UPDATES

കാതിക്കുടം- കമ്പനി പൂട്ടണം; ഞങ്ങള്‍ക്ക് വേറെ വഴികളില്ല

1975 ലാണ് കാതിക്കുടം ഗ്രാമത്തിലേക്ക് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ജപ്പാന്‍ കമ്പനിയായ നീറ്റാ ജലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡും സംയുക്ത സംരംഭമായി, തദ്ദേശീയര്‍ക്ക് ജോലി സാദ്ധ്യത എന്ന മോഹന വാഗ്ദാനം നല്‍കി കടന്നു വരുന്നത്. 1979 ല്‍ കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നു. പിന്നീട് 2008 ല്‍ ആഗോള വിപണി ലക്ഷ്യംവച്ച് കമ്പനിയുടെ പേര് നീറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് എന്നാക്കി മാറ്റുന്നു. പ്രധാന ഉല്‍പങ്ങളായ ഓസീന്‍, ലൈംഡ് ഓസീന്‍, ഡൈകാല്‍ഷ്യം ഫോസ്‌ഫേറ്റ് എന്നിവ ജപ്പാന്‍, അമേരിക്ക, കാനഡ, തുര്‍ക്കി, തായ്‌ലന്റ്, ഇറാന്‍, നെതര്‍ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ 22 ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഇന്ത്യക്കാരും ജപ്പാന്‍കാരുമാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

കന്നുകാലികളുടെ എല്ലും സള്‍ഫ്യൂരിക്കാസിഡുമാണ് കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 120 ടണ്‍ എല്ലും 1.2 ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ലോറിക്കാസിഡും ഉപയോഗിക്കുന്നു. ഇതിനായി 62 ലക്ഷം ലിറ്റര്‍ ജലം യാതൊരു അനുമതിയുമില്ലാതെ ചാലക്കുടി പുഴയില്‍ നിന്നും നേരിട്ടെടുക്കുന്നു. ഉപയോഗശേഷം അവശേഷിക്കുന്ന വിഷജലം യാതൊരു മലിനീകരണ നിയന്ത്രണവുമില്ലാതെ ചാലക്കുടി പുഴയിലേക്ക് തന്നെ തിരിച്ചൊഴുക്കുന്നു. ഗുണനിലവാരമില്ലാത്ത സള്‍ഫ്യൂരിക്കാസിഡ് ഉപയോഗിക്കുന്നതിനാല്‍ ലെഡ്, ലിഥിയം തുടങ്ങിയ മാരകമായ ലോഹസംയുക്തങ്ങള്‍ ഉപോല്‍പ്പന്നമായി ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന വിഷസംയുക്തങ്ങള്‍ മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ഹാനികരമാണ്. ഈ ബോധ്യം നിലനില്‍ക്കെത്തന്നെ നീറ്റാജലാറ്റിന്‍ കമ്പനി വിഷമാലിന്യങ്ങളെ ജൈവവളമെന്ന പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാനും ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ വിഷമാലിന്യത്തെ കമ്പനി പറമ്പില്‍ തന്നെ കുഴിച്ചുമൂടുകയാണ്. മഴക്കാലത്ത് കുഴിച്ചിടപ്പെട്ട വിഷമാലിന്യങ്ങള്‍ ജലത്തോടൊപ്പം സമീപപ്രദേശങ്ങളിലെ കിണറുകളിലേക്കും പുഴയിലേക്കും ഒലിച്ചിറങ്ങുന്നു. പുഴയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ഈ ജലം ഉപയോഗിച്ചവര്‍ക്ക് മാരകമായ രോഗ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നു. ഫാക്റ്ററി പ്രവര്‍ത്തിക്കുന്ന സമയത്തുണ്ടാകുന്ന വിഷപുക ശ്വസിച്ച് ശ്വാസം കിട്ടാതെ ഉറക്കം നഷ്ടപ്പെട്ട് രാത്രിയിലെഴുന്നേറ്റിരിക്കുന്ന കുട്ടികളെക്കുറിച്ചു മാത്രമേ കാതിക്കുടത്തെ അമ്മമാര്‍ക്ക് പറയാനുള്ളൂ.
 


ഒരേ സമയം ഒരു ഗ്രാമത്തിലെ വെള്ളവും വായുവും മണ്ണും വിഷമയമാക്കുന്ന നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരേ സമരം ചെയ്യുന്ന കാതിക്കുടം സമരസമിതി കണ്‍വീനറായ അനില്‍ കുമാറിനോടൊത്ത്…

സമരത്തിന്റെ അടുത്ത ഘട്ടം?
മറ്റ് ഗത്യന്തരമില്ലാത്തതിനാല്‍ കമ്പനിക്ക് പൂട്ടാതെ നിര്‍വാഹമില്ല. പക്ഷേ അതുകൊണ്ട് സമരം തീരുന്നില്ല. മുപ്പത് വര്‍ഷമായി വായുവും മണ്ണും വെള്ളവും ഒരു പോലെ വിഷമയമാക്കിയ കമ്പനി ജനങ്ങള്‍ക്ക് അതിനുതക്ക നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ സമരം തുടരുക തന്നെ ചെയ്യും. ഇടയ്ക്കു നിര്‍ത്തിവെച്ച റീലെ നിരാഹാര സമരം ഉടന്‍ തന്നെ ആരംഭിക്കും. പഞ്ചായത്ത് രാജ് പ്രകാരം പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഒരു കമ്പനിക്കും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇവിടെയാകട്ടെ പഞ്ചായത്ത് കമ്പനിക്ക് അനുമതി നിഷേധിച്ചിട്ടു വര്‍ഷങ്ങളായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും കമ്പനിക്കില്ല. ഇങ്ങനെ രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ് നീറ്റാ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതും നിയമം നടപ്പാക്കാന്‍ തയ്യാറാകേണ്ട പോലീസിന്റെ സംരക്ഷണയില്‍. കോടതിയുടെ ഒരു ഇടക്കാല ഉത്തരവിന്റെ മാത്രം പിന്‍ബലത്തില്‍ ഇനിയുമധികകാലം കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞടുപ്പില്‍ സമരസമിതി പ്രതിനിധികളെ നിര്‍ത്താനും അതുവഴി നിയമസഭയില്‍ കാതിക്കുടത്തിന്റെ സ്വന്തം ശബ്ദം കേള്‍പ്പിക്കാനുമാണ് തീരുമാനം. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി മാറണം.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമരസമിതി സ്ഥാനാര്‍ഥി വിജയിക്കുന്നു. സമാനമായി ജനങ്ങളില്‍ നിന്നു പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ്, വ്യവസ്ഥാപിതമായ പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്ഥമായ നിലപാടുകളുമായി ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിലേറുന്നു…
 


ജനത്തിന് ബദലാകാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരുത്തല്‍ ശക്തിയാകാന്‍ കഴിയും എന്നാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ഇത് മുമ്പേ ഞങ്ങള്‍ പരീക്ഷിച്ചതുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡുകളില്‍ സമരസമിതി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ കമ്പനി നില്‍ക്കു വാര്‍ഡില്‍ വിജയിക്കുകയും മറ്റ് രണ്ടിടങ്ങളിലും രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. സമരസമിതിക്കനുകൂലമായ നിലപാടുകളുള്ള സ്ഥാനാര്‍ഥികള്‍ക്കെതിരേ അന്ന് ഞങ്ങള്‍ മത്സരിച്ചിരുന്നില്ല. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ വിജയങ്ങള്‍ കാണിക്കുന്നത്. ഇത്തരം ആശയങ്ങള്‍ക്ക് ഇപ്പോള്‍ കുറേകൂടി സ്വീകാര്യത ലഭിക്കുന്നുണ്ടെന്നത് ആശാവഹമായ മുന്നേറ്റമാണ്. സ്വന്തം പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ ജനങ്ങളുടെ കൂട്ടായ്മയേ മുന്നോട്ടു നയിക്കും. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വിഷയങ്ങളില്‍ അവരോട് അഭിപ്രായം തേടുന്നു എന്നു പറയുന്നത് ജനാധിപത്യ പ്രക്രിയയില്‍ വലിയൊരു കാര്യം തന്നെയാണ്. ഒരു പക്ഷേ നമ്മുടെ ജനാധിപത്യം പരീക്ഷിക്കാതെ പോയതും ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നതും അതാകാം.

2012 ജൂലൈ 21 ലെ പോലീസ് മര്‍ദ്ദനം?
2012 ജൂലൈ 21 ന് സ്വന്തം നിലനില്‍പ്പിനുവേണ്ടി ഒരു ഗ്രാമം നടത്തിയ തീര്‍ത്തും സമാധാനപരമായ സമരത്തെ ഭരണകൂടത്തിന്റെ ഫോഴ്‌സിനെ ഉപയോഗിച്ച് കൂരമായ രീതിയില്‍ അടിച്ചമര്‍ത്തിയിട്ട് ഇവിടുത്തെ രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. നിസാരമായ പ്രശ്‌നങ്ങളില്‍ പോലും ഇടപെടുന്ന രാഷ്ട്രീയക്കാര്‍ ആരും തന്നെ കാതിക്കുടം സമരത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് കമ്പനിയും രാഷ്ട്രീയക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നതു കൊണ്ടാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

ഒരു ഗ്രാമം ഉപയോഗിക്കുന്ന മണ്ണും വെള്ളവും വായുവും ഒരു പോലെ വിഷമയമാക്കുന്ന കമ്പനിക്കുവേണ്ടി വാദിക്കുവാനാണ് എംഎല്‍എയ്ക്കു പോലും താത്പര്യം.
 


കാതിക്കുടം സന്ദര്‍ശിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസുവെച്ചെങ്കില്‍ കമ്പനി പൂട്ടിക്കാവുന്നതേയുള്ളൂ. എന്നിട്ടും മുപ്പതിലേറെ വര്‍ഷമായി കമ്പനി ലാഭത്തിലോടുന്നു. അതും പ്രവര്‍ത്തിക്കുവാന്‍ പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ. ഇവിടെയാണ് കമ്പനി ഭരണകൂടത്തില്‍ ഇടപെടുന്നതും അധികാരികളെ നോക്കുകുത്തികളാക്കി ഭരണകൂട ഉപകരണമായ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഇഞ്ചിഞ്ചായി കൊന്ന് ലാഭമുണ്ടാക്കുന്നതും.

സമരം തകര്‍ക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്.  പലരുടെ പേരുകളിലായി എണ്‍പതോളം കേസുകള്‍ ഇവിടെ നിലവിലുണ്ട്. പലരും പതിനേഴും പതിനെട്ടും കേസുകളില്‍ പ്രതികളാണ്. വിചിത്രമായ സംഗതി നാട്ടുകാരില്‍ പലരെയും കോടതി കമ്പനി നില്‍ക്കുന്നതിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെ വീടുകളും കമ്പനി മതിലിനോട് ചേര്‍ന്നാണ്.

പോലീസിനു തോന്നുന്നവരുടെ പേരുകളാണ് കേസ് ലിസ്റ്റിലുണ്ടാവുക. പ്രശ്‌നം നടക്കുമ്പോള്‍ ജില്ലയിലെ ഇല്ലാതിരുന്നവരാവും കേസിലെ പ്രധാന പ്രതികള്‍. കഴിഞ്ഞ ദിവസം നാലുപേര്‍ ഒരു കേസില്‍ ജാമ്യമെടുത്തതേയുള്ളൂ. എന്റെ പേരില്‍ പതിനേഴ് കേസുകളുണ്ട്. ഇലെ എനിക്കുമാത്രമായി പുതുതായൊരു വാറണ്ട് വന്നെന്ന് പറയുന്നുണ്ടായിരുന്നു. എന്താണ് കേസെന്നറിയില്ല.  കമ്പനി വരുന്നതിന് മുമ്പ് ഈ ഗ്രാമത്തില്‍ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇന്ന് അഞ്ചും ആറും കേസുകളില്‍ വാറണ്ടുള്ളവരാണ് ഈ ഗ്രാമത്തില്‍ ഭൂരിപക്ഷം പേരും. പ്രത്യകിച്ചും പോലീസിനു താല്‍പര്യമില്ലാത്തവരുടെ പേരുകള്‍.

കമ്പനി വരുമ്പോള്‍ പറഞ്ഞിരുന്നത് തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. ഇപ്പോള്‍ കമ്പനി കണക്കില്‍ 300 -ഓളം പേര്‍ ജോലി ചെയ്യുന്നതായി പറയുന്നു. തദ്ദേശവാസികളായ കരാര്‍ തൊഴിലാളികളാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അതുതന്നെ കമ്പനിക്കെതിരേയുള്ള തദ്ദേശവാസികളുടെ സമരത്തെ തകര്‍ക്കാനുള്ള തന്ത്രം മാത്രമാണ്. ഭിന്നിപ്പിച്ച് കാര്യം നേടുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ രീതി. കമ്പനി ഈ നാട്ടിലെ എല്ലാ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ഉത്സവപ്പിരിവുകളും ക്ലബുകള്‍ക്ക് സാമ്പത്തിക സഹായവും ചെയ്യുന്നതും ഇതേ തന്ത്രമുപയോഗിച്ചാണ്.
 


മറ്റ് ജനകീയ സമരങ്ങളോടുള്ള നിലപാട്…
കാതിക്കുടം സമരം എല്ലാ അതിജീവന സമരങ്ങളോടും നീതി നിഷേധത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പല സമരമുഖങ്ങള്‍ക്കു ശക്തിപകരാനും അതുപോലെ കാതിക്കുടത്തെ ഭീകരതക്കെതിരേ പോരാടാനുള്ള കരുത്തുപകരാനും ഇത്തരം സമാന പ്രശ്‌നങ്ങളുമായുള്ള  ഐക്യദാര്‍ഢ്യം സഹായിക്കുന്നു. നാടിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കാണ് ഭരണകൂടങ്ങള്‍ നിലനില്‍ക്കേണ്ടത്. എന്നാല്‍ ഇവിടുത്തെ വെള്ളവും മണ്ണും കോള്ളയടിക്കുകയും അവ വിഷമയമാക്കി അതിജീവനത്തിനുള്ള സാധ്യതപോലും ഇല്ലാതാക്കുന്ന വികസനനയമാണ് നമ്മുടെ ഭരണകൂടങ്ങള്‍ക്കുള്ളത്. വ്യവസായങ്ങള്‍ക്ക് ഞങ്ങളെതിരല്ല. എന്നാല്‍ കാതിക്കുടം പോലെ ജനസാന്ദ്രതയേറെയുള്ള സ്ഥലത്ത് ഹൈകോടതി തന്നെ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്ന ഒരു വ്യവസായ സ്ഥാപനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത്?

കമ്പനി വരുന്നതിന് മുമ്പ് ചാലക്കുടി പുഴയും ഇവിടുത്തെ പാടവും ഉപയോഗിച്ചാണ് കാതിക്കുടത്തെ ജനങ്ങള്‍ പട്ടിണികൂടാതെ ആരോഗ്യത്തോടെ കഴിഞ്ഞത്. ഇന്ന് കാതിക്കുടത്തുകാര്‍ക്ക് ശുദ്ധമായ മണ്ണില്ല. ശുദ്ധജലമില്ല. ശുദ്ധമായ വായുപോലുമില്ല. എല്ലാ പരിശോധനാ ഫലങ്ങളിലും അനുവദനീയമായ അളവില്‍ കൂടുതലാണ് വിഷാംശം. കഴിഞ്ഞ തവണ പഞ്ചായത്ത് 115 പേരില്‍ നടത്തിയ ആരോഗ്യ ക്യാമ്പില്‍ ഭൂരിപക്ഷം പേരിലും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒരു പഞ്ചായത്ത് വാര്‍ഡില്‍ ഇത്രയേറെ ക്യാന്‍സര്‍ രോഗികളെ സൃഷ്ടിക്കുന്ന വികസന നയമാണ് മാറേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍