UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

\’അവള്‍ ശരിയല്ല\’

മലേന എന്നൊരു സിനിമയുണ്ട്. ഇറ്റാലിയന്‍ സിനിമയാണ്. ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ കഥയാണ്. സുന്ദരിയായ അവരുടെ ഭര്‍ത്താവ് അകലെയാണ്. ഭര്‍ത്താവ് മരണപ്പെട്ടു എന്ന് കരുതുന്ന അവരുടെ ഗ്രാമവാസികള്‍ അവരെ എങ്ങനെ പരിചരിക്കുന്നു എന്നതാണ് പ്രമേയം… മലേനയുടെ ജീവിതം ഒരു ടീനേജ് പയ്യന്റെ കണ്ണിലൂടെയാണ് കാണിക്കുന്നത്, ഒരിക്കലും മലേന അറിയാത്ത അവരുടെ കാമുകനാണീ പയ്യന്‍. അവന്‍ നോക്കിക്കാണുകയാണ്, ഭര്‍ത്താവില്ലാത്ത ഒരു സുന്ദരിയുടെ അവസ്ഥ.
 
ആ ചുറ്റുവട്ടത്തുള്ള സകല പുരുഷനും ഭര്‍ത്താവില്ലാത്ത ഈ സ്ത്രീയുമായി വേഴ്ച്ചയ്ക്ക് തക്കം പാര്‍ത്തിരിക്കുന്നു. സമൂഹത്തിലെ ആണെന്ന മൃഗത്തിന്റെ ഭോഗതൃഷ്ണ മൃഗീയമാണെന്ന് അവരുടെ തന്നെ വാദമാണ്, അത് നമ്മുക്ക് സമ്മതിച്ചു കൊടുക്കാം, കാരണം അവരുടെ ഉള്ളിലിരിക്കുന്ന മൃഗത്തെ പറ്റി അവര് തന്നെ ലജ്ജയില്ലാതെ ഏറ്റു പറയുമ്പോള്‍ അത് പരിഗണനയും സഹതാപവും അര്‍ഹിക്കുന്നു. അത് സമ്മതിച്ചുകൊണ്ട് മലേനയെ പോലൊരു സ്ത്രീയെ മറ്റു സ്ത്രീകള്‍ എങ്ങനെ സമീപിക്കുന്നു എന്ന് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.
 
സ്വന്തം ഭര്‍ത്താവ്/സഹോദരന്‍/മകന്‍/അച്ഛന്‍ എന്നീ വിഭാഗം പുരുഷന്മാര്‍ മറ്റൊരു സ്ത്രീയോട് ലൈംഗീക അതിക്രമം കാണിച്ചാല്‍ നമ്മളതിനോട് എങ്ങനെ ആണ് പ്രതികരിക്കുക? പീഡിതയാകേണ്ടി വരുന്ന സ്ത്രീയുടെ മേല്‍ കുറ്റം ചാരി നമ്മുടെ ആണുങ്ങളെ രക്ഷപെടുത്താന്‍ ഉള്ള തിടുക്കമല്ലാതെ ഒരിക്കലെങ്കിലും നമ്മള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടോ? സ്ത്രീ പീഡനത്തെ പറ്റി പരാമര്‍ശിക്കുമ്പോള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു വിമര്‍ശനം ആണ് ‘നിങ്ങളുടെ അച്ഛനും ഭര്‍ത്താവും ഇങ്ങനെ ആണോ’ എന്ന്! ആണെങ്കില്‍ സ്ത്രീകള്‍ അത് സഹിക്കണമോ? അനീതിയെ ‘സ്വന്തം’ എന്ന വികാരം കൊണ്ട് അളന്ന് അത് മൂടി വെയ്ക്കാമോ?
 
ഭര്‍ത്താവില്ലാതെ, ഒരു പുരുഷന്റെ തണലില്‍ അല്ലാതെ കഴിയുന്ന സ്ത്രീ എന്നത് പൊതുസമൂഹത്തിന് ഒരു കൌതുക വസ്തുവാണ്. പുരുഷന്മാര്‍ക്ക്, അവള്‍ എപ്പോള്‍ വേണമെങ്കിലും കയറിപ്പിടിക്കാം എന്ന ലൈസന്‍സ് ഉള്ള ഒരു വസ്തുവും സ്ത്രീകള്‍ക്ക് തങ്ങളുടെ പുരുഷന്മാരില്‍ നിന്നും അകറ്റി നിര്‍ത്തേണ്ട ഒരു ഭീഷണിയുമാണ് അവള്‍! ഒരു ആത്മപരിശോധന നടത്തിയാല്‍, എന്റെത് എന്ന് ഞാന്‍ കരുതുന്ന പുരുഷന്‍ ഇപ്രകാരം ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയാല്‍ ഞാന്‍ ആ സ്ത്രീയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യണമോ അതോ സമ്മതമില്ലാതെ സ്ത്രീയെ വെറും ഭോഗവസ്തുവായി കണ്ടു സമീപിക്കുന്ന പുരുഷന്റെ മനോഭാവത്തെ ചോദ്യം ചെയ്യണമോ? ഇത് ഇറ്റലിയിലോ അല്ലെങ്കില്‍ ദൂരെയുള്ള ഒരു സമൂഹത്തിലോ മാത്രം ഉള്ളൊരു വസ്തുതയല്ല, നമ്മുടെ ചുറ്റിനും നടക്കുന്ന വെറുമൊരു സാധാരണ സംഭവം മാത്രം. കുട്ടികളുമായി ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ഒരു സ്ത്രീയുടെ ലൈംഗീക തൃഷ്ണകളെ പറ്റിയാണ് ഒരു സമൂഹത്തിന്റെ ആകുലത മുഴുവന്‍! അവള്‍ ആ തൃഷ്ണ ശമിപ്പിക്കാനാണ് ഏതൊരു ബന്ധവും സ്ഥാപിക്കുന്നത് എന്ന് സമൂഹം ആണയിട്ട് പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ സ്വന്തം തീരുമാനപ്രകാരമോ അല്ലാതെയോ എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതം ദുസ്സഹമാക്കി തീര്‍ക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെ സമൂഹം പെടാപ്പാട് പെടുന്നുണ്ട്.
 
 
ഇവിടെ മലേനയുടെ അവസ്ഥ വളരെ ദയനീയമാണ്, അവര്‍ക്ക് വരുമാനം ഇല്ലാത്തതിനാല്‍ ഒരു നേരത്തെ റൊട്ടി തരാം എന്ന് പ്രലോഭിപ്പിച്ചുകൊണ്ട് പുരുഷന്മാര്‍ അവരുടെ ശരീരം തിന്നു തീര്‍ക്കുന്നുണ്ട്! സ്ത്രീകളാകട്ടെ അവളെയാണ് കുറ്റക്കാരിയായി കാണുന്നത്, ഒന്ന്, പൊതുബോധത്തെ തൃപ്തിപെടുത്തുന്ന രീതിയല്‍ ഉള്ളതാണ് അവളുടെ ശരീരം; രണ്ട്, അവള്‍ക്ക് മേല്‍ ഒരു ഉടമസ്ഥന്‍ ഇല്ല എന്ന അവസ്ഥ – ഇതുരണ്ടും കുറ്റകരമാണ്. അല്ലാതെ സ്ത്രീയുടെ ഒറ്റയ്ക്കുള്ള ജീവിതത്തെ അവളുടെ സ്വാതന്ത്ര്യമായിക്കണ്ട് അവളെ ബഹുമാനിക്കാന്‍ ആ സമൂഹം പഠിക്കുന്നേയില്ല. നമ്മളും ചിലപ്പോള്‍ അത്രയും ‘അതിരുകളില്ലാത്ത സ്വാതന്ത്ര്യം’ നമ്മുടെ സ്ത്രീകള്‍ക്ക് ‘നല്‍കാന്‍’ ഭയക്കുന്നു! എങ്ങനേയും അവളെ ഒരു ഉടമസ്ഥന്റെ കെട്ടില്‍ തെളിച്ചു കയറ്റാന്‍ ശ്രമിക്കുന്നു. 
 
കുട്ടികളുമായി ഒറ്റയ്ക്ക് ഒരമ്മ കഴിഞ്ഞാല്‍ ആ അമ്മയ്ക്ക് കല്‍പ്പിച്ചു കൊടുത്ത ചില ഭാവങ്ങളുണ്ട്. ഒരു സദാ ദു:ഖിതയായ, വിരസമായ ജീവിതം നയിക്കുന്ന, നിറങ്ങളോ കടുത്ത വികാരങ്ങളോ ഇല്ലാത്ത, വെള്ളപുതച്ച, തലമുണ്ഡനം ചെയ്ത വിധവയുടെ ഭാവം. അതായത് ഒരുക്കങ്ങളും ചമയങ്ങളും സന്തോഷങ്ങളും ഇല്ലാത്ത ഒരു ഭാവം. അതിനപ്പുറത്ത് അവള്‍ക്ക് സുഹൃത്ബന്ധങ്ങള്‍ ഉണ്ടായാല്‍, അവള്‍ ഉറക്കെ ചിരിച്ചാല്‍ സമൂഹത്തിന്റെ നട്ടെല്ല് വിറയ്ക്കും. അതെന്തുകൊണ്ടാണ്? ഒരു സ്ത്രീയ്ക്ക് ലൈംഗീക ബന്ധത്തിനായല്ലാതെ പുരുഷന്മാരുമായി സുഹൃത്ബന്ധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായെന്നു എന്തിനാണൊരു അലിഖിത നിയമം? ഭര്‍ത്താവുള്ള സ്ത്രീയ്ക്ക് പുരുഷ സുഹൃത്തുക്കള്‍ ആകാം, (അതിലും നമ്മുടെ സമൂഹത്തിന് ഇരട്ടത്താപ്പ് ഇല്ലെന്നു പറഞ്ഞു കൂടാ) ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയ്ക്ക് അത് പാടുള്ളതല്ലേ സമൂഹമേ?
 
നമ്മുടെ അയലത്ത് ഒരു മലേന ഉണ്ടെങ്കില്‍, സദാ കാമം ഉള്ളില്‍ കൊണ്ടുനടക്കുന്ന നമ്മുടെ പുരുഷന് അവളുടെ മേല്‍ താത്പര്യം ഉണ്ടെങ്കില്‍, അതിനായി അയാള്‍ ശ്രമിച്ചാല്‍ അതാരുടെ പാളിച്ചയാണ്? പുരുഷന്റെ, അവന്റെ മാത്രം. അത് ‘സ്വന്തം’ അച്ഛനോ ഭര്‍ത്താവോ ആണെങ്കിലും അതിനെ ന്യായീകരിക്കാതിരിക്കുക, സ്ത്രീയില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക. ‘അവളെന്നെ വശീകരിച്ചു’ എന്ന മറ സ്വന്തം കുറ്റങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ പുരുഷന്‍ കണ്ടെത്തിയ ന്യായീകരണം മാത്രമാണ്. ഭര്‍ത്താവ് എന്ന ‘ഉടമ’ ഇല്ലാത്ത സ്ത്രീകളെല്ലാം പുരുഷന്മാരെ വളയ്ക്കാനും വശീകരിക്കാനും നടക്കുന്നവര്‍ ആണെന്ന പൊതുബോധധാരണ മാറ്റിയെടുക്കെണ്ടതുണ്ട്, കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും. പീഡനത്തിന് ഇരയാകേണ്ടി വരുന്ന സ്ത്രീയുടെ മേല്‍ കുറ്റം കണ്ടുപിടിയ്ക്കുക എന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരുഷന്റെ അടവാണ്, അതിനെ സ്ത്രീകള്‍ ശക്തമായി എതിര്‍ത്ത് തള്ളേണ്ടതുണ്ട്. ‘എന്റെ പുരുഷന്‍’ അങ്ങനെ ചെയ്യില്ല എന്ന മിഥ്യാബോധവും പാടില്ല. ചെയ്തത് തെറ്റാണ് എന്നും അതിന്റെ ഉത്തരവാദിത്വം അവനെക്കൊണ്ട് ഏറ്റെടുപ്പിക്കുക എന്നതും സ്ത്രീകള്‍ തന്നെ മുന്നിട്ടു നിന്ന് കൊണ്ടുവരേണ്ട ഒരു നിലപാടാണ്. സ്ത്രീ പീഡനം ഒരു ക്രൈം ആണ്, അത് ഏതെങ്കിലും മയക്ക് വിദ്യയില്‍ അടിമപ്പെട്ട് ക്ഷീണിതനായ ഒരുത്തന് പറ്റുന്ന കൈയ്യബദ്ധം അല്ലതന്നെ. ആ സ്ത്രീ എന്റെ ഭോഗത്തിനുള്ള വസ്തുവാണ് എന്ന പുരുഷന്റെ അധികാരവിശ്വാസത്തിന്‍ മേല്‍ അവന്‍ നടപ്പിലാക്കുന്ന ക്രൈം ആണ് ഓരോ ബലാത്സംഗവും. സ്ത്രീയുടെ സാഹചര്യങ്ങളെ ചൂഷണം ചെയ്തും പുരുഷന്‍ അത് നടപ്പിലാക്കുന്നുണ്ട്. വേഴ്ചാസുഖത്തിന് വേണ്ടി പൂര്‍ണ്ണ ബോധത്തോടെ, പൂര്‍ണ്ണ സമ്മതത്തോടെ മാത്രം ഒരു സ്ത്രീ സഹകരിക്കുന്നതല്ലാത്ത മറ്റെന്തും പുരുഷന്‍ തട്ടിയെടുക്കുന്നതാണ്, താനൊരു മൃഗമാണ്, തന്റെ കാമം തനിക്ക് അടക്കി വെയ്ക്കാന്‍ കഴിയില്ല അതാരുടെ മേലും ഏതു വിധേനയും ശമിപ്പിച്ചു തീര്‍ക്കണം എന്ന തീരുമാനം എടുത്തു നടപ്പിലാക്കുന്ന പുരുഷന്റെ തട്ടിയെടുക്കല്‍. 
 

@Karen Buckley
 
ഈ പുരുഷന്‍ നിങ്ങളുടെ അച്ഛനോ ഭര്‍ത്താവോ മകനോ സഹോദരനോ കാമുകനോ സുഹൃത്തോ ആകാം. വളരെ ബോധപൂര്‍വ്വം ആയി മാത്രം സ്ത്രീയെ സഹജീവിയായി കണ്ടു ബഹുമാനിക്കുന്ന മനുഷ്യര്‍ മാത്രമേ ഇങ്ങനെ അല്ലാതെ ആകുന്നുള്ളൂ. അല്ലാതെ പുരുഷാധിപത്യ സമൂഹത്തിന്റെ മെച്ചങ്ങള്‍ പറ്റി ജീവിക്കുന്ന പുരുഷന്‍ എന്ന അധികാരി, ഏതു രൂപത്തിലും ഭാവത്തിലും ഉള്ളവന്‍ ആയാലും, പിടിക്കപ്പെടാതെ രക്ഷപെടാം എന്ന പഴുതുണ്ടെങ്കില്‍ പീഡനം നടത്തും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ചുറ്റിനും നടക്കുന്ന സംഭവങ്ങളും വാര്‍ത്തകളും നമ്മളെ മറ്റൊന്നല്ല പഠിപ്പിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് നിങ്ങളുടെ പുരുഷന്‍ ഇത് ചെയ്യില്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നത് എന്നൊരു ആത്മപരിശോധന ഓരോ സ്ത്രീയും നടത്തേണ്ടിയിരിക്കുന്നു. മനുഷ്യത്വം, ദയ, കാരുണ്യം, മാന്യത എന്നിങ്ങനെയാണ് നിങ്ങളുടെ ഒഴിവുകഴിവുകളുടെ നിര നീളുന്നത് എങ്കില്‍ അറിയുക, ഇതൊക്കെയും ഉള്ള പുരുഷന്മാര്‍ തന്നെയാണ് പലപ്പോഴും ഹീനമായ രീതിയില്‍ പീഡനങ്ങള്‍ നടത്തിയിട്ടുള്ളതും. പിടിക്കപ്പെടുന്ന കുറ്റവാളികളെ ശ്രദ്ധിക്കൂ, കുടുംബവും ഉറ്റവരും ഉടയവരും ഉള്ള സാധാരണ മനുഷ്യര്‍ തന്നെയാണ് അവരും. അങ്ങനെ തന്നെയുള്ള നമ്മുടെ പുരുഷനും അതില്‍ നിന്ന് വ്യത്യസ്തന്‍ ആകും എന്ന് എന്തിന്റെ അടിസ്ഥാനത്തില്‍ കരുതണം? 
 
വിശന്നിരിക്കുന്ന ഒരു സ്ത്രീയോട് എനിക്ക് കിടന്നു തരൂ ഞാന്‍ ഭക്ഷണം തരാം എന്ന് ഏറ്റവും തുറന്നടിച്ചു പറഞ്ഞില്ല എങ്കില്‍ കൂടെയും പല പ്രവൃത്തികളിലൂടെയും പരോക്ഷമായി ഇത് തന്നെയാവും നടക്കുക. മലേനമാര്‍ നമ്മുക്ക് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമല്ല, പട്ടാളക്കാരുടെ ഭാര്യമാരെ പറ്റി, ഭര്‍ത്താവ് ‘ഗള്‍ഫി’ലായ ഭാര്യമാരെ പറ്റി നമ്മുടെ സമൂഹം പടച്ചു വിടുന്ന ഏറ്റവും അശ്ലീലമായ തമാശകളും സിനിമകളും കഥകളും നമ്മളും കാണുന്നത് തന്നെയല്ലേ! അവിടെയെല്ലാം ഭര്‍ത്താവ് അടുത്തില്ലാത്ത സ്ത്രീ മറ്റൊരു പുരുഷനുമായി എന്ത് ബന്ധം ഉണ്ടാക്കിയാലും അതെല്ലാം ലൈംഗീക താത്പര്യത്തോടെയാണ് എന്ന് സ്ത്രീകളും ധരിച്ചു വെച്ചിട്ടുണ്ടോ?
 

                                                                                                                      @Sergey Nikolaev
 
ഭര്‍ത്താവ് എന്ന ഉടമയില്ലാതെ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ സ്ത്രീകള്‍ തന്നെ തടസ്സം നില്‍ക്കുന്നുണ്ടോ? ഭര്‍ത്താവില്ലെങ്കില്‍ എന്ത്, അതൊരു കുറ്റമാണോ? അവര്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വവും നിലനില്‍പ്പും ഉണ്ടാകാന്‍ പാടില്ലേ? കൂട്ടംകൂടി അവരെ ഒറ്റപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രമിക്കാമോ? അവരുമായി സൗഹൃദം ഒഴിവാക്കി, അവരുടെ കുട്ടികളില്‍ നിന്ന്‍ നമ്മുടെ കുട്ടികളെ അകറ്റി നിര്‍ത്തി അവരുടെ ജീവിതം സമ്മര്‍ദ്ദത്തില്‍ ആക്കേണ്ടതുണ്ടോ? ‘അവള്‍ ശരിയല്ല’ എന്ന രീതിയില്‍ പുരുഷന്മാര്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയെ അവരുടെ ആവശ്യത്തിന് വേണ്ടി വ്യക്തിഹത്യ നടത്തി ആനന്ദിക്കുമ്പോള്‍ സ്ത്രീകളും അതിനു കുടപിടിച്ചു കൊടുക്കേണ്ടതുണ്ടോ?
 
ഇല്ല, ഇല്ല, ഇല്ല, ഇല്ല എന്നാണു അതിനൊക്കെ ഉത്തരം. പുരുഷന്റെ അധികാരി എന്ന ഭാവം ഏറ്റവും നിഷ്പ്രയാസം ഇല്ലാതാക്കാന്‍ കഴിയുക സ്ത്രീയ്ക്ക് തന്നെയാണ്. സ്ത്രീ എന്ന സഹജീവിയുടെ മേല്‍ പുരുഷന്, പുരുഷന്‍ ആയത് കൊണ്ട് പ്രത്യേകിച്ച് അധികാരങ്ങള്‍ ഒന്നും ഇല്ല. അയലത്തെ മലേനയ്ക്ക് ഭര്‍ത്താവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവള്‍ ശരിയാണോ അല്ലയോ എന്ന് അന്വേഷിച്ച് കഥകള്‍ മെനയാന്‍ പുരുഷനോടൊപ്പം സ്ത്രീകളും കൂടാതിരിക്കട്ടെ, അങ്ങനെ ചെയ്യുന്ന പുരുഷന്മാരെ ഒറ്റപ്പെടുത്തട്ടെ… ‘അവള്‍ ശരിയല്ല’ എന്ന് പറയുന്ന നമ്മുടെ പുരുഷനോട്, എന്തടിസ്ഥാനത്തിലാണത് എന്ന് തിരിച്ചു പറഞ്ഞ് ആ ചിന്ത തന്നെ മുളയിലെ നുള്ളിയെടുക്കാന്‍ പഠിക്കട്ടെ സ്ത്രീകള്‍.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍