UPDATES

വിദേശം

ഉത്തര കൊറിയ: ആരാണപ്പോള്‍ പട്ടികളുടെ എണ്ണമെടുത്തത്?

മാക്സ് ഫിഷര്‍ (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

നിങ്ങൾ മുഴുവന്‍ സമയവും ഇന്റർനെറ്റിനു മുന്നിൽ കുത്തിയിരിക്കുന്ന ആളാണെങ്കില്‍ നോർത്ത് കൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ മാസം സ്വന്തം അമ്മാവനെ വിവസ്ത്രനാക്കി വിശന്നിരിക്കുന്ന 120 നായകൾക്ക്  എറിഞ്ഞു കൊടുത്ത് വധിച്ചുവെന്ന വാർത്ത കണ്ടിരിക്കാനിടയുണ്ട്. ഡിസംബർ 12 ന്  ഹോങ്കൊങ്ങിലെ ഒരു ചെറുകിട പത്രമാണ് ഈ കഥ ആദ്യം പ്രസിദ്ധപ്പെടുത്തിയത്  പിന്നെ ഇരുപത്തി നാലാം തിയതി ഒരു സിങ്കപ്പൂരിയൻ ന്യൂസ്‌ പേപ്പർ ഇത് ഏറ്റെടുത്തു , കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ അമേരിക്കൻ മാധ്യമങ്ങളുടെ മുക്കിലും മൂലയിലും നിറഞ്ഞാടുകയാണ് ഈ വാർത്ത. ഒരേയൊരു പ്രശ്‌നം എന്താണെന്ന് വെച്ചാൽ ഇത് ഒരു പക്ഷെ – ചിലപ്പോള്‍ മാത്രം-സത്യമല്ലായിരിക്കാം. 

കഴിഞ്ഞ മാസം കിം സ്വന്തം അമ്മാവനായ ജങ്ങ് സൊങ്ങ് തായെകിനെ ഇല്ലാതാക്കിയെന്ന വാർത്ത സൌത്ത് കൊറിയൻ രഹസ്യാന്വേഷണ സംഘം പുറത്ത് വിടുകയും നോർത്ത് കൊറിയ ദിവസങ്ങൾക്ക് ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിൽക്കൂടി നീണ്ട പ്രഭാഷണത്തിന്റെ അകമ്പടിയോടെ വാർത്ത സ്ഥിരീകരിക്കുകയും ചെയ്‌തപ്പോൾ അത് അക്ഷരാർഥത്തിൽ വലിയ ആശ്ചര്യമുളവാക്കി. ഭരണകൂടം ജങ്ങിന്റെ വധം വിളംബരം ചെയ്യുന്നതിലെ പരസ്യ സ്വഭാവം നോർത്ത് കൊറിയൻ വാർത്തകളിൽ കീഴ്നടപ്പില്ലാത്തതും നിയമപരമായിതന്നെ ഞെട്ടലുണ്ടാക്കുന്നതുമായിരുന്നു. 

രാഷ്ട്രീയ ദണ്‌ഡനകളെ മധ്യകാല തീവ്രതയിലേക്ക് തിരിച്ചുകൊണ്ടു പോകുന്നതിൽ പേരെടുത്ത സർക്കാറുള്ള നോർത്ത് കൊറിയയിൽ കേൾവിയിൽ ഭ്രാന്തമെന്ന് തോന്നിക്കുന്ന കഥകൾ ഇടക്കിടെ ആവര്‍ത്തിക്കും. പക്ഷെ  ഈ കഥ വിശ്വാസ്യയോഗ്യമായി തോന്നിക്കാത്തതിൽ അഞ്ച് പ്രധാനപ്പെട്ട കാരണങ്ങളുണ്ട്.
 

1) ആദ്യമായും സര്‍വ്വപ്രധാനമായും നമുക്ക് വാർത്തയുടെ ഉറവിടം പരിശോധിക്കാം.  ഈ കഥ ഉത്ഭവിച്ചത് സ്രോതസ് വെളിപ്പെടുത്താതെ സത്യമാണെന്ന്‌ ഉറപ്പിച്ചു വാദിക്കാറുള്ള ഹോങ്കൊങ്ങിലെ വെൻ വൈ പൊ (Wen wei po ) എന്ന പത്രത്തിലാണ്. 

മികച്ച നിലവാരമുള്ള ചില വാര്‍ത്തകള്‍ ഒഴിച്ചുനിര്‍ത്തിയാൽ എല്ലായ്‌പ്പോഴും സത്യമാവണമെന്നില്ലാത്ത സംഭ്രമജനകവും ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയുള്ളതുമായ വാർത്തകൾ നൽകി ചീത്തപ്പേര് കേൾപ്പിച്ചതാണ് ഈ  ഹോങ്കൊങ്ങ്  മാധ്യമം. അവരുടെ നിലവാരം  വെച്ച് പോലും വിശ്വാസയോഗ്യമല്ലാത്ത പത്രമായിട്ടാണ് വെൻ വൈ പൊ കണക്കാക്കപ്പെടുന്നത്. അടുത്തകാലത്ത് നടന്ന പഠന പ്രകാരം ഹോങ്കൊങ്ങിലെ 21 പത്രങ്ങളിൽ വിശ്വാസ്യതയിൽ 19 ആം സ്ഥാനമാണ് ഈ പത്രത്തിനുള്ളത്. 

2)  രണ്ടാമതായി,  പുറത്ത് വന്ന് ഏകദേശം ഒരു മാസമായിട്ടും മറ്റു ചൈനീസ് മാധ്യമങ്ങൾ ഈ  വാർത്ത തൊട്ടിട്ട് പോലുമില്ല എന്ന വസ്തുത നാം പരിഗണിക്കേണ്ടിയിരിക്കുന്നു. ചില നിരീക്ഷകർ ഈ വാർത്തയെ വിശ്വാസയോഗ്യമായി കാണുന്നത്  വെൻ വൈ പൊ ബീജിങ്ങിൽ  ചൈനീസ് സർക്കാറുമായി സഖ്യത്തിലാണെന്നുള്ള കാരണം കൊണ്ടാണ്; പ്യോൻഗ്യാങ്ങിൽ സത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ  അത് ചൈനീസ് സർക്കാരിനായിരിക്കും. പക്ഷെ ഔദ്യോഗിക പത്രങ്ങളായ Xinhua, People’s Daily എന്നിവയെപ്പോലെ ചൈനീസ് ഭരണ കേന്ദ്രങ്ങളുടെ അടുത്തൊന്നുമെത്താൻ വെൻ വൈ പൊയ്ക്കു സാധിച്ചിട്ടില്ല. ബാക്കിയുള്ള എല്ലാ ചൈനീസ് മാധ്യമങ്ങളും മറ്റുള്ളവരെപ്പോലെ ജിങ്ങ് മെഷീൻ ഗണ്ണാലോ അല്ലെങ്കിൽ ശത്രുവിമാനത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന തോക്കിനാലോ ആണ് കൊല്ലപ്പെട്ടത് എന്ന വാർത്തയിലാണ് ഉറച്ച് നിൽക്കുന്നത്. നോർത്ത് കൊറിയയോടുള്ള അസന്തുഷ്‌ടി  പ്രകടിപ്പിക്കുന്നതിൽ ചൈന ഈയിടെ വലിയ നാണമൊന്നും കാണിക്കുന്നുണ്ടായിരുന്നില്ല, പക്ഷെ  പാവം  വെൻ വൈ പൊ ഈ കളിയിൽ ഒറ്റക്ക് കളിക്കുന്നതിന്റെ പിന്നിൽ മറ്റു പലതും ഉണ്ടായിരിക്കാം.

3) സൌത്ത് കൊറിയൻ മാധ്യമങ്ങളും ഈ വാർത്ത തൊട്ടിട്ടില്ല. “കൊറിയൻ മാധ്യമങ്ങൾ ഒരിക്കലും ഈ വാർത്ത ഏറ്റെടുത്തില്ല എന്നത് സംശയിക്കാനൊരു കാരണമാണ്.” NKNews.org എന്ന ന്യൂസ്‌ സൈറ്റ് എഡിറ്റ്‌ ചെയ്യുന്ന ചാഡ്‌ ഓ’കാറൊൽ ഇമെയിലിൽ കൂടി എന്നോട് പറഞ്ഞു. “ഈ കിംവദന്തി പുറത്ത് വന്നിട്ട്  ഒരുപാട് കാലമായിരിക്കുന്നു- പക്ഷെ ആരും ഇത് ചെവി കൊണ്ടില്ല എന്നതും സംശയങ്ങള്‍ക്ക് കാരണമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.  സൌത്ത് കൊറിയൻ രഹസ്യാന്വേഷണ സംഘത്തിന്റെ സ്രോതസ്സായി  പ്രവർത്തിക്കുന്ന കൂറുമാറിയ നോർത്ത് കൊറിയൻ സമൂഹങ്ങളിൽ  സൌത്ത് കൊറിയൻ മാധ്യമങ്ങൾക്ക് നല്ല സ്വാധീനമുണ്ട്. നോർത്ത് കൊറിയയെ മോശമായി ചിത്രീകരിക്കുന്ന വാർത്തകളും കിംവദന്തികളും കൊത്തിയെടുക്കാൻ തക്കം പാർത്തിരിക്കയാണ് ഈ മാധ്യമങ്ങളിൽ ചിലത്. ഓ’കാറൊൽ സൂചിപ്പിച്ചത് പോലെ ഒരു സ്രോതസ് മാത്രമുള്ള വാർത്തകൾ കൊടുക്കാൻ നാണിക്കുന്നവരൊന്നുമല്ല അവർ. പക്ഷെ സൌത്ത് കൊറിയിലെ ഭൂരിപക്ഷം മാധ്യമങ്ങളും – അവയിൽ വലിയ സ്രാവുകൾ മുതൽ ചെറിയ നത്തോലി വരെ- ഈ വാർത്തയെ  അവിശ്വസനീയമായും സൂചിപ്പിക്കാൻ പോലും അർഹതയില്ലാത്തതുമായിട്ടാണ് കണക്കാക്കിയത്.
 

4) പുറത്ത് വന്ന് ഏകദേശം ഒരുമാസത്തോളമായെങ്കിലും ആരുമിതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യയിലെ  മാധ്യമ സമൂഹങ്ങളിൽ പലതും വാർത്ത എന്തെങ്കിലും കാമ്പുള്ളതാണെന്ന് സമ്മതിക്കാൻ പോലും കരുണ കാട്ടിയില്ല. ഹിലാരി ക്ലിന്റൻ ലൈംഗികാപവാദത്തിന്റെ പിടിയിലാണെന്ന് നാഷണല്‍ എന്‍ക്വിറര് റിപ്പോർട്ട് ചെയ്തപ്പോൾ അമേരിക്കൻ മാധ്യമങ്ങൾ ആ വാർത്ത അവഗണിച്ചത് പോലെ ഏഷ്യൻ മാധ്യമങ്ങളും ഈ വാർത്ത അവഗണിക്കുകയാണെന്ന് നിങ്ങൾക്ക് പറഞ്ഞേക്കാം. 

5) സംഭവത്തെക്കുറിച്ച്  പ്രബലമായിരിക്കുന്ന വാർത്തയാണ് കൂടുതൽ വിശ്വാസയോഗ്യം. ജങ്ങിന്റെ വധത്തിന്റെ കാര്യത്തിൽ നമ്മൾ ഇരുട്ടിൽ തപ്പുകയല്ല. വിശ്വാസയോഗ്യമായ സ്രോതസുകളിൽ നിന്നുള്ള വിവരമനുസരിച്ച്  വിശ്വാസയോഗ്യമായ മാധ്യമങ്ങളിൽ ജങ്ങ്  ശിക്ഷനടപ്പിലാക്കുന്ന സൈനികവിഭാഗത്താൽ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞിരിക്കുന്നത്; ചിലയിടങ്ങളിൽ  അദ്ദേഹം ശത്രുവിമാനത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന തോക്കിനാലോ അല്ലെങ്കിൽ മെഷീൻ ഗണ്ണാലോ ആണ് കൊല്ലപ്പെട്ടത് എന്നും പറയപ്പെടുന്നുണ്ട്. “പട്ടാള  നീതിന്യായകോടതിയിലായിരുന്നു അദ്ദേഹം,  അതുകൊണ്ട് ഫയറിംഗ് സ്‌ക്വാഡിനാൽ കൊല്ലപ്പെട്ടു എന്നതാണ് യുക്തിപരമായി തോന്നുന്നത്” ഓ’കാറൊൽ പറഞ്ഞു.  ഒരു ലോട്ട് ലൊടുക്ക്  ഹൊങ്കൊങ്ങ് പത്രം റിപ്പോർട്ട് ചെയ്തത് പോലെ വിശന്നിരിക്കുന്ന 120 നായകളാലല്ല ഫയറിംഗ് സ്‌ക്വാഡിനാലാണ് ജങ്ങ് കൊല്ലപ്പെട്ടതെന്ന വാർത്ത മുറുകെപ്പിടിച്ച സൌത്ത് കൊറിയയിലെ നല്ല സ്രോതസുള്ള വിശ്വാസയോഗ്യമായ മാധ്യമങ്ങൾ ഏതു വാർത്തയാണ് സത്യമായിരിക്കാൻ സാധ്യതയുള്ളതെന്ന കാര്യം അടിവരയിട്ട്  പറയണം.

6) ആക്ഷേപഹാസ്യകാരനായ കാള്‍ ഷാറോ പറഞ്ഞത് പോലെ “കിം ജൊങ്ങ് ഉനിന്റെ അമ്മാവൻ വിശന്നിരിക്കുന്ന 120 നായകൾക്ക് ഭക്ഷണമാക്കപ്പെട്ടു എന്ന വാർത്ത കളവാണെന്നതിനുള്ള തെളിവ് –  ആർക്കാണ് അതുപോലുള്ള സമയത്ത് നായകളെ എണ്ണാൻ സമയമുണ്ടാവുക? ” വാർത്ത അവിശ്വസിക്കുന്നതിന് ശരിയായ ഒരു കാരണമല്ല  ഇത്. എങ്കിലും വാർത്തയിലെ മണ്ടത്തരം തുറന്നു കാട്ടുന്നുണ്ട്.

പക്ഷെ ഇതെല്ലാം ഒരു ചോദ്യമുയർത്തുന്നുണ്ട് : എന്തുകൊണ്ടാണ് ഒരുപാടുപേര്‍ – പ്രബലമായ അനേകം അമേരിക്കൻ മാധ്യമങ്ങൾ- വിശ്വാസ യോഗ്യമല്ലാത്ത ഈ വാർത്തയെ സത്യമായി കണക്കാക്കുന്നത്? ഇത് നോർത്ത്  കൊറിയയിൽ നിന്ന് മാത്രം പുറത്തു വരുന്ന വാർത്തകളുടെ പ്രശ്നമാണ്, എത്ര വിചിത്രമായതായാലും ഉറവിടമറിയാത്തതായാലും നോർത്ത് കൊറിയയെക്കുറിച്ചുള്ള എല്ലാ വാർത്തയും  വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്നു. ഇത്ര മാത്രം പച്ചപ്പരമാര്‍ത്ഥിയായ  രാജ്യമായിട്ട്  മറ്റൊന്നിനേയും നാം കണക്കാക്കിയിട്ടില്ല.

നോർത്ത് കൊറിയൻ വാര്‍ത്തകൾ ഒരുപാടു വർഷം റിപ്പോര്‍ട് ചെയ്ത ഐസക് സ്റോണ്‍ ഫിഷ്‌ (ഇപ്പോൾ ഫോറിൻ പോളിസിയിൽ) ഒരിക്കൽ തമാശയായി പറഞ്ഞു “നോർത്ത് കൊറിയയെക്കുറിച്ച്  എന്തെഴുതിയാലും ജനം അത് സമ്മതിക്കും” . നിങ്ങൾക്കിതിനെ സ്റ്റോണ്‍ ഫിഷ് തിയറി ഓഫ് നോര്‍ത്ത് കൊറിയന്‍ കവറേജ് എന്ന് വിളിക്കാം. ആ രാജ്യത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് നമുക്ക് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ അറിവുള്ളൂ, പ്രത്യേകിച്ചും നേതാവിന്റെ തലയിൽ നടക്കുന്ന കാര്യങ്ങൾ, ആ കുറച്ചു കാര്യങ്ങളാണ് തെളിയിക്കാൻ സാധിക്കാത്തതും. പക്ഷെ അറിവുള്ള കാര്യങ്ങൾ പലപ്പോഴും വിചിത്രമാണെന്നുള്ളത്  എന്തും സംഭവിക്കാമെന്നുള്ളതിലേക്കുള്ള വാതിലാണ്.

മാധ്യമങ്ങളിലുള്ള ഞങ്ങൾക്ക് ഇതുപോലുള്ള വാർത്തകൾ കണ്ടെടുക്കാനുള്ള പ്രേരണയുണ്ട്, അതുകൊണ്ട് തന്നെ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. “നോർത്ത് കൊറിയൻ വാർത്തകൾക്ക് സാധാരണ നല്ല വായനക്കാർ ഉണ്ടാവാറുണ്ട്, ഇതുകൊണ്ട് തന്നെയാണ് എഡിറ്റർമാർ ഇതുപോലുള്ള വാർത്തകൾക്ക് പിന്നാലെ പോകുന്നതും. “നോർത്ത് കൊറിയയെക്കുറിച്ചുള്ള തെളിയിക്കാനാവാത്തതും സംഭ്രമജനകവുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ന്യായമാണെന്നാണ് എഡിറ്റർമാര്‍ വിചാരിക്കുന്നത് , കാരണം ‘എങ്ങനെ നമുക്കത് പരിശോധിക്കാനാവും? നോർത്ത് കൊറിയ അടച്ചിട്ട രാജ്യമാണ്’ എന്ന് പറഞ്ഞ് അവർക്കത് ന്യായീകരിക്കാനാവും” ഓ’കാറൊൽ പറഞ്ഞു.
 

ഒരളവു വരെ വിചിത്രമായ നോർത്ത് കൊറിയൻ വാർത്തകളെ കണ്ണടച്ച് വിശ്വസിക്കുന്ന അമേരിക്കൻ സ്വഭാവത്തിന് ‘Lost-in-translation’ ന്റെ  തലോടൽ കൂടിയുണ്ട്, ആ സമൂഹം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മയിൽ  നമ്മൾ തന്നെ കാൽ തെറ്റി വീഴുന്നു.  2012 ൽ കിം ബീജിംഗിൽ കൊല്ലപ്പെട്ടുവെന്നുള്ള അര്‍ത്ഥശൂന്യമായ കിംവദന്തിയിൽ അമേരിക്കൻ മാധ്യമ ലോകം കത്തിജ്വലിച്ചപ്പോൾ ഞാൻ എഴുതിയത് പോലെ, രാജ്യത്തിനു പുറത്തുണ്ടായ ചിത്രം വളരെ വിചിത്രവും യഥാര്‍ത്ഥ സത്യങ്ങള്‍ നമ്മുടെ ഭാവനയെ കയറൂരി വിടാൻ പാകത്തിന് അപര്യാപ്‌തവുമായിരുന്നു. എന്തും വിശ്വസിക്കാൻ നമ്മൾ തയ്യാറാണ്. 

എങ്കിലും, ഈ വാർത്തയുടേയും നോർത്ത് കൊറിയയിൽ നിന്നുള്ള ഇതുപോലുള്ള മറ്റു വാർത്തകളുടെയും പ്രാധാന്യം എന്താണെന്ന് ചോദിച്ചാൽ- ചിലപ്പോൾ എത്ര ഒറ്റപ്പെട്ടതാണെങ്കിലും ഇവ ശരിയായിരിക്കാം. അതെ, ഇത് മിക്കവാറും തെറ്റാണെന്ന് തെളിയിക്കാൻ പര്യാപ്‌തമായ ഒരുപാട് തെളിവുകളുണ്ടെങ്കിലും നോർത്ത് കൊറിയയായത് കൊണ്ട് തന്നെ സത്യമാണെന്ന് തോന്നിപ്പിക്കാനുള്ള കാരണങ്ങളുമുണ്ട്.   

” അടിക്കുറിപ്പായി പറയാവുന്നത് ഇതാണ്.  വാര്‍ത്ത സംശയകകരമാണ് പക്ഷെ എനിക്ക് തള്ളിക്കളയാൻ സാധിക്കില്ല”. ഗൗരവമുള്ളതും സൂക്ഷ്മവുമായ നോർത്ത് കൊറിയൻ കവറേജിന് പേര് കേട്ട NKNews സൈറ്റിന്റെ  ഓ’കാറൊലും സമ്മതിക്കുന്നു. “ഇത് പക്ഷെ തീർച്ചയായും അതിശയോക്തികലര്‍ന്നതാണെന്ന് തോന്നിപ്പിക്കുമെങ്കിലും – ആർക്കറിയാം സത്യാവസ്ഥ? കഴിഞ്ഞ വർഷം മുൻ സൌത്ത് കൊറിയന്‍ പ്രസിഡെന്‍റ് ലീ മ്യങ്ങ് ബാകിന്റെ പ്രതിമ വിശന്നിരിക്കുന്ന നായകളെ വിട്ട് നശിപ്പിക്കുന്നതിന്റെ ഫിലിമും അതെ പ്രസിഡന്‍റിന്‍റെ ദാരുണമായ അന്ത്യം ചിത്രീകരിക്കുന്ന കാർട്ടൂണുകളും നോർത്ത് കൊറിയയുടെ KCNA പുറത്തിറക്കിയത്  വെച്ച് നോക്കുമ്പോള്‍ ഈ വാർത്തയുടെ ചെറിയ ഭാഗമെങ്കിലും സത്യമായിരിക്കാൻ വകയുണ്ട്.  രാജ്യദ്രാഹിയെ (ലീ മ്യങ്ങ് ബാക്) ഏറ്റവും ദാരുണമായ ബീഭത്സമായ രീതിയിൽ കൊല്ലാൻ വേണ്ടി മത്സരം സംഘടിപ്പിച്ച വരാണ് നോർത്ത് കൊറിയക്കാർ, സമ്മാനമോ? വിജയിക്ക് ആ കൃത്യം നിറവേറ്റാം! “

അവസാനമായി, നോർത്ത് കൊറിയൻ നിരീക്ഷകർ തീർച്ചയായും ഈ കഥ വിശ്വസിക്കില്ല , ഇത് പെറുക്കിയെടുത്തത്തിന്  അമേരിക്കാൻ പത്രങ്ങളെ ചീത്തവിളിക്കാൻ ഞാൻ ഓ’കാറൊലിന് ഒരു സാഹചര്യമൊരുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്വീകരിച്ചില്ല. അദ്ദേഹമെന്നോട്   അലങ്കാരികമായി ചോദിച്ചു “എഡിറ്റർമാർ എന്താണ് ചെയ്യേണ്ടത്? തെറ്റാണെന്ന്  ‘തോന്നുന്നത്’  കൊണ്ടുമാത്രം ഭാവിയിൽ ചിലപ്പോൾ സത്യമായേകാവുന്ന ഒരു വാർത്തയെ എങ്ങനെയാണ് നിരാകരിക്കാന്‍ സാധിക്കുക?”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍