UPDATES

കേരളം

കേരളം തകരാതിരിക്കാന്‍- ചില ബഡ്ജറ്റ് ചിന്തകള്‍

കേരളത്തിന്റെ 2014– 15 ബഡ്ജറ്റ് അവതരിപ്പിക്കുവാൻ പോവുകയാണ്. ഏറ്റവും ശ്രദ്ധയോടെ അവതരിപ്പിക്കേണ്ട ഒന്നാണ് ഇത്തവണത്തെ ബഡ്ജറ്റ്. കാരണം, രാജ്യവും സംസ്ഥാനവും ഗുരുതരമായ സമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഈ പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി മുന്നിൽ കണ്ടുകൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള സമീപനം ആവശ്യമായ സ്ഥിതിയാണുള്ളത്. ദേശീയവും, പ്രാദേശികവുമായ പ്രതിസന്ധിയുള്ളപ്പോൾ തന്നെ അന്തർദേശീയ പ്രതിസന്ധികളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ ഏറ്റവുമധികം ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. റബറിന്റെ കൂടി വില തകർന്നപ്പോൾ കാർഷിക മേഖലയുടെ തകർച്ച പൂർണ്ണമായിരിക്കുന്നു എന്ന പ്രശ്നവും ഗൗരവമാണ്. റവന്യു വരുമാന വർദ്ധനവ് വളരെ കുറച്ചുമാത്രം ഉണ്ടായ വർഷമാണെന്നത് മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. അഭൂതപൂർവ്വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വർദ്ധനവ് സമ്പദ് വ്യവസ്ഥയെ വല്ലാതെ അലട്ടുന്നുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ തീര്‍ത്തും ഗൗരവതരമാണ്.

മേൽപറഞ്ഞ മിക്കവാറും പ്രശ്നങ്ങൾക്ക് കാരണം നവലിബറൽ നയങ്ങളാണ് എന്നത് ആർക്കും എതിർക്കുവാൻ പറ്റാത്ത സത്യമാണ്. ഇന്ത്യയിൽ 22 വ‌ർഷങ്ങളായി തുടർന്നുവരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടില്ലെന്നത് പ്രത്യേകം ഓർക്കണം. അമേരിക്കൻ സമ്പദ് വ്യവസ്ഥപോലും ദുർബലമായിക്കഴിഞ്ഞു. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്‌നിഗ്ളിറ്റ്സ് പോലും സ്വതന്ത്രവിപണിയുടെ രൂക്ഷ വിമർശകനായി മാറി. The Price of inequality എന്ന സ്‌നിഗ്ളിറ്റ്സിന്റെ തന്നെ പുസ്തകം വായിക്കുക. അതുകൊണ്ട് അതെ നയത്തിന്റെ തുടർച്ചയിലൂടെ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഈ സത്യം ഉൾക്കൊള്ളുക എന്നതാണ് ഈ വർഷത്തെ ബഡ്ജറ്റ് ചിന്തകളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
 

ചുരുക്കത്തിൽ 2014-15ന്റെ കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ നവലിബറൽ കാഴ്ചപ്പാട് തിരുത്തണം എന്നർത്ഥം. കഴിഞ്ഞ 35 വർഷത്തെ ലോക സാമ്പത്തിക ചരിത്രത്തിൽ നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കിൽ വരും വർഷങ്ങളിൽ രാജ്യം ഗുരുതരമായ സ്റ്റാഗ്ഫ്ളേഷനെ നേരിടേണ്ടിവരും. അത് കേരളത്തെയും നല്ലപോലെ ബാധിക്കും. സർക്കാർ മുഖ്യ തൊഴിൽദായക സംവിധാനമല്ല എന്ന നവലിബറൽ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഗൾഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കുവാൻ ഒരിക്കലും കഴിയില്ല. സർക്കാർ പൊതുവിപണിയിൽ ഇടപെടരുത് എന്ന മറ്റൊരു നവലിബറൽ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിർത്തുവാൻ ഒരിക്കലും സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാൽ അടവുശിക്ഷ കമ്മി കൂടുതൽ വർദ്ധിപ്പിക്കുകയും രൂപയും മൂല്യം ഇനിയും കുറയുകയും ചെയ്യും. രൂപയുടെ മൂല്യതകർച്ച സാമ്പത്തിക തകർച്ചയുടെ മുന്നോടിയാണ്. മൂല്യത്തകർച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ മലയാളികളുടെ നിക്ഷേപത്തുക വർദ്ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോൾ കൂടിയ നിക്ഷേപം കൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കുവാൻ കഴിയില്ലെന്ന കാര്യം കൂടി ചേർത്ത് കാണണം. കാർഷിക പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറൽ നയത്തിലൂടെ ഉൽപാദന മേഖലയേയും പരിസ്ഥിതിയേയും സംരക്ഷിക്കുവാൻ കഴിയില്ലെന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി നാം ഉൾക്കൊള്ളണം. ഉൽപാദനമേഖലകളുടെ മുരടിപ്പിൽ എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിയും? രൂക്ഷമായ തൊഴിലില്ലായ്‌മയെ അഭിമുഖീകരിക്കുവാൻ ഈ നയത്തിന് കഴിയില്ല എന്ന് രത്നചുരുക്കം. ഉള്ള തൊഴിലിന്റെ സുരക്ഷിതത്വം പോലും നഷ്ടപ്പെട്ടുവരികയാണെന്നോർക്കേണ്ടതുണ്ട്. എന്നാൽ ഈ നയത്തിന് ചില നേട്ടങ്ങൾ ഉണ്ട്. അത ഊഹക്കച്ചവത്തിന്റെ വളർച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്ക് വത്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്ക് പോലും കളമൊരുക്കിയിരിക്കുന്നു. മാഫിയകളുടെയും തെരുവ് ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വ പ്രസിദ്ധ കേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല.
 

കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ മാണി സാർ 1200 കോടി രൂപയുടെ നികുതി വർദ്ധിപ്പിച്ചിരുന്നു. പക്ഷേ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വർദ്ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വർഷക്കാലം ഒറ്റ പൈസപോലും നികുതി വർദ്ധിപ്പിച്ചിരുന്നില്ല,. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വർദ്ധിക്കുകയും ചെയ്തിരുന്നു. അവസാന വർഷം 22.5 ശതമാനം വരെ നികുതി വർദ്ധിക്കുകയുണ്ടായി. ഇവിടെയാണ് നവലിബറൽ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറൽ നയത്തിൽ സബ്സിഡികളും മറ്റു പൊതു ഇടപെടലും കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങൽ ശേഷി കുറയ്ക്കും എന്ന് മാത്രമല്ല വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ രണ്ട് പ്രശ്നങ്ങളാണ് പരസ്പര പുരകമായി ഉണ്ടാകുന്നത്. 1. വിലക്കയറ്റം 2. വാങ്ങൽ ശേഷി കുറയൽ. ഇതോടുകൂടി നികുതി വർദ്ധിപ്പിക്കുകയും കൂടി ചെയ്യുന്നു. കച്ചവടം നടക്കാത്തതിനാല്‍ നികുതി വരുമാനം കുറയും. ഇതാണ് 2013-14ൽ സംഭവിച്ചത്. 2006-11 വരെ നികുതി വർദ്ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സർക്കാർ സഹായം (ഇടപെടൽ) വർദ്ധിച്ചു. അതുതുകൊണ്ട്തന്നെ ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിച്ചു. നികുതി വരുമാനം വർദ്ധിച്ചത് ഇതുകൊണ്ടാണ്. സർക്കാർ പിൻവലിയുന്ന നവലിബറൽ അജണ്ടയും സർക്കാർ ഇടപെടുന്ന ഇതുപക്ഷ ബദൽ അജണ്ടയും തമ്മിലുള്ള വ്യത്യാസം ഇതോടെ വ്യക്തമാകുന്നു. നികുതി വരുമാനം അഞ്ച് വർഷം നിരന്തരമായി വർദ്ധിപ്പിച്ചതിന്റെ ഫലമായിട്ടാണ് ട്രഷറിയിൽ 2000 കോടി രൂപ മിച്ചം വയ്‌ക്കുവാൻ 2011ൽ കഴിഞ്ഞത്. പൊതുമേഖലയെ മൊത്തത്തിൽ ലാഭത്തിലേക്ക് 2006-11 കാലത്ത് കൊണ്ടുവന്നതിനാൽ രണ്ടു ഗുണം സർക്കാരിന് ലഭിച്ചു. 1. ഖജനാവിൽ നിന്ന് പൊതു മേഖലയുടെ നഷ്ടം നികത്തുവാൻ പണം കൂടുതൽ നൽകേണ്ടിവന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാൽ സർക്കാരിന് ഡിവിഡണ്ട് വരുമാനം കൂടി. കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ കണക്കനുസരിച്ച് കാർഷിക വളർച്ച (-) 1.2 ശതമാനമാണ്. വ്യവസായിക വളർച്ച 2.8 ശതമാനമായിരിക്കുന്നു. ഇതിൽ നിന്ന് എന്താണ് വ്യക്തമാകുന്നത്? തൊഴിൽ സാന്ദ്രമായ ഉൽപാദന മേഖല തകർന്നു, സേനമേഖല (പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, ഓഹരി കമ്പോളം) വളർന്നു എന്നാണ്. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വീണ്ടും സർക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വീണ്ടും വഷളാകും.
 

20,000 കോടി രൂപ വാർഷിക ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ സഹകരണ, പൊതു മേഖല, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രയും തന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയിൽ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോൺ ടാക്സ് റവന്യൂ ഗണ്യമായ തോതിൽ വർദ്ധിപ്പിക്കുവാൻ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാൻ നല്ല പോലെ ശ്രമിക്കണം. ടാക്സ് ചോർച്ച തടഞ്ഞാൽ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും തന്നെ ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലിലൂടെ റവന്യൂ വരുമാന വർദ്ധനവുണ്ടാക്കികൊണ്ട് റവന്യൂ കമ്മി നല്ല പോലെ കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരും തോറും കൂടുതൽ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള അഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂർണ്ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉൽപ്പാദന മേഖലയിൽ തന്നെ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകണം. എങ്കിൽ മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടുവാൻ കഴിയൂ.

വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദീർഘവീക്ഷണം ബഡ്ജറ്റിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിന് വേണ്ടി സൃഷ്ടിക്കുന്ന ഉൽപ്പാദന സംരംഭങ്ങൾ നിശ്ചയമായും പരിസ്ഥിതി സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള പ്രധാന മാർഗ്ഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതാണ്. അധികാരമുള്ള തദ്ദേശ ഭരണകൂടങ്ങളും സമ്പത്തുള്ള സഹകരണ സ്ഥാപനങ്ങളും ചേർന്നാൽ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉൽപ്പാദന സംരംഭങ്ങൾ ആരംഭിക്കാം. ഉൽപ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെകൂടി കൂട്ടുചേർത്താൽ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബഡ്ജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.
 

വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് അടുത്ത തലമുറയെ വളരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ്. ഒപ്പം ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണവും നടക്കുന്നുണ്ട്. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങൾ മാറ്റിക്കുറിക്കുവാൻ ഭരണകൂട ഇടപെടൽ വർദ്ധിപ്പിച്ചേ മതിയാകു. ഇതിന് നവലിബറൽ അജണ്ടയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. പൊതു വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതിൽ നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരള ജനത തടഞ്ഞുനിർത്തിയേ പറ്റു. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവത്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്.
 

വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവത്കരണം ഭൂരിപക്ഷത്തിന്റെ പാർശ്വവത്കരണത്തിലേക്കാണ് നയിക്കപ്പെടുക എന്നു നാം ഓർക്കണം. എല്ലാ വിഭാഗങ്ങളുടെയും പുരോഗതിയും പാർശ്വവത്കരിക്കപ്പെട്ടവരുടെ മുഖ്യധാരാവത്കരണവും ബഡ്ജറ്റിന്റെ അനിവാര്യമായ ലക്ഷ്യമാകണം. ഇനിയും നവലിബറൽ നയങ്ങളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതെങ്കില്‍ കേരളം തകർന്നുപോകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍