UPDATES

ഇന്ത്യ

അഡ്മിറല്‍ ജോഷി എന്ന \’വിഡ്ഡി\’

ടീം അഴിമുഖം 
 
എന്ത്? ധാര്‍മിക ഉത്തരവാദിത്തമോ? തമാശ പറയല്ലേ അഡ്മിറല്‍. നാവിക കപ്പലുകളും സബ്മറൈനുകളും അടക്കമുള്ളവ സ്ഥിരമായി അപകടത്തില്‍ പെട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവിക സേനാ തലവന്‍ അഡ്മിറല്‍ ഡി.കെ ജോഷി രാജി വച്ചപ്പോള്‍ നമ്മുടെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവരും ഈ മേഖലയെ അടുത്തറിയുന്നവരുമൊക്കെ ചിരിക്കുന്നുണ്ടാവണം, അഡ്മിറല്‍ ജോഷിയുടെ വിഡ്ഡിത്തം ഓര്‍ത്ത്. 
 
അങ്ങ് അഹമ്മദാബാദ് മുതല്‍ ഡല്‍ഹി വരെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ദക്ഷിണേന്ത്യ വരെയുമുള്ള രാഷ്ട്രീയ നേതാക്കളുടേയും പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാരുടേയും കോണ്‍ട്രാക്ടര്‍മാരുടേയും, എന്തിനേറെ നമ്മുടെ വീടുകള്‍ക്കുള്ളില്‍ പോലും ആ കളിയാക്കിയുള്ള ചിരി പടര്‍ന്നിരിക്കണം. കാരണം അഡ്മിറല്‍ ജോഷിയുടെ നടപടി അടുത്ത കാലത്തെങ്ങും നമുക്കു ചുറ്റും കാണാത്ത ഒരു പ്രതിഭാസമാണ്. പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു പാരമ്പര്യം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. ഭുവനേശ്വറിന് തെക്ക് ദയാ നദിക്കരയിലെ ധൗളി കുന്നുകളിലാണ് പൊതുപ്രവര്‍ത്തനത്തിലെ ധാര്‍മികതയുടെ ഒരു നിത്യ പ്രതീകം കാണാന്‍ കഴിയും. ഇവിടെയാണ് അശോക ചക്രവര്‍ത്തി കലിംഗ യുദ്ധം നടത്തിയത്. ദയാ നദി യുദ്ധത്തില്‍ മരിച്ചവരുടെ രക്തത്താല്‍ ചുവന്നു. അതു കണ്ടാണ് അശോക ചക്രവര്‍ത്തി യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിച്ചത്. 
 
 
ധാര്‍മികതയും യുദ്ധം പഠിപ്പിച്ച പാഠങ്ങളും അശോക ചക്രവര്‍ത്തിയെ അഹിംസയിലേക്കും ബുദ്ധമതത്തിലേക്കും തിരിച്ചു. ഈയൊരു പാഠം നമ്മുടെ നേതാക്കള്‍ എന്നേ മറന്നു പോയി. നേതാക്കളുടെ ധാര്‍മിക നിലപാടുകള്‍ സാധാരണക്കാരില്‍ ധാര്‍മികതയും മൂല്യങ്ങളും എഴുതപ്പെട്ട നിയമങ്ങള്‍ക്കപ്പുറം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദീനാനുകമ്പ ഈയൊരു ധാര്‍മികതയുടെ അടിസ്ഥാനമാണ്. ഇതുപോലെയുള്ള ധാര്‍മിക നിലപാടുകള്‍ സമീപകാല ചരിത്രത്തില്‍ കാണാനില്ല. ധാര്‍മികത ഉണ്ടാകേണ്ടത് പൊതുസമൂഹത്തെ മുന്‍നിര്‍ത്തിയാണെന്നുള്ള ധാരണ ഇപ്പോഴില്ല. ധാര്‍മികത എന്നു പറയുന്നത് മന:സാക്ഷിയെ (അതുള്ളവര്‍ക്ക്) തൃപ്തിപ്പെടുത്തുന്നതിന്റെ പേരില്‍ നടത്തുന്ന ഒരു ഞാണി•േല്‍ കളിയായി മാറിയിരിക്കുകയാണ്. ഇതിലൂടെ നിയമ വ്യവസ്ഥയുടെ പഴുതുകള്‍ കണ്ടുപിടിക്കാനും മുന്‍ധാരണകളില്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങളിലൂടെ പിടിക്കപ്പെടാതിരിക്കാനും ധാര്‍മികതയെ ഇവര്‍ ഉപയോഗിക്കുന്നു. 
 
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി 2002-ലെ കലാപത്തിനു ശേഷമുള്ള മുസ്ലീം അഭയാര്‍ഥി ക്യാമ്പുകളെ  കുട്ടികളെ ജനിപ്പിക്കുന്ന ഫാക്ടറികള്‍ള്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതൊന്നും ഇപ്പോള്‍ ആരും തന്നെ ഓര്‍ക്കാറുമില്ല, പറയാറുമില്ല. ഇങ്ങനെയൊരു വ്യക്തിയെയാണ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി വാഴിച്ചതും കോര്‍പറേറ്റുകള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതും. 1984-ലെ സിക്ക് കൂട്ടക്കൊലയില്‍ ജനക്കൂട്ടത്തെ നയിച്ച സജ്ജന്‍ കുമാറും ജഗദീഷ് ടൈറ്റ്‌ലറുമൊക്കെ കോണ്‍ഗ്രസിന്റെ വരിഷ്ട നേതാക്കളായി തുടരുന്നു. ഇയൊരു സാഹചര്യത്തിലാണ് പൊതുജീവിതത്തില്‍ പുതിയ തലങ്ങള്‍ തുറന്നു കൊണ്ട് അഡ്മിറല്‍ ജോഷി രാജി വച്ചത്. 
 
മുന്‍ നാവിക സേനാ തലവന്‍ അഡ്മിറല്‍ അരുണ്‍ പ്രകാശ്, അഡ്മിറല്‍ ജോഷിയുടെ രാജിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.  അദ്ദേഹം വളരെ ബഹുമാനിക്കത്തക്ക രീതിയിലുള്ള ഒരു തീരുമാനമെടുത്തത്. നാവിക സേനാ തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്തം വലുതാണ്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് വലിയൊരു കാര്യമല്ലാതെ വന്നിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥ വൃന്ദവും അഡ്മിറല്‍ ജോഷിയുടെ രാജിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതാണ്. 
 
 
അഡ്മിറല്‍ ജോഷി ഒരു നല്ല നാവിക സേനാ മേധാവിയായിരുന്നു. പക്ഷേ അദ്ദേഹത്തിന് നയപരമായി ഇടപെടാന്‍ അറിയില്ല എന്നൊരു ആക്ഷേപമുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ നെഗറ്റീവ് റിപ്പോര്‍ട്ടിംഗ് നടത്തിയതിന്റെ പേരില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് നൗ എന്നിവയെ നാവിക സേനയുടെ പത്രസമ്മേളനങ്ങളില്‍ നിന്ന് അഡ്മിറല്‍ ജോഷി ബ്ലാക്ക് ഔട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ നിര്‍ദേശപ്രകാരം നാവിക സേനയുടെ സുരക്ഷാ റിക്കോര്‍ഡുകള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നാവിക സേനയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ കൂടിയും നാവിക സേനയിലെ ക്യാപ്റ്റന്‍മാരെ ചട്ടപ്രകാരമുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി കൂടാതെ തന്നെ അദ്ദേഹം പുറത്താക്കിയിരുന്നു. ഇതൊക്കെ ചെയ്‌തെങ്കില്‍ തന്നെയും ഒടുവില്‍ അഡ്മിറല്‍ ജോഷിക്ക് രാജി വയ്‌ക്കേണ്ടി വന്നു. 
 
അഡ്മിറല്‍ ജോഷി രാജി വച്ചത് ഏതെങ്കിലും നാണക്കേടിന്റെ പേരിലല്ല. ധാര്‍മികതയ്ക്ക് സ്ഥാനം നല്‍കാത്ത ഒരു സമൂഹത്തില്‍ ഒരുദാഹരണമായിട്ടാണ് അദ്ദേഹം തന്റെ അധികാര കസേര വലിച്ചെറിഞ്ഞത്. നമ്മുടെ പൊതുജീവിതത്തെ നമ്മള്‍ ധാര്‍മികത എന്ന റഫറിയില്ലാത്ത ഒരു കാല്‍പ്പന്തു കളി മത്സരമാക്കി തീര്‍ത്തു. എന്നാല്‍ അഡ്മിറല്‍ ജോഷി ഇന്തയുടെ ഒരു മഹത്തായ പാമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. 1956-ല്‍ തമിഴ്‌നാട്ടിലെ അയിരല്ലൂര്‍ തീവണ്ടി അപകടത്തില്‍ 144 പേരുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ പൊതുധാര്‍മികതയുടെ പേരില്‍ അന്ന് റെയില്‍വകുപ്പു മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജിവച്ചിരുന്നു. ഇതിനു മുന്‍പ് മെഹബൂബ്‌നഗറില്‍ ഉണ്ടായ ട്രെയിനപകടത്തില്‍ 112 പേര്‍ മരിച്ചപ്പോള്‍ രാജി വയ്ക്കാന്‍ ശാസ്ത്രി തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അനുവദിച്ചില്ല. 
 
 
1992-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ പണിമുടക്കിയപ്പോള്‍ റഷ്യയില്‍ നിന്ന് വിമാനം വാടകയ്‌ക്കെടുത്ത് മാധവ റാവു സിന്ധ്യ ഇവിടെ സര്‍വീസ് നടത്തിയിരുന്നു. അതിലൊരു വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ ഒരു നിമിഷം പോലും ആലോചിക്കാതെ സിന്ധ്യ രാജിവച്ചു. 1992-നു ശേഷം ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഇല്ലാതായി എന്നു തന്നെ പറയാം. പിടിക്കപ്പെട്ടിട്ടില്ലെങ്കില്‍ അഴിമതി നടത്തുന്നത് ഒരു മികവായാണ് ഇന്നു കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനായി വോട്ടു വിലയ്ക്കു വാങ്ങിയാലും വിജയിച്ചാല്‍ അയാളെ നാം അംഗീകരിക്കും. ഇപ്രകാരം വിജയത്തെ നിര്‍വചിക്കുന്ന നമ്മുടെ സമൂഹത്തില്‍ ധാര്‍മികതയ്ക്ക് ഇന്ന് എന്തു സ്ഥാനമാണുള്ളത്? ഇവിടെയാണ് അഡ്മിറല്‍ ജോഷി രാജി പ്രസക്തമാകുന്നത്. വ്യക്തിപരമായ ഒരു മൂല്യനിഷ്ഠയ്ക്ക് ഉപരിയായി ഒരു നാവികന്‍ എന്ന നിലയില്‍ അദ്ദേഹം പഠിച്ച ജീവിതമായിരിക്കാം ഈ തീരുമാനത്തിന് പ്രചോദനമായത്. 
 
നീലക്കടലില്‍ ഒരു കപ്പല്‍ ഒരു ബിന്ദു മാത്രമാണ്, കാലാവസ്ഥയാണ് ആത്യന്തികമായ വാസ്തവം. ഇവിടെ കടലില്‍ ശത്രുക്കള്‍ക്ക് മുഖങ്ങളില്ല. നിഗൂഡതകളെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കടല്‍ എല്ലായ്‌പ്പോഴും നിങ്ങളെ വിനയാന്വിതനാക്കും. 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍