UPDATES

ഓഫ് ബീറ്റ്

നമ്മളെന്തുകൊണ്ട് ചെന്നായമനുഷ്യരെ സൃഷ്ടിച്ചില്ല?

റോവന്‍ ഹൂപ്പര്‍ (സ്ലേറ്റ്)

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ എവല്യൂഷനറി ബയോളജിയില്‍ പ്രൊഫസര്‍ എമരിറ്റസ് ആണ് റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്. ദി സെല്‍ഫിഷ് ജീന്‍, ദി ഗോഡ് ഡെല്‍യൂഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോപ്പുലര്‍ ശാസ്ത്രപുസ്തകങ്ങളിലൂടെയും മതത്തെപ്പറ്റിയുള്ള വിവാദപ്രസ്താവനകളിലൂടെയും ശ്രദ്ധേയനാണ് ഡോക്കിന്‍സ്.

റോവന്‍ ഹൂപ്പെര്‍: താങ്കളുടെ ഓര്‍മ്മക്കുറിപ്പിന്റെ ഒന്നാം ഭാഗം പുറത്തുവന്നു. താങ്കള്‍ അധമനും അപ്രിയനുമായ ഒരു വില്ലനല്ല എന്ന് അറിയിക്കാനുള്ള ഒരു ശ്രമമാണോ അത്? 
റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്: ഞാന്‍ ഒരു മോശം ആളാണെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ഞാന്‍ അങ്ങനെയല്ല. എന്റെ ഇമേജ് വെളുപ്പിക്കാനല്ല ഈ പുസ്തകം. ഞാന്‍ എന്താണ് എന്നതിനെപ്പറ്റിയുള്ള ആത്മാര്‍ത്ഥമായ ഒരു ചിത്രമാണ്‌ അതിലുള്ളത്. അതില്‍ മാനുഷികതയും ഉണ്ട്.

ഹൂപ്പെര്‍: എങ്കിലും യഥാര്‍ത്ഥ ഡോക്കിന്സും കാരിക്കേച്ചറായ റിച്ചാര്‍ഡ്‌ ഡോക്കിന്സും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. അതെങ്ങനെ സംഭവിച്ചു?
ഡോക്കിന്‍സ്: എനിക്ക് രണ്ടുവിശദീകരണങ്ങളുണ്ട്. ഒന്ന് മതവുമായുള്ള എന്റെ ഇടപെടലാണ്. സ്വന്തം മതത്തെ വിമര്‍ശിക്കുന്നത് സ്വതവേ ആളുകള്‍ക്ക് ഇഷ്ടമല്ല. മതങ്ങളുടെ മുഖം വികൃതമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഈ മനുഷ്യര്‍ അത് അങ്ങേയറ്റം വ്യക്തിപരമായി എടുക്കും. മതം വിമര്‍ശനാതീതമാണ്‌ എന്ന ധാരണയാണുള്ളത്.മാത്രമല്ല ചില മനുഷ്യര്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ ഒരു വെല്ലുവിളിയായി തൊന്നും. അപ്പോള്‍ ആരെങ്കിലും സ്പഷ്ടതയോടെ സംസാരിക്കുന്നത് കേട്ടാല്‍ അവര്‍ക്ക് അതൊരു ഭീഷണിയായി തൊന്നും.
 

ഹൂപ്പെര്‍: നിങ്ങള്‍ ആളുകളെ ദേഷ്യം പിടിപ്പിക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന തെറിക്കത്തുകളെ എങ്ങനെ കാണുന്നു?
ഡോക്കിന്‍സ്: എനിക്ക് ലഭിച്ച അസഭ്യക്കത്തുകള്‍ ഞാന്‍ വായിക്കുന്ന ഒരു വീഡിയോ യൂട്യൂബിലുണ്ട്. “യൂ ഫക്കിംഗ് വാങ്കര്‍ ഡോക്കിന്‍സ്” എന്നൊക്കെ എഴുതിയത് ഞാന്‍ വായിക്കുമ്പോള്‍ പിറകില്‍ ഒരു സ്ത്രീ ഇരുന്ന് വയലിന്‍ വായിക്കുന്നു. അതിനെ തമാശയാക്കി ചിത്രീകരിക്കാന്‍ കഴിഞ്ഞത് രസകരമായി തോന്നി.

ഹൂപ്പെര്‍: നിങ്ങള്‍ക്ക് ആരാധകരുടെ കത്തുകളും ലഭിക്കാറുണ്ടോ?
ഡോക്കിന്‍സ്: ഉവ്വ്. അസഭ്യക്കത്തുകള്‍ പൊതുവേ നിരക്ഷരര്‍ എഴുതുന്നതാണ്. എന്നാല്‍ അതിന്റെ വിപരീതം വളരെ സന്തോഷം തരുന്നവയാണ്. ഞാന്‍ ഈ പുസ്തകത്തിന്‍റെ പ്രചാരണത്തിന് അമേരിക്ക സന്ദര്‍ശിച്ചു തിരികെഎത്തിയതേയുള്ളൂ ഇപ്പോള്‍. പുസ്തകത്തില്‍ ഒപ്പ് വാങ്ങാനായി കൂടിനില്‍ക്കുന്ന ആളുകളുടെ നീണ്ട നിരയോടു ഞാന്‍ സ്ഥിരം പറയുക ഇതാണ്. “നിങ്ങള്‍ കാരണമാണ് ഞാന്‍ ഒരു ശാസ്ത്രജ്ഞനായത്, നിങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.”

ഹൂപ്പെര്‍: നിങ്ങളുടെ പ്രചോദനങ്ങളില്‍ മാറ്റമുണ്ടാകാറുണ്ടോ?
ഡോക്കിന്‍സ്: ഇല്ല. സത്യത്തോടുള്ള സ്നേഹം, വ്യക്തതയൊടുള്ള ഇഷ്ടം, ശാസ്ത്രത്തിലെ കവിതയോടുള്ള അഭിനിവേശം. ഇതൊക്കെയാണ് എന്റെ പ്രചോദനം. അന്ധവിശ്വാസങ്ങളോട് ഞാന്‍ വിരോധം കാണിക്കുന്നതിന്റെ പ്രധാനകാരണം അവര്‍ യുവാക്കളെ ഒരു ശാസ്ത്രീയ ലോകവീക്ഷണത്തില്‍ നിന്ന് മാറ്റിനിറുത്തുന്നു എന്നതാണ്. കുട്ടികളെപ്പറ്റിയാണ്‌ എന്റെ വേവലാതി. മധ്യകാല അന്ധവിശ്വാസങ്ങളുടെ ഇരുണ്ട മൂലകളിലെയ്ക്ക് കുട്ടികളെ നയിക്കുന്നത് കാണുക സങ്കടകരമാണ്.
 

ഹൂപ്പെര്‍: ശാസ്ത്രത്തെ വിശദീകരിച്ചയാള്‍ എന്നാണോ മതത്തെ എതിരിട്ടയാള്‍ എന്നാണോ അറിയപ്പെടാന്‍ താല്‍പ്പര്യം? 
ഡോക്കിന്‍സ്: എന്നെ സംബന്ധിച്ച് ഇവ രണ്ടും ഒന്നുതന്നെയാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെ. എങ്കിലും ശാസ്ത്രം വിശദീകരിച്ചയാള്‍ എന്നറിയപ്പെടാനാണ് ഞാന്‍ താല്പ്പര്യപ്പെടുക. മതം കാരണം ആളുകള്‍ ശാസ്ത്രത്തെ തള്ളിപ്പറഞ്ഞാല്‍ അത് സങ്കടകരമാകും.

ഹൂപ്പെര്‍: താങ്കള്‍ ഈയിടെ ഇസ്ലാമിലെയ്ക്ക് ശ്രദ്ധ തിരിച്ചു. എന്തുകൊണ്ടാണ് അത്? 
ഡോക്കിന്‍സ്: ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ പടിഞ്ഞാറന്‍ ലോകത്തിലെ ലിബറല്‍ ബുദ്ധിജീവികള്‍ അവരവരെത്തന്നെ വഞ്ചിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീവിരോധവും അടിച്ചമര്‍ത്തലും നടത്തുന്നതിനോടുള്ള എതിര്‍പ്പ് ഒരു വശത്തും മറുവശത്ത് റേസിസ്റ് ആയി കണക്കാക്കുമോ എന്ന പേടി മറുവശത്തും. ഇസ്ലാം ഒരു വര്‍ഗമാണെന്ന തെറ്റിധാരണയാണ് ഇതിനുപിന്നില്‍. അങ്ങനെ സ്ത്രീകളെ മോശമായി പരിഗണിക്കുന്നതിനെ സാധാരണഗതിയില്‍ എതിര്‍ക്കുന്നവര്‍ പോലും ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ മാറിനില്‍ക്കും. ലിബറലുകളായ എന്റെ സ്വന്തം ആളുകള്‍ ഇങ്ങനെയൊരു വഞ്ചന നടത്തുന്നത് ദുഖകരമാണ്.

ഹൂപ്പെര്‍: താങ്കളുടെ മറ്റൊരു യുദ്ധം ഗ്രൂപ്പ് സെലക്ഷന് എതിരായായിരുന്നു. പരിണാമം പല സ്വഭാവ സവിശേഷതകള്‍ സംരക്ഷിച്ച് സഹായിച്ചത് ഗ്രൂപ്പുകളെ സഹായിക്കാനാണ്, ജീനുകളെയല്ല എന്നാണ് ആശയം. അതിനെയാണ് നിങ്ങള്‍ തകര്‍ത്തത്. എന്നാല്‍ അതെ ആശയം വീണ്ടും തിരിച്ചെത്തി.
ഡോക്കിന്‍സ്: അതെ പേരില്‍ മറ്റെന്തോ ആണ് തിരികെവന്നത്. ശ്രദ്ധിച്ച്നോക്കിയാല്‍ മനസിലാകും. കിന്‍ സെലക്ഷനെ ഗ്രൂപ്പ് സെലക്ഷന്‍ എന്ന് പേര് മാറ്റിവിളിച്ചതേയുള്ളൂ. വളരെ കൃത്യമായി വായിക്കാമായിരുന്ന ഒന്നില്‍ ആശയക്കുഴപ്പം ഉണ്ടാക്കി എന്നുമാത്രമേ ഉണ്ടായുള്ളൂ. അത് അസ്വസ്ഥകരമാണ്.

എന്തുകൊണ്ട് അത് തിരിച്ചുവന്നു എന്നതിന് രാഷ്ട്രീയകാരണങ്ങളുണ്ട്. സോഷ്യോളജിസ്റ്റുകള്‍ക്ക് ഗ്രൂപ്പ് സെലക്ഷന്‍ ആണിഷ്ടം. ആളുകളുടെ വൈകാരികപ്രേരണകളുമായി ബന്ധിപ്പിച്ചാണ് അവര്‍ ചിന്തിക്കുന്നത്. പരക്ഷേമതാല്‍പ്പര്യം ഒരു പ്രധാനശക്തിയായിത്തീരണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊരു ശക്തിയൊന്നും ഇല്ല. ആളുകള്‍ക്ക് പരക്ഷേമതാല്‍പ്പര്യം ഒരു അനിവാര്യതയായി മാറണം എന്നാണ്. എനിക്ക് അതിനൊരു വിശദീകരണം വേണം എന്നും. സെല്‍ഫിഷ് ജീനുകള്‍ ഉപയോഗിച്ച് പരക്ഷേമതല്‍പ്പരരായ മനുഷ്യരെ വിശദീകരിക്കാന്‍ കഴിയും, അത് വളരെ സ്പഷ്ടമാണ്.

ഹൂപ്പെര്‍: എവലൂഷനറി ബയോളജിയില്‍ ഇപ്പോള്‍ താങ്കള്‍ക്ക് താല്പ്പര്യമുള്ള വിഷയങ്ങള്‍ ഏതൊക്കെയാണ്? 
ഡോക്കിന്‍സ്: മോളിക്കുലാര്‍ ജെനട്ടിക്സ് വിവരസാങ്കേതികവിദ്യയുടെ ഒരു ശാഖയായി മാറിയത് കൌതുകകരമാണ്. അത് അങ്ങനെതന്നെ വേണമായിരുന്നോ എന്ന് സംശയമുണ്ട്‌. ജെനെറ്റിക്സ് ഒരുതരം കമ്പ്യൂട്ടര്‍ സയന്സായിരുന്നില്ലെങ്കില്‍ നാച്ചുറല്‍ സെലക്ഷന്‍ നടക്കുമായിരുന്നില്ലേ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടെങ്കില്‍ അവിടെ ഇത്തരം ഡിജിറ്റല്‍ ജെനെറ്റിക്സും ഉണ്ടായിരിക്കുമോ?
 

ഹൂപ്പെര്‍: ജീനുകളെ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്താനാകുമ്പോള്‍ നാം എവിടെ എത്തിച്ചേരുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഡോക്കിന്‍സ്:ഡാര്‍വിന്റെ ഫോര്‍മുലയില്‍ രണ്ടുഭാഗങ്ങളുണ്ട്. മ്യൂട്ടേഷനും സെലക്ഷനും. ഒട്ടുമിക്ക എല്ലാ സ്പീഷീസിലും നമ്മള്‍ സെലെക്ഷന്‍ പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. മനുഷ്യനില്‍ ഒഴികെ. ചെന്നായകളിലും കാബെജിലും നമ്മള്‍ പഠനം നടത്തി. കൃഷിശാസ്ത്രത്തില്‍ വലിയ കുതിപ്പുകളുണ്ടായി. എങ്കിലും നമ്മള്‍ ചെന്നായമനുഷ്യരെ സൃഷ്ടിച്ചില്ല.

ഇപ്പോള്‍ മനുഷ്യന് ഡാര്‍വീനിയന്‍ അല്‍ഗോരിതത്തിന്‍റെ മ്യൂട്ടേഷന്‍ പാതിയില്‍ മാറ്റങ്ങള്‍ വരുത്താമെന്നായി. ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. നമ്മള്‍ ജനിതകപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ എന്ത് സംഭവിക്കും? നമ്മള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി സെലക്ഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. എന്നിട്ടും മനുഷ്യനില്‍ അതൊന്നും പരീക്ഷിച്ചില്ല. എന്താണോ നമ്മെ തടഞ്ഞത് അത് തന്നെ മ്യൂട്ടേഷന്‍ പരീക്ഷിക്കുന്നതില്‍ നിന്നും നമ്മെ തടയും.

ഹൂപ്പെര്‍: അന്ധവിശ്വാസങ്ങള്‍ക്ക് ഒരു ജനിതകഅടിസ്ഥാനമുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?ഡോക്കിന്‍സ്: ആളുകളെ മതം പോലെയുള്ള കാര്യങ്ങളോട് വിശ്വാസം പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മാനസികനിലകള്‍ക്ക് ഒരു ജനിതകഅടിസ്ഥാനമില്ലെങ്കില്‍ അതാവും അത്ഭുതം.

അന്ധവിശ്വാസങ്ങളെപ്പറ്റി ഞാനും മറ്റുചിലരും മുന്നോട്ടുവെച്ചിട്ടുള്ള ഒരു ആശയം ഇതാണ്. നമ്മുടെ സ്വാഭാവികഅവസ്ഥയില്‍ നമുക്ക് ഭീഷണികളായി തീര്‍ന്നിട്ടുണ്ടാവുക പാമ്പുകളോ കടുവകളോ ഒക്കെയാണ്. കൊടുങ്കാറ്റ് പോലെയുള്ള എന്തെങ്കിലും പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോള്‍ അതിനെ ഭൌതികശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനെക്കാള്‍ എന്തെങ്കിലും ശക്തി എന്നൊക്കെ വിശേഷിപ്പിക്കാനാവും ആളുകള്‍ താല്പ്പര്യപ്പെടുക. പ്രകൃതിശക്തികള്‍ എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ മറെന്തിന്റെയെങ്കിലും ഏജന്‍സി ഇതിലുണ്ട് എന്ന് കരുതാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുന്നു.

ഈ ചിന്ത മറികടക്കാന്‍ ഒരുപാട് സമയം വേണ്ടിവരും. നമ്മള്‍ ഇപ്പോള്‍ കടുവകളെ പേടിച്ചല്ല ജീവിക്കുന്നതെങ്കിലും നമ്മുടെ പൂര്‍വികരുടെ പേടികള്‍ ഇന്നും നമ്മുടെ മനസിലുണ്ട്. യാതൊരു ഏജന്‍സിയും ഇല്ലാത്തയിടത്തുപോലും അതുണ്ട് എന്ന് കരുതുന്നത് ഒരുപക്ഷെ നമ്മുടെ തലച്ചോറില്‍ പ്രോഗ്രാം ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ടാവണം.

This article originally appeared in New Scientist.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍