UPDATES

ഓഫ് ബീറ്റ്

ഭക്ഷണം പോലെ ചില ആശ്വാസങ്ങള്‍

ലാറി എം ലേക്ക് (സ്ലേറ്റ്)

എന്‍റെ ഭാര്യക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ നന്നായി ഭക്ഷണം കഴിച്ചു. ഒരു നെല്ലിക്കവലിപ്പത്തില്‍ ഉണ്ടായ ട്യൂമറിന്റെ വളര്‍ച്ചയെപ്പറ്റി പേടിയോടെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മേരിയും ഞാനും. ലിംഫ് നോഡുകള്‍ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്താനായി മാസങ്ങള്‍ നീണ്ട റേഡിയേഷന്‍ വേണ്ടിവന്നു.

സുഹൃത്തുക്കള്‍ മേരി ബെത്തിനെ റേഡിയേഷനുവേണ്ടി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് തിരികെവരുമ്പോള്‍ അവളുടെ പ്രിയപ്പെട്ട ഐസ്ക്രീം കടയില്‍ വണ്ടി നിറുത്തി. അവള്‍ ഒരു ചോക്കലേറ്റ് മാള്‍ട്ട് ഓര്‍ഡര്‍ ചെയ്തു.

ജോലിസ്ഥലത്തുനിന്നും പള്ളിയില്‍ നിന്നും അയല്പ്പക്കത്തുനിന്നും സുഹൃത്തുക്കള്‍ കൊണ്ടുവന്ന രുചികരമായ വിഭവങ്ങള്‍ ഞങ്ങള്‍ നിറയെ കഴിച്ചു. ചീസില്‍ വേവിച്ച ചിക്കന്‍ നന്നായി ഫോയിലില്‍ മൂടിയത്, പാത്രം കണക്കിന് കട്ടിയുള്ള സൂപ്പും രുചികരമായ ബ്രെഡും, കണക്കിലാതെ ലസാഞ്ഞ, മകരോണി, ചീസ്. ആളുകള്‍ വീടുകളില്‍ ബെയ്ക്ക്‌ ചെയ്ത റൊട്ടി കൊണ്ടുവന്നു. പൈനാപ്പിള്‍ ചേര്‍ത്തുകറിവെച്ച ഇറച്ചി, ഉലര്‍ത്തിയ ഉരുളക്കിഴങ്ങ്, ചൂടുള്ള ചെറി- ആപ്പിള്‍ പൈ.ബാക്കിവന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ഫ്രിഡ്ജ് നിറഞ്ഞു. ഭക്ഷണത്തിന്റെ ഈ സുനാമി ഞങ്ങളുടെ സമൂഹത്തിന്റെ ഉദാരമനസിന്‍റെ ചിഹ്നമായിത്തീര്‍ന്നു.
 

ബ്രെസ്റ്റ് എന്നും കാന്‍സര്‍ എന്നും ഒന്നും ആരും പറഞ്ഞിരുന്നില്ല. എല്ലാവരും ഞങ്ങളുടെ സുഖവിവരം തിരക്കി, കാര്‍ഡുകള്‍ അയച്ചു, ചികിത്സയെപ്പറ്റി അവര്‍ വായിച്ച കാര്യങ്ങള്‍ പങ്കുവെച്ചു, സഹായകമായ പുസ്തകങ്ങള്‍ വാങ്ങിത്തന്നു, തുടരെ വിളിച്ചു, തോളില്‍ കൈവെച്ചു, സ്നേഹം നിറഞ്ഞ ഒച്ചയില്‍ മാത്രം സംസാരിച്ചു, ഞങ്ങള്‍ക്ക് ആവശ്യത്തിനു ഭക്ഷണമുണ്ടോ എന്ന് തിരക്കി. ഞങ്ങള്‍ ഏറ്റവും അധികം കേട്ട വാചകം ഇതായിരുന്നു, “എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം…”

വരും മാസങ്ങളില്‍ മേരി സുഖപ്പെട്ടുതുടങ്ങി. ഭക്ഷണം നന്നായി കഴിക്കാന്‍ തുടങ്ങി, ഫ്രീസറിലെ ഭക്ഷണം തീര്‍ന്നു, ഞങ്ങള്‍ സ്വന്തമായി പാചകം തുടങ്ങി. ഞങ്ങളുടെ കുട്ടികളായ നിക്കും മാഗിയും ദൈനംദിനബുദ്ധിമുട്ടുകളെപ്പറ്റി തമാശപറഞ്ഞു. “ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിരുന്നെങ്കില്‍ നല്ല ഭക്ഷണം കഴിക്കാമായിരുന്നു”. അത് കേട്ട് ഞങ്ങള്‍ ചിരിച്ചു.

ഏകദേശം ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മകള്‍ മാഗി ഒരു മനോരോഗാശുപത്രിയില്‍ അഡ്മിറ്റായി. അവള്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആയിരുന്നു. രഹസ്യമായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ചതിന്റെ ഫലം.

വീട്ടിലേയ്ക്ക് ചൂടുള്ള ഭക്ഷണം എത്തിച്ചില്ല ആരും.

പത്തൊന്‍പതാംവയസില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് അവളെ അറസ്റ്റ് ചെയ്തു. അവള്‍ വിചാരണ നേരിട്ടു. അപ്പോള്‍ പ്രൊബേഷന്‍ പ്രോഗ്രാമില്‍ ആയിരുന്നു. അവളുടെ വിചാരണകള്‍ക്കുമുന്‍പ് ഞങ്ങള്‍ കോടതിയുടെ അരികിലുള്ള ഒരു ഹോട്ടലില്‍ നിന്ന് സൂപ്പും സാന്‍ഡ്വിച്ചും കഴിച്ചു. ഫോയില്‍ കൊണ്ടുമൂടിയ ഉരുളക്കിഴങ്ങ് ഉലര്‍ത്തിയത് ഉണ്ടായിരുന്നില്ല. നിന്റെ വിഷാദരോഗം എങ്ങനെയുണ്ടെന്ന് ആരും തിരക്കിയില്ല.

കോളേജിലെ ഡ്രഗ്-ആല്‍ക്കഹോള്‍ നിയമം ലംഘിച്ചതിന് മാഗിയെ കോളേജ് അധികൃതര്‍ ശിക്ഷിച്ചു. അവള്‍ ഒരു ഔട്ട്‌പേഷ്യന്റ് റിക്കവറി പ്രോഗ്രാമില്‍ ചേര്‍ന്നു. സ്കൂളില്‍ നിന്ന് മെഡിക്കല്‍ ലീവ് എടുത്തു. അവള്‍ ഒരു മനോരോഗാശുപത്രിയില്‍ അഡ്മിറ്റ്‌ ആയി, അവിടെനിന്ന് പുറത്തുവന്നു. വര്‍ഷങ്ങള്‍ നീണ്ട കൌണ്സിലിംഗ്, റിക്കവറി മീറ്റിങ്ങുകള്‍ എന്നിവയില്‍ അവള്‍ പങ്കുചേര്‍ന്നു. അവള്‍ ഒരു റിക്കവറി സെന്ററില്‍ താമസിച്ചു, അതിനുശേഷം ആഴ്ചകളോളം ഒരു ലഹരിമുക്തികേന്ദ്രത്തിലും താമസിച്ചു.

ആരും സൂപ്പും വീട്ടില്‍ ബെയ്ക്ക്‌ ചെയ്ത റൊട്ടിയും അയച്ചില്ല.
 

ചികിത്സാകേന്ദ്രത്തില്‍ മാഗിക്ക് നല്ല പുരോഗതിയുണ്ടായി. ഇന്‍ഷൂറന്‍സ് കവറേജ് തീര്‍ന്നപ്പോള്‍ ഭാഗികമായി ചികിത്സ ലഭിക്കുന്ന മറ്റൊരു ചികിത്സാകേന്ദ്രത്തിലേയ്ക്ക് അവളെ മാറ്റി. മുന്‍പ് ഒരു പൂന്തോട്ടത്തില്‍ നിന്ന് ഏറെ അകലെമാത്രം നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്ന എന്റെ മകള്‍ ഒരു പൂന്തോട്ടത്തില്‍ ചെടികള്‍ നട്ടു, കല്ലുകള്‍ക്ക് നിറം കൊടുത്തു, ബക്കറ്റുകള്‍ നിറയെ വെള്ളം ചുമന്ന് പെട്യൂനിയകളെയും ജേരെനിയങ്ങളെയും നനച്ചു.

മാനസിക അസ്വസ്ഥതകളെക്കാള്‍ അനായാസമായി ആളുകള്‍ക്ക് കാന്‍സറിനെയും മറ്റ് രോഗങ്ങളെയും പറ്റി സംസാരിക്കാനാകും. തലച്ചോറിനെപ്പറ്റി സംസാരിച്ചുകൂടാ. ഇങ്ങനെയൊന്നും ആരും ചോദിക്കാറില്ല, “ഡിപ്രഷന്‍ കുറവുണ്ടോ?” അല്ലെങ്കില്‍ “ലഹരിമുക്തി ചികിത്സ ഫലിക്കുന്നുണ്ടോ?” “മരുന്നുതുടങ്ങിയപ്പോള്‍ കുറവുണ്ടോ?” “ഡിപ്രഷന്‍ വരുമ്പോള്‍ എന്താണ് തോന്നുക?” “കൌണ്സിലിംഗ് പ്രയോജനം ചെയ്യുന്നുണ്ടോ?”. കാന്‍സര്‍ ചികിത്സ നടന്നുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ വളരെക്കുറച്ച് സുഹൃത്തുക്കള്‍ ഞങ്ങളോട് ശ്രദ്ധിച്ച് സംസാരിച്ചു. ആരും ഭക്ഷണവുമായി വാതില്‍ക്കല്‍ എത്തിയില്ല.

ഓരോ ആഴ്ചയും ഞങ്ങള്‍ അഞ്ചുമണിക്കൂര്‍ ഡ്രൈവ് ചെയ്ത് അവളെ കണ്ടു. രോഗികള്‍ക്ക് ഭക്ഷണമോ മധുരമോ വായിക്കാന്‍ നോവലുകളോ അനുവദിക്കപ്പെട്ടിരുന്നില്ല. ഞങ്ങള്‍ മാഗിക്ക് സ്കെച്ച്ബുക്കുകളും ചായവും ഫോണ്‍കാര്‍ഡുകളും സിഗരറ്റുകളും എത്തിച്ചുകൊടുത്തു. ഞങ്ങള്‍ കഴിച്ച ഭക്ഷണം ഒന്നെങ്കില്‍ സ്വയം പാകം ചെയ്തവയോ അല്ലെങ്കില്‍ വഴിയരികിലെ ഭക്ഷണശാലകളില്‍ നിന്ന് വാങ്ങിയവയോ ആയിരുന്നു.
 

നിക്കിന്റെ വിവാഹത്തിനുമുന്പായി വീട്ടിലെത്താന്‍ ഒരുങ്ങിയിരുന്നതായിരുന്നു മാഗി. അവള്‍ക്കായി ഒരു പിങ്ക് ഉടുപ്പു വീട്ടില്‍ കാത്തിരുന്നിരുന്നു. പക്ഷെ അഡിക്ഷന്‍ റിക്കവറി സെന്ററില്‍ നിന്ന് താമസസ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ മാഗി അപകടത്തില്‍ പെട്ടു. അവര്‍ സഞ്ചരിച്ച വാനില്‍ ഒരു കാര്‍ വന്നിടിച്ചു. പെട്ടെന്നുതന്നെ വൈദ്യസഹായമെത്തി. പത്രത്താളുകളില്‍ രക്തം നിറഞ്ഞ ചിത്രങ്ങള്‍ നിരന്നു. മാഗിയുടെ മുന്‍നിരയിലെ പല്ലുകളിലൊന്ന് നിലത്ത് രക്തത്തില്‍ കുതിര്‍ന്നുകിടന്നു.

ആശുപത്രിയില്‍ വെച്ച് ഞങ്ങള്‍ അവളെ കാണുമ്പോള്‍ അവളുടെ മുഖം വീങ്ങിവീര്‍ത്തിരുന്നു. നിറയെ തുന്നലുകള്‍, മുറിവുകള്‍, ചതവുകള്‍. ചെവിയില്‍ ഉണങ്ങിയ രക്തം കട്ടപിടിച്ചുനിന്നിരുന്നു. ഒരു ടവല്‍ കൊണ്ട് മേരി അത് തുടച്ചുവൃത്തിയാക്കി. സ്കൂളില്‍ പോകുന്നതിനുമുന്‍പ് അവളുടെ മുഖത്തുനിന്ന് ഭക്ഷണത്തരികള്‍ തുടച്ചുനീക്കുന്നതുപോലെ. ആദ്യം മാഗിക്ക് ഹെഡ്ലൈറ്റുകള്‍ മാത്രമേ ഓര്‍മ്മിക്കാനായുള്ളൂ. പിന്നീട് അവള്‍ അവളെ വിളിച്ചുണര്‍ത്തിയ സുന്ദരനായ ഡോക്ടറെ ഓര്‍ത്തെടുത്തു. ഒപ്പം അവരെ രക്ഷിക്കാനെത്തിയ ഹെലിക്കോപ്റ്ററിന്റെ മുരള്‍ച്ചയും.

ആശുപത്രിയില്‍ നിന്ന് മോചിക്കപ്പെട്ട ദിവസം തന്നെ റീഹാബ് സെന്ററില്‍ പോയി അവളുടെ പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ലഹരി അടിമകള്‍ക്കിടയില്‍ വീല്‍ചെയറില്‍ ഒരു നായിക. തിരികെപ്പോകുന്നവഴി അവള്‍ ഒരു ഹോട്ടലില്‍ നിന്ന് ഉടച്ച ഉരുളക്കിഴങ്ങും അല്‍പ്പം സൂപ്പും അടര്‍ന്നുപോയ പല്ലിന്റെ വിടവിലൂടെ സ്ട്രോ വെച്ച് ഒരു മംഗോ ജൂസും കഴിച്ചു. ഞങ്ങള്‍ അവളുടെ വീല്‍ചെയര്‍ പൂന്തോട്ടത്തിലേയ്ക്ക് ഉരുട്ടിക്കൊണ്ടുപോയി.

മാഗി ആശുപത്രിയിലായിരുന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കത്തുകളും കാര്‍ഡുകളും എത്തി. പിന്നീടുള്ള രണ്ടാഴ്ചയും അവള്‍ തിരികെവീട്ടില്‍ എത്തിയപ്പോഴും നിക്കിന്റെ വിവാഹത്തിന് അവളുടെ പിങ്ക് ഉടുപ്പിട്ട് നൃത്തം ചവിട്ടിയപ്പോഴും ഞങ്ങളുടെ ഫോണില്‍ ആളുകള്‍ ഭക്ഷണം വേണോ എന്ന് തിരക്കി. “എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം” എന്ന് ആളുകള്‍ ഇ-മെയില്‍ അയച്ചു.

Larry M. Lake is a writing professor at Messiah College in Grantham, Pa.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍