UPDATES

ഇന്‍-ഫോക്കസ്

അവളെ പൊള്ളിച്ചു കൊല്ലുന്നതിന് മുമ്പ്

ടീം അഴിമുഖം

“ആറ് ദിവസമായി അവളെന്തെങ്കിലും സംസാരിച്ചിട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ബീപ് ശബ്ദം മാത്രമാണ് അവള്‍ക്ക് ജീവനുണ്ട് എന്നതിന് ഞങ്ങള്‍ക്കുള്ള തെളിവ്. ഇപ്പോള്‍ അതും നിലച്ചു കഴിഞ്ഞിരിക്കുന്നു.” മുംബൈയിലെ ആശുപത്രിയില്‍ വെച്ച് ദാല്‍വീര്‍ കൌര്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി. തുടര്‍ന്നുള്ള നിശബ്ദത അവരുടെ മകള്‍ ഹര്‍പ്രീത് കൌറിന്‍റെ മരണത്തിന്‍റെ പ്രഖ്യാപനമായിരുന്നു. 20 ദിവസമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന ആസിഡ് ആക്രമണത്തിന്റെ ഇര ഹര്‍പ്രീത് കൌര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

കൂടുതല്‍ മികച്ച ചികിത്സക്കായിരുന്നു ഈ ബര്‍ണാല പെണ്‍കുട്ടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ അവളുടെ ആന്തരിക അവയവങ്ങള്‍ക്കുണ്ടായ തകരാറ് വളരെ ഗുരുതരമായിരുന്നു.

തന്‍റെ കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അടുത്തുള്ള ബ്യൂടി സലൂണില്‍ ഒരുങ്ങുകയായിരുന്ന ഹര്‍പ്രീത് അക്രമിക്കപ്പെടുകയായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്‍റെ കുടുംബത്തിനകത്തെ ശത്രുതയുടെ ഇരയായി തീരുകയായിരുന്നു അവള്‍.
 

ഇപ്പോള്‍ പോലീസ് പിടിയിലായിട്ടുള്ള വരന്‍റെ സഹോദരന്‍റെ വിവാഹ മോചിതയായ മുന്‍ ഭാര്യ അമിത്പാല്‍ കൌര്‍ ഇനി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ഒരു വിവാഹവും അനുവദിക്കില്ല എന്നു തീരിമാനിച്ചുറപ്പിച്ചാണ് ഈ ആക്രമണം നടത്തിയത്. രണ്ടാം വിവാഹത്തിന് ശേഷമാണ് ഇത് ചെയ്തിട്ടുള്ളത് എന്നതിനാലും കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് കാമുകനില്ല എന്നതും പ്രതിയുടെ പ്രതികാരം തന്നെയാണ് കൊലപാതക ലക്ഷ്യം, പോലീസ് പറയുന്നു. വളരെ സമര്‍ത്ഥമായി ആസൂത്രണം നടത്തി ചെയ്ത ആക്രമണത്തില്‍ തന്‍റെ കാമുകനും മറ്റ് രണ്ടു സുഹൃത്തുകള്‍ക്കും കൂടി പത്തു ലക്ഷമാണ് യുവതി പ്രതിഫലമായി കൊടുക്കാമെന്നേറ്റത്. ഇതില്‍ ഒന്നര ലക്ഷം രൂപ കൊടുക്കുകയും ചെയ്തു.

“തന്‍റെ മുന്‍ ഭര്‍ത്താവിന്റെ കുടുംബം ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നത് തനിക്ക് സാഹിക്കില്ല” ചോദ്യം ചെയ്യലിനിടയില്‍ അമിത്പാല്‍ ഇങ്ങനെ പറഞ്ഞതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

കുറ്റവാളി അറസ്റ്റ് ചെയ്യപ്പെടുകയും കൊലപാതക കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍  പ്രതിക്ക് മരണ ശിക്ഷ തന്നെ നല്കാന്‍ ആവിശ്യപ്പെടുമെന്നാണ് പോലീസ് പറയുന്നതു. ഹര്‍പ്രീതിന്റെ ആശുപത്രി ചിലവിന്റെ ഒരു പങ്ക് വഹിച്ചതും പോലീസാണ്.

എന്നാല്‍ നിയമപോരാട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ദാല്‍വീര്‍. കാരണം അവര്‍ക്കുണ്ടായ മുറിവ് അത്രമേല്‍ ആഴമേറിയതായിരുന്നു. “ഹര്‍പ്രീത് ജീവിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ ഓരോ ദിവസവും അവളുടെ ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നു സുഖപ്പെടുമെന്നും കല്യാണം ഉടന്‍ നടക്കുമെന്നും ഞാന്‍ അവളോട് കള്ളം പറഞ്ഞു കൊണ്ടിരുന്നു.” ദാല്‍വീര്‍ പറഞ്ഞു. “പക്ഷെ സംഭവത്തിന് ശേഷം ഇവിടെ വന്നു കാര്യങ്ങള്‍ അന്വേഷിക്കാനുള്ള മര്യാദ പോലും കല്യാണ പയ്യന്‍റെ കുടുംബം കാണിച്ചില്ല”

ഹര്‍പ്രീതിന്റെ മരണത്തിന് ആരെയാണ് കുറ്റം പറയുക? ഗൂഢാലോചക്കാരെയോ? അതോ അംഗീകാരമില്ലാത്ത ആസിഡ് കച്ചവടം നിരോധിച്ചുകൊണ്ടു സുപ്രീം കോടതി ജൂലൈ 14നു പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി നടപ്പിലാക്കാത്ത സംസ്ഥാന ഗവണ്‍മെന്‍റിനെയോ? ചില ഗൂഢാലോചനക്കാരെയും ആക്രമികളെയും അറസ്റ്റ് ചെയ്യുകയും നിയമത്തിന്റെ മുന്പില്‍ കൊണ്ട് വരികയും ചെയ്തെങ്കിലും ഹര്‍പ്രീതിന്റെ മരണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നു പഞ്ചാബ് സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഉത്തരവ് പുറപ്പെടുവിച്ച് നാലു മാസത്തിനു ശേഷം നവംബറില്‍ ആസിഡ് കച്ചവടത്തിന്റെ സ്ഥിതിയെക്കുറിച്ച് സംസ്ഥാനങ്ങളോട് കോടതി ആരാഞ്ഞപ്പോള്‍ ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നും (പോണ്ടിച്ചേരി) 28 സംസ്ഥാനങ്ങളും ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ട് എന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നല്കിയ മറുപടി. തുടര്‍ന്നു ഉത്തരവ് വീണ്ടും പുറപ്പെടുവിച്ച ബെഞ്ച് 2014 മാര്‍ച്ച് 31നകം ഇത് നടപ്പിലാക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ആദ്യ ഉത്തരവ് പുറപ്പെടുവിച്ച ജൂലൈക്കും വാദം കേള്‍ക്കല്‍ നടന്ന നവംബറിനുമിടയില്‍ 20 ആസിഡ് ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ആക്രമണത്തിന് ഇരയായ ഒരാള്‍ക്ക് പോലും നഷ്ട പരിഹാരം പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇരകളും സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നതു കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ട പരിഹാരത്തുകയായ 3 ലക്ഷം രൂപ ചികിത്സ ചിലവിന് പോലും തികയില്ല എന്നാണ്. ശരാശരി 25-30 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇരയെ സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരന്‍ കഴിയുന്നതിനു വേണ്ട പല ശസ്ത്രക്രിയകളും ചെയ്യാന്‍ പറ്റുകയുള്ളൂ. ലൂധിയാന കേസില്‍ ഇരയുടെ കുടുംബത്തിന് സംസ്ഥാന സര്ക്കാര്‍ നല്കിയത് ഒരു ലക്ഷം രൂപ മാത്രമാണ്. അതും 20 ദിവസത്തിന് ശേഷം.
 

സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 27 നു ആഭ്യന്തര മന്ത്രിയുടെ വീടിന് മുന്പില്‍ പ്രതിഷേധം സംഘടിപ്പിച്ച സ്റ്റോപ് ആസിഡ് അറ്റാക്സ് പ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമരക്കാരെ നേരിടുന്നതിന് പകരം തന്‍റെ അധികാരം ഉപയോഗിച്ച് ഉത്തരവ് വേഗത്തില്‍ നടപ്പിലാക്കാനും അത് വഴി വിലയേറിയ ജീവനുകള്‍ രക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു ആഭ്യന്തര മന്ത്രി ചെയ്യേണ്ടിയിരുന്നത്.

ആസിഡ് ആക്രമങ്ങള്‍ കൊടും കുറ്റകൃത്യമാണെന്ന് തിരിച്ചറിയാന്‍ എത്ര മരണങ്ങള്‍ അധികാരികള്‍ കാണേണ്ടി വരും എന്ന ചോദ്യമാണ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിണ്ടെയ്ക്കെതിരെ സമരം നടത്തിയ സ്റ്റോപ് ആസിഡ് അറ്റാക്സ് എന്ന സംഘടന ചോദിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായവരുടെ ദുരിതങ്ങളില്‍ നിന്നു രൂപ കൊണ്ട സംഘടനയാണ് സ്റ്റോപ് ആസിഡ് അറ്റാക്സ്. ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയായ പെണ്കുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു ജനങ്ങള്‍ നടത്തിയ റോഡ് ഉപരോധങ്ങളും പ്രതിഷേധങ്ങളും തന്നെ വേണമോ ഇവിടെയും ഇരയ്ക്ക് നീതി ലഭ്യമാക്കാന്? ആസിഡ് ആക്രമനത്തിന്റെ ഇരകളെ പൊതുജന മധ്യത്തില്‍ ഇറങ്ങാനും തങ്ങളുടെ വിരൂപമായ മുഖം മറച്ചു പിടിക്കാതിരിക്കാനും ഇരകളെ പ്രാപ്തരാക്കിയതിന് സി എന്‍ എന്‍ -ഐ ബി എന്നിന്‍റെ 2013 –ലെ ഇന്‍ഡ്യന്‍ ഓഫ് ദ ഈയര്‍ അവാര്ഡ് എസ് എ എയ്ക്ക് ലഭിക്കുകയുണ്ടായി. 
 

കുറ്റം ചെയ്ത് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റില്ലെന്നും നിയമം കര്‍ശനമായ രീതിയില്‍ പാലിക്കപ്പെടുമെന്നുമുള്ള സന്ദേശം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്നവരിലേക്ക് എത്തിക്കാന്‍ വലിയ രീതിയിലുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ആവിശ്യമുണ്ട്. ഇരകള്‍ നേരിടുന്ന അവസാനിക്കാത്ത ദുരിതങ്ങള്‍ക്ക് ഒരിയ്ക്കലും പകരമാവില്ല വിതരണം ചെയ്യുന്ന നഷ്ടപരിഹാരത്തുക. ഇരകളുടെ ധീരതയോട് ഐക്യപ്പെടുന്നതിനോടൊപ്പം ഈ വിഷയത്തില്‍ ഇടപെടുന്ന എന്‍ ജി ഓയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനും നമുക്ക് കഴിയണം. ആദ്യത്തെ നടപടി ജനങ്ങള്‍ കൊണ്ട് നടക്കുന്ന ഏറ്റവും വലിയ അബദ്ധ ധാരണ തിരുത്തുക എന്നുള്ളതാണ്. ആസിഡ് ആക്രമണത്തിനിരയായ ഒരു വ്യക്തിയെ തീ പൊള്ളലിനുള്ള ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ എത്തിക്കുക എന്നുള്ളതാണ് പരമ പ്രധാനമായ കാര്യം. അത്യാഹിത വിഭാഗമുള്ള എല്ലാ ആശുപത്രികളിലും ഇതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാവും. അണു ബാധയേല്‍ക്കാതെ രോഗിയെ സംരക്ഷിക്കുകയും അവളുടെ കാഴ്ച ശക്തിയും ജീവനും നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം.

ചികിത്സ ദീര്‍ഘ കാലം നീണ്ടു നില്‍ക്കുന്നതു കൊണ്ട് തന്നെ ഇരകള്‍ക്ക് സൈകോളജിക്കല്‍ കൌണ്‍സലിങ് നല്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നേരെയ്യുള്ള ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടും സൈകോളജിക്കല്‍ കൌണ്‍സിലര്‍രുടെ കുറവ് രാജ്യത്തുണ്ട്. കൌണ്‍സലിങ് ഒരു താത്ക്കാലിക നടപടിയല്ല. അത് ചികിത്സയുടെ  അഭേദ്യമായ ഭാഗം തന്നെയായിരിക്കണം. ജീവന്‍ രക്ഷ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായലുടന്‍ ഇതാരംഭിക്കുകയും വേണം. നിരാശയില്‍ നിന്നു ഇരകളെ കരകയറ്റേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ പല കേസുകളിലും ഇരകളായ പെങ്കുട്ടികള്‍ കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയും ഒടുവില്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യാറെന്നുള്ളതാണ് ഇതിലെ ദുരന്തം. ആക്രമണത്തിനിരയായ പെണ്‍കുട്ടി കാഴ്ച നഷ്ടപ്പെടുന്നതോടെ കണ്ണാടിയില്‍ തന്‍റെ മുഖം കാണുക എന്ന ദുരിതത്തില്‍ നിന്നു രക്ഷപ്പെടുമല്ലോ എന്ന്‍ ആശ്വസിക്കുമെന്ന് കരുതുന്നത് നിരാശയുടെ ലക്ഷണമാണോ അതോ പ്രത്യാശയുടെയോ എന്നു നമ്മളില്‍ പലരും അത്ഭുതപ്പെട്ടേക്കാം.
 

ആത്മവിശ്വാസം വളര്‍ത്താനുള്ള എല്ലാ പിന്തുണയും ഇരകള്‍ക്ക് നല്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ തെരുവുകളില്‍ തന്നെ തുറിച്ചു നോക്കുന്നവര്‍ക്കിടയിലൂടെ സധൈര്യം നടക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. ആസിഡ് ആക്രമണത്തില്‍ തന്‍റെ സൌന്ദര്യം മുഴുവന്‍ നഷ്ടപ്പെട്ട ലക്ഷ്മിയുടെ ഉദാഹരണത്തില്‍ നിന്നു പഠിക്കാന്‍ നമുക്കേറെയുണ്ട്. ഇരയില്‍ നിന്നു ഒരു പോരാളി എന്ന വ്യക്തിത്വത്തിലേക്ക് അവള്‍ക്ക് മാറ്റാന്‍ സാധിച്ചിരിക്കുന്നു. തന്‍റെ വക്കീലിന്റെ സഹായത്തോടെ ഈ കൌമാരക്കാരി ഒരു പൊതു താത്പര്യ ഹരജി കൊടുക്കുകയും അത് നിലവിലുള്ള നിയമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരികയും ചെയ്യുകയുണ്ടായി. ഓരോ മൂന്നു ദിവസത്തിലും ഒരു ആസിഡ് ആക്രമണം നടക്കുന്ന നമ്മുടെ നാട്ടില്‍ ഇനിയൊരു ‘ജീവത്യാഗം’ ഉണ്ടാകാന്‍ അനുവദിക്കാത്തവിധം ലക്ഷ്മിമാരുടെയൊപ്പം നമ്മള്‍ നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍