UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ജീവിതം പണിയുന്നവര്‍ – അഭിമാനത്തോടെ തണല്‍

ഉണ്ണി മാക്സ്
 
ഈ മാസം തണല്‍ എന്ന ഞങ്ങളുടെ ഗ്രൂപ്പിനെ സംബന്ധിച്ച് സന്തോഷത്തിന്റേതായിരുന്നു. ചെയ്യാന്‍ കഴിഞ്ഞ നിരവധി കാര്യങ്ങള്‍; രണ്ട് പുരസ്‌കാരങ്ങള്‍, ഒരു വിവാഹം. ഞങ്ങള്‍ എന്നു വച്ചാല്‍ ശരത്, മനു, രാജീവ്, കിഷോര്‍, അഞ്ജു, ധന്യ അങ്ങനെ കുറേ പേര്‍…
 
കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, സാമൂഹ്യ പ്രവര്‍ത്തന സംഘടനക്കുള്ള രണ്ടാമത് മോര്‍ ഒസ്ത്താത്തിയോസ് ശ്രേഷ്ഠ സേവാ പുരസ്‌കാരം ജോസ് കെ മാണി എം.പിയില്‍ നിന്നാണ്, ആയിരങ്ങളെ സാക്ഷി നിര്‍ത്തി തണല്‍ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മലപ്പുറം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന് കരുവാരക്കുണ്ട് പാലിയേറ്റീവിന്റെ മൊമെന്റോ മന്ത്രി എ.പി അനില്‍കുമാര്‍ ആണ് തണല്‍ പ്രവര്‍ത്തകരായ ശരത്, രഘു, ബദറുസ്മാന്‍ തുടങ്ങിയവര്‍ക്ക് സമ്മാനിച്ചത്. പാരാപ്ളീജിയ അവസ്ഥയിലുള്ള ആള്‍ക്കാര്‍ക്കു വേണ്ടി തണല്‍ നടത്തുന്ന സേവനങ്ങളെ മുന്‍നിര്‍ത്തി ഫലകവും പതിനായിരം രൂപ കാഷ് അവാര്‍ഡും വാങ്ങുമ്പോള്‍ മനസ്സില്‍ മറ്റൊരു ആശയവും ഉണ്ടായിരുന്നു. കൈകൊണ്ടും കാലുകൊണ്ടും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സിന്ധു എന്ന പെണ്‍കുട്ടിയെ സഹായിക്കുക. സിന്ധുവിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ‘ആത്മഹത്യ ചെയ്യാന്‍ പോലും തനിയെ കഴിയാത്ത അവസ്ഥ’യില്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ ഒരു ഇലക്ടോണിക്ക് വീല്‍ ചെയര്‍. ഒരുലക്ഷം രൂപയുടെ. പല സുമനസ്സുകളും സഹായിച്ചു. ഒപ്പം തണലിന്, കിട്ടിയ ഈ സ്‌നേഹ സമ്മാനവും അങ്ങനെ സിന്ധുവിനു സമ്മാനിക്കപ്പെട്ടു.
 
 
എല്ലായ്‌പ്പോഴും എല്ലാവരും പാരാപ്ളീജിയ അവസ്ഥയിലുള്ളവരുടെ കാര്യങ്ങള്‍ പറയാറുണ്ട്. പൊതുവെ പെണ്‍കുട്ടികളെ കുറിച്ച് കേള്‍ക്കുന്നത് കുറവാണ്. എന്നാല്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. ഒരുപക്ഷേ ആണ്‍കുട്ടികളേക്കാള്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടികള്‍ക്കാണെന്ന് തോന്നാം; എന്നാല്‍ അങ്ങനെയല്ല. യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ലാതെ ജീവിക്കുന്ന പലരേക്കാളും ഊര്‍ജ്ജസ്വലതയോടെയാണ് ഇവര്‍ ജീവിക്കുന്നത്; കാര്യങ്ങളെ നോക്കിക്കാണുന്നത്.
 
വായ കൊണ്ടും കാലുകൊണ്ടുമൊക്കെ ചിത്രം വരയ്ക്കുന്നവരെ കുറിച്ച് ധാരാളം കേട്ടിരുന്നു. സ്വപ്നയെ കണ്ടപ്പോഴാണ്, ആ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാനായത്. സ്വപ്നയ്ക്ക് കാലുകള്‍ ഉണ്ട്, വലിയ നീളമില്ലാത്ത, അതിനനുസരിച്ച് കാല്‍ വലിപ്പമുള്ള കൈകളില്ലാത്ത സ്വപ്ന അഗസ്റ്റിന്‍. പക്ഷേ കാലുകൊണ്ട് സ്വപ്ന വരയ്ക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ അതിശയം തോന്നും. അത്ര മനോഹരമായി ആണ്, അവര്‍ നിറങ്ങളെ കൂട്ടി വയ്ക്കുന്നത്. അഞ്ജുവിന്റെ കഥയും അതുപോലെ തന്നെ. പക്ഷേ അഞ്ജു മിടുക്കിയായത് ആഭരണ നിര്‍മ്മാണത്തിലാണ്. അതിമനോഹരമായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അഞ്ജുവിന് കഴിയുന്നുണ്ട്, മാത്രവുമല്ല സാധാരണ പെണ്‍കുട്ടികള്‍ കടക്കാത്ത മറ്റൊരു മേഖലയിലും അഞ്ജു കഴിവു തെളിയിച്ചിട്ടുണ്ട്. എഡിറ്റിംഗ് ലോകത്ത്. നാട്ടിലുള്ള ഒരു ലോക്കല്‍ ചാനലിനു വേണ്ടി എഡിറ്റിംഗ് വര്‍ക്ക് ചെയ്യുന്നുണ്ട് അഞ്ജു ഇപ്പോള്‍. 
 
 
ഇത്രയും പറഞ്ഞു വന്നത് സിമിയ്ക്കു വേണ്ടിയാണ്. ഒരു അസുഖത്തിന്റെ അവസാനം സിമിയ്ക്ക് നട്ടെല്ലിന്റെ സംവേദനക്ഷമത നഷ്ടപ്പെട്ടു. ജീവിതം വീല്‍ചെയറിലായി. പിന്നീട് പതുക്കെ ജീവിതത്തിലേയ്ക്ക് മനസ്സു കൊണ്ട് പിച്ച വച്ച് നടന്നു. തുന്നല്‍ പഠിച്ചു. വീടിനടുത്തുള്ളവര്‍ക്ക് വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നുണ്ട് സിമി. സിമിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞത്. സിമി വിവാഹിതയായി. അവരുടെ ജീവിതത്തിലേയ്ക്ക് സിജു കടന്നു വന്നപ്പോള്‍ സിമിയുടെ മുഖത്തുണ്ടായിരുന്ന സന്തോഷം ഓര്‍ക്കുന്നു. പള്ളിയില്‍ അള്‍ത്താരയ്ക്കു മുന്‍പില്‍ ഓഫ് വൈറ്റ് സാരിയുടുത്ത് തെല്ലൊരു നാണത്തോടെ സിമി നിന്നത് പുറത്തിരുന്നാണ് കണ്ടത്, എങ്കിലും ഇടയ്ക്ക് ആ മുഖം വ്യക്തമായി കണ്ടു. നടക്കാന്‍ കഴിയാത്ത സിമിയുടെ ജീവിതത്തിലേയ്ക്ക് വൈകല്യങ്ങള്‍ ഒന്നുമില്ലാത്ത സിജു കടന്നു വരുമ്പോള്‍ അഭിമാനം തോന്നി, അവളെ ഓര്‍ത്ത്. സാധാരണ ആണ്‍കുട്ടികള്‍ ചെയ്യാന്‍ന്‍ മടിക്കുന്ന ധൈര്യമാണല്ലോ സിജുവിനുണ്ടായത്. അറിയുന്ന പലരും വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് വെറുതേ വാക്കു പറയുമ്പോള്‍ ഇവിടെ സിജു അത് നടത്തിക്കാണിച്ചു. 
 
 
ഓരോ പെണ്‍കുട്ടികളും വിളക്കുകളാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ സിമി  സിജുവിന്റെ ജീവിതത്തില്‍ ഒരു തെളിഞ്ഞ വിളക്കായി കത്തുന്നു. കുറവുകളില്ലാത്തവര്‍ ഭൂമിയിലുണ്ടാകുമോ? സിമിയുടെ കുറവ് അവളുടെ ശാരീരിക വൈകല്യമാണെങ്കില്‍ സിജുവിനുമുണ്ടാകില്ലേ എന്തെങ്കിലും കുറവുകള്‍?അത് നികത്താനായിരിക്കം ഒരുപക്ഷേ സിജുവിന്റെ ജീവിതത്തിലേയ്ക്ക് സിമി ചെന്നു കയറിയത്. അത് അങ്ങനെ തന്നെ ആയിരിക്കട്ടെ. സ്വകാര്യമായി ഇതില്‍ ഞങ്ങള്‍ തണല്‍ ടീമിന് അഭിമാനിക്കാം, കാരണം സിമി തണലിന്റെ പ്രവര്‍ത്തക കൂടിയായിരുന്നു. ഇനിയിപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി; സിമിയ്‌ക്കൊപ്പം സിജുവും. വ്യത്യസ്തമായി ചിന്തിച്ച, വ്യത്യസ്തമായി ജീവിതത്തെ കണ്ട സിജുവിന്, എല്ലാ സ്‌നേഹവും, ഒപ്പം നവദമ്പതികള്‍ക്ക് ആയുരാരോഗ്യ സൌഖ്യങ്ങളും പ്രാര്‍ത്ഥിക്കുന്നു. ഒപ്പം കൂട്ടുകാരുടെ അളവറ്റ പിന്തുണയും…
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍