UPDATES

ഇന്ത്യ

നെഹ്റുവിന്റെ സ്വന്തം എം.ഒ മത്തായി പുറത്തായതെങ്ങനെ?

അന്‍പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഏറ്റവും ശക്തനായ പേഴ്സണല്‍ അസിസ്റ്റന്‍റിന്‍റെ രാജിക്കു കാരണമായ ആ റിപ്പോര്‍ട്ടിലേക്ക് അഴിമുഖം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മലയാളിയായ എം ഒ മത്തായി രാജി വച്ചതിന് പിന്നിലെ കാരണങ്ങള്‍. 

ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അതികായനായ നിഖില്‍ ചക്രവര്‍ത്തിയാണ് റിപ്പോര്‍ട് തയ്യാറാക്കിയത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തിന് 100 വയസ് തികഞ്ഞേനേ. നിശിതമായ റിപോര്‍ടിങ്ങിനും വിശകലനങ്ങള്‍ക്കും പേര് കേട്ട നിഖില്‍ ദാ – അങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്- പുതുതായി ജനിച്ചുവീണ് സ്വന്തം കാലില്‍ നിലക്കാന്‍ ശ്രമിക്കുന്ന ഈ രാജ്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരെയും വിമര്‍ശിക്കുന്നതില്‍ ഒട്ടും മടി കാണിക്കാത്ത നിഖില്‍ ദായുടെ ഈ റിപ്പോര്‍ട്, ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്പെഷ്യല്‍ അസിസ്റ്റന്‍റായി ഉയര്‍ന്ന എം ഒ മത്തായി എന്ന മലയാളിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. മറ്റൊരു കമ്യൂണിസ്റ്റ് പത്ര പ്രവര്‍ത്തകനായ ഡേവിഡ് കോഹെനുമായി (സോവിയറ്റ് യൂണിയന്‍റെ ജൂത കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു അദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി വിടുകയുണ്ടായി) ചേര്‍ന്ന് സ്ഥാപിച്ച ഇന്‍ഡ്യ പ്രസ്സ് ഏജന്‍സിയാണ് 1959-ല്‍റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്.

പേനയുടെ കരുത്തെന്തെന്ന് വിളിച്ച് പറയുന്നതാണ് ഈ റിപ്പോര്‍ട്. അടുത്തകാലത്ത് പുറത്തു വന്ന മാധ്യമ റിപ്പോര്‍ടുകളെ തുടര്‍ന്നുണ്ടായ രാജികളുടെ മുന്‍ഗാമിയാണ് ഒരു തരത്തില്‍ ഈ ലേഖനമെന്ന് പറയാം.

 

ഒരു ചെള്ളിന്റ്റെ കഥ

പ്രധാനന്ത്രിയുടെ പി എയെയും അദ്ദേഹത്തിന്‍റെ അമ്മയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ട്രസ്റ്റിനെയും കുറിച്ച്.

നിഖില്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി, ജനുവരി 3: തലസ്ഥാനത്തിപ്പോള്‍ സദാ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമിതാണ്. തന്‍റെ ഗവണ്‍മെന്‍റിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി അറിയുന്നുണ്ടോ? സത്യസന്ധരും നിരാശരുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ തന്നെ സമാധാനിക്കുന്ന ഉത്തരം ഇതാണ്. പ്രധാനമന്ത്രി ഒന്നും അറിയുന്നില്ല.

കഴിഞ്ഞ കുറെ മാസങ്ങളായി അടിക്കടി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യം പക്ഷേ അദ്ദേഹത്തിന്റെ സ്റ്റാഫിലെ ഒരു പ്രമുഖ അംഗത്തിന്റെ പ്രവര്‍ത്തനങ്ങളെയോ അല്ലെങ്കില്‍ വഴിവിട്ട പ്രവൃത്തികളെയോ കുറിച്ചാണ്. അതാണെങ്കില്‍ ഏതു നിമിഷവും മാധ്യമങ്ങളിലും പാര്‍ലിമെന്‍റിലും വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കാവുന്ന ഒന്നും. ന്യൂ ഡെല്‍ഹിക്ക് പുറത്തുള്ളവര്‍ക്ക് അത്ര പരിചിതമല്ല ഈ പേര്. എം ഒ മത്തായി. പ്രധാനന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്‍റ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉന്നത രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ സ്വയം ഉയര്‍ന്നു വന്ന സുപ്രധാനമായ വ്യക്തിത്വം.

അസാധാരണമായ പശ്ചാത്തലമാണ് മത്തായിയുടേത്. യുദ്ധത്തിന്നു മുന്‍പ് മുന്‍ എം പിയായ സി പി മാത്യുവിന്റെ കീഴില്‍ വെറുമൊരു ടൈപ്പിസ്റ്റ് മാത്രമായിരുന്നു ഇയാള്‍. യുദ്ധകാലത്ത് രാജ്യത്തു പ്രവര്‍ത്തനമാരംഭിച്ച ഒരു അമേരിക്കന്‍ ഗവണ്‍മെന്‍റ് സംഘടനയില്‍ മത്തായിക്ക് ജോലി കിട്ടിയതോടെ അമേരിക്കന്‍ വൃത്തങ്ങളുമായുള്ള മത്തായിയുടെ സൌഹൃദം വളര്‍ന്നു. അത് എല്ലാവര്‍ക്കും വെളിപ്പെടുന്ന തരത്തില്‍ വളരെ പ്രകടവുമായിരുന്നു.
 

1947ല്‍ സുപ്രധാനമായ അധികാര കൈമാറ്റ ചര്‍ച്ചകള്‍ നടക്കുന്ന നേരം പണ്ഡിറ്റ് നെഹ്റുവിന്റെ സ്റ്റാഫില്‍ സ്റ്റെനോ ടൈപ്പിസ്റ്റായി മത്തായിക്ക് ജോലി കയറ്റം കിട്ടി. പതിയെ, മാസം 1800 രൂപ ശമ്പളം പറ്റുന്ന പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്‍റായി അയാള്‍ വളര്‍ന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്പ് തന്‍റെ അമ്മയുടെ പേരില്‍ ചേച്ചമ്മ മെമോറിയല്‍ ട്രസ്റ്റ് എന്ന ഒരു സ്ഥാപനം ആരംഭിക്കാന്‍ മത്തായി തീരുമാനിച്ചു. തനിക്ക് സ്വരൂപിക്കാന്‍ കഴിയുന്നതിനേക്കാളും വലിയ തുകയായ 3 ലക്ഷം പ്രവര്‍ത്തന മൂലധനമായി ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. മത്തായിയെ കൂടാതെ രാജ് കുമാരി അമൃത് കൌര്‍, പത്മജ  നായിഡു എന്നിവരായിരുന്നു മറ്റ് ട്രസ്റ്റ് അംഗങ്ങള്‍. തങ്ങളുടെ പേരുകള്‍ അതില്‍ വെക്കുന്നതില്‍ കവിഞ്ഞു മറ്റ് തല്‍പ്പര്യങ്ങളൊന്നും ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നില്ല.

മത്തായി തന്നെയായിരുന്നു മാനേജിങ് ട്രസ്റ്റി. എന്നാല്‍ തന്‍റെ എന്തെങ്കിലും പ്രത്യേക ഇടപെടലുകള്‍ സ്ഥാപനത്തില്‍ നടത്താന്‍ അയാള്‍ ശ്രമിച്ചിരുന്നില്ല. രാജ്കുമാരിയുടെ വസതിയായ 2, വില്ലിങ്ടണ്‍ ക്രെസെന്‍ഡ്, ആയിരുന്നു ട്രസ്റ്റിന്റെ ഓഫീസ്. ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന് നടത്താന്‍ അനുവാദമുള്ള ഏക കുടുംബ ട്രസ്റ്റാണ് ഇത്. ട്രസ്റ്റ് ആരംഭിക്കുന്നതിനും അതിനു വേണ്ട പണം സ്വരൂപിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി കാര്യം സാധിച്ചെടുക്കാന്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ മത്തായിക്ക് എളുപ്പം കഴിഞ്ഞു.

കേന്ദ്ര മന്ത്രിയായ രാജ്കുമാരി അമൃത് കൌറിന് ട്രസ്റ്റികളില്‍ ഒരാളായി പ്രവൃത്തിക്കാന്‍ അനുമതി കിട്ടി എന്നതാണു ഇതിലെ അത്ഭുതപ്പെടുത്തുന്ന കാര്യം. കാരണം 1954ല്‍ ത്തന്നെയാണ് മറ്റു രണ്ടു മന്ത്രിമാരായ ജഗ്ജീവന്‍ റാം, സത്യനാരൈന്‍ സിന്‍ഹ എന്നിവരോടു ഡാല്‍മിയ ഭൃഗുരാജ്, യോഗിരാജ് ട്രസ്റ്റുകളില്‍ നിന്നു ട്രസ്റ്റിഷിപ് രാജിവെക്കാന്‍ ഗവണ്‍മെന്‍റ് ആവിശ്യപ്പെട്ടത്.

ഏകദേശം 24 ലക്ഷം ആസ്തി  ഈ ട്രസ്റ്റിന് ഇപ്പോള്‍ ഉണ്ടെന്നുള്ളതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു വസ്തുത. ബിര്‍ള കുടുംബം, ശാന്തി പ്രസാദ് ജയിന്‍ തുടങ്ങി ബോംബെയിലെ പ്രമുഖ ബിസിനസുകാരാണ് ഇതിന്‍റെ ഫണ്ട് ദാതാക്കള്‍. ബിര്‍ളയുടെ യുണൈറ്റഡ് കമേര്‍സിയല്‍ ബാങ്കില്‍ ഒരു ക്ലോസ്ഡ് അകൌണ്ടാണ് ട്രസ്റ്റിനുള്ളത്.

പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയുണ്ടായിട്ടും കിദ്വാനി മെമോറിയല്‍ ഫണ്ടിന് വെറും 9 ലക്ഷം മാത്രം ശേഖരിക്കാന്‍ സാധിച്ചിടത്താണ് താരതമ്യേനെ അജ്ഞാതയായ ഒരു സ്ത്രീയുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ട്രസ്റ്റിന് ഇരുപതു ലക്ഷത്തിലധികം രൂപ സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഇതില്‍ അദൃശ്യമായ എന്തെങ്കിലും സ്വാധീനം ഉണ്ടാകാം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“മുന്ദ്ര ഈ ട്രസ്റ്റിന് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ പോലും ഞാന്‍ അത്ഭുതപ്പെടുകയില്ല” എന്നാണ് ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് എന്നോടു പറഞ്ഞത്. അങ്ങനെ പറയുന്നതില്‍ ചില വസ്തുതകളും ഉണ്ടായിരുന്നു. മത്തായിയുടെ കാര്‍മ്മികത്വത്തിലാണ് ടി ടി കെയും മുന്ദ്രയും തമ്മിലുള്ള ആദ്യത്തെ മീറ്റിങ് 1957ല്‍ നടന്നത്. എനിക്കറിയാണ്‍ കഴിഞ്ഞതില്‍ വിവിയന്‍ ബോസ് കമ്മിറ്റിക്ക് പോലും ഇത് അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയായിരുന്ന കാലം മുഴുവന്‍ മത്തായിയുമായി വളരെ അടുത്ത ബന്ധമാണ് ടിടികെ പുലര്‍ത്തിയിരുന്നത്.
 

ബിര്‍ളയുമായി മത്തായിക്കുള്ള ബന്ധം ട്രസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുലു വാലിയില്‍ ഒരു തോട്ടം മത്തായി വാങ്ങിച്ചിരുന്നു. പിന്നീട് ഒന്നര ലക്ഷം രൂപയ്ക്ക് ബിര്‍ള ഈ സ്ഥലം വാങ്ങി. ഇതിനെ ക്കുറിച്ച് പലരും പറയുന്നതു ആ തുകയുടെ പകുതി മൂല്യം പോലും ആ വസ്തുവിന് ഉണ്ടായിരുന്നില്ല എന്നാണ്.

അതിനു ശേഷം ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയിലെ തങ്ങളുടെ ഒരു വസ്തു ബിര്‍ള മത്തായിക്ക് സമ്മാനമായി നല്‍കുകയുണ്ടായി.നംബര്‍ 9, തീസ് ജനുവരി മാര്‍ഗില്‍, ബിര്‍ള കോട്ടണ്‍, സ്പീണിങ് ആന്‍ഡ് വീവിങ് മില്‍സ് ലിമിറ്റഡ്, ഡെല്‍ഹിയുടെ (Managing Agents: Birla Bros. Pvt Ltd.) പേരില്‍ ഉണ്ടായിരുന്ന 7,254 ചതുരശ്ര അടി വലുപ്പമുള്ള ഒരു വീടും ഒന്നര ഏക്കര്‍ സ്ഥലവുമായിരുന്നു ആ സമ്മാനം. ഗാന്ധിജി വെടിവച്ചു കൊല്ലപ്പെട്ട ബിര്‍ള ഹൌസിന്‍റെ തൊട്ടടുത്താണ് ഈ കെട്ടിടം. ഈ വസ്തുവിന് ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും മാര്‍ക്കറ്റ് വില ഉണ്ടാകുമെന്നത് ഡെല്‍ഹിയെക്കുറിച്ചറിയാവുന്ന ആര്‍ക്കും പകല്‍ വെളിച്ചം പോലെ മനസിലാകുന്ന കാര്യമാണ്. ഡെല്‍ഹിയില്‍ ഒരു ചതുരശ്ര അടിക്ക് 100 രൂപ എന്ന കണക്കില്‍ സ്ഥലത്തിന്റെ വില സര്ക്കാര്‍ ഈ അടുത്തകാലത്ത് നിജപ്പെടുത്തുകയുണ്ടായിട്ടുണ്ട്. അപ്പോള്‍ കെട്ടിടം കൂടാതെ സ്ഥലത്തിന് മാത്രം വിലമതിക്കുക ഏഴേ കാല്‍ ലക്ഷമാണ്.

എന്നാല്‍ മത്തായിയുടെ ട്രസ്റ്റ് എത്ര രൂപയാണ് ഇതിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്?1958, ആഗസ്റ്റ് 22 നു ബിര്‍ളയുടെതായി ട്രസ്റ്റിന് കൈമാറിയ കത്തില്‍ പറയുന്നത്, “ഈ കെട്ടിടം ഏറ്റെടുക്കുന്നതിന് ട്രസ്റ്റിന് 75,000 രൂപ ചിലവഴിക്കേണ്ടതുണ്ട്” എന്നാണ്. അതിനര്‍ഥം ഇത് ബിര്‍ളയുടെ സമ്മാനം തന്നെയാണെന്നുള്ളതാണ്.

മാസത്തില്‍ 1000 രൂപ അടയ്ക്കേണ്ടുന്ന ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയും ഇതിനിടയില്‍ മത്തായി എടുത്തിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം. എനിക്കു കിട്ടിയ വിവരങ്ങളനുസരിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മത്തായി ഈ പോളിസി എടുത്തിട്ടുള്ളത്. അതായത് മേല്‍പ്പറഞ്ഞ ഭീമമായ പ്രീമിയം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മത്തായി അടച്ചു വരികയാണ്.

വലിയ പണചാക്കുകളുമായി ഇത്രയേറെ അടുപ്പമുള്ള ഒരാള്‍ ഇതുപോലെയുള്ള  സുപ്രധാനമായ പദവി കയ്യാളുന്നത് അപകടകരവും രാജ്യത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമാണ്.

രാജ്യ താല്‍പര്യത്തിന് എതിര്‍ നില്‍ക്കുന്ന സ്വകാര്യ മേഖലയെ ചൂലുപയോഗിച്ചു തൂത്തു വാരി കളയും എന്നാണ് പ്രധാനമന്ത്രി പറയുന്നത്. തന്‍റെ ചുറ്റിലുമുള്ള വൃത്തികേടുകള്‍ അദ്ദേഹം ശുദ്ധീകരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതിമോഹമാവുമോ?

(ഐ പി എ, ജനുവരി 3, 1959)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍