തുക (റെമിറ്റന്‍സ്) 6900 കോടി രൂപയാണ്. ഇതില്‍ 40 ശതമാനം തുകയും വന്നത് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഈ 6900 കോടി രൂപയെന്നത് ഇന്ത്യയിലേക്ക് വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ത്തേക്കാള്‍ കൂടുതലാണ്. വിദേശ ഇന്ത്യക്കാര്‍ ഈ രീതിയില്‍ പണമയയ്ക്കുന്നത് കണ്ടിട്ടാണ് സര്‍ക്കാര്‍ ഇന്ത്യയില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്താന്‍ അവര്‍ക്ക് അവസരമൊരുക്കാമെന്ന് പ്രഖ്യാപിക്കുന്നത്. പ്രവാസികാര്യ മന്ത്രാലയം അതിന് നേതൃത്വം വഹിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം കൊണ്ട് കാര്യമായി ഒന്നും സംഭവിച്ചില്ല. 
 
 
വ്യവസായ നയ വകുപ്പ് ഫിക്കി പോലെയുള്ള വ്യാവസായി സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പല നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതോടൊപ്പം, പ്രവാസികാര്യ മന്ത്രാലയവും സി.ഐ.ഐയും ചേര്‍ന്ന് ഓവര്‍സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (ഒ.ഐ.എഫ്.സി) എന്ന സ്ഥാപനം  സ്ഥാപിച്ചു. ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ റോഡ് ഷോ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ചുള്ള പരിപാടികളില്‍ ഇന്ത്യയെ നിക്ഷേപ സൗഹാര്‍ദ്ദ രാജ്യമായി അവതരിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ഈ സെന്ററിന്റെ ലക്ഷ്യം. അതു പോലെ തന്നെ നിക്ഷേപകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് വെബ്‌സൈറ്റും പുറത്തിറക്കിയിരുന്നു. ഒ.ഐ.എഫ്.സിക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നിരവധി പ്രവാസി ഭാരതീയ ദിവസുകള്‍ കഴിഞ്ഞു പോയെങ്കിലും പ്രവാസി വകുപ്പ് വഴി എത്ര നിക്ഷേപം ഇന്ത്യയിലേക്ക് വന്നുവെന്നതിന് യാതൊരു കണക്കുമില്ലെന്നാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
 
വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡുമായി ചേര്‍ന്ന് എന്‍.ആര്‍.ഐ നിക്ഷേപത്തിനു വേണ്ടി കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഒരു ഏകജാലക സംവിധാനം കൊണ്ടു വരണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. ധനകാര്യ വകുപ്പ്, വാണീജ്യ വകുപ്പ് തുടങ്ങി പല വലിയ വകുപ്പുകളും വിദേശ നിക്ഷേപം കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവാസികാര്യ വകുപ്പിന് എന്താണ് ചെയ്യാനുള്ളതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ക്യാബിനറ്റ് സെക്രട്ടറിയോട് ആലോചിച്ച് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ പ്രവാസി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് കമ്മിറ്റി നിര്‍ദേശം. 
 
 
പല അര്‍ഥത്തിലും ഇന്ത്യ നിക്ഷേപത്തിന് അനുകൂലമായ ഒരു രാജ്യമാണ്. പല വിദേശ മലയാളികളും തങ്ങളുടെ വരുമാനം ഇന്ത്യയില്‍ നിക്ഷേപമാക്കാന്‍ തയാറാണെങ്കിലും സര്‍ക്കാര്‍ അതിന് അനുയോജ്യമായ നിലപാടല്ല പലപ്പോഴൂം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇങ്ങനെയുള്ള പണം വിനിയോഗിക്കാമെന്നിരിക്കെ സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഇതു സംഭവിക്കുന്നില്ല.
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍