UPDATES

ഓഫ് ബീറ്റ്

ചരിത്രം സൃഷ്ടിച്ച മാസികക്കവറുകള്‍

99 പെര്‍സന്‍റ് ഇന്‍വിസിബിള്‍
(സ്ളേറ്റ്)

 

ഒരു പുസ്തകത്തെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന് ഒരു പറച്ചിലുണ്ട്. എന്നാല്‍ മാസികകളുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഒരു പുറംചട്ട കണ്ടാല്‍ ആ മാസികയില്‍ എന്തൊക്കെയുണ്ടെന്നു കൃത്യമായി അറിയാം. നിങ്ങള്‍ ഒരു വോഗ് മാസിക കയ്യില്‍ പിടിച്ചാല്‍ നിങ്ങളുടെ കയ്യില്‍ വോഗ് മാസിക ഉണ്ടെന്നല്ല, നിങ്ങള്‍ ഒരു വോഗ് വായനക്കാരനാണെന്നാണ് അര്‍ഥം.

 

എന്നാല്‍ മാസികയുടെ പുറംചട്ടകള്‍ ഡിസൈന്‍ ചെയ്യാന്‍ എളുപ്പമല്ല. അത് എപ്പോഴും പുതിയതായിരിക്കുകയും എന്നാല്‍ ഒറ്റനോട്ടത്തില്‍ ആളുകള്‍ ശ്രദ്ധിക്കുകയും വേണം. ഇതുകൊണ്ടുതന്നെ മിക്ക മാസികകള്‍ക്കും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്ന തരം ഒരു ശൈലി ഉണ്ടാകാറുണ്ട്. മാസികയുടെ പേര് സ്ഥിരം ഒരേ രീതിയിലാവും എഴുതുക. മാസികയുടെ പേരുകഴിഞ്ഞാല്‍ പിന്നെ ആ ലക്കം പുതിയതാണ് എന്ന് സൂചിപ്പിക്കുന്നത്തിനാണ് പ്രാധാന്യം. ഒരു പ്രത്യേക ലക്കം തങ്ങള്‍ വായിച്ചില്ല എന്ന് വായനക്കാര്‍ തിരിച്ചറിയുന്നത് മാസികക്ക് പ്രധാനമാണ്. അതിനും ചില രീതികളുണ്ട്. ഏറ്റവും എളുപ്പമുള്ള വഴി ഓരോ ലക്കത്തിനും ഓരോ നിറം ഉപയോഗിക്കുന്നതാണ്.

 

 

പിന്നെ വരുന്നത് ഫോട്ടോയാണ്. പരിചയമുള്ള ഒരു മുഖമോ രസകരമായ ഒരു ചിത്രമോ ഒക്കെ കവറില്‍ വരുന്നത് ആളുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാനഘടകമാണ്. ആദ്യകാലത്ത് മാസികകള്‍ക്ക് പൊതുവേ ഇല്ലസ്ട്രേഷന്‍ ഉള്ള കവറുകളായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം കവറുകളില്‍ പ്രശസ്തരുടെ മുഖങ്ങള്‍ ഉണ്ടായിരുന്നില്ല. പലപ്പോഴും ദൈനംദിനജീവിതത്തിലെ രംഗങ്ങളോ കഥാപാത്രങ്ങളോ ഒക്കെയായിരുന്നു മാസികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇവരില്‍ പലരും ഇപ്പോഴും നിലനില്‍ക്കുന്നു, പ്ലേബോയ്‌ മാസികയുടെ മുയലിനെ പോലെ, മാഡ് മാസികയിലെ ആല്‍ഫ്രെഡ്‌ ന്യൂമാനെ പോലെ, ന്യൂയോര്‍ക്കറിലെ ഒറ്റക്കണ്ണടയിലൂടെ നോക്കുന്ന യൂസ്റ്റാസ് ടില്ലിയെപോലെ.

 

 

എസ്ക്വയര്‍ മാസികയുടെ നായകന്‍ എസ്കി എന്ന മീശക്കാരന്‍ സ്ത്രീലമ്പടനാണ്. ജോര്‍ജ് ലൂയീസ് രംഗത്തെത്തുന്നതുവരെയുള്ള എസ്ക്വയര്‍ കവറുകളിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു എസ്കി. ജോര്‍ജ് ലൂയിസ് ആണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന പ്രത്യേകതരം ചിത്രങ്ങള്‍ എസ്ക്വയറിന്‍റെ പുറംചട്ടയിലെത്തിക്കാന്‍ തുടങ്ങിയത്. ഇതിലെ കവറുകള്‍ ഒരുപക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ലൂയിസ് എസ്ക്വയരിനുവേണ്ടി ജോലിചെയ്തിരുന്ന ആളല്ല എന്നതാണ് രസകരം. അയാള്‍ ഒരു പരസ്യജോലിക്കാരനായിരുന്നു. എസ്ക്വയരിനുവേണ്ടി ചില പ്രത്യേക ജോലികള്‍ ചെയ്തുവെന്ന് മാത്രം.

 

 

1962ല്‍ പുതിയ ഹെഡ് എഡിറ്ററായ ഹാരോള്‍ഡ്‌ ഹേസ് ആണ് ലൂയിസിനോട് എസ്ക്വയറിനുവേണ്ടി ഒരു കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൂന്നുദിവസത്തിനുള്ളില്‍ കവര്‍ വെണമെന്നായിരുന്നു ആവശ്യം. അടുത്ത ലക്കത്തിലെ പ്രധാന ഇരുപതുവിഷയങ്ങള്‍ എന്തൊക്കെയാണെന്ന് ഹേസ് പറഞ്ഞുകൊടുത്തു. ഫ്ലോയ്ഡ് പാറ്റെര്‍സണും സോണി ലിസ്ട്ടനും തമ്മിലുള്ള ഗുസ്തിമത്സരമായിരുന്നു അതിലൊന്ന്. പാറ്റെര്‍സന്‍ ജയിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. മത്സരം നടക്കുന്നതിനുമുന്‍പ് ഇറങ്ങേണ്ട ലക്കമാണ് ഇത്.

 

മൂന്നുദിവസം കഴിഞ്ഞ് ലൂയിസ് കൊടുത്ത കവറില്‍ പാറ്റെര്‍സന്‍റെ ഒരു അപരന്‍ ഗോദയില്‍ മരിച്ചുമലര്‍ന്നു കിടക്കുന്നതായിരുന്നു. സന്ദേശം വ്യക്തമാണ്: എസ്ക്വയര്‍ ലിസ്ട്ടന്‍ പക്ഷത്താണ്.

 

 

 

എസ്ക്വയറിനു തെറ്റുപറ്റാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വലിയ നാണക്കേടായേനെ. എങ്കിലും എസ്ക്വയര്‍ ഈ കവര്‍ ഉപയോഗിച്ചു. ലൂയിസിന്റെ പ്രവചനം ശരിയാവുകതന്നെ ചെയ്തു.

 

 

അടുത്ത പത്തൊന്‍പത് കൊല്ലത്തിനിടെ ലൂയിസ് തൊണ്ണൂറ്റിരണ്ട് എസ്ക്വയര്‍ കവറുകള്‍ ചെയ്തു. ഇവയില്‍ മിക്കതും തന്നെ ആദ്യത്തേതുപോലെ ആകര്‍ഷകവും വിവാദവിഷയവുമായിരുന്നു. പലതും എഴുത്തുകള്‍ ഒന്നുമില്ലാത്ത ഒരു ചിത്രമായിരുന്നു. കാഴ്ചയില്‍ വാള്‍പേപ്പറുകള്‍ പോലെ തോന്നിച്ച ഈ കവറുകളില്‍ പലതും ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിലുണ്ട്.  

 

 

ലൂയിസ് ഡിസൈന്‍ ചെയ്ത കവറുകളില്‍ ഏറ്റവും പ്രശസ്തം മുഹമ്മദ്‌ അലിയുടെ ഫോട്ടോയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാസികക്കവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കവര്‍ മുഴുവന്‍ വെളുത്തനിറമാണ്. ഷര്‍ട്ട് ഇല്ലാത്ത മുഹമ്മദ്‌ അലി ദേഹം മുഴുവന്‍ കൊണ്ടുകയറിയ അമ്പുകളുമായി ഒരു രക്തസാക്ഷിയെപ്പോലെ നില്‍ക്കുന്നു.

 

 

ഇസ്ലാമിലെയ്ക്ക് മതം മാറിയതുകൊണ്ട് അലിക്ക് പട്ടാളജോലി നിഷേധിക്കപ്പെട്ടിരുന്നു. അലിയെ ബഹുമതികളെല്ലാം എടുത്തുമാറ്റി ജയിലിലടച്ചിരുന്നു. ചിലര്‍ അലിയെ ഒരു ചതിയന്‍ എന്നും വിളിച്ചു. മതത്തിന്റെ രക്തസാക്ഷിയാണ് അലി എന്ന് സൂചിപ്പിക്കാനാണ് ഈ കവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ലൂയിസ് അതിനായി ഒരു ക്രിസ്ത്യന്‍ രക്തസാക്ഷിയെയാണ് ഉപയോഗിച്ചത്, കൃത്യമായി പറഞ്ഞാല്‍ വിശുദ്ധ സെബസ്ത്യാനോസിനെ.

 

 

 

ഇസ്ലാം മതനേതാവായ ഏലിയ മുഹമ്മദിനെ അലി വിളിച്ച് ചിത്രത്തിന്റെ പ്രാധാന്യം വിശദമാക്കിയതിനുശേഷമാണ് ലൂയിസ് അദ്ദേഹത്തോട് സംസാരിച്ചത്. നീണ്ട ഒരു ചര്‍ച്ചയ്ക്ക് ശേഷമാണ് ഏലിയ മുഹമ്മദ്‌ ജോര്‍ജ് ലൂയിസിന് ഇത് പ്രസിദ്ധീകരിക്കാന്‍ സമ്മതം നല്‍കിയത്.

 

 

മാസികക്കവറുകളില്‍ ഫോട്ടോ ഉപയോഗിക്കുന്നത് ഒരു സ്ഥിരം ശൈലിയാകാന്‍ കാരണം ലൂയിസാണ്. 1965ല്‍ കോസ്മോപ്പോളിറ്റനാണ് കവറില്‍ വാക്കുകള്‍ നിറച്ചെഴുതുന്ന ശൈലി തുടങ്ങിയത്. ആദ്യമായി കവറില്‍ എഴുത്തുതുടങ്ങിയത് കോസ്മോപോളിറ്റന്‍ അല്ലെങ്കിലും പ്രകോപനകരമായി അക്ഷരങ്ങള്‍ കവറില്‍ ഉപയോഗിച്ചുതുടങ്ങിയതും ഇന്നത്തെ രീതിയില്‍ ഒരു മാസികയുടെ ഘടന രചിക്കുന്നതിനും കാരണമായത് കോസ്മോപോളിറ്റന്‍ ആണ്.

 

 

മാസികകളില്‍ നിറയെ എഴുതുന്നുണ്ടെങ്കിലും കവറിലെ ഇടം എന്തിനൊക്കെ കൊടുക്കണം, എത്ര പ്രാധാന്യം കൊടുക്കണം എന്നതിനെപ്പറ്റി എഡിറ്റര്‍മാരും ആര്‍ട്ട് ഡയറക്റ്റര്‍മാരും തമ്മില്‍ സദാ ചര്‍ച്ച നടക്കാറുണ്ട്.

 

സെലിബ്രിറ്റി വീക്കിലികള്‍ക്ക് വലിയ ഒരു കവര്‍ലൈന്‍ അതിന്റെ നടുക്ക് തന്നെ എഴുതുന്നതാണ് ഒരു രീതി. മിക്കവാറും തന്നെ അത് മഞ്ഞ അക്ഷരങ്ങളുമായിരിക്കും. ന്യൂസ്സ്റാന്‍ഡില്‍ ശ്രദ്ധിക്കപ്പെടാനാണിത്. വീക്കിലിയുടെ മാര്‍ക്കറ്റ് തന്നെ ഈ മഞ്ഞ അക്ഷരങ്ങളെ ചുറ്റിപ്പറ്റിയാണ് സ്ഥിതി ചെയ്യുന്നത്.

 

 

എന്നാല്‍ ലൈഫ്സ്റൈല്‍ മാസികകളില്‍ ഏറ്റവും പ്രധാന്യമുള്ള വരികള്‍ ഹോട്ട്സ്പോട്ടിലാണ് വരിക. ലോഗോയുടെ തൊട്ടുതാഴെ ഇടതുവശത്തായാണ് ഈ ഹോട്ട്സ്പോട്ട്. എന്നാല്‍ ന്യൂയോര്‍ക്കര്‍ പോലെ സ്ഥിരം വായനക്കാരുള്ള, ന്യൂസ്സ്റാന്‍ഡിലെ ശ്രദ്ധയാകര്‍ഷിക്കല്‍ ആവശ്യമില്ലാത്ത മാസികകള്‍ ഇപ്പോഴും ലൂയിസിന്റെ ശൈലിയാണ് തുടരുന്നത്. അധികം എഴുത്തുകള്‍ ഇല്ലാതെ ശ്രദ്ധേയമായ ഒരു ചിത്രമാവും മിക്കവാറും കവറില്‍. സ്റ്റാന്‍ഡില്‍ ന്യൂയോര്‍ക്കര്‍ കാണുമ്പോള്‍ അതിനു ഇടതുവശത്ത് ഒരു കോണിലായി ഒരു ചെറിയ ഫ്ലാപ്പില്‍ ഉള്ളടക്കം കാണും.

 

 

എന്നാല്‍ വലിയ ചിത്രങ്ങള്‍ മാത്രമുള്ളത് കൊണ്ട് ഇന്ന് ഒരു മാസിക വിറ്റുപോകണമെന്നില്ല. ഉള്ളിലുള്ള ഉള്ളടക്കത്തിന്റെ കനവും പ്രധാനമാണ്. മാസികകള്‍ക്ക് വിലയും കൂടുതലാണ്, അപ്പോള്‍ ഒരുപാട് വായിക്കാനുണ്ട് എന്ന് വായനക്കാരന് തോന്നുന്നതും പ്രധാനമാണ്. എസ്ക്വയരിന്റെ ഇന്നത്തെ കവര്‍ ശൈലി നോക്കുക. ഡേവിഡ് കര്‍കൂരിട്ടോ എന്ന ഡിസൈനറുടെ സൃഷ്ടിയാണ് ഇവ. വാക്കുകളുടെ ഒരു അതിപ്രസരമാണ് ഡേവിഡിന്‍റെ ശൈലി. ആളുകളോട് കാര്യം പറയാനായല്ല വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഒരുപാട് വായിക്കാനുണ്ട് എന്ന് ധ്വനിപ്പിക്കലാണ് ലക്‌ഷ്യം. വാക്കും ഒരു ചിത്രം പോലെയായി മാറുകയാണ് ഇതില്‍. ഇങ്ങനെയാണ് ഇന്ന് എസ്ക്വയര്‍ മറ്റുമാസികകളില്‍ നിന്ന് വേര്‍പെട്ട്, എടുത്തുനില്‍ക്കുന്നത്. എന്നാല്‍ അതൊരിക്കലും പണ്ടു ലൂയിസിന്റെ കവറുകള്‍ വേറിട്ട്‌ നിന്നതുപോലെയല്ല. സ്ഥിരം മാസികാശൈലികളെ ഡേവിഡ് അട്ടിമറിക്കുന്നുണ്ടെങ്കിലും അതുതന്നെ ഉപയോഗിക്കുന്നു. കാരണം ഈ ഫോര്‍മുല വിജയിക്കും എന്നതുകൊണ്ട് തന്നെ. ഒരുപാട് നാളായി ഈ ഫോര്‍മുല വിജയിക്കുന്നുമുണ്ട്.

 

 

എങ്കിലും കലാസംവിധായകര്‍ പേടിക്കേണ്ട. ജോര്‍ജ് ലൂയിസിന് ലളിതമായ ഒരു ഉത്തരമുണ്ട്: അയാളുടെ കവറുകളെ പിന്തുടരുക.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍