UPDATES

ഇന്ത്യ

മന്‍മോഹന്‍ സിംഗ് എന്ന കോണ്‍ഗ്രസുകാരന്‍

ടീം അഴിമുഖം

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളുമായിരുന്ന ഐ.ജി പട്ടേല്‍ ഡോ. മന്‍മോഹന്‍ സിംഗിനെ കുറിച്ച് പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്. അമിത പ്രാധാന്യം ലഭിച്ച സാമ്പത്തിക വിദഗ്ധനും കുറച്ചു കാണിച്ച രാഷ്ട്രീയക്കാരനുമാണ് മന്‍മോഹന്‍ സിംഗ് എന്നതായിരുന്നു അത്. ഐ.ജി പട്ടേല്‍ 2005-ല്‍ അന്തരിച്ചു. തന്റെ സജീവ രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിംഗ് അന്നു തന്നെ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. ഏതൊരു രാഷ്ട്രീയക്കാരന്റേയും സ്വപ്ന പദവിയായ പ്രധാനമന്ത്രി പദം മന്‍മോഹന്‍ സിംഗിനെ ഒരു വര്‍ഷം മുമ്പു തന്നെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ഒരു ദശകമായി മന്‍മോഹന്‍ സിംഗ് അതേ പദവി വഹിക്കുന്നു.

ഐ.ജി പട്ടേല്‍ പറഞ്ഞ വാചകം ശരിവയ്ക്കുന്ന രീതിയില്‍ തയൊയിരുന്നു വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ദേശീയ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരു മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തില്‍ മന്‍മോഹന്‍ സിംഗിന്റെ പ്രകടനം. ഏതൊരു സാമ്പത്തിക ശാസ്ത്രജ്ഞനും വെല്ലുവിളിയുയര്‍ത്തു അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ ഒരു നയം പറയാനും തന്റെ സര്‍ക്കാരിന്റെ നടപടികളെ വേണ്ട രീതിയില്‍ ന്യായീകരിക്കാനും മന്‍മോഹന്‍ സിംഗിന് കഴിഞ്ഞില്ല. എന്നാല്‍ ഏതൊരു കുശാഗ്ര ബുദ്ധിയായ കോഗ്രസുകാരനേക്കാളും മികച്ച രീതിയില്‍ 2014-ന്റെ രാഷ്ട്രീയ അജണ്ട അദ്ദേഹം നിര്‍വചിച്ചു. വിനാശകാരിയായ ഒരു പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദിയെന്നു പറയുക വഴി അടുത്ത തെരഞ്ഞെടുപ്പ് മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലുള്ള ഒരു പോരാട്ടമായിരിക്കുമെന്ന് മന്‍മോഹന്‍ സിംഗ് ഉറപ്പിച്ചു.
 

ഇടതുപക്ഷം അടക്കമുള്ള മറ്റ് മതേതര പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസുമായുള്ള ചങ്ങാത്തമല്ലാതെ മറ്റു വഴിയില്ലെന്ന് മറ്റാരേക്കാളും നന്നായി മന്‍മോഹന്‍ സിംഗിന് അറിയാം. മതേതര അജണ്ടയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തന്റെ ഭരണവീഴ്ചകള്‍ ഉണ്ടാക്കിയ ജനവിരുദ്ധ വികാരത്തെ വലിയൊരളവു വരെ മറികടക്കാന്‍ കഴിയുമെന്ന രാഷ്ട്രീയ ബോധമാണ് മന്‍മോഹന്‍ സിംഗിനെ വ്യത്യസ്തനാക്കുന്നത്. ശക്തനായ ഭരണാധികാരിയെന്ന ബി.ജെ.പിയുടെ വാദത്തിന് അതേ നാണയത്തില്‍ തന്നെ അദ്ദേഹം മറുപടി കൊടുക്കുന്നുമുണ്ട്. അഹമ്മദാബാദില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അതിന് ആധ്യക്ഷം വഹിക്കുന്നത് ഒരു ശക്തനായ ഭരണാധികാരിയുടെ ലക്ഷണമല്ലെന്ന വാദം ഒരു പക്ഷേ സമാധാന പ്രേമികളായ ഭൂരിഭാഗം വോട്ടര്‍മാരെയും സ്വാധീനിച്ചു കൂടായ്കയില്ല. മന്‍മോഹന്‍ സിംഗിന്റെ ഈ അപ്രതീക്ഷിത ആക്രമണത്തെ ചെറുക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ള ബി.ജെ.പി നേതൃത്വം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം വിയര്‍ക്കുന്നതും നാം കണ്ടു കഴിഞ്ഞു.

ചരിത്രം, ചരിത്രകാരന്‍ എന്നീ വാക്കുകളാണ് മന്‍മോഹന്‍ സിംഗിന്റെ പത്രസമ്മേളനത്തിലുടനീളം ഉയര്‍ന്നു കേട്ടത്. പ്രത്യേകിച്ച് അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുളള ചോദ്യങ്ങളെ നേരിട്ടപ്പോള്‍. ചരിത്രത്തിന്റെ ആദ്യ രേഖകള്‍ കുറിക്കപ്പെടുന്നത് മാധ്യമ പ്രവര്‍ത്തകരിലൂടെയാണെന്ന് പറയാറുണ്ടല്ലോ. അങ്ങനെ മാധ്യമ പ്രവര്‍ത്തകര്‍ എഴുതുന്ന വസ്തുതകളോട് തനിക്ക് വലിയ ബഹുമാനമില്ല എന്ന് ആ പത്രസമ്മേളനത്തില്‍ ഉടനീളം അദ്ദേഹം തെളിയിച്ചു. അതുകൊണ്ടു തന്നെയായിരിക്കും പത്തു വര്‍ഷത്തിനിടയില്‍ മൂന്നു തവണ മാത്രം മാധ്യമ പ്രവര്‍ത്തകരുമായി ഇടപഴകാന്‍ അദ്ദേഹം തയാറായത്.

പക്ഷേ, മന്‍മോഹന്‍ സിംഗ് എന്ന പഴയ അക്കാദമിക് മനസിലാക്കേണ്ട ഒന്നുണ്ട്. സുതാര്യതയുടേതാണ് ഈ ലോകം. കാര്യങ്ങള്‍ പുറത്തു വരാന്‍ പരമ്പരാഗത മാധ്യമ രീതികള്‍ മാത്രമല്ല ഇന്നുള്ളത്. ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയയ്ക്കും താങ്കള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ അഭിപ്രായ രൂപീകരണത്തിന് ശേഷിയുണ്ട്. ഒരു പക്ഷേ മോദി പ്രധാനമന്ത്രിയായാലും അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഈയൊരു വെര്‍ച്വല്‍ പ്രതിഷേധ കൂട്ടായ്മകളും സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുമൊക്കെയായിരിക്കും. വരും സര്‍ക്കാരുകളുടെ ഓരോ നടപടികളും കൂലങ്കുഷമായ വിശകലനത്തിന് വിധേയമായിക്കൊണ്ടേയിരിക്കും. അങ്ങനെയൊരു സുതാര്യതയെ അംഗീകരിക്കാന്‍ തയാറല്ലെന്ന് മന്‍മോഹന്‍ സിംഗും മോദിയുമൊക്കെ തങ്ങളുടെ സമീപകാല ചെയ്തികളിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ പത്രസമ്മേളനം അതിന്റെ മറ്റൊരുദാഹരണം മാത്രം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍